UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദിയുടെ സൊമാലിയന്‍ ഉപമ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

Avatar

അഴിമുഖം പ്രതിനിധി

സോഷ്യല്‍ മീഡിയയില്‍ സജീവമായൊരു പ്രധാനമന്ത്രി ആയതുകൊണ്ട് നരേന്ദ്ര മോദിക്ക് കാര്യങ്ങള്‍ ഏറെക്കുറെ ബോധ്യപ്പെട്ടു കാണണം. മരിയ ഷറപ്പോവയോടും ബ്രിട്ടീഷ് എയര്‍വെയ്‌സിനോടും കാരുണ്യം കാണിക്കാതിരുന്നവര്‍ സ്വന്തം നാടിനെക്കുറിച്ച് ഒരാള്‍ മോശം പറഞ്ഞതുകേട്ട് മിണ്ടാതിരിക്കുമെന്ന് കരുതിയ മോദി ഇനി കേരളത്തെക്കുറിച്ച് എന്തെങ്കിലും പറയുന്നതിനു മുമ്പ് ഒട്ടൊന്നാലോചിക്കും. അമ്മതാരി തിരിച്ചടിയാണ് കിട്ടിയിരിക്കുന്നത്. ഇന്നിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ട്രെന്‍ഡിംഗ് ആണ് മോദി, അതുപക്ഷേ മോദിക്കും മോദി അനുകൂലികള്‍ക്കും സന്തോഷിക്കാനുള്ള കാരണമല്ല, മല്ലൂസ് പൊങ്കാലയിട്ടാണ് മോദിയെ മുകളില്‍ കയറ്റി വച്ചിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തെ സൊമാലിയയോട് ഉപമിച്ച് നടത്തിയ പ്രസംഗത്തിനെതിരെ സോഷ്യല്‍ മീഡിയ #PoMoneModi എന്ന ഹാഷ് ടാഗിലൂടെയാണ് പ്രതിഷേധം പടര്‍ത്തുന്നത്. കഴിഞ്ഞ മണിക്കൂറില്‍ ട്വിറ്ററിലെയും ഫെസ്ബുക്കിലെയും ട്രെന്റിംഗ് ഹാഷ് ടാഗ് ആയി ഇതു മാറിക്കഴിഞ്ഞു.

പേരാവൂരില്‍ ആദിവാസിക്കുട്ടികള്‍ മാലിന്യത്തില്‍ നിന്നും ഭക്ഷണാവശിഷ്ടം കഴിക്കുന്നതായി വന്ന വാര്‍ത്ത അടിസ്ഥാനമാക്കി കേരളം ആഫ്രിക്കയിലെ ദരിദ്രരാജ്യമായ സൊമാലിയയെ പോലെയാണെന്നും വിശപ്പുമാറ്റാനായി കുട്ടികള്‍ മാലിന്യം വരെ കഴിക്കേണ്ട അവസ്ഥയാണെന്നുമായിരുന്നു മോദി പ്രസംഗത്തില്‍ ആരോപിച്ചത്. അട്ടപ്പാടിയിലെ ശിശുമരണ നിരക്ക് സൊമാലിയയിലെക്കാള്‍ അധികമാണെന്നും മോദി കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ വസ്തുതകള്‍ അറിയാന്‍ ശ്രമിക്കാതെ മോദി കേരളത്തെ അപമാനിക്കുകയായിരുന്നുവെന്ന തിരുത്തലോടെ ഇടതു, വലുതു മുന്നണികള്‍ രംഗത്തെത്തി. മോദിയുടെ പരാമര്‍ശം സംസ്ഥാനത്തെ അപമാനിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഔദ്യോഗികമായി പ്രധാനമന്ത്രിക്കു കത്തെഴുതുകയും ചെയ്തു.

രാഷ്ട്രീയമായ പ്രതികരണങ്ങളെക്കാള്‍ മോദിക്കും ബിജെപിക്കും നേരിടേണ്ടി വന്നത് പൊതുസമൂഹത്തിന്റെ പ്രതികരണമണ്ഡലമായി മാറിയ സോഷ്യല്‍ മീഡിയയില്‍ നിന്നായിരുന്നു. കേരളത്തിലെ വസ്തുതകളും മോദി മൂന്നുവട്ടം ഭരിച്ച, ബിജെപി ഇപ്പോഴും ഭരണം നടത്തുന്ന ഗുജറാത്തിന്റെ അവസ്ഥയും താരരതമ്യം ചെയ്തായിരുന്നു മോദിക്ക് സോഷ്യല്‍ മീഡിയ മറുപടി നല്‍കിയത്. നരസിംഹം എന്ന സിനിമയില്‍ മോഹന്‍ ലാല്‍ ഉപയോഗിക്കുന്ന പോ മോനെ ദിനേശാ… എന്ന പ്രയോഗത്തില്‍ മാറ്റം വരുത്തി പോ മോനെ മോദി എന്നാക്കിയാണ് പരിഹാസരൂപേണയും വിമര്‍ശനാത്കമായും മോദിക്കും മോദി അനുകൂലികള്‍ക്കും മറുപടി നല്‍കുന്നത്.

അതേസമയം ഈ ട്രെന്‍ഡിംഗ് ഹാഷ് ടാഗ് ദേശീയ മാധ്യമങ്ങള്‍ക്കിടയിലും ചര്‍ച്ചയായിട്ടുണ്ട്. ആദ്യം പോ മോനെ മോദിയുടെ അര്‍ത്ഥം പിടികിട്ടിയില്ലെങ്കിലും ഗോ ബാക് മോദി, ഗെറ്റ് ലോസ്റ്റ് മോദി എന്നിവയാണ് അര്‍ത്ഥമാക്കുന്നതെന്നു തിരിച്ചറിഞ്ഞതോടെ മോദിക്കെതിരെ ഉയരുന്നത് ഒരു സംസ്ഥാനത്തിന്റെ പ്രതിഷേധമെന്ന നിലയിലാണ് മാധ്യമങ്ങള്‍ ഇപ്പോള്‍ വാര്‍ത്ത കൊടുക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും വികസിതമായ സംസ്ഥാനത്തെയാണ് മോദി സൊമാലിയയുമായി താരതമ്യം ചെയ്തിരിക്കുന്നതെന്നാണ് പോ മോനെ ഹാഷ് ടാഗിലെ പ്രധാനമായുള്ള പ്രതികരണം. ബിജെപി ഒരു ഉത്തരേന്ത്യന്‍ പാര്‍ട്ടിയാണെന്നും അവര്‍ ദക്ഷിണേന്ത്യക്കാരെ ശിവസേന ചെയ്യുന്നതുപോലെ വെറുക്കുന്നുവെന്നുമാണ് മറ്റൊരു പ്രതികരണം.

ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലടക്കം ഗുജറാത്തും കേരളവും തമ്മിലുള്ള അന്തരത്തിന്റെ പട്ടിക ചൂണ്ടിക്കാണിച്ചും മോദിയുടെ പരാമര്‍ശത്തിലെ പൊള്ളത്തരം ചൂണ്ടിക്കാണിക്കുന്നവരുണ്ട്. ഹ്യൂമന്‍ ഡവലപ്‌മെന്റ് ഇന്‍ഡക്‌സ പ്രകാരം കേരളത്തിനു പിന്നിലാണ് മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളെന്നു ഐക്യരാഷ്ട്രസഭ വരെ അംഗീകരിക്കുന്നുണ്ടെന്നും കേരളം അതിന്റെ ഇനിയുള്ള പുരോഗതിക്ക് പാശ്ചാത്യരാജ്യങ്ങളെയാണ് നോക്കുന്നതെന്നും മോദിയുടെ ഗുജറാത്തിലേക്കല്ലെന്നും പരിഹസിക്കുന്നു.

അതേസമയം മോദിയുടെ വിദ്യാഭ്യാസയോഗതയെകുറിച്ചുള്ള വിവാദങ്ങളും ഈ ചര്‍ച്ചയില്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ചരിത്രത്തില്‍ ബിരുദമുണ്ടെന്നു പറയുന്ന മോദിക്ക് ഇന്ത്യയിലെ ചരിത്രവസ്തുതകള്‍ പോലും ആരോ തെറ്റായാണ് പറഞ്ഞുകൊടുത്തിരിക്കുന്നതെന്നുള്ള കളിയാക്കലുകള്‍ക്കും കുറവില്ല.

കേരളത്തിന്റെ സാക്ഷരത നിരക്ക് 94 ശതമാനമാണെന്നും ബക്കിവരുന്ന ആറുശതമാനമാണ് ബി.ജെ.പിക്കാര്‍ എന്നു രേഖപ്പെടുത്തിയാണ് മറ്റൊരു ട്രോള്‍. പൊളിറ്റക്കല്‍ സയന്‍സില്‍ അമ്പേ പരാജയം എന്ന്‍ മറ്റൊന്ന്. മോദിക്ക് പൊളിറ്റിക്കല്‍ സയന്‍സിലാണ് ബിരുദാനന്തര ബിരുദം ഉള്ളതെന്ന അവകാശവാദം കൂടി കൂട്ടിവേണം ഈ ട്രോള്‍ വായിക്കാന്‍. മോദിയെ വിമര്‍ശിച്ചും മലയാളികള്‍ മാത്രമല്ല രംഗത്തുള്ളതെന്നും കാണണം. ബിഹാറികളെ എങ്ങനെയാണോ അധിക്ഷേപിച്ചത് അതിനുള്ള തിരിച്ചടി ബിഹാര്‍ തെരഞ്ഞെടുപ്പില്‍ കിട്ടി, ഇനി കേരളത്തിന്റെ ഊഴമാണെന്നാണ് ഒരു ട്വീറ്റ് വന്നിരിക്കുന്നത്. പോ മോനെ മോദി രാജ്യവ്യാപകമായി ട്രെന്‍ഡിംഗ് ആയതിനെ സ്വഗതം ചെയ്ത് നിരവധി ഉത്തരേന്ത്യക്കാരും രംഗത്തു വന്നിട്ടുണ്ട്.

ഇതൊക്കെ കേട്ടിട്ടും തങ്ങളുടെ നേതാവിനെ സംരക്ഷിച്ചു മുന്നോട്ടു വരാനോ, പ്രതികരിക്കാനോ കഴിയാത്ത ഒരു കൂട്ടരുണ്ട്, കേരളത്തിലെ ബിജെപിക്കാര്‍… തുപ്പാനും വിഴുങ്ങാനും വയ്യാത്ത അവസ്ഥയിലായിപ്പോയി അവര്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍