UPDATES

ഇന്ത്യ

ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ നേതൃമാറ്റത്തിന് ആര്‍എസ്എസ് നീക്കമെന്ന് സൂചന, തടയാന്‍ മോദി വോട്ടെണ്ണലിന് മുമ്പ് നാഗ്പൂരിലേക്ക്

വിവിധ കക്ഷികളുടെ പിന്തുണ ലഭ്യമാക്കുന്നതിന് നേതൃമാറ്റം ആര്‍എസ്എസ്സ് പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

മെയ് 23 ന് ലോക്‌സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നടക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിക്കും. നാല് വര്‍ഷത്തിനിടെ ഇതാദ്യമായാണ് നരേന്ദ്ര മോദി ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ ബിജെപി നേതൃമാറ്റത്തിന് തയ്യാറായേക്കുമെന്ന സൂചനകള്‍ക്കിടയിലാണ് മോദിയുടെ നാഗ്പൂര്‍ സന്ദര്‍ശനം.

തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം കിട്ടില്ലെന്ന വിവിധ റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. ആര്‍ക്കും ഭൂരിപക്ഷം കിട്ടാത്ത സാഹചര്യം ഉണ്ടായാല്‍ ചെറുകക്ഷികളുടെ തീരുമാനം നിര്‍ണായകമാകും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ എന്‍ഡിഎയ്ക്ക് പുറത്തുള്ള ഒട്ടുമിക്ക കക്ഷികളുമായും ശത്രുത മനോഭാവത്തോടെയാണ് മോദി ഇടപ്പെട്ടത്. ഒഡീഷയിലെ ബിജു ജനതാദളുമായി മാത്രമാണ് അത്തരത്തില്‍ ഒരു ഏറ്റുമുട്ടിലിലേക്ക് മോദി പോകാതിരുന്നത്. അതുകൊണ്ട് തന്നെ ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തില്‍ മോദിയെ നേതൃത്വത്തില്‍ നിലനിര്‍ത്തികൊണ്ട് കൂട്ടുകക്ഷി സര്‍ക്കാരിനുള്ള സാധ്യത വിരളമാണെന്ന തോന്നല്‍ ആര്‍എസ്എസ് നേതൃത്വത്തിനുണ്ടെന്നും നേരത്തെ ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന്റെയൊക്കെ പാശ്ചാത്തലത്തിലാണ് മോദിയുടെ നാഗ്പൂര്‍ സന്ദര്‍ശനം പ്രസക്തമാകുന്നത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞടുപ്പില്‍ ബിജെപിക്കുണ്ടായ പരാജയത്തെ തുടര്‍ന്ന നിഥിന്‍ ഗഡ്കരി നടത്തിയ ചില പ്രസ്തവനകള്‍ക്ക് ആര്‍എസ്എസ് നേതൃത്വത്തിന്റെ അറിവോടോയാണെന്ന് സൂചനയുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് വിജയത്തിന്റെ മാത്രമല്ല, പരാജയത്തിന്റെയും ഉത്തരവാദിത്തം പാര്‍ട്ടിയുടെ ഉന്നതര്‍ ഏറ്റെടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. പിന്നീട് പ്രധാനമന്ത്രി സ്ഥാനത്തേക്ക് താനില്ലെന്നും മോദി തന്നെയാവും പ്രധാനമന്ത്രിയെന്നും ആവര്‍ത്തിച്ചെങ്കിലും ആര്‍എസ്എസ് മറ്റ് സാധ്യതകള്‍ കൂടി തേടുന്നുവെന്നതിന്റെ സൂചന അതിലുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നാഗ്പൂര്‍ മണ്ഡലത്തില്‍ എത്താത്തത് നേരത്തെ വാര്‍ത്തയായിരുന്നു. നാഗ്പുരില്‍ വിമാനം ഇറങ്ങിയതിന് ശേഷം അദ്ദേഹം ഗഡ്കരിയുടെ പ്രചരാണത്തില്‍ പങ്കെടുത്തിരുന്നില്ല. കഴിഞ്ഞതവണ രണ്ട് ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് ഗാഡ്കരി വിജയിച്ചത്. എന്നാല്‍ ഇത്തവണ കടുത്ത മല്‍സരം നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. മോദിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ബിജെപി വിട്ട നാന പട്ടോലെയാണ് ഇവിടെ കോണ്‍ഗ്രസിന്റെ എതിരാളി.

അധികാരത്തില്‍ എത്തിയതിന് ശേഷം ആര്‍എസ്എസ്സിന്റൈ ഇടപെടല്‍ ദൈനംദിന കാര്യങ്ങളില്‍ കാര്യമായി അനുവദിക്കാതെയാണ് മോദി ഭരണം നടത്തിയിരുന്നത്. ആര്‍എസ്എസ് സര്‍ക്കാരിന്റെ കാര്യങ്ങളില്‍ ഇടപെടാറില്ലെന്നും ഭരണത്തില്‍ ഉള്ള മുന്‍ ആര്‍എസ് എസ് പ്രചാരകരും മറ്റും എന്തെങ്കിലും ഉപദേശം ചോദിക്കുമ്പോള്‍ മറുപടി നല്‍കുക മാത്രമെ ചെയ്യാറുള്ളൂവെന്നുമാണ് മോഹന്‍ ഭാഗവത് നേരത്തെ പറഞ്ഞത്. എന്നാല്‍ ഉപദേശത്തിന്റെ രൂപത്തിലല്ല, നയപരമായ കാര്യങ്ങളില്‍ ആര്‍എസ്എസ് സ്വാധീനം എല്ലാ ബിജെപി സര്‍ക്കാരുകളിലും പ്രകടമായിരുന്നു.

Read More: നടുക്കടലില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളിയെ രക്ഷിക്കാന്‍ കോസ്റ്റ് ഗാര്‍ഡ് എത്തിയത് ബക്കറ്റുമായി; ഇതാണ് പ്രളയത്തില്‍ നിന്നും കേരളത്തെ കൈപിടിച്ചുയര്‍ത്തിയ ‘സ്വന്തം സൈനികരു’ടെ ജീവിതം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍