UPDATES

ട്രെന്‍ഡിങ്ങ്

ദത്തുപുത്രനാണെന്ന് പറഞ്ഞ മോദിയോട് രേഖകള്‍ ഹാജരാക്കാന്‍ ബാലാവകാശ കമ്മിഷന്‍

ഏഴ് ദിവസത്തിനകം രേഖകള്‍ ഹാജരാക്കാനാണ് നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് റാലിക്കിടെ താന്‍ ഉത്തര്‍പ്രദേശിന്റെ ദത്ത് പുത്രനാണെന്ന് പറഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തിരിച്ചടിയാകുന്നു. ഉത്തര്‍പ്രദേശില്‍ ആരെങ്കിലും മോദിയെ ദത്തെടുത്തതിന്റെ തെളിവുകള്‍ ഹാജരാക്കാന്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.

ഏഴ് ദിവസത്തിനകം രേഖകള്‍ ഹാജരാക്കാനാണ് നിര്‍ദ്ദേശം. അതിന് സാധിച്ചില്ലെങ്കില്‍ രേഖാമൂലം ക്ഷമാപണം നടത്തണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. രേഖകള്‍ ഹാജരാക്കാന്‍ സാധിച്ചില്ലെങ്കില്‍ ദത്തെടുക്കല്‍ നിയമവിരുദ്ധമാകുമെന്നും അത് 2015ലെ ബാലനീതി നിയമത്തിന്റെ ലംഘനമാകുമെന്നും കമ്മിഷന്‍ പറയുന്നു.

താന്‍ ഉത്തര്‍പ്രദേശിന്റെ ദത്ത് പുത്രനാണെന്ന മോദിയുടെ പ്രസ്താവന മാധ്യമങ്ങളിലൂടെ അറിഞ്ഞ് സ്വമേധയാ കേസെടുക്കുകയായിരുന്നെന്ന് കമ്മിഷന്‍ അറിയിച്ചു. ഈ പ്രസ്താവന ബാലനീതി നിയമത്തിന്റെ പ്രകടമായ ലംഘനമാണെന്ന് കമ്മിഷന്‍ ചൂണ്ടിക്കാട്ടുന്നു. ദത്തെടുക്കലിന് ബാലനീതി നിയമത്തില്‍ വ്യക്തമായ നിര്‍വചനം ഉണ്ട്.

ബാലാവകാശ കമ്മിഷന്‍ അംഗം നാഹിദ് ലാരി ഖാ ആണ് മോദിക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. നോട്ടീസിന്റെ പകര്‍പ്പ് തെരഞ്ഞെടുപ്പ് കമ്മിഷനും അയച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പ്രസ്താവന ദത്തെടുക്കലിനും മാതാപിതാക്കള്‍ക്കും കാത്തിരിക്കുന്ന കുട്ടികളെ വേദനിപ്പിക്കുന്നതാണെന്നും അതിനാല്‍ അദ്ദേഹം അവരോട് മാപ്പ് പറയണമെന്നുമാണ് കമ്മിഷന്‍ ചൂണ്ടിക്കാട്ടുന്നത്. മോദി ഏതെങ്കിലും അനാഥാലയം സന്ദര്‍ശിക്കണമെന്നും ആ കുട്ടികളുടെ വേദന മനസിലാക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെടുന്നു.

വ്യാഴാഴ്ച ബാരബങ്കിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് മോദി ശ്രീകൃഷ്ണന്‍ ഉത്തര്‍പ്രദേശില്‍ ജനിച്ച് ഗുജറാത്ത് കര്‍മ്മ മണ്ഡലമായി തെരഞ്ഞെടുത്ത വ്യക്തിയാണെന്നും താന്‍ ഗുജറാത്തില്‍ ജനിച്ച് ഉത്തര്‍പ്രദേശിന്റെ ദത്ത് പുത്രനായ വ്യക്തിയാണെന്നും പറഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍