UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒറ്റപ്പെടുത്തുക; കോണ്‍ഗ്രസിനെ കൂപ്പുകൂത്തിച്ച പഴയ തന്ത്രവുമായി മോദി വീണ്ടും

Avatar

അഴിമുഖം പ്രതിനിധി

കോണ്‍ഗ്രസ് മുക്ത ഭാരതത്തിനായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. 2014-ല്‍ മോദി ഇതു പ്രഖ്യാപിക്കുകയും ഒരു പരിധി വരെ നേടിയെടുക്കുകയും ചെയ്തിരുന്നു.

ലോക്‌സഭയില്‍ പ്രതിപക്ഷ നേതൃപദവി പോലും നിഷേധിക്കപ്പെടുന്ന തരത്തിലേക്ക് കോണ്‍ഗ്രസിനെ അത് കൂപ്പുകുത്തിച്ചു. ലോക്‌സഭയുടെ മൊത്തം അംഗ സംഖ്യയുടെ വെറും 10 ശതമാനം മാത്രമാക്കി കോണ്‍ഗ്രസിനെ ചുരുക്കി. ഇതിലേക്കു നയിച്ച തന്ത്രങ്ങളെ ഒന്നു കൂടി എടുത്തു പയറ്റാനുള്ള നീക്കത്തിലാണിപ്പോള്‍ മോദി.

കഴിഞ്ഞ ഒരാഴ്ചക്കിടെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രസംഗിച്ച മോദി ഇരട്ട മുനയുള്ള തന്ത്രവുമായി കോണ്‍ഗ്രസിനെതിരെ വീണ്ടും തിരിഞ്ഞു. തന്റെ സര്‍ക്കാരിന്റെ പരിഷ്‌കരണ അജണ്ടകള്‍ക്ക് വിഘാതമായ കോണ്‍ഗ്രസ് എതിര്‍പ്പുകളെ എടുത്തു പറഞ്ഞും കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കിയുമായിരുന്നു അത്.

‘സഭയെ ശരിയായി പ്രവര്‍ത്തിപ്പിക്കാന്‍ എന്തുകൊണ്ട് അനുവദിക്കുന്നില്ല?’ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെ മോദി ചോദിച്ചു. ‘സഭ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ സംസാരിക്കാന്‍ അവസരം ലഭിക്കുന്ന പല യോഗ്യരായ പ്രതിപക്ഷ അംഗങ്ങളും ഇവിടെ ഉണ്ട്. അവരാല്‍ നിഷ്പ്രഭമാക്കപ്പെടാന്‍ ചിലര്‍ ആഗ്രഹിക്കുന്നില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു മുഴുദിവസം സഭ നല്ല രീതിയില്‍ ചേര്‍ന്ന് കന്നി എംപിമാര്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കാനുള്ള തന്റെ നിര്‍ദേശം ബിജു ജനതാ ദള്‍ നേതാവ് തതാഗത സത്പതിയുടെ സമാന നിര്‍ദേശത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണെന്നു പറഞ്ഞ് മോദി പ്രതിപക്ഷത്തെ കയ്യിലെടുത്തു.  2012-ല്‍ ഒരു പൊതു യോഗത്തില്‍ വച്ച് രാഹുല്‍ ഗാന്ധി മുലായം സിംഗിന്റെ പാര്‍ട്ടിയുടെ പ്രകടന പത്രിക പിച്ചിചീന്തിയത് തന്നെ വേദനിപ്പിച്ചിരുന്നെന്നും മോദി പറയുകയുണ്ടായി.

‘കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്തുക’ എന്ന ഈ തന്ത്രം രാജ്യസഭയിലും മോദി പയറ്റി. ബിജെപി കോണ്‍ഗ്രസിനെ ആക്രമിക്കുമ്പോഴെല്ലാം അത് മൊത്തം പ്രതിപക്ഷത്തിനെതിരായ നീക്കമായാണ് മാധ്യമങ്ങള്‍ അവതരിപ്പിക്കാറുള്ളത് എന്നാണ് അദ്ദേഹം പറഞ്ഞത്. ഈ ഇളവ് മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിക്കോ ശരദ് യാദവിന്റെ ജനതാദള്‍ യുനൈറ്റഡിനോ ലഭിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ബിഎസ്പിക്കോ ജെഡിയുവിനോ നേരെ ആക്രമണമുണ്ടായെന്നാണ് വിശദിക്കാറുള്ളത്. എന്നാല്‍ കോണ്‍ഗ്രസിനു നേര്‍ക്കുള്ള ആക്രമണം മൊത്തം പ്രതിപക്ഷത്തിനെതിരായ നീക്കമായും വിശദീകരിക്കപ്പെടുന്നു,’ എന്നായിരുന്നു മോദിയുടെ വാദം.

അപ്പോള്‍, കോണ്‍ഗ്രസിനും മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുമിടയില്‍ വേര്‍ത്തിരിവുണ്ടാക്കുന്ന പ്രധാനമന്ത്രിയുടെ തന്ത്രം എന്തായിരിക്കാം?  പ്രതിപക്ഷത്തിനിടയില്‍ കൃത്യമായ ഒരു വിടവുണ്ടാക്കുന്നതിന്റെ ഉദ്ദേശം എന്താണ്? 

പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, ചത്തീസ്ഘഢ്, ഗുജറാത്ത്, രാജസ്ഥാന്‍ പോലുള്ള ബിജെപി വേരുറപ്പിച്ചിട്ടുള്ള സംസ്ഥാനങ്ങളിലെല്ലാം തങ്ങളുടെ പ്രധാന വെല്ലുവിളി ഇപ്പോഴും കോണ്‍ഗ്രസ് തന്നെയാണ് എന്നതാണ് ഒരു കാരണം.

മത്സരിച്ച 41 സീറ്റില്‍ 27-ലും ജയിച്ച് ബിഹാറില്‍ ഉയിര്‍ത്തെഴുന്നേറ്റ കോണ്‍ഗ്രസ് ബിജെപിയെ സംബന്ധിച്ചിടത്തോളം ദുശ്ശകുനമാണ്. ഒറ്റയ്ക്കു മത്സരിക്കുക എന്ന തന്ത്രം കോണ്‍ഗ്രസ് ഉപേക്ഷിച്ചു കൊണ്ടിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ ഡിഎംകെയുമായി വീണ്ടും സഖ്യത്തിലാകുകയും പശ്ചിമ ബംഗാളില്‍ ഇടതു പക്ഷവുമായി നീക്കുപോക്കിലെത്തുകയും ചെയ്തിരിക്കുന്നു. ഇതുവഴി കോണ്‍ഗ്രസ് ഉണ്ടാക്കുന്ന ഏതൊരു നേട്ടവും ബിജെപിക്കാണ് തിരിച്ചടിയാകുക.

പാര്‍ലമെന്റിലാണെങ്കില്‍ മറ്റു പ്രതിപക്ഷ പാര്‍ട്ടികളെ അപേക്ഷിച്ച് കോണ്‍ഗ്രസ് കൂടുതല്‍ ആക്രമോത്സുകമാണ്. ചരക്കു സേവന നികുതി ബില്ലിലെയും ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലേയും ചില വകുപ്പുകളോടുള്ള കോണ്‍ഗ്രസിന്റെ എതിര്‍പ്പ് മൂലം അവ പാസാക്കപ്പെടാതെ കിടക്കുന്നു.

കോണ്‍ഗ്രസ് തടസ്സങ്ങള്‍ സൃഷ്ടിക്കുകയാണെന്നും അധികാരത്തില്‍ രണ്ടും വര്‍ഷം പൂര്‍ത്തിയാക്കാനിരിക്കുമ്പോള്‍ പകരത്തിനു പകരമെന്ന തന്ത്രം വിപരീത ഫലമാണുണ്ടാക്കുന്നതെന്നുമാണ് മോദി സര്‍ക്കാര്‍ കരുതുന്നത്.

പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് എത്രത്തോളം ഒറ്റപ്പെടുന്നുവോ അത്രത്തോളം അത് ബിജെപിക്കു സഹായകമാകും. മറ്റു പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ നഷ്ടമായാല്‍ കോണ്‍ഗ്രസിനു തങ്ങളുടെ പരിഷ്‌കരണ അജണ്ടകളെ ഒരു പരിധിക്കപ്പുറം തടയാനാവില്ലെന്നാണ് സഭയ്ക്കുള്ളില്‍ സര്‍ക്കാരിനെ താങ്ങുന്നവര്‍ കണക്കു കൂട്ടുന്നത്.

നിയമനിര്‍മ്മാണങ്ങളോടുള്ള എതിര്‍പ്പുകളും പിന്തുണകളും പ്രശ്‌നാധിഷ്ഠിതവും ഒരു നീക്കത്തെ എതിര്‍ക്കുന്നത് വിവേകപൂര്‍വ്വമായിരിക്കുമെന്നതിനാലും ബിജെഡി, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളെ സഭയിലെ പ്രതിപക്ഷ ബെഞ്ചിന്റെ മുഖ്യ ഇടം കയ്യേറാന്‍ മോദി സര്‍ക്കാര്‍ നിര്‍ബന്ധിച്ചു കൊണ്ടിരിക്കുകയാണ്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍