UPDATES

ന്യൂസ് അപ്ഡേറ്റ്സ്

11 വര്‍ഷങ്ങള്‍ക്കുശേഷം ഷഹാബുദ്ദീന്‍ പുറത്തേക്ക്; ജനം ഭീതിയില്‍

Avatar

അഴിമുഖം പ്രതിനിധി

രാഷ്ട്രീയ ജനതാദള്‍ മുന്‍ എംപി മുഹമ്മദ് ഷഹാബുദ്ദീന്‍ ബിഹാറിലെ ഭഗല്‍പുര്‍ ജയിലില്‍നിന്ന് ശനിയാഴ്ച പുലര്‍ച്ചെ ജാമ്യത്തിറങ്ങി. വിവിധ കുറ്റങ്ങളില്‍ പ്രതിയായി ഒരു ദശകത്തിലേറെ ജയിലില്‍ കഴിഞ്ഞിരുന്ന ഷഹാബുദ്ദീനെ കാത്ത് അനുയായികള്‍ ഒരുക്കിയ സ്വീകരണവുമുണ്ടായിരുന്നു.

സിവാനില്‍ രണ്ടു സഹോദരങ്ങളുടെ കൊലപാതകത്തിനു സാക്ഷിയായിരുന്നയാളുടെ കൊലപാതകം സംബന്ധിച്ച കേസിലാണ് ബുധനാഴ്ച പട്‌ന ഹൈക്കോടതി ഷഹാബുദ്ദീനു ജാമ്യം അനുവദിച്ചത്. ‘ഞാന്‍ 13 വര്‍ഷം വീട്ടില്‍നിന്ന് മാറി കഴിയേണ്ടിവന്നു. എന്നെ വ്യാജമായി കേസില്‍ കുടുക്കുകയായിരുന്നുവെന്ന് എല്ലാവര്‍ക്കുമറിയാം,’ ജയില്‍ വിട്ടശേഷം ഷഹാബുദ്ദീന്‍ പറഞ്ഞു.

കൊലപാതകവും തട്ടിക്കൊണ്ടുപോകലും ഉള്‍പ്പടെ നാല്‍പതിലധികം ക്രിമിനല്‍ കുറ്റങ്ങളാണ് ഷഹാബുദ്ദീനു മേലുള്ളത്. കഴിഞ്ഞ 11 വര്‍ഷമായി ഇയാള്‍ ജയിലിലാണ്. അവസാന 10 വര്‍ഷം ഭഗല്‍പുര്‍, ഗയ തുടങ്ങി പല ജയിലുകളിലേക്ക് പലതവണ മാറ്റപ്പെട്ടിരുന്നു.

ഭഗല്‍പുറില്‍നിന്ന് ജന്മസ്ഥലമായ സിവാനിലെ പ്രതാപ് പൂരിലേക്കാകും ഷഹാബുദ്ദീന്‍ പോകുക. ഇവിടെ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. ജനക്കൂട്ടത്തെ നിയന്ത്രിക്കാനായി ഭഗല്‍പുറിലും സുരക്ഷാനടപടികള്‍ ശക്തിപ്പെടുത്തി.

ജയിലില്‍നിന്നു മല്‍സരിച്ച 2004ല്‍ ഉള്‍പ്പെടെ 1996 മുതല്‍ നാലുതവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ട ഷഹാബുദ്ദീന്‍ ലാലു പ്രസാദാണ് തന്റെ നേതാവെന്ന് ആവര്‍ത്തിച്ചു. ‘ഞാന്‍ ഏതു പാര്‍ട്ടിക്കൊപ്പമാണെന്ന് രാജ്യം മുഴുവനും അറിയാം. സാഹചര്യങ്ങള്‍ മൂലമാണ് നിതീഷ്‌കുമാര്‍ മുഖ്യമന്ത്രിയായത്.’

സിവാനില്‍ കരുത്തനായ ഷഹാബുദ്ദീന്റെ മോചനം ആര്‍ജെഡിയുടെ ശക്തിപ്രകടനമായി മാറിയേക്കാം. ഭഗല്‍പുറിലും സിവാനിലും എല്ലാ ഹോട്ടലുകളും സര്‍ക്യൂട്ട് ഹൗസുകളും മുന്‍കൂട്ടി ബുക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്.

എന്നാല്‍ മോചനത്തില്‍ എല്ലാവരും സന്തുഷ്ടരല്ല. ഷഹാബുദ്ദീനെതിരായ പല കേസുകളിലെ പരാതിക്കാരും സാക്ഷികളും പൊലീസ് സംരക്ഷണം തേടിക്കഴിഞ്ഞു. 1990 മുതല്‍ ഷഹാബുദ്ദീനും കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്, ലെനിനിസ്റ്റ്) ലിബറേഷനും തമ്മില്‍ മേല്‍ക്കോയ്മയ്ക്കുവേണ്ടി നടക്കുന്ന പോരാട്ടം തെരുവുകളില്‍ രക്തം ചിന്തുകയാണ്.

പ്രദേശത്ത് ഭീതി പ്രകടമാണ്. എങ്കിലും ഭയപ്പെടുന്ന ഒരാളായി അറിയപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ഷഹാബുദ്ദീന്റെ നിലപാട്. ‘ 22 ലക്ഷം പേരുള്ള സിവാനെയാണ് ഞാന്‍ പ്രതിനിധീകരിക്കുന്നത്. സിവാനില്‍ എത്ര പേര്‍ എന്നെ ഭയക്കുന്നു? എല്ലാവരെയും സന്തോഷിപ്പിക്കുക സാധ്യമല്ല. പക്ഷേ ഞാന്‍ കാരണം ഇവിടെ ഭയമൊന്നുമില്ല.’

സംസ്ഥാന സര്‍ക്കാരാണ് തന്റെ മോചനത്തിനു വഴിയൊരുക്കിയതെന്ന ബിജെപി നേതാവ് സുശീല്‍ മോദിയുടെ ആരോപണവും ഷഹാബുദ്ദീന്‍ നിഷേധിച്ചു. ആരോപണം കാര്യമായെടുക്കുന്നില്ലെന്ന് ഷഹാബുദ്ദീന്‍ പറഞ്ഞു. ‘ എന്റെ പാര്‍ട്ടിയും അദ്ദേഹത്തെ ഗൗരവമായെടുക്കുന്നില്ല. നിയമനടപടികളിലൂടെയാണ് ഞാന്‍ പുറത്തുവന്നത്.’

ഷഹാബുദ്ദീനെതിരെയുള്ള 12 കേസുകളില്‍ വിധി തീര്‍പ്പായതായി അടുത്തവൃത്തങ്ങള്‍ പറയുന്നു. നാലെണ്ണത്തില്‍ വിട്ടയയ്ക്കപ്പെട്ടു. എട്ടെണ്ണത്തിലെ ശിക്ഷാകാലാവധി ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞു. മറ്റു 10 കേസുകളില്‍ കുറ്റക്കാരനെന്നു തെളിഞ്ഞിട്ടുണ്ട്. ചിലതില്‍ വിചാരണ പൂര്‍ത്തിയായിട്ടില്ല. മറ്റു ചിലതില്‍ വിവരം ശേഖരിച്ചുവരുന്നതേയുള്ളൂ. ചിലതില്‍ ഭാഗിക വിധി വന്നു. കേസുകള്‍ തുടരുന്നതിനാലാണ് താല്‍ക്കാലിക ജാമ്യം അനുവദിച്ചത്.

2005 നവംബറില്‍ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍നിന്ന് ബിഹാര്‍, ഡല്‍ഹി പൊലീസ് സംഘങ്ങളാണ് ഷഹാബുദ്ദീനെ അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ ഇയാള്‍ക്കു ജാമ്യം അനുവദിച്ച ജസ്റ്റിസ് ശര്‍മ ഇതേ കേസില്‍ ഫെബ്രുവരി മൂന്നിന് ജാമ്യാപേക്ഷ നിരസിച്ചിരുന്നു.

സഹോദരന്മാരായ ഗിരീഷ്, സതീഷ് എന്നിവരെ തട്ടിക്കൊണ്ടുപോയി ആസിഡില്‍ മുക്കി കൊലപ്പെടുത്തിയ കേസില്‍ 2015 ഡിസംബറില്‍ സിവാനിലെ കോടതി ഷഹാബുദ്ദീനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു.

2004 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. സിവാനിലെ വ്യവസായിയായ ചന്ദ്രകേശ്വര്‍ പ്രസാദിന്റെ മക്കളായ ഗിരീഷ്, സതീഷ്, രാജീവ് റോഷന്‍ എന്നിവരെ ഷഹാബുദ്ദീന്റെ ഗുണ്ടകള്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. പ്രതാപ് പുറില്‍ ഇവരെ ആസിഡില്‍ കുളിപ്പിച്ചു. ഗിരീഷും സതീഷും മരിച്ചു. ഇതിനു സാക്ഷിയായ രാജീവ് രക്ഷപെട്ടു. ഇവരുടെ അമ്മ കലാവതി ദേവിയാണ് ഷഹാബുദ്ദീനെയും മറ്റുള്ളവരെയും പ്രതിയാക്കി പൊലീസില്‍ പരാതി നല്‍കിയത്.

സംഭവം നടക്കുമ്പോള്‍ ഷഹാബുദ്ദീന്‍ ജയിലിലായിരുന്നു. ഏക സാക്ഷി രാജീവ് സിവാനിലെ കോടതിക്കുമുന്നില്‍ ഹാജരായെങ്കിലും 2015 ജൂണ്‍ 16ന് അജ്ഞാതരുടെ ആക്രമണത്തില്‍ വധിക്കപ്പെട്ടു. ഷഹാബുദ്ദീനും മകന്‍ ഒസാമയുമാണ് രാജീവിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസിലെ പ്രതികള്‍.

ഗിരീഷിന്റെയും സതീഷിന്റെയും കൊലപാതകത്തോടനുബന്ധിച്ച കേസില്‍ ജസ്റ്റിസ് അഞ്ജന പ്രകാശും ജസ്റ്റിസ് രാജേന്ദ്ര കുമാറും അടങ്ങുന്ന പട്‌ന ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഈ വര്‍ഷം മാര്‍ച്ച് രണ്ടിന് ഷഹാബുദ്ദീന് ജാമ്യം അനുവദിച്ചിരുന്നു. സംഭവം നടന്ന് 62 മാസത്തിനുശേഷമാണ് ഷഹാബുദ്ദീന്റെ പേര് പ്രതിപ്പട്ടികയില്‍ ചേര്‍ത്തതെന്നും കേസുമായി ഷഹാബുദ്ദീന് ബന്ധമില്ലെന്നുമായിരുന്നു ഷഹാബുദ്ദീന്റെ അഭിഭാഷകന്‍ ഗിരിയുടെ വാദം.

മോഷണം, വിദേശ നാണ്യ വിനിമയച്ചട്ട ലംഘനം, വഞ്ചന തുടങ്ങി നിരവധി മറ്റു കുറ്റങ്ങള്‍ ഷഹാബുദ്ദീനു മേലുണ്ട്.

2007 മേയ് എട്ടിനാണ് ഷഹാബുദ്ദീന്‍ ആദ്യമായി ശിക്ഷിക്കപ്പെടുന്നത്. 1999 ഫെബ്രുവരിയില്‍ സിപിഐ (എംഎല്‍) പ്രവര്‍ത്തകന്‍ ഛോട്ടേ ലാല്‍ ഗുപ്തയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലായിരുന്നു വിധി.

ജെഎന്‍യു മുന്‍ പ്രസിഡന്റ് ചന്ദ്രശേഖറിന്റെ കൊലപാതകത്തിലും ഷഹാബുദ്ദീനെതിരെ കേസുണ്ട്. 1997 മാര്‍ച്ച് 31ന് സിവാനില്‍ വെടിയേറ്റാണ് ചന്ദ്രശേഖര്‍ മരിച്ചത്. ജയിലില്‍ അനധികൃതമായി മൊബൈല്‍ ഫോണുകളും മറ്റ് ഉപകരണങ്ങളും കൈവശം വച്ചതിനുള്ള കേസില്‍ നേരത്തെ ഇയാള്‍ക്കു ജാമ്യം ലഭിച്ചിരുന്നു.

ലാലു പ്രസാദ് – റാബ്‌റി ദേവി ഭരണകാലത്ത് 1990 മുതല്‍ പ്രസിഡന്റ് ഭരണം വന്ന 2005 വരെ സിവാനില്‍ ഷഹാബുദ്ദീന്‍ സമാന്തരഭരണം നടത്തിയിരുന്നു. ഇക്കാലത്ത് തട്ടിക്കൊണ്ടുപോകലുകള്‍ക്കും കൊലപാതകങ്ങള്‍ക്കും ജില്ല കുപ്രസിദ്ധി നേടി. രാഷ്ട്രീയ എതിരാളികളെയും ശത്രുക്കളെയും ഷഹാബുദ്ദീന്‍ ക്രൂരമായി നേരിട്ടു. ഇയാള്‍ മല്‍സരിക്കുമ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥിയുടെ ഒരു പോസ്റ്റര്‍ പോലും എവിടെയും കാണപ്പെട്ടില്ല. ഡോക്ടര്‍മാര്‍ ഈടാക്കേണ്ട ഫീസ് വരെ ഷഹാബുദ്ദീനാണു തീരുമാനിച്ചിരുന്നത്. സിവാനില്‍ തര്‍ക്കങ്ങള്‍ തീര്‍പ്പാക്കാന്‍ കംഗാരുകോടതികള്‍ നടത്തിയ ഷഹാബുദ്ദീനെതിരെ സിവാന്‍ എസ്പിയെ വെടിവച്ചതായും കേസുണ്ട്. ഷഹാബുദ്ദീനും സംഘവുമായി പ്രതാപ് പുറില്‍ ബിഹാര്‍, യുപി പൊലീസ് നടത്തിയ ഏറ്റുമുട്ടലില്‍ രണ്ടു പൊലീസുകാരുള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍