UPDATES

ആരാണ് ഗാന്ധിയെ അപമാനിക്കുന്നത്? പുതിയ കേന്ദ്ര ഉത്തരവിന്റെ യഥാര്‍ത്ഥ ലക്ഷ്യമെന്താണ്?

ദേശീയ ഗാനത്തിന് ഇല്ലാത്ത അപമാനിക്കപ്പെടാനുള്ള സാധ്യത രാഷ്ട്രപിതാവിന്റെ കാര്യത്തില്‍ മാത്രം എങ്ങനെ സംഭവിച്ചുവെന്ന് പരിശോധിക്കുമ്പോഴാണ് സംഘപരിവാര്‍ സംഘടനകളുടെ രഹസ്യ അജണ്ട വ്യക്തമാകുന്നത്‌

ഗാന്ധി ചിത്രങ്ങളെ ചൊല്ലിയുള്ള വിവാദങ്ങള്‍ ഓരോ ദിവസവും ഓരോ തലം പിന്നിടുകയാണ്. വൃത്തിഹീനമായ സ്ഥലങ്ങളില്‍ ഗാന്ധി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കരുതെന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവാണ് ഇക്കൂട്ടത്തില്‍ ഏറ്റവും ഒടുവിലത്തേത്. രാഷ്ട്രപിതാവ് അവഹേളിക്കപ്പെടാന്‍ സാധ്യതയുള്ള ഒരു സ്ഥലത്തും മഹാത്മാ ഗാന്ധിയുടെ ചിത്രം, സ്‌കെച്ച് മുതലായവ ഉപയോഗിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

ഗാന്ധിജിയുടെ കണ്ണട, വാച്ച്, ചര്‍ക്ക തുടങ്ങിയവയുടെ ചിത്രങ്ങളും വികൃതമാക്കപ്പെടാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ഉപയോഗിക്കരുതെന്നും ഉത്തരവില്‍ പറയുന്നു. പൊതുകക്കൂസ്, ചവറ്റുകൊട്ട തുടങ്ങിയവയില്‍ അലങ്കാരമെന്ന നിലയില്‍ ഈ ചിത്രങ്ങള്‍ ഉപയോഗിക്കരുത്. സ്വച്ഛ് ഭാരത് മിഷന്റെ പരിപാടികള്‍ക്കും രാഷ്ട്രപിതാവിന്റെ ചിത്രങ്ങളോ അദ്ദേഹത്തെ ഓര്‍മ്മപ്പെടുത്തുന്ന വസ്തുക്കളോ ഉപയോഗിക്കരുതെന്നും ഉത്തരവില്‍ പറയുന്നു. പൊതുകക്കൂസുകളില്‍ ഗാന്ധി ചിത്രങ്ങള്‍ വരച്ചതിനെതിരെ ഛത്തീസ്ഗഡ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നു. ഈ ഹര്‍ജിയുമായി ബന്ധപ്പെട്ട് കോടതി സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടതോടെയാണ് ഗാന്ധി ചിത്രങ്ങള്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയത്.

രാഷ്ട്രപിതാവിന്റെ ചിത്രങ്ങള്‍ പൊതുകക്കൂസുകള്‍ക്കും മറ്റും അലങ്കാരമാക്കരുതെന്നത് അഭിനന്ദനീയവും സ്വാഗതാര്‍ഹവുമായ തീരുമാനം തന്നെയാണ്. എന്നാല്‍ രാഷ്ട്രപിതാവ് അപമാനിക്കപ്പെടാന്‍ സാധ്യതയുള്ള ഒരിടത്തും അദ്ദേഹത്തിന്റെയോ അദ്ദേഹത്തെ ഓര്‍മ്മിപ്പിക്കുന്ന വസ്തുക്കളുടെയോ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കരുത് എന്ന് പറയുമ്പോള്‍ ഇതേ ന്യായം എന്തുകൊണ്ട് നമ്മുടെ ദേശീയ ഗാനത്തിന്റെ കാര്യത്തില്‍ ഇല്ലാതെ പോകുന്നു എന്നതാണ് ആലോചിക്കേണ്ട കാര്യം.

സിനിമ തിയറ്ററുകളില്‍ ഓരോ സിനിമ പ്രദര്‍ശനത്തിനും മുന്നോടിയായി ദേശീയഗാനം ആലപിക്കണമെന്നായിരുന്നു കോടതി വിധി. ദേശീയഗാന വിവാദത്തിന്റെ തുടക്കം മുതല്‍ തന്നെ, അപമാനിക്കപ്പെടാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലൊന്നും ആലപിക്കരുതെന്ന ഭരണഘടനയിലെ നിബന്ധന ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. സിനിമ തിയറ്റര്‍ പോലെ പല സ്വഭാവ സവിശേഷതകളുള്ളയാളുകള്‍ ഉല്ലാസത്തിനായി വരുന്ന അച്ചടക്കമില്ലാത്ത ഒരു സ്ഥലത്ത് ദേശീയഗാനം അപമാനിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്.

എന്നാല്‍ കോടതിവിധിയനുസരിച്ച് ദേശീയഗാനം തിയറ്ററുകള്‍ക്കുള്ളില്‍ കേള്‍പ്പിക്കുമ്പോള്‍ ആരെങ്കിലും എഴുന്നേറ്റ് നില്‍ക്കാതിരിക്കുന്നുണ്ടോ എന്നതിലേക്കായിരുന്നു ഭരണകൂടത്തിന്റെ ശ്രദ്ധ പോയത്. കേരളത്തില്‍ മാത്രമല്ല, പലയിടങ്ങളിലും തീയേറ്ററുകളില്‍ ജനങ്ങള്‍ ഇതിന്റെ പേരില്‍ ആക്രമിക്കപ്പെട്ടു. സംവിധായകന്‍ കമലിന്റെ വീടിന് മുന്നില്‍ കുത്തിയിരുന്ന് ബിജെപ്പിക്കാര്‍ പ്രതിഷേധ സൂചകമായി ജനഗണമന പാടിയപ്പോള്‍ അത് ദേശീയ ഗാനത്തെ അപമാനിക്കുകയാണെന്ന് നിരവധി പേര്‍ ചൂണ്ടിക്കാട്ടിയെങ്കിലും സര്‍ക്കാരോ നിയമ സംവിധാനങ്ങളോ അനങ്ങിയില്ല. ഇവിടെ നിന്നുകൊണ്ടാണ് രാഷ്ട്രപിതാവിന്റെ പേരില്‍ ഇപ്പോള്‍ ഇറങ്ങിയിരിക്കുന്ന പുതിയ ഉത്തരവിന്റെ രാഷ്ട്രീയം പരിശോധിക്കേണ്ടത്.

ഗാന്ധിയുടെ ജീവിതം പരിശോധിക്കുമ്പോള്‍ ജീവിതത്തിലെ ഓരോ ഘട്ടത്തിലും ചിന്തകളിലെ പരിവര്‍ത്തനത്തിന് വിധേയനായിരുന്ന വ്യക്തിയാണ് അദ്ദേഹമെന്ന് കണ്ടെത്താന്‍ സാധിക്കും. നിരന്തരമായി മാറുന്നതിനൊപ്പം അദ്ദേഹം നിരന്തരമായി വളര്‍ന്നുകൊണ്ടുമിരുന്നു. കൊല്ലപ്പെട്ടിട്ട് അറുപത് വര്‍ഷങ്ങള്‍ക്ക് ശേഷവും അദ്ദേഹത്തിന്റെ ഈ വളര്‍ച്ച തുടരുന്നതാണ് നാം കാണുന്നത്. മരിച്ച ശേഷവും വളരുകയെന്നത് ലോകത്ത് അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. മരണത്തിന് ശേഷവും വളര്‍ന്ന ഗാന്ധിയെ തിരിച്ചറിയണമെങ്കില്‍ അദ്ദേഹം പല സാഹചര്യങ്ങളില്‍ നടത്തിയ പ്രസ്താവനകള്‍ പിന്നീട് എങ്ങനെ ഉപയോഗിക്കപ്പെട്ടുവെന്ന് പരിശോധിച്ചാല്‍ മതി.

ഉദാഹരണത്തിന് ഗാന്ധിയുടെ കാലഘട്ടത്തില്‍ ലോകത്തെവിടെയും പരിസ്ഥിതി സംരക്ഷണവാദം ഉയര്‍ന്നിരുന്നില്ല. അറുപതുകളില്‍ അമേരിക്കയിലാണ് ലോകത്തിലാദ്യമായി പരിസ്ഥിതി പ്രശ്‌നം ഉയര്‍ന്നുവന്നത്. അത് അവരുടെ ജീവിത രീതിയുടെ പ്രതിഫലനമായിരുന്നു. കോള കുടിച്ച് കുപ്പി വലിച്ചെറിയുന്നത്, വാഹനങ്ങളുടെ എണ്ണക്കൂടുതല്‍, പട്ടണങ്ങളിലെല്ലാം തന്നെ കേടുവന്ന വാഹനങ്ങളുടെ കൂമ്പാരങ്ങള്‍, വ്യാവസായിക വളര്‍ച്ച നേടിയ സമൂഹത്തിന്റെ സാന്നിധ്യം ഇതെല്ലാമാണ് അമേരിക്കയില്‍ പരിസ്ഥിതി പ്രശ്‌നം ഉയര്‍ന്നുവരാന്‍ കാരണമായത്. അന്ന് ചൈനയും ഇന്ത്യയും ഇതിനെ ശക്തമായി എതിര്‍ക്കുകയും ചെയ്തു. അമേരിക്കയിലെ പരിസ്ഥിതി പ്രശ്‌നങ്ങള്‍ അവര്‍ തന്നെ സൃഷ്ടിച്ചതാണെന്നും തങ്ങള്‍ വികസിക്കാന്‍ ആരംഭിച്ചിട്ടേയുള്ളൂവെന്നതിനാല്‍ ഈ പ്രശ്‌നം തങ്ങളെ ബാധിക്കില്ലെന്നുമായിരുന്നു അവര്‍ വാദിച്ചത്.

അതേസമയം ചൈനയില്‍ വ്യവസായ വിപ്ലവം ആരംഭിച്ച് പത്ത് വര്‍ഷത്തിനകം ഏഷ്യയിലെ തന്നെ ഏറ്റവും വലിയ നദിയായ യാംഗ്‌സീ മാലിന്യക്കൂമ്പാരമായി തീര്‍ന്നു. 2008ല്‍ ബെയ്ജിംഗ് ഒളിംപിക്‌സിന് മുന്നോടിയായി മാത്രമാണ് തലസ്ഥാനമായ ബെയ്ജിംഗ് വൃത്തിയാക്കപ്പെട്ടത്. കാലാവസ്ഥ വ്യതിയാനത്തിന്റെ കാര്യത്തിലും ഇന്ത്യയും ചൈനയും ഇന്നും പഴയ നിലപാടുകളില്‍ തന്നെയാണ്. പശ്ചാത്യരാജ്യങ്ങളും അമേരിക്കയുമാണ് ഇതിന്റെ കാരണക്കാരെന്നും തങ്ങള്‍ വികസിക്കുന്ന കാലത്ത് ഇത്തരം വാദങ്ങള്‍ ഉന്നയിക്കുന്നത് വികസനത്തിന് തടയിടാനാണ് എന്നുമാണ് ഇപ്പോഴും ഇരു രാജ്യങ്ങളും വാദിക്കുന്നത്. ഗാന്ധിജിയുടെ കാലത്ത് പരിസ്ഥിതി വാദത്തിന് യാതൊരു പ്രസക്തിയുമില്ലായിരുന്നെങ്കിലും ഇന്നത്തെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഏറ്റവുമധികം ഉദ്ധരിക്കുന്നത് മഹാത്മാ ഗാന്ധിയെയാണെന്ന് കാണാം. ‘ലോകത്തില്‍ എല്ലാവരുടെയും ആവശ്യങ്ങള്‍ നിറവേറ്റാനുള്ളത് ഈ പരിസ്ഥിതിയില്‍ ഉണ്ട്. എന്നാല്‍ ആരുടെയും അത്യാഗ്രഹം നിറവേറ്റാന്‍ ഈ പ്രകൃതിക്കാകില്ല’ എന്ന വാചകം പരിസ്ഥിതിവാദികളുടെ പ്രിയപ്പെട്ടതാകുന്നത് മരണത്തിന് ശേഷവും അദ്ദേഹം ജീവിക്കുന്നുവെന്നതിന്റെ തെളിവാണ്.

മരണത്തിന് പതിറ്റാണ്ടുകള്‍ക്ക് ശേഷവും ഗാന്ധി ജനമനസുകളില്‍ (പ്രത്യേകിച്ചും ഇന്ത്യന്‍ ജനതയുടെ) ജീവിക്കുന്നതിനും വളരുന്നതിനും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്കുള്ള പങ്ക് ചെറുതല്ല. സ്‌കൂളില്‍ ചേരുമ്പോള്‍ മുതല്‍ ആ ചിത്രവും ഓരോ ഇന്ത്യക്കാരന്റെയും മനസില്‍ വേരുറയ്ക്കുന്നു. പാഠപുസ്തകങ്ങളിലും കലണ്ടറുകളിലും ഡയറികളിലും എല്ലാമുള്ള ചിത്രങ്ങളിലൂടെ ഗാന്ധിയുടെ രൂപം ഓരോ മനിസിലും പതിഞ്ഞിരിക്കുന്നു. ഒരു ദിവസം ഒരു തവണയെങ്കിലും ഗാന്ധിയുടെ ചിത്രം കാണാത്ത ഇന്ത്യക്കാര്‍ ഉണ്ടാകില്ല. കറന്‍സി നോട്ടുകളിലെ ഗാന്ധിത്തലയിലൂടെ എത്രയെത്ര തലമുറകളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ് ഗാന്ധിജി. ഇത് തന്നെയാണ് സംഘപരിവാറിന്റെ പ്രശ്‌നവുമെന്ന് സമീപകാലത്തെ ചില കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങളില്‍ നിന്നും മനസിലാക്കാം.

നവംബര്‍ എട്ടിലെ നോട്ട് അസാധുവാക്കലിന് ശേഷം പുറത്തിറക്കിയ ചില 2000 രൂപ നോട്ടുകളില്‍ നിന്നും ഗാന്ധിജിയുടെ ചിത്രം ഒഴിവാക്കിയിരുന്നു. മധ്യപ്രദേശിലെ ഏതാനും ഗ്രാമീണര്‍ക്ക് അവിടുത്തെ ഒരു എസ്ബിഐ ബ്രാഞ്ചില്‍ നിന്നും ഈ നോട്ടുകള്‍ ലഭിച്ചെന്നാണ് വാര്‍ത്ത വന്നത്. നോട്ടുകള്‍ കള്ള നോട്ടാണെന്ന ആശങ്കയില്‍ ഗ്രാമീണര്‍ ബാങ്കിനെ സമീപിച്ചെങ്കിലും അവ കള്ളനോട്ടല്ലെന്ന മറുപടിയാണ് ബാങ്ക് നല്‍കിയത്. സാങ്കേതിക പിശക് എന്നൊക്കെ പറയാമെങ്കിലും പുതിയ കാലത്തെ പല നീക്കങ്ങളും കാണുമ്പോള്‍ അതത്ര വിശ്വസനീയമല്ല. നോട്ടുകളില്‍ നിന്നും ഗാന്ധിത്തല ഒഴിവാക്കണമെന്ന ഹരിയാന കൃഷി മന്ത്രി അനില്‍ വിജിന്റെ പ്രസ്താവനയും ഇവിടെ കണക്കാക്കണം. മന്ത്രി പിന്നീട് മാപ്പ് പറഞ്ഞ് പ്രസ്താവന പിന്‍വലിച്ചെങ്കിലും ഈ പ്രസ്താവനയെ ഒരു അജണ്ടയുടെ പ്രതിഫലനമായി മാത്രമേ കണക്കാക്കാന്‍ സാധിക്കുകയുള്ളൂ.

ഗാന്ധിജിയല്ല മോദിജിയാണ് ഇന്ത്യയില്‍ വിപണി മൂല്യമുള്ളതെന്നും മോദിജിയെയാണ് എല്ലാവരും മാതൃകയാക്കേണ്ടതെന്നുമുള്ള സന്ദേശമാണ് സംഘപരിവാര്‍ ഏറെക്കാലമായി പ്രചരിപ്പിക്കുന്നത്. ഇതിനുള്ള ഏറ്റവും നല്ല ഉദാഹരണമായിരുന്നു ഖാദി ഗ്രാമോദ്യോഗ് കലണ്ടറില്‍ നിന്നും ഡയറിയില്‍ നിന്നും ഗാന്ധിജിയെ ഒഴിവാക്കി മോദിയെ പ്രതിഷ്ഠിച്ച സംഭവം. ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്ന മഹാത്മാഗാന്ധി ചിത്രത്തിന് സമാനമായ രീതിയില്‍ നൂല്‍നൂല്‍ക്കുന്ന മോദിയുടെ ചിത്രമാണ് ഇവിടെ ഉള്‍പ്പെടുത്തിയത്. ഗാന്ധി തന്റെ സ്ഥിരം ശൈലിയില്‍ ഒറ്റമുണ്ട് ധരിച്ച് നൂല്‍നൂല്‍ക്കുമ്പോള്‍ വിലകൂടിയ വസ്ത്രം ധരിച്ച് വിലകൂടിയ ചര്‍ക്കയിലാണ് ഇവിടെ മോദി നൂല്‍നൂല്‍ക്കുന്നത്. പതിറ്റാണ്ടുകളായി ഭാരതീയരുടെ മനസില്‍ തറഞ്ഞു നില്‍ക്കുന്ന നൂല്‍നൂല്‍ക്കുന്ന ഗാന്ധി രൂപത്തെ പിന്തള്ളി തന്റെ രൂപത്തെ അവിടെ പ്രതിഷ്ഠിക്കാനുള്ള മോദിയുടെയും സംഘപരിവാറിന്റെയും മന:ശാസ്ത്രപരമായ സമീപനം.

ഇതിന് പിന്നാലെയാണ് മധ്യപ്രദേശില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും നിര്‍ബന്ധമായും മോദിയുടെയും സ്വാമി വിവേകാനന്ദന്റെയും ചിത്രം പ്രദര്‍ശിപ്പിക്കുക എന്ന ഉത്തരവിറങ്ങിയത്. മുമ്പ് ഗാന്ധി ചിത്രത്തിന് പകരം മോദി ചിത്രം വന്നത് വിവാദമായതുകൊണ്ടാകാം ഇപ്പോള്‍ എന്തായാലും ഗാന്ധിജി, അംബേദ്കര്‍, വിവേകാനന്ദന്‍, മോദി, പ്രണബ് മുഖര്‍ജി എന്നിവരുടെ ചിത്രങ്ങള്‍ നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കാനാണ് ഉത്തരവിട്ടത്. രാഷ്ട്രപിതാവെന്ന നിലയില്‍ ഗാന്ധിജിയുടെ ചിത്രം കണ്ട് ശീലിച്ചതാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഒഴിവാക്കുമ്പോള്‍ ഉയരുന്ന പ്രതിഷേധത്തിന് കാരണമെന്ന് മോദിയും സംഘപരിവാറും മനസിലാക്കിയിരിക്കുന്നു. അപ്പോള്‍ തങ്ങള്‍ക്ക് അധികാരം കയ്യിലുള്ള കാലംകൊണ്ട് മോദി ചിത്രത്തിനും ഈ ചിരപ്രതിഷ്ഠ നല്‍കുകയും ഗാന്ധിജിയ്ക്ക് പകരം മോദിയെ ഇന്ത്യയുടെ പ്രതീകമാക്കുകയും ചെയ്യുക എന്നതില്‍ കവിഞ്ഞ അജണ്ട സംഘപരിവാര്‍ ബുദ്ധിയില്‍ ഉണ്ടോ എന്ന്‍ സംശയമാണ്.

ഇന്ത്യയെ സംബന്ധിച്ച് രാഷ്ട്രപിതാവ് എന്ന സ്ഥാനം മഹാത്മാ ഗാന്ധിക്ക് അവകാശപ്പെട്ടതാണ്.  പക്ഷെ ആധുനിക ഇന്ത്യയെ വാര്‍ത്തെടുക്കുകയാണ് മോദി ഈ രാജ്യത്തിന് വേണ്ടി ചെയ്യുന്നതെന്ന പ്രചരണങ്ങള്‍ സജീവമാക്കുന്നതിന് പിന്നിലും അത്തരമൊരു ലക്ഷ്യം തന്നെയാണ്. ചിത്രങ്ങളില്‍ ഉള്‍പ്പെടാന്‍ പരമാവധി ശ്രമിക്കുകയും ഈ ചിത്രങ്ങള്‍ക്ക് പ്രചാരണം നല്‍കുകയും ചെയ്യുന്ന നേതാവാണ് മോദിയെന്നത് വളരെ പരസ്യമായ ഒരു കാര്യമാണ്. ഗാന്ധി ചിത്രങ്ങളെ കാലക്രമേണ രാജ്യത്ത് നിന്നും പൂര്‍ണമായും നീക്കം ചെയ്ത് തന്റെ ചിത്രങ്ങള്‍ ഇവിടെ ഉള്‍പ്പെടുത്തി ആധുനിക ഇന്ത്യയുടെ പിതാവ് എന്ന സ്ഥാനത്തേക്ക് സ്വയം അവരോധിതനാകുക എന്നതാണ് മോദിയുടെ ലക്ഷ്യമെന്ന് സംശയിക്കുന്നതും ഇതിനാലാണ്.

കാരണം ദേശീയഗാന വിവാദമുണ്ടാകുന്നതിന് മുമ്പ് ഇന്ത്യന്‍ പൌരന്‍മാരുടെ ഉള്ളില്‍ ഇത് തങ്ങളുടെ ദേശീയഗണമാണെന്ന ബോധവും അതിനോടു ആദരവും ഉണ്ടായിരുന്നു. അതിനെ എങ്ങനെ ബഹുമാനിക്കണമെന്ന് ആരും പറഞ്ഞു നിര്‍ദേശിക്കേണ്ടിയും വന്നിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അതുപോലെയല്ല സ്ഥിതി. അതുപോലെ തന്നെ ഗാന്ധിജി നമ്മുടെ രാഷ്ട്രപിതാവാണെന്ന് കൊച്ചുകുട്ടികള്‍ മുതലറിയാം. ഗാന്ധി തത്വസംഹിതകളോടും ആദര്‍ശങ്ങളോടും എതിരുള്ളവര്‍ പോലും അവിടെയൊരു സംവാദത്തിനുള്ള ഇടം തുറന്നിടാനാണ് ശ്രമിച്ചിട്ടുള്ളത്; അപമാനിക്കാനല്ല. മറിച്ച് അദ്ദേഹത്തിന്റെ സ്ഥാനങ്ങളിലേക്ക് അനര്‍ഹരായവര്‍ കടന്നിരിക്കുമ്പോള്‍ ശ്രമിക്കുമ്പോഴാണ് ഗാന്ധി അപമാനിതനാവുന്നത് എന്നതാണ് യാഥാര്‍ഥ്യം; അത് കലണ്ടറിലായാലും ജനമനസിലായാലും.

(അഴിമുഖം സ്റ്റാഫ് ജേര്‍ണലിസ്റ്റാണ് അരുണ്‍)

 

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍