UPDATES

അരോചകമായ ആശ്ലേഷങ്ങളല്ലാതെ ബാക്കിയെന്തുണ്ട്? ട്രംപിനു മുന്നില്‍ കവാത്ത് മറന്ന മോദി

ട്രംപിന്റെ കടുത്ത നിലപാടുകളെ മയപ്പെടുത്തുന്ന ആളായാണ് ഇവാന്‍കയെ പലരും വിശേഷിപ്പിക്കുന്നത്

ആളുകള്‍ രണ്ട് തരത്തില്‍ ചിന്തിക്കുന്നുണ്ട്. നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനം മറ്റൊരു വലിയ വിജയമായിരുന്നുവെന്നും ഡൊണാള്‍ഡ് ട്രംപുമായി ഒരു വ്യക്തിബന്ധം സ്ഥാപിച്ചെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചുവെന്നും ഈ വര്‍ഷം അവസാനം ട്രംപിന്റെ പുത്രി ഇവാന്‍കയെ ഇന്ത്യ സന്ദര്‍ശനത്തിന് എത്തിക്കാന്‍ മോദിക്ക് സാധിച്ചുവെന്നും വിശ്വസിക്കുന്നവരാണ് ഒരു ഭാഗത്ത്.

പ്രസിഡന്റ് ട്രംപില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നേടിയെടുത്ത അരോചകവും ആവര്‍ത്തനവിരസവുമായ ആശ്ലേഷത്തെയോ അല്ലെങ്കില്‍ ട്രംപിലേക്ക് ചായുന്ന മോദിയെ പ്രഥമവനിത തുറിച്ചുനോക്കിയ രീതിയെയോ അല്ലെങ്കില്‍ വൈറ്റ് ഹൗസിലെ പത്രസമ്മേളനത്തിനിടയില്‍ ട്രംപിന്റെ വിടര്‍ത്തിയ കൈകളില്‍ മോദി തൂങ്ങിയ രീതിയെയോ ലോകം ആവേശപൂര്‍വം വീക്ഷിച്ചു എന്ന് കരുതുന്നവരാണ് രണ്ടാമത്തേത്.
ഈ രണ്ട് ലോകങ്ങള്‍ക്കുമിടയില്‍, മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം സംബന്ധിച്ച ചില നിര്‍ണായക ഘടകങ്ങള്‍ നിലനില്‍ക്കുന്നു. അല്ല, പുറംമോടിയില്‍ അഭിരമിക്കുന്നതിന് രണ്ട് രാജ്യങ്ങളും ഇപ്പോള്‍ പ്രശസ്തമായിരിക്കുന്നതിനാല്‍ ചൈനയോടുള്ള കര്‍ക്കശഭാഷണത്തെ കുറിച്ചോ അല്ലെങ്കില്‍ ഭീകരതയ്‌ക്കെതിരായ യുദ്ധം എന്ന പൊള്ളയായ വാഗ്ദാനങ്ങളെ കുറിച്ചോ അല്ല നമ്മള്‍ സംസാരിക്കുന്നത്.

ഒരു വലിയ വിടവ്
കാലാവസ്ഥ വ്യതിയാനത്തിന്റെ വക്താവാണ് താനെന്ന് മോദി പലപ്പോഴും സ്വയം പ്രതിഷ്ഠിച്ചിട്ടുണ്ട്. പാരീസ് കാലവസ്ഥ വ്യതിയാന ഉച്ചകോടിയോട് അനുബന്ധിച്ച് 2015ല്‍ സ്വന്തമായി പുസ്തകമെഴുതി പ്രസിദ്ധീകരിച്ച ഒരേയൊരു ലോക നേതാവ് ഒരു പക്ഷെ അദ്ദേഹമായിരിക്കും. പാരമ്പര്യേതര ഇന്ധന, ഊര്‍ജ്ജ സ്രോതസ്സുകള്‍ക്ക് വേണ്ടി നിരന്തരം വാദിക്കുന്ന അദ്ദേഹം, കാലവസ്ഥ വ്യതിയാനത്തിനെതിരെ പോരാടുന്നതിന് തന്റെ നേതൃത്വം മുന്നില്‍ നില്‍ക്കുന്നു എന്ന് പ്രചരിപ്പിക്കുന്നതിന് ലഭിക്കുന്ന ഒരവസരവും പാഴാക്കാറില്ല.
എന്നാല്‍, വാഷിംഗ്ടണില്‍ മറ്റൊരു മോദിയെയാണ് നാം കണ്ടത്.

യുഎസ് പ്രസിഡന്റ് പിടിവാശിക്കാരനായതിനാല്‍ തന്നെ, കാലാവസ്ഥ വ്യതിയാനം ഇന്ത്യ-യുഎസ് ബന്ധത്തിന്റെ പരിധിയില്‍ നിന്നും മാറിപ്പോയി. സമീപകാലത്തുണ്ടായിട്ടുള്ള സംയുക്ത പ്രസ്താവനകളില്‍ നിന്നും വ്യത്യസ്തമായി, ഇരുവിഭാഗങ്ങളും ഒന്നിച്ച് നടത്തിയ പ്രസ്താവന കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് മൗനം പാലിച്ചു.

‘പരിസ്ഥിതിയും കാലാവസ്ഥ നയവും, ആഗോള സാമ്പത്തിക വികസനവും ഊര്‍ജ്ജ സുരക്ഷ ആവശ്യങ്ങളും’ തമ്മില്‍ സന്തുലനം ഉറപ്പാക്കുന്ന ഒരു ‘യുക്തിസഹമായ സമീപനത്തിന്’ ഇരു നേതാക്കളും ആഹ്വാനം ചെയ്യുന്നു എന്ന വാചകത്തിലേക്ക് കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച പരാമര്‍ശം ഒതുങ്ങി.

"</p

2015 ജനുവരിയില്‍ അന്നത്തെ യുഎസ് പ്രസിഡന്റ് ബാരക് ഒബാമ ഇന്ത്യ സന്ദര്‍ശിച്ചപ്പോഴും 2016 ജൂണില്‍ മോദി യുഎസിലേക്ക് മടക്ക സന്ദര്‍ശനം നടത്തിയപ്പോഴും നടത്തിയ പ്രസ്താവനകളില്‍ നിന്നും കടകവിരുദ്ധമാണ് ഇത്തവണത്തെ സംയുക്ത പ്രസ്താവന. ഈ രണ്ട് സന്ദര്‍ഭങ്ങളിലും ചര്‍ച്ചകളുടെ വിഷയങ്ങളില്‍ കാലാവസ്ഥ വ്യതിയാനം മേധാവിത്വം പുലര്‍ത്തുകയും അത് പ്രശ്‌നത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ പങ്കാളിത്തം രൂപപ്പെടുന്നതില്‍ പ്രതിഫലിക്കുകയും ചെയ്തു.

ഒബാമയുടെ സന്ദര്‍ശനത്തിന് ശേഷം 2015 ജനുവരി 25ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയുടെ മൊത്തം 59 ഖണ്ഡികകളില്‍ 11ഉം കാലാവസ്ഥ വ്യതിയാനത്തിനും ഇരുരാജ്യങ്ങളും തമ്മിലുള്ള ശുദ്ധ ഊര്‍ജ്ജ പങ്കാളിത്തത്തിനും വേണ്ടി നീക്കിവെച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂണില്‍ വാഷിംഗ്ടണില്‍ ഒബാമയും മോദിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ സംയുക്ത പ്രസ്താവനയില്‍ ‘കാലവസ്ഥ, ശുദ്ധ ഊര്‍ജ്ജ വിഷയങ്ങളില്‍ ഇന്ത്യ-യുഎസ് ആഗോള നേതൃത്വം അഭിവൃദ്ധിപ്പെടുത്തും,’ എന്ന പേരില്‍ ഒരു പ്രത്യേക വിഭാഗം തന്നെയുണ്ടായിരുന്നു. പ്രസ്താവനയുടെ മൊത്തം 50 ഖണ്ഡികകളില്‍ ഏഴെണ്ണം ഇതിനായി മാറ്റിവെച്ചിരുന്നു.

ട്രംപിന്റെ ആശ്ലേഷം മാത്രം ആഗ്രഹിക്കുന്ന ദുര്‍ബ്ബലനായ ഒരു മനുഷ്യനാണ് മോദി എന്ന അദ്ദേഹത്തിന്റെ വിമര്‍ശകരുടെ അഭിപ്രായം ശരിവെക്കുന്ന തരത്തില്‍ ഇത്തവണ ഡിസിയില്‍ ആ കാലാവസ്ഥ വക്താവായ മോദിയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നില്ല.

കരാറില്‍ പങ്കെടുത്തുകൊണ്ട് ബില്യണ്‍ കണക്കിന് ഡോളറാണ് ഇന്ത്യയെ പോലുള്ള രാജ്യങ്ങള്‍ വാരിക്കൂട്ടുന്നത് എന്ന് ആരോപിച്ചു കൊണ്ട് കഴിഞ്ഞ മാസം അമേരിക്കയെ പാരീസ് കരാറില്‍ നിന്നും ട്രംപ് പിന്‍വലിച്ചതിന് ശേഷം പുറത്തുവന്ന സംയുക്ത പ്രസ്താവന, അമേരിക്കന്‍ ഭീഷണിയുടെ വ്യക്തമായ പ്രകടനമാണ് ദൃശ്യമാവുന്നത്. അല്ലാതെ പുരോഗമനക്കാരനായ മോദിയെ അല്ല.

നാട്ടില്‍ കുടുംബവാഴ്ചയെ അപലപിക്കും, വിദേശത്ത് അതിനെ പുകഴ്ത്തും
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുത്രി ഇവാന്‍കയെയും അവരുടെ ഭര്‍ത്താവ് ജാറെത്ത് കുഷ്‌നറെയും വരുന്ന നവംബറില്‍ ഇന്ത്യ സന്ദര്‍ശിക്കുന്നതിന് ക്ഷണിക്കാന്‍ മോദി കാണിച്ച വ്യഗ്രതയാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനത്തില്‍ ശ്രദ്ധിക്കേണ്ട മറ്റൊരു രസകരമായ കാര്യം. നവംബറില്‍ ബംഗളുരുവിലോ ഹൈദരാബാദിലോ നടക്കുന്ന ആഗോള സംരംഭക ഉച്ചകോടിയില്‍ (ജിഇഎസ്) യുഎസ് പ്രതിനിധി സംഘത്തെ നയിക്കുന്നത് ഇവാന്‍കയായിരിക്കും.

‘വൈറ്റ് ഹൗസില്‍ വച്ച് നിങ്ങളെ കണ്ടുമുട്ടിയതില്‍ സന്തോഷം. ഈ വര്‍ഷം അവസാനം നടക്കുന്ന ഉച്ചകോടിക്ക് ഇന്ത്യയില്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നതിനായി ഉറ്റുനോക്കുന്നു,’ എന്നാണ് ഇവാന്‍കയ്ക്ക് മോദി ട്വീറ്റ് ചെയ്തത്. യുഎസ് രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയുടെ ഏറ്റവും മോശം രൂപത്തെയാണ് ഇവന്‍കയും അവരുടെ ഭര്‍ത്താവും പ്രതിനിധീകരിക്കുന്നത്. ഗാന്ധി കുടുംബത്തിനെതിരെ, ഇറ്റലിയില്‍ നിന്നുള്ള സ്ത്രീക്കും അവരുടെ കുടുംബത്തിനുമെതിരെ, അവരുടെ മരുമകനെതിരെ, ഗാന്ധി കുടുംബവാഴ്ചയുടെ മറ്റ് തിന്മകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി അധികാരത്തിലെത്തിയ ഒരാളെ സംബന്ധിച്ചിടത്തോളം ഇതൊരു തരംതാണ പ്രവൃത്തിയായിപ്പോയി എന്ന് പറയാതെ വയ്യ.

"</p

ബരാക് ഒബാമയുടെ നേതൃത്വത്തിലുള്ള മുന്‍ ഭരണകൂടവും മോദിയും ചേര്‍ന്ന് ആരംഭിച്ച ജിഇഎസ് ഉച്ചകോടിയില്‍ ട്രംപ് ഭരണകൂടത്തിന് വലിയ താല്‍പര്യമില്ലായിരുന്നുവെന്നാണ് ന്യൂഡല്‍ഹിയിലെ ചില വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും Airbnb-യുടെ ബ്രയാന്‍ ചെസ്‌കി, ഉബെറിന്റെ ട്രാവില്‍ കാലാനിക് തുടങ്ങിയവരും പങ്കെടുത്ത കഴിഞ്ഞ ഉച്ചകോടി സിലിക്കണ്‍ വാലിയില്‍ വച്ചാണ് സംഘടിപ്പിക്കപ്പെട്ടത്.
ഇത്തവണത്തെ മോദിയുടെ സന്ദര്‍ശനവേളയിലാണ് രണ്ട് കാര്യങ്ങള്‍ക്ക് ട്രംപ് അനുമതി നല്‍കിയത്. ഇന്ത്യയിലെ ഉച്ചകോടി നടക്കണമെന്നും യുഎസ് പ്രതിനിധി സംഘത്തെ ഇവാന്‍ക നയിക്കുമെന്നും.

ട്രംപിന്റെ കടുത്ത നിലപാടുകളെ മയപ്പെടുത്തുന്ന  ആളായാണ് ഇവാന്‍കയെ പലരും വിശേഷിപ്പിക്കുന്നത്. എന്നാല്‍ കുടംബവാഴ്ചയ്‌ക്കെതിരെ നിലപാടെടുക്കുന്ന, ല്യൂട്ടണിന്റെ ഡല്‍ഹിയിലേക്ക് ഗേറ്റ് തകര്‍ത്ത് വന്ന ആളെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ഇവാന്‍കയെ ക്ഷണിച്ചത് ഒരു മോശം പ്രവൃത്തി തന്നെയാണ്. അദ്ദേഹത്തിന്റെ യഥാര്‍ത്ഥ വ്യക്തിത്വത്തെ കുറിച്ച് ഒരു വിദഗ്ധ വിശകലനം തന്നെ ആവശ്യമാണെന്ന് തോന്നുന്നു. അരോചകമായ ആശ്ലേഷങ്ങളും നയപരിപാടികളിലുള്ള പരിപൂര്‍ണ തകിടംമറിച്ചിലുകളും നിറഞ്ഞുനിന്ന യുഎസ് സന്ദര്‍ശനത്തേക്കുറിച്ച് പ്രത്യേകിച്ചും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍