UPDATES

ട്രെന്‍ഡിങ്ങ്

ഗുജറാത്തിനുശേഷം യുപിയില്‍; മതധ്രുവീകരണ പ്രസംഗവുമായി വീണ്ടും മോദി

സമാജ് വാദി- കോണ്‍ഗ്രസ് സഖ്യത്തെ നേരിടാന്‍ യുപിയില്‍ മതധ്രുവീകരണം ഉണ്ടാക്കുകയെന്നതു ബിജെപിയുടെ ആവശ്യമായി മാറി

ഒരിടക്കാലത്തിന് ശേഷം നേരിട്ട് വര്‍ഗീയധ്രുവീകരണ പ്രസംഗവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരിക്കുന്നു. 2002ല്‍ തന്റെ പാര്‍ട്ടിയിലെ തന്നെ ചില അംഗങ്ങള്‍ പ്രതികളായ ഗുജറാത്ത് കലാപത്തില്‍ ആയിരക്കണക്കിന് മുസ്ലീങ്ങള്‍ കൊല്ലപ്പെട്ടതിന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ മോദി ഹിന്ദുവര്‍ഗ്ഗീയ പ്രസംഗങ്ങളുമായി രംഗത്തെത്തിയിരുന്നു.
എന്നാല്‍ 2014 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പൂര്‍ണമായും വികസനത്തില്‍ ഊന്നിയുള്ള പ്രസംഗങ്ങളായിരുന്നു അദ്ദേഹം നടത്തിയിരുന്നത്. സ്വന്തം പാര്‍ട്ടിയിലെ മറ്റുള്ളവര്‍ തീവ്ര ഹൈന്ദവ വാദങ്ങളുമായി രംഗത്തെത്തിയപ്പോഴും മോദി മിതത്വം പാലിക്കുകയായിരുന്നു.

എന്നാല്‍ ഇത്തവണത്തെ ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പുകളില്‍ നരേന്ദ്ര മോദി നേരിട്ട് വര്‍ഗീയധ്രുവീകരണ പ്രസംഗങ്ങളാണ് നടത്തുന്നത്. റംസാന് വൈദ്യുതി ഉണ്ടെങ്കില്‍ ദീപാവലിക്കും അത് ഉണ്ടാവണം എന്ന പരാമര്‍ശമാണ് ഇന്ന് നടന്ന ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞത്. ഒരു ഗ്രാമത്തില്‍ ഒരു കബര്‍സ്ഥാന്‍ ഉണ്ടാവുകയാണെങ്കില്‍ അവിടെ ഹിന്ദുക്കള്‍ക്ക് ചിതയൊരുക്കാനുള്ള സൗകര്യങ്ങളും ഉണ്ടാകണമെന്നും മോദി അഭിപ്രായപ്പെട്ടു.

മോദിയുടെ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാണ്. സമാജ്വാദി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യത്തിന്റെ മുന്നേറ്റത്തെ തടയാന്‍ യുപിയില്‍ ഹിന്ദു-മുസ്ലീം ധ്രുവീകരണം ഉണ്ടാക്കേണ്ടത് ബിജെപിയുടെ രാഷ്ട്രീയ ആവശ്യമായി മാറുകയാണ്. എന്നാല്‍ രാജ്യത്തെ പ്രധാനമന്ത്രി എന്ന നിലയില്‍ ഇടുങ്ങിയ കക്ഷി രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കപ്പുറം ചിന്തിക്കേണ്ട ആളല്ലേ മോദി എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും പിന്നാക്ക സംസ്ഥാനങ്ങളില്‍ ഒന്നാണ് യുപി. ആരോഗ്യരക്ഷ രംഗങ്ങളൊക്കെ പരിതാപകരമായി നില്‍ക്കുന്ന ഒരു സംസ്ഥാനത്താണ് ഇന്ത്യന്‍ പ്രധാനമന്ത്രി വര്‍ഗ്ഗീയ അജണ്ട അഴിച്ചുവിടുന്നതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. വികസനത്തിന് വേണ്ടിയുള്ള മുദ്രാവാക്യമാണ് യുപി ഇപ്പോള്‍ ആവശ്യപ്പെടുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍