UPDATES

ഹരീഷ് ഖരെ

കാഴ്ചപ്പാട്

Kaffeeklatsch

ഹരീഷ് ഖരെ

മൊഹമ്മദ് സര്‍താജും പങ്കജ് മിശ്രയും അടയാളപ്പെടുത്തുന്ന അസഹിഷ്ണുതയുടെ കാലം

മുസ്ലീങ്ങളെയും ഭീകരതയെയും സ്വാഭാവികം എന്ന മട്ടില്‍ കൂട്ടിക്കെട്ടുന്ന എല്ലാവര്‍ക്കുമുള്ള മറുപടി

ഹരീഷ് ഖരെ

നേരത്തെ നമ്മുടെ ലുധിയാനയിലെ 20-കാരിയായ  ഗുര്‍മെഹര്‍ കൌറാണ്, നിര്‍മ്മിച്ചെടുത്ത അസഹിഷ്ണുതയെ എങ്ങനെ ചെറുക്കാം എന്നു കാണിച്ചത്. ഈയാഴ്ച്ച ലഖ്നൌവിലെ  മൊഹമ്മദ് സര്‍താജ് ആണ് നമ്മെ വീണ്ടെടുത്തത്. ലഖ്നൌവില്‍ ഭീകരവാദ വിരുദ്ധ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 23-കാരനായ സൈഫുള്ളയുടെ പിതാവാണ് സര്‍താജ്. ആ കുടുംബത്തിന് ആധുനിക ലോകം നല്കിയ ക്രൂരമായ ആഡംബരം അനുഭവിക്കേണ്ടിയും വന്നു- കീഴടങ്ങാനുള്ള തങ്ങളുടെ അഭ്യര്‍ത്ഥനകള്‍ ചെവികൊള്ളാതെ മകന്‍ വഴിതെറ്റിയ യുവാവായി കൊല്ലപ്പെടാന്‍ തീരുമാനിച്ച ആ പൊലീസ് ദൌത്യം അവര്‍ തത്സമയം കണ്ടു.

ആദ്യത്തെ ‘ഐഎസ് ഭീകരനെ’ കണ്ടുകിട്ടിയ ആവേശമുണ്ടായിരുന്നു. അത്യാവേശത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം ഉടനെ പരസ്യമാക്കി. അയാളുടെ സ്വന്തം പൊലീസ് സേനയും മറ്റുള്ളവരും അത്ര ഉറപ്പിച്ചില്ലെങ്കിലും. ആദ്യ ഐഎസ് ഭീകരാനാണോ അതോ സ്വയം സന്നദ്ധനായി ഇറങ്ങിയ ഒന്നാണോ എന്നൊക്കെ വളരെ കൃത്യമായ വിദഗ്ധാന്വേഷണത്തിലൂടെ മാത്രമേ പറയാനാകൂ. എന്നിട്ടും അത് പതിവ് ന്യൂനപക്ഷ വിരുദ്ധ ആക്ഷേപത്തിനുള്ള അരങ്ങൊരുക്കി.

പക്ഷേ ഈ വ്യക്തിപരമായ കുറ്റകൃത്യത്തെ ഒരു കൂട്ടായ പിഴവാക്കി മാറ്റാന്‍ ആരെങ്കിലും ചാടിവീഴുന്നതിന് മുമ്പേ സര്‍താജ് രംഗത്ത് വന്നു. അയാള്‍ മകന്റെ മൃതദേഹം സ്വീകരിക്കാന്‍ വിസമ്മതിച്ചു എന്നു മാത്രമല്ല, അമ്പരപ്പിക്കുന്നത്ര കൃത്യതയോടെ സംസാരിക്കുകയും ചെയ്തു. തന്റെ മകന് രാജ്യത്തോട് വിശ്വസ്തത പുലര്‍ത്താനായില്ലെങ്കില്‍ അവന് കുടുംബത്തിന്റെ സ്നേഹവും അടുപ്പവും ലഭിക്കാന്‍ അവകാശമില്ലെന്നായിരുന്നു അതിനു അദ്ദേഹം പറഞ്ഞത്.

മുസ്ലീങ്ങളെയും ഭീകരതയെയും സ്വാഭാവികം എന്ന മട്ടില്‍ കൂട്ടിക്കെട്ടുന്ന എല്ലാവര്‍ക്കുമുള്ള മറുപടിയായിരുന്നു അത്. പാക്കിസ്ഥാനുമായുള്ള നമ്മുടെ (രാഷ്ട്രീയമായി ലാഭമുണ്ടാക്കുന്ന) ശത്രുതയുടെ അനുപാതരഹിതമായ ഭാരം മുസ്ലീങ്ങള്‍ക്ക് പേറേണ്ടിവരുന്നുണ്ട്. ഈ ‘ബന്ധ’ത്തിന്റെ പേരില്‍ ഒരുതരം വോട്ട് ബാങ്ക് രാഷ്ട്രീയവും പച്ചപിടിച്ചു.  അതിനാവശ്യമായ പ്രകോപനമുണ്ടാക്കുന്ന മുസ്ലീം സമുദായത്തിലെ ചിലരെ ആദ്യം തന്നെ ഒഴിവാക്കുകയാണ് ഈ പ്രസ്താവനയിലൂടെ സര്‍താജും കുടുംബവും ചെയ്തത്. ലളിതമായി പറഞ്ഞാല്‍, മുസ്ലീങ്ങള്‍ക്കായി നാമുണ്ടാക്കുന്ന വാര്‍പ്പുമാതൃകകളില്‍ വീഴാന്‍ സര്‍താജ് വിസമ്മതിച്ചു. വഴിതെറ്റിയ മകനെ അംഗീകരിക്കാതിരുന്ന ആ വിസമ്മതം യുപി തെരഞ്ഞെടുപ്പിനുശേഷം കൂടുതല്‍ സങ്കടകരമാകുന്നു.

ദുഃഖത്തിന്റെയും വേദനയുടെയും ആ നിമിഷത്തിലും സര്‍താജ് അതിലെ വലിയ ഉപപാഠം കാണാതിരുന്നില്ല എന്നതാണ് വലിയ സംഗതി: എല്ലാ മുസ്ലീങ്ങളുടെയും രാജ്യത്തോടുള്ള കൂറ് എപ്പോഴും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. എല്ലാ ഇന്ത്യന്‍ മുസ്ലീങ്ങളും മാധ്യമങ്ങളുടെ അധിക്ഷേപശീലത്തിന്റെ അടി കൊള്ളുന്നു.

പ്രകടനങ്ങളും നേതാക്കളുടെ സന്ദര്‍ശനവും ആഗ്രഹിക്കാത്തതുകൊണ്ടാണ് വീട്ടില്‍ മൃതദേഹം വെക്കാത്തതെന്ന് സര്‍താജ് പറഞ്ഞു. വാര്‍ത്തകളും മുന്‍വിധികളും ഉത്പാദിപ്പിക്കുമ്പോഴും നിര്‍മ്മിക്കുമ്പോഴും നാം പിന്തുടരുന്ന ഹീനമായ രീതികളുടെ ഒരു വിവരണമാണത്.

ഈയാഴ്ച്ച ദുഃഖകരമായ ഒരു സംഭവത്തോടെയാണ് തുടങ്ങിയത്. ദൈനിക് ട്രിബ്യൂണിന്‍റെ പത്രാധിപരും അടുത്ത സുഹൃത്തുമായ സന്തോഷ് തിവാരി രണ്ടുമാസം നീണ്ട അസുഖത്തിനൊടുവില്‍ അന്തരിച്ചു.

പഞ്ചാബി ട്രിബ്യൂണ്‍ പത്രാധിപര്‍ സുരീന്ദര്‍ സിംഗ് തേജിനൊപ്പം സന്തോഷ് ജി എല്ലാ ദിവസവും രാവിലെ കാപ്പി കുടിക്കാന്‍ കൂടുമായിരുന്നു. അന്നത്തെ വാര്‍ത്തകള്‍ എങ്ങനെയാകണം എന്നതൊക്കെ ഞങ്ങള്‍ ചര്‍ച്ച ചെയ്യും. ഹിന്ദി ഹൃദയഭൂമി രാഷ്ട്രീയത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവ് അപാരമായിരുന്നു. ഹരിയാന രാഷ്ട്രീയത്തെക്കുറിച്ചുള്ള സൂക്ഷ്മമായ വിവരങ്ങള്‍ക്ക് ഞാന്‍ അദ്ദേഹത്തെ ആശ്രയിച്ചിരുന്നു.

പല രീതിയിലും അദ്ദേഹം മാറുന്ന ഇന്ത്യയുടെ പ്രതിരൂപമായിരുന്നു. തന്റെ കുടുംബത്തില്‍ കാണ്‍പൂരിനപ്പുറം ഒരു ജീവിതം സ്വപ്നം കണ്ട ആദ്യത്തെയാള്‍ താനായിരുന്നു എന്നു അദ്ദേഹം അഭിമാനത്തോടെ പറയും. ഹിന്ദി പത്രപ്രവര്‍ത്തനം കാല്‍പനികമായി സ്വപ്നമായി നിന്നിരുന്ന കാലത്താണ് അദ്ദേഹം തുടങ്ങിയത്. ഈ അപൂര്‍ണമായ ഇന്ത്യയുടെ, ഭാരതത്തിന്റെ പിഴവുകളെക്കുറിച്ചെഴുതാനുള്ള അദമ്യമായ ആഗ്രഹം ഉണ്ടായിരുന്ന കാലം. കാണ്‍പൂരിന് പുറത്തേക്ക് പോയി, ഡല്‍ഹിയിലെത്തി, അവിടെ അദ്ദേഹത്തിന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞവരുണ്ടായി. ഹിന്ദി പത്രപ്രവര്‍ത്തനത്തിലെ പല അതികായന്‍മാര്‍ക്കെതിരെയും സ്വയം നിന്നു, അതിലൂടെ ഒരു വിദഗ്ധ പത്രപ്രവര്‍ത്തകനും പത്രാധിപരുമായി മാറി.

താന്‍ ഹിന്ദി പത്രപ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം കരുതിയിരുന്നെങ്കിലും (അതായത് ‘പിന്നാക്ക’ പത്രപ്രവര്‍ത്തനത്തിന്റെ ശാഖ എന്ന രീതിയില്‍) അദ്ദേഹം ഒരു സാങ്കേതികവിദ്യ ഭ്രമക്കാരനായിരുന്നു. സ്മാര്‍ട് ഫോണ്‍ ഉപയോഗിച്ച് ചെയ്യാവുന്ന പല വിദ്യകളും അംദ്ദേഹം എന്നെ പഠിപ്പിച്ചു. ഒരു ഐപാഡ് വാങ്ങാന്‍ എന്നെ നിര്‍ബന്ധിച്ചു.

ആ ഇടപഴകല്‍ ദിനങ്ങളിലാണ് സന്തോഷ് ജി ഒരു ആദരണീയന്‍ എന്നുകൂടി വിളിക്കാവുന്ന-ഇന്ന് പല മാധ്യമപ്രവര്‍ത്തകരും അര്‍ഹിക്കാത്ത ഒന്നു-ഒരാളാണെന്ന് ഞാന്‍ മനസിലാക്കിയത്. അകാലത്തിലാണ് അദ്ദേഹം മരിച്ചത് എന്നതെന്നെ ദുഃഖിപ്പിക്കുന്നു. കുടുംബത്തിനെക്കുറിച്ച് ആകുലപ്പെടേണ്ടാത്ത ഒരു ഘട്ടത്തില്‍ അദ്ദേഹവും എത്തിയിരുന്നു. ഒരു കര്‍മ്മസംതൃപ്തമായ ജീവിതമെന്ന് അദ്ദേഹത്തെക്കുറിച്ച് പറയാം.

Age of Anger-A History of the Present  എന്ന പുസ്തകത്തിന്റെ പുറംചട്ട The Economist-ല്‍ നിന്നും അതിന്റെ രചയിതാവായ പങ്കജ് മിശ്രയെ കുറിച്ചുള്ള  ഒരു ഉദ്ധരണി കാണിക്കുന്നു, “എഡ്വാര്‍ഡ് സെയ്ദിന്റെ പിന്‍ഗാമി.” ഇതൊരു എളുപ്പം വായിച്ചുപോകാവുന്ന പുസ്തകമല്ല. അതിനു മിനക്കെട്ടാല്‍ നിങ്ങള്‍ക്ക് അതിനുള്ള ഫലവുമുണ്ടാകും.

Butter Chicken in Ludhiana എന്ന തന്റെ ആദ്യ പുസ്തകവുമായാണ് പങ്കജ് മിശ്ര എത്തിയത്. അതൊരു യാത്രാവിവരണം പോലുള്ള പുസ്തകമായിരുന്നു എങ്കിലും അതയാളുടെ സൂക്ഷ്മമായ നിരീക്ഷണങ്ങളുടെയും എഴുത്തിന്റെയും സൂചനയായിരുന്നു. The Age of Anger അയാളെ അന്താരാഷ്ട്ര പ്രശസ്തിയുള്ള ഒരു ബുദ്ധിജീവിയായി പ്രതിഷ്ഠിച്ചു.

ഈ പുസ്തകത്തിനും എഴുത്തുകാരനും ഒരുതരത്തിലുള്ള പുതുമയുണ്ട്. ‘പണ്ഡിതോചിതമായ വസ്തുനിഷ്ടത’ക്ക് അയാള്‍ വലിയ പ്രാധാന്യമൊന്നും നല്‍കുന്നില്ല.  പകരം തന്റെ ഉദാര ചായ്വുകള്‍ ആദ്യം തന്നെ അരപ്പുറത്തിലെ ആമുഖത്തില്‍ അയാള്‍ വ്യക്തമാക്കുന്നു. തന്റെ ‘സുഹൃത്തുക്കളും ബന്ധുക്കളും അടങ്ങുന്ന ഇന്ത്യന്‍ വോട്ടര്‍മാര്‍ ഒരു ഹിന്ദു തീവ്രവംശീയവാദികളെ അധികാരത്തിലേറ്റിയ’ 2014-ല്‍ തന്നെ ഈ പുസ്തകത്തെക്കുറിച്ചുള്ള ആലോചന തുടങ്ങിയതായി അയാള്‍ പറയുന്നു. വ്യക്തമാണ്. ഇസ്ലാമിക് സ്റ്റേറ്റ്, ബ്രെക്സിറ്റ്, ഡൊണാള്‍ഡ് ട്രംപ് എന്നിവയെല്ലാം മറ്റ് ‘ഭൂകമ്പങ്ങളാ’ണ്.

ഈ പുസ്തകത്തിന്റെ എടുത്തുപറയാവുന്ന ഗുണം ഇസ്ലാമിനെക്കുറിച്ചുള്ള പടിഞ്ഞാറിന്റെ സ്ഥിരം മുന്‍വിധികളിലേക്ക് വീഴാന്‍ പങ്കജ് മിശ്ര തയ്യാറല്ല എന്നതാണ്. ഇസ്ലാമില്‍ നിന്നും മതതീവ്രവാദത്തില്‍ നിന്നും വിശദീകരണം ആവശ്യപ്പെടുന്ന അസംബന്ധം നിറഞ്ഞ ഭാരം താന്‍ ചുമക്കില്ലെന്ന് അയാള്‍ വ്യക്തമാക്കുന്നു. ജിഹാദ് നമ്മുടെ പൊതുപദധാരയിലേക്ക് വരുന്നതിന് ഒരു നൂറ്റാണ്ടിലേറെ മുമ്പ് ജര്‍മ്മന്‍, ഇറ്റാലിയന്‍ ദേശീയവാദികള്‍ ‘വിശുദ്ധ യുദ്ധ’ത്തിന്നു ആഹ്വാനം നല്കിയത് പങ്കജ് മിശ്ര ശാന്തമായി നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ലോകത്താകെ സമൂഹങ്ങളെയും രാജ്യങ്ങളെയും പിടികൂടിയ വ്യാപകമാകുന്ന പരിഭ്രാന്തിയെക്കുറിച്ച് ഉള്‍ക്കാഴ്ച്ചയോടെ പങ്കജ് മിശ്ര എഴുതുന്നുണ്ട്. ഇതില്‍ ആര്‍ക്കും നിയന്ത്രണമില്ല. സാമൂഹ്യ മാധ്യമങ്ങളുടെ ഈ യുഗത്തില്‍ “ആര്‍ക്കും ഏത് സമയത്തും എന്തും സംഭവിക്കാം.” ഉദാഹരണത്തിന് കാലാവസ്ഥ മാറ്റവും അതിന്റെ ദുരിതങ്ങളും ‘ലോകം കൈവിട്ടുപോകുമെന്ന ഭീതി ഉണ്ടാക്കുന്നു.”

മറ്റൊരു തരത്തില്‍ നമുക്കിപ്പോള്‍ പുതിയൊരു ബാധയുണ്ട്- “സമ്പത്തിനും അധികാരത്തിനും വേണ്ടിയുള്ള ആഗോള മുതലാളിത്തത്തിന്റെ രീതികളിലെ ലോകവ്യാപകമായ പാച്ചില്‍.” ഓരോ രാജ്യവും അത് അമ്പതു കൊല്ലം മുമ്പുണ്ടായിരുന്നതിനെക്കാള്‍ അസമത്വം നിറഞ്ഞതാണ്. ഇതിന്റെ ഫലമായി ഓരോ രാജ്യത്തും അസന്തുഷ്ടിയും പ്രതിഷേധവും പുകയുന്നു. ഇത് 19, 20 നൂറ്റാണ്ടുകളിലെ യൂറോപ്യന്‍ രീതിയില്‍ വാചകക്കസര്‍ത്തുകാര്‍ മുതലെടുക്കുന്നു. ക്ഷുഭിതമായ ദേശീയത എല്ലാത്തിനെയും വിഴുങ്ങുന്നു, എല്ലാത്തിനേയും തൃപ്തിപ്പെടുത്തുന്നു.

അയാള്‍ ഒരു പരിഹാരമോ മോക്ഷമോ വാഗ്ദാനം ചെയ്യുന്നില്ല. പക്ഷേ മിശ്രയുടെ വിശാലമായ ചരിത്രപരമായ ആഖ്യാനം നമ്മെ ഒഴുകിപ്പരക്കുന്ന ഇസ്ലാം വിരുദ്ധതയില്‍ നിന്നും രക്ഷിക്കും. അതുതന്നെ മൂല്യവത്തായ ഒരു കാര്യമാണ്.

നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം  പഞ്ചാബില്‍ പല വിജയികളും പരാജിതരുമുണ്ട്. വിജയിച്ചവര്‍ അവരുടെ വിജയത്തിന്റെ ആവിശക്തിയില്‍ മുന്നോട്ടു പോകും. പക്ഷേ തോറ്റവര്‍ ഒരു കപ്പ് കാപ്പിയുടെ ഉത്തേജകശേഷി തിരിച്ചറിയണം. വരൂ, എന്നോടൊപ്പം ചേരൂ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഹരീഷ് ഖരെ

ഹരീഷ് ഖരെ

Kaffeeklatsch എന്ന ജര്‍മന്‍ വാക്കിന്റെ അര്‍ത്ഥം കോഫി കുടിയും സൊറ പറച്ചിലുമൊക്കെയായി ആളുകള്‍ ഒത്തു കൂടുക എന്നാണ്. സ്വയം ഒട്ടും ഗൌരവത്തോടെയല്ലാതെ കാണുന്ന ഹരീഷ് ഖരെയുടെ പ്രകൃതവുമായി ഒരുപക്ഷേ ചേര്‍ന്നു പോകുന്ന ഒരു വാക്ക്. പക്ഷേ, ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം ബഹുമാനിക്കപ്പെടുന്ന മാധ്യമ കോളങ്ങളിലൊന്നാണ് ഖരെയുടേത്. രാഷ്ട്രീയം മുതല്‍ പുസ്തകങ്ങള്‍ വരെ, വായനയുടെയും എഴുത്തിന്റെയും വലിയൊരു ലോകം ഓരോ ആഴ്ചയുടെയും വായനക്കാര്‍ക്ക് മുമ്പില്‍ തുറക്കുന്നു എന്ന Kaffeeklatsch കോളത്തിലൂടെ. ദി ട്രിബ്യൂണിന്‍റെ എഡിറ്റര്‍-ഇന്‍-ചീഫാണ് ഖരെ ഇപ്പോള്‍. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവും ഡല്‍ഹിയില്‍ ദി ഹിന്ദുവിന്റെ റെസിഡന്‍റ് എഡിറ്ററുമായിരുന്നു. സാമൂഹിക പ്രവര്‍ത്തകയായ റിനാന ഝാബ്വാലയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ചണ്ഡീഗഡിലും ഡല്‍ഹിയിലുമായി ജീവിതം.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍