UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രശാന്ത് കിഷോറിന്‍റെ മോഡിഫൈഡ് രാഹുല്‍

Avatar

ടീം അഴിമുഖം

2014-ലെ ലോകസഭ  തെരഞ്ഞെടുപ്പ് ഒരുതരത്തില്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് പോലെയാണ് നടന്നത്. ഒരു ഭാഗത്ത് രാജ്യത്തിന്റെ ദുരിതങ്ങള്‍ക്കറുതിവരുത്താന്‍ വന്ന ഒരു അതികായനായ സ്ഥാനാര്‍ത്ഥി. അതായിരുന്നു നരേന്ദ്ര മോദിയുടെ പ്രതിച്ഛായ. അത് തെരഞ്ഞെടുപ്പുപോരാട്ടത്തില്‍ ആഞ്ഞടിച്ചു വിജയിച്ചു.

ആ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നിര്‍ണായക ദൌര്‍ബല്യം രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായയായിരുന്നു. പ്രത്യേകിച്ചും മോദിയുമായി തട്ടിച്ചു നോക്കുമ്പോള്‍.

മോദി പല രൂപങ്ങളിലാണ് വന്നത്, ആത്മവിശ്വാസമുള്ള നേതാവ്, കാര്യക്ഷമതയുള്ളയാള്‍ (ഗുജറാത്ത് മാതൃകയുടെ വര്‍ണചിത്രങ്ങള്‍!) വെടിപ്പായി, ശക്തമായി കാര്യങ്ങള്‍ പറയുന്ന വാഗ്മി, രാജ്യത്തിനായി പദ്ധതികളുള്ള, കാര്യങ്ങള്‍ നടത്തിക്കാന്‍ വന്ന മോദി. എന്നാല്‍ രാഹുല്‍ ഗാന്ധിയോ, അനുഭവസമ്പത്തില്ലാത്ത, താത്പര്യമില്ലാത്ത, സമഗ്രതയില്ലാത്ത (ദുരന്തമായി മാറിയ ആ ടൈംസ് നൌ അഭിമുഖം ഓര്‍മ്മയില്ലേ!) ഒരാള്‍. നിസാരതകളല്ലാതെ നാട്ടുകാര്‍ക്കായി മറ്റൊന്നും നാല്‍കാനില്ലാതെ, ജനനസാഹചര്യം കൊണ്ട് മാത്രം അവിടെയെത്തിപ്പെട്ട ഒരാള്‍. മത്സരം നേര്‍ക്കുനേരായിരുന്നു. കോണ്‍ഗ്രസിന്റെ നായകസ്ഥാനാര്‍ത്ഥി രാഹുല്‍ താരതമ്യത്തില്‍ വിളറിപ്പോയി. ആ ‘പപ്പു’ പ്രതിച്ഛായ ഉറച്ചുപോയി.

മോദിയും രാഹുലും തമ്മിലുള്ള ഒരു നേര്‍ക്കുനേര്‍ പോരാട്ടമായി ആ തെരഞ്ഞെടുപ്പിനെ മാറ്റി, രാഹുലിനെ ദുര്‍ബലനായി എടുത്തുകാട്ടിയതിന്റെ  ഉത്തരവാദികളിലൊരാള്‍, മോദിയുടെ അന്നത്തെ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ ആയിരുന്നു. അതുകൊണ്ടുതന്നെ ഇന്നിപ്പോള്‍ നേരെ തകിടംമറിഞ്ഞൊരു ചുമതലയുമായി, രാഹുലിനെ കോണ്‍ഗ്രസിനെ നയിക്കാന്‍ കാര്യശേഷിയുള്ള ഒരു നേതാവായി പൊക്കിക്കാട്ടാന്‍ പ്രശാന്ത് കിഷോര്‍ ചുമതലയേല്‍ക്കുന്നത് വല്ലാത്തൊരു വൈരുദ്ധ്യമാണ്.

കഴിഞ്ഞവര്‍ഷത്തെ നിഗൂഢമായ ഒരു അജ്ഞാതവാസത്തിന് ശേഷം രാഹുല്‍ ഗാന്ധിയില്‍ ചില ഗുണപരമായ മാറ്റങ്ങള്‍ കാണുന്നുണ്ട്.

അയാളുടെ ‘സൂട്-ബൂട്ട് സര്‍ക്കാര്‍’ കൊള്ളേണ്ടിടത്ത് കൊണ്ടു. ധനിക പക്ഷപാതികളായി തങ്ങളെ കാണുന്നു എന്ന ശങ്ക സര്‍ക്കാരിന് വന്നു. ഈ വര്‍ഷത്തെ ബജറ്റില്‍ ഗ്രാമകേന്ദ്രീകൃതമായ ഒട്ടേറെ കാര്യങ്ങള്‍ വന്നത് ആ പരാമര്‍ശത്തില്‍ നിന്നുണ്ടായ ചീത്തപ്പേര് മാറ്റി പ്രതിച്ഛായ നന്നാക്കിയെടുക്കാനുള്ള ശ്രമമാണ് എന്നുവരെ പറയാം. ഭൂമി ഏറ്റെടുക്കല്‍ ബില്ലില്‍ വരുത്തുന്ന ഭേദഗതികളെ എതിര്‍ക്കുമെന്ന് രാഹുല്‍ പ്രഖ്യാപിച്ചു-അയാളുടെ അമ്മ, സോണിയ ഗാന്ധി ആ ഭേദഗതികള്‍ക്കെതിരെ ഡല്‍ഹിയില്‍ ജാഥ നയിച്ചു. അയാളുടെ സഹപ്രവര്‍ത്തകര്‍ ഭേദഗതികള്‍ക്കെതിരെ വാദമുഖങ്ങള്‍ ഉയര്‍ത്തുകയും രാഷ്ട്രീയ സഖ്യം വിശാലമാക്കുകയും ചെയ്തു. നീക്കത്തില്‍നിന്നും പിന്‍വലിയുന്നതിന് കോണ്‍ഗ്രസ്, സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കി.

നിതീഷ് കുമാര്‍ സര്‍ക്കാരിന് അനുകൂലമായ നിലപാടെടുത്ത രാഹുല്‍ ബിഹാറില്‍ സഖ്യത്തിനായി നീങ്ങിയിരുന്ന ലാലു പ്രസാദിന് ശക്തമായ സൂചനയും നല്കി. കഴിഞ്ഞ കുറച്ചു മാസങ്ങളായി അയാള്‍ സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികളുമായി കൂടുതല്‍ സംവദിക്കുന്നു. രോഹിത് വെമുലയുടെ ആത്മഹത്യക്ക് ശേഷം ഹൈദരബാദ് സര്‍വകലാശാലയില്‍ സന്ദര്‍ശനം നടത്തി. കനയ്യ കുമാറിന്റെ അറസ്റ്റിന് ശേഷം രാജ്യദ്രോഹ കുറ്റാരോപണത്തിനും അടിച്ചമര്‍ത്തലിനുമെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ജെ എന്‍ യുവിലുമെത്തി. അതിലൊന്നും അത്ര യോജിപ്പില്ലാത്ത പലരും പാര്‍ടിക്കുള്ളില്‍ ഉണ്ടായിരുന്നു. കന്നയ്യ ഒരു ഇടതു വിദ്യാര്‍ത്ഥിനേതാവായതിനാല്‍ അയാളെ നായകനാക്കിയിട്ടു ഒന്നും കിട്ടാനില്ലെന്ന് NSUI കരുതി. രാഹുല്‍ ഗാന്ധിയെ രാജ്യദ്രോഹികളെ പിന്തുണക്കുന്നവനായി ബി ജെ പി പ്രചരിപ്പിക്കുന്നതിന് ഹിന്ദി മേഖലയില്‍ വേരോട്ടം കിട്ടുമെന്ന് മറ്റുള്ളവര്‍ ആശങ്കപ്പെട്ടു-അതുകൊണ്ടുതന്നെ അയാള്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും. പക്ഷേ ജെ എന്‍ യു വിദ്യാര്‍ത്ഥികള്‍ക്കുള്ള പിന്തുണ രാഹുല്‍ ശക്തിയായി പ്രകടിപ്പിച്ചു. ബുധനാഴ്ച്ചത്തെ പാര്‍ലമെന്‍റ് പ്രസംഗത്തില്‍ ദേശീയ പതാക വെറുമൊരു തുണിയല്ലെന്നും മറിച്ച് ബന്ധങ്ങളും സംഭാഷണങ്ങളുമാണെന്നും പറഞ്ഞുകൊണ്ടു സംവാദത്തില്‍ ദേശീയതയെക്കുറിച്ചുള്ള ഒരു പുതിയ ആശയം അവതരിപ്പിച്ചു.

ഇതിനൊപ്പം രണ്ടു കാര്യങ്ങള്‍ കൂടി പറയണം.

മുന്‍കാലങ്ങളിലും രാഹുല്‍ ഇടപെടല്‍ നടത്തിയിട്ടുണ്ട്. ദളിത ക്ഷേമം മുതല്‍ ആദിവാസി അവകാശങ്ങള്‍ വരെ. പ്രശ്നം അതെല്ലാം ഒരു അതിഥിതാരത്തെപ്പോലെ ആയിരുന്നു എന്നതാണ്. അയാളുടെ താത്പര്യങ്ങള്‍ മാറിമറിഞ്ഞുകൊണ്ടിരുന്നു; ഒരു വിഷയം മനസിലാക്കാനും ഇടപെടാനും അതില്‍ ഉറച്ചുനില്‍ക്കാനുമുള്ള രാഷ്ട്രീയസ്ഥൈര്യം അയാള്‍ക്കുണ്ടെന്ന് തോന്നിച്ചില്ല. അയാളുടെ വ്യക്തിത്വത്തിന്റെ ഈ അടിസ്ഥാന ഘടകം മാറിയോ ഇല്ലയോ എന്നത് ഇപ്പോള്‍ വ്യക്തമല്ല.

മറ്റൊരു പ്രശ്നം അയാളുടെ ആശയവിനിമയമാണ്. വ്യക്തവും, അടുക്കും ചിട്ടയുള്ളതുമായ ആശയവിനിമയം വ്യക്തവും, അടുക്കും ചിട്ടയുള്ളതുമായ ചിന്തയുടെ ലക്ഷണമാണ്. രാഹുലിന്റെ പ്രസംഗങ്ങള്‍ മിക്കപ്പോഴും വിഷയത്തില്‍ കേന്ദ്രീകരിച്ചുള്ളതല്ലായിരുന്നു. അയാള്‍ പ്രസക്തമായ വിഷയങ്ങള്‍ തെരഞ്ഞെടുത്തിരിക്കാം-ദരിദ്രരുടെ ക്ഷേമം, സാമുദായിക സൌഹാര്‍ദ്ദം, അഭിപ്രായ സ്വാതന്ത്ര്യം, പക്ഷേ അതിലെല്ലാം തന്റെ സന്ദേശത്തില്‍ ഉറച്ചുനില്‍ക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. ഇത് ചിതറിയ ചിന്തയുടെ ലക്ഷണമാണ്.

രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയത്തില്‍ പ്രശാന്ത് കിഷോറിന്റെ സ്വാധീനം വിലയിരുത്താറായിട്ടില്ല. ഭാവി സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ വിജയിക്കാന്‍ കോണ്‍ഗ്രസിനെ സഹായിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവിനെ പുത്തന്‍ രൂപത്തിലിറക്കാനായി ഈയാഴ്ച്ച എത്തിയതേയുള്ളൂ അയാള്‍. കുറച്ചു മാസങ്ങളായി രാഹുല്‍ ഗാന്ധിയുമായി അയാള്‍ നിരന്തരം സമ്പര്‍ക്കത്തിലാണെന്നും നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ടെന്നും ചില വൃത്തങ്ങള്‍ പറയുന്നു.

രാഹുല്‍ ഗാന്ധി കൃത്യമായ രാഷ്ട്രീയവിഷയങ്ങള്‍ തെരഞ്ഞെടുക്കുന്നു എന്നും അതിനോടൊപ്പം നില്ക്കുന്നു എന്നും ഉറപ്പുവരുത്തലാണ് കിഷോറിനെ സംബന്ധിച്ചുള്ള പ്രധാന വെല്ലുവിളി. അപ്രത്യക്ഷനാവല്‍ വിദ്യ ഇനിയും തുടരാനാവില്ല. പ്രവര്‍ത്തനത്തുടര്‍ച്ചയില്ലാത്ത പൊടുന്നനെയുള്ള ഇടപെടലുകള്‍ സ്ഥിരമായ രാഷ്ട്രീയ ഇടപെടലുകള്‍ക്ക് പകരമാകില്ല. തപ്പിയും തടഞ്ഞും  മുക്കിയും മൂളിയും നടത്തുന്ന പ്രസംഗങ്ങള്‍ അക്ഷമരായ ജനങ്ങളെ ആകര്‍ഷിക്കില്ല, മറിച്ച് പറയുന്നവനെ കോമാളിയാക്കുകയെ ഉള്ളൂ. 

പൊതുസംവാദങ്ങളുടെ തീക്ഷ്ണതയില്‍ ഇടപെടുക എന്നത്-അത് നവ സാമൂഹ്യ മാധ്യമങ്ങളും മറ്റ് മാധ്യമങ്ങളും വഴിയാകാം-ഇനിയും ഒഴിവാക്കാന്‍ പാടില്ല. മാറ്റങ്ങള്‍ വന്നിട്ടില്ല എന്നല്ല, പക്ഷേ പോര-രാഹുല്‍ ഗാന്ധി 2019, രാഹുല്‍ ഗാന്ധി2014-ല്‍ നിന്നും തികച്ചും മാറിയ ഒന്നായിരിക്കുമോ? പ്രശാന്ത് കിഷോറിനെ കാത്തിരിക്കുന്നത് നിസാര ജോലിയല്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍