UPDATES

സിനിമ

ലാലേട്ടാ…ആ മണി എവിടെയുണ്ടെന്ന് അറിയുമോ?

Avatar

ഉണ്ടോണ്ടിരുന്നൊരു നായര്‍ക്ക് ഉള്‍വിളിയുണ്ടായതുപോലെ; നടന്‍ മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം തന്റെ ബ്ലോഗില്‍ എഴുതിയ കുറിപ്പ് വായിച്ചു കഴിഞ്ഞപ്പോള്‍ അംബുജാക്ഷന്റെ മനസ്സില്‍ ഈയൊരു ചൊല്ല് കടന്നുവന്നു. നമ്മുടെ കലാകാരന്മാര്‍ക്ക് സാധാരണ ഇത്തരം അസ്‌കിത ഉണ്ടാകാത്തതാണ്, പ്രത്യേകിച്ച് സിനിമാക്കാര്‍ക്ക്. എന്നാല്‍ മോഹന്‍ലാലിന് ഇത് ഇടയ്ക്കാക്കെ ഉണ്ടാകും, ഉടനെ അദ്ദേഹം അതേ കുറിച്ച് എഴുതും. ഒരു നടന്‍ എന്ന നിലയ്ക്കപ്പുറം തന്നിലെ സാമൂഹ്യബോധത്തെ ഇത്തരത്തില്‍ രേഖപ്പെടുത്തിയിടുന്നത് ആ കലാകാരന്റെ ഒരു ശൈലിയാണ്. അനുകരണീയവും സ്തുത്യര്‍ഹവുമായ പ്രവര്‍ത്തി. തിരക്കുപിടിച്ച ജീവിതത്തില്‍ പത്രംപോലും വായിക്കാന്‍ സമയം കിട്ടാതെ പോകുന്ന, നാട്ടില്‍ എന്തൊക്കെ നടക്കുന്നുവെന്നു അറിയാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുന്ന മറ്റു സിനിമാതാരങ്ങള്‍ക്കിടയില്‍ ലാലിനെ വ്യത്യസ്തനാക്കുന്നതും ഇതൊക്കെയാണ്. ചിലപ്പോള്‍ രോഷം, ചിലപ്പോള്‍ വേദന, അല്ലെങ്കില്‍ കുറ്റബോധം, സ്‌നേഹപ്രകടനം; ഇത്യാദി വൈകാരികഭാവങ്ങളിലൂടെയായിരിക്കും മോഹന്‍ലാലിന്റെ ഓരോ ബ്ലോഗും എഴുതപ്പെടുന്നത്. ഇടയ്‌ക്കൊക്കെ ആത്മവിമര്‍ശനവും ഉണ്ടാവും. ആത്മവിമര്‍ശനം എന്നത് സെല്‍ഫ് പ്യൂരിഫിക്കേഷന്‍ ആണ്, ആത്മവിമലീകരണം. താന്‍ അറിഞ്ഞോ അറിയാതെയോ ചെയ്തുപോകുന്ന തെറ്റുകളെ മനസ്സിലാക്കി അവയില്‍ നിന്നു പഠിച്ച് ഇനിയവയൊന്നും ആവര്‍ത്തിക്കാതിരിക്കാന്‍ ഇത്തരം ആത്മവിമര്‍ശനങ്ങള്‍ ഉപകാരപ്പെടും. മോഹന്‍ ലാലും ചെയ്യുന്നത് അതാണ്.

ഏറ്റവും ഒടുവിലായി അദ്ദേഹം ‘ഈ വിശപ്പിനു മുന്നില്‍ മാപ്പ്’ എന്ന തലക്കെട്ടോടെ ഒരു കുറിപ്പ് എഴുതിയിട്ടുണ്ട്. ലാലേട്ടന്‍ എന്തെഴുതിയാലും നവമാധ്യമങ്ങളെന്ന തടാകം അതിന്റെ തിരക്കൈകളാല്‍ കോരിയെടുത്ത് കൊണ്ടുപോകുന്നതുകൊണ്ട് ഈ കുറിപ്പിനും വലിയ വാര്‍ത്താപ്രാധാന്യം കിട്ടി (അല്ലെങ്കിലും ഈ നവമാധ്യമങ്ങള്‍ തങ്ങള്‍ക്കു കിട്ടുന്നത് വിഷമാണോ അമൃതാണോ എന്നു തിരക്കാറില്ല). പുതിയ കുറിപ്പില്‍ വളരെ തീവ്രമായി സാമൂഹികാധപതനത്തെ ചൂണ്ടിക്കാട്ടുന്നുണ്ട് മോഹന്‍ലാല്‍. ഭരണകൂടവും താനെന്ന സാധാരണക്കാരനും എല്ലാം ഉള്‍പ്പെടുന്ന സമൂഹത്തിന്റെ വലിയൊരു തെറ്റിനെക്കുറിച്ചാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. കണ്ണൂരിലെ പേരാവൂരില്‍ നിന്നുള്ള ഒരു വാര്‍ത്തയാണ് ഇതിനാധാരമായത്. ആദിവാസി ബാലന്മാര്‍ ചപ്പുകൂനയില്‍ നിന്നു മാലിന്യം ഭക്ഷിക്കുന്നതിന്റെ വാര്‍ത്ത. ഈ വാര്‍ത്ത വായിച്ച, ആ കുട്ടികളുടെ ചിത്രം കണ്ട ഏതൊരാള്‍ക്കും മോഹന്‍ ലാലിന് സംഭവിച്ച അതേ വേദന ഉണ്ടായിട്ടുണ്ട്. എന്നാല്‍ പലരും അതു വായിച്ചു മറന്നപ്പോള്‍ മോഹന്‍ലാല്‍ അതേക്കുറിച്ച്, താന്‍ കൂടി പരോക്ഷ കാരണക്കാരനായി ഇത്തരമൊരു അവസ്ഥയിലേക്ക് ഒരു ജനവിഭാഗത്തെ കൊണ്ടെത്തിച്ചതിന്റെ ആത്മദുഃഖവും അതോടൊപ്പമുണ്ടായ രോഷവും ചേര്‍ത്ത് ഏഴെട്ടു പാരഗ്രാഫില്‍ കുറച്ചധികം എഴുതിവച്ചു. തീര്‍ച്ചയായും ലാല്‍ പറഞ്ഞിരിക്കുന്നതെല്ലാം നാമോരോരുത്തരും ഇരുത്തി ചിന്തിക്കേണ്ട കാര്യങ്ങള്‍ തന്നെ. സമൂഹം, ഭരണകൂടം, മാധ്യമങ്ങള്‍ എന്നിവരെല്ലാം ഓരോരോതരത്തില്‍ എച്ചിലുപെറുക്കി തിന്നു വിശപ്പടക്കേണ്ട ഗതിയിലേക്ക് ഒരു ജനവിഭാഗത്തെ തള്ളിവിട്ടതിന് ഉത്തരവാദികളാണ്. അതിന്റെ കുറ്റം മോഹന്‍ലാല്‍ പങ്കിടുന്നതുപോലെ അംബുജാക്ഷനും ഏറ്റെടുക്കുന്നു.

ഇനിയിവിടെ പറയുന്നത് വായിക്കുമ്പോള്‍, എന്തിലും ഏതിലും കുറ്റവും കുറവും കണ്ടുപിടിക്കുന്ന മലയാളി സ്വത്വബോധത്തിന്റെ പരിഛേദമാണ് അംബുജാക്ഷനും എന്നു വിമര്‍ശിക്കരുത്. മറിച്ച് മറ്റുപലര്‍ക്കും തോന്നിയിരിക്കാവുന്ന ചില സംശയങ്ങള്‍, ചോദ്യങ്ങള്‍ പങ്കുവയ്ക്കുക മാത്രമാണ് ഉദ്ദേശം. ലാലിന്റെ കുറിപ്പില്‍ രണ്ടാമത്തെ പാരഗ്രാഫ് തുടങ്ങുന്നത് ആദിവാസി ജീവിതവുമായി അദ്ദേഹം ബന്ധപ്പെട്ടിരിക്കുന്ന ചില സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്. ഉയരും ഞാന്‍ നാടാകെ എന്ന ചിത്രത്തില്‍ കുറിച്യനായി അഭിനയിച്ചിട്ടുണ്ടെന്നും കാലാപാനിയില്‍ ലോകത്തിലെ തന്നെ ഏറ്റവും ചെറിയ ആദിവാസി വിഭാഗമായ ഓംഗികളോടൊപ്പം അഭിനയിച്ച കാര്യവും അദ്ദേഹം സൂചിപ്പിക്കുന്നു. എന്നാല്‍ ഈ കൂറിപ്പ് മുഴുവന്‍ വായിച്ചിട്ടും, ഒന്നല്ല, ഒന്നിലേറെ തവണ- അംബുജാക്ഷന്‍ കണ്ടില്ല, ഫോട്ടോഗ്രഫര്‍ എന്ന സിനിമയെയും മണി എന്ന ആദിവാസി ബാലനെയും കുറിച്ചുള്ള പരാമര്‍ശങ്ങള്‍. മറന്നതോ? വേണ്ടെന്നുവച്ചതോ? പിന്നെയും പല സിനിമകളും കാടുകളില്‍ ചിത്രീകരിക്കേണ്ടി വരുമ്പോള്‍ ആദിവാസികളെ മുഖത്തോടു മുഖം കാണാറുണ്ട്. അവരേയും അവരുടെ ജീവിതത്തേയും നോക്കിയിരുന്നിട്ടുണ്ട്. മനസുകൊണ്ട് വല്ലാത്ത ഒരിഷ്ടം അവരോടുണ്ട്. അതുകൊണ്ടു കൂടിയാണ് ഈ പത്രവാര്‍ത്ത എന്റെ ഉറക്കം കെടുത്തുന്നത്; മോഹന്‍ലാലിന്റെ വാചകമാണ്. ഈ വരികളിലൂടെ വീണ്ടു വീണ്ടും കടന്നുപോകുമ്പോള്‍ അംബുജാക്ഷന്റെ സംശയം ബലപ്പെടുന്നുണ്ട്; മണിയേയും ആ സിനിമയേയും എവിടെയോ പൂഴ്ത്തിവയ്ക്കുന്നതുപോലെ. മോഹന്‍ലാല്‍ പറഞ്ഞത് ആത്മാര്‍ത്ഥമായ കാര്യങ്ങളാണെങ്കില്‍ മണിയെന്ന നിഷ്‌കളങ്കനായ ആദിവാസി ബാലനെ ഈ കുറിപ്പില്‍ സ്മരിക്കേണ്ടിയിരുന്നതല്ലേ? ഒരുപക്ഷേ, അല്ല തീര്‍ച്ചയായും മോഹന്‍ലാലിന് ഏറ്റവുമധികം ഇഷ്ടം തോന്നേണ്ടതും അടുപ്പം തോന്നേണ്ടതും എന്നും ഓര്‍ക്കേണ്ടതും മണിയെ ആയിരുന്നു. തന്റെ ആദിവാസി ബന്ധത്തെ കുറിച്ച് എഴുതുമ്പോള്‍ ഫോട്ടോഗ്രഫര്‍ എന്ന സിനിമയെക്കുറിച്ചായിരുന്നു ആദ്യം സൂചിപ്പിക്കേണ്ടതും. ആ സിനിമ ചര്‍ച്ച ചെയ്ത വിഷയത്തിന്റെ ബാക്കിപത്രമായാണ് അളിഞ്ഞുനാറുന്ന മാലിന്യക്കൂമ്പാരത്തിലേക്ക് രണ്ടു കുരുന്നുകളുടെ കൈകള്‍ നീണ്ടതും. സാമ്പത്തികമായി പരാജയമാണെങ്കില്‍ കൂടി ഒരു രാഷ്ട്രീയസിനിമയെന്ന നിലയില്‍ ഫോട്ടോഗ്രഫര്‍ രേഖപ്പെടുത്തപ്പെടേണ്ടതാണ്. സമകാലികമായൊരു വിഷയത്തെ (അതു കൂടുതല്‍ രൂക്ഷമായി തുടര്‍ന്നുകൊണ്ടേയിരിക്കുമ്പോള്‍) അല്‍പ്പം വികലമായിട്ടായിരുന്നെങ്കില്‍ കൂടി ആ സിനിമ ചര്‍ച്ച ചെയ്യുകയായിരുന്നു-ഒരുപക്ഷേ ഇപ്പോഴാണ് ഫോട്ടോഗ്രഫര്‍ റിലീസ് ചെയ്യുന്നതെങ്കില്‍ കൂടുതല്‍ സ്‌പേസ് ആ ചലച്ചിത്രത്തിന് കിട്ടുമായിരുന്നു-അത്തരമൊരു സിനിമയില്‍ അഭിനയിച്ച ഒരാള്‍ക്ക് അതും ലാലിനെപോലെ സാമൂഹികബോധമുള്ളൊരാള്‍ക്ക് ആദിവാസികളുമായി ബന്ധപ്പെട്ടൊരു കുറിപ്പ് എഴുതുമ്പോള്‍ സംഭവിക്കാന്‍ പാടില്ലാത്ത ‘വിട്ടുപോകല്‍’ ആയിരുന്നു മണിയുടെയും ഫോട്ടോഗ്രഫര്‍ എന്ന ചലച്ചിത്രത്തിന്റെയും കാര്യത്തില്‍ സംഭവിച്ചത്.

എവിടെയുണ്ട് മണി? ഇങ്ങനെയൊരു ചോദ്യം കൂടി ഈ കുറിപ്പിനൊപ്പം ഉണ്ടായിരുന്നെങ്കില്‍ എന്ന് അംബുജാക്ഷന്‍ ആഗ്രഹിച്ചുപോയി. അവന്‍ വെറുമൊരു ആദിവാസി ബാലന്‍ മാത്രമല്ലല്ലോ. സംസ്ഥാന അവാര്‍ഡ് നേടിയൊരു സിനിമാനടന്‍ അല്ലേ, മോഹന്‍ ലാലിന്റെ സഹപ്രവര്‍ത്തകനല്ലേ. എന്നിട്ടു ആ പയ്യന്‍ എവിടെയാണ്, എങ്ങനെ ജീവിക്കുന്നു, അവനും മൂന്നുനേരം എന്തെങ്കിലും കഴിക്കാന്‍ കിട്ടുന്നുണ്ടോ എന്നു തിരക്കാന്‍ വിട്ടുപോയതെന്താണ് ? പത്തൊമ്പതോ ഇരുപതോ വയസ്സായിക്കാണും മണിക്കിപ്പോള്‍, രണ്ടുകുട്ടികളുടെ പിതാവാണ്. ജീവിക്കാന്‍ (എച്ചില്‍ കൂനകളില്‍ പരതാതെ വിശപ്പടക്കാന്‍) അവന്‍ കാടുകള്‍ കയറുന്നു. കേട്ടറിവു സത്യമാണെങ്കില്‍ തികഞ്ഞ മദ്യപാനിയും. അതേ ലാലേട്ടാ…നിങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ഞങ്ങള്‍ പ്രേക്ഷകരെ (ഒരുപക്ഷേ നിങ്ങളെയും) വിസ്മയിപ്പിച്ച ഒരു ബാലന്റെ ഇന്നത്തെ അവസ്ഥ ഇതൊക്കെയാണ്. ഇപ്പോള്‍ തോന്നുന്ന അസ്വസ്ഥത എപ്പോഴെങ്കിലും മണിയുടെ കാര്യത്തില്‍ താങ്കള്‍ക്ക് തോന്നിയിട്ടുണ്ടോ എന്നറിയില്ല. ഒരിക്കല്‍ മണി പറഞ്ഞിരുന്നു, മോഹന്‍ ലാല്‍ സാറിനെ ഫോണില്‍ വിളിച്ചിട്ട് എടുത്തില്ലെന്ന്. ദിനംപ്രതി എത്രയോ കോളുകള്‍ വരുന്നൊരാള്‍ക്ക് മണിയുടെ ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ കഴിയാതെ പോയത് വലിയൊരു അപരാധമൊന്നുമല്ല! പക്ഷെ അവന് പലതും പറയാന്‍ ഉണ്ടായിരുന്നിരിക്കണം, പഠിക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നിരിക്കണം, അതല്ലെങ്കില്‍ വീണ്ടുമൊരു സിനിമയില്‍ അഭിനയിക്കാന്‍ ഇഷ്ടമുണ്ടായിരുന്നിരിക്കണം. പക്ഷേ അവനതൊന്നും പറയാന്‍ പറ്റിയിട്ടില്ല. വളരെ പെട്ടെന്നു തന്നെ മണി നമ്മുടെ മുന്നില്‍ നിന്നും കാട്ടിലേക്കു കയറിപ്പോയി. തിരിച്ചുവിളിക്കാന്‍ താങ്കള്‍ പോലും ശ്രമിച്ചില്ല. അവനെ പത്താംതരം വരെയെങ്കിലും പഠിപ്പിക്കാമായിരുന്നു, ഒരു സര്‍ക്കാര്‍ ജോലി കിട്ടാന്‍ സഹായിക്കാമായിരുന്നു. അതല്ലെങ്കില്‍ അവനിലെ അഭിനയസിദ്ധിയെ പരിപോഷിപ്പിച്ച് ആദിവാസികള്‍ക്കിടയില്‍ നിന്നു മലയാള സിനിമയ്ക്കുള്ള നല്ലൊരു നടനാക്കി മാറ്റാമായിരുന്നു. എങ്ങനെയായാലും ഇന്നവന്‍ നയിക്കുന്നതിനേക്കാള്‍ മികച്ചൊരു ജീവിതം നേടികൊടുക്കാമായിരുന്നു.

ആഴ്ച്ചകള്‍ക്കു മുമ്പത്തെ ഒരു പത്രവാര്‍ത്തയുണ്ടാക്കിയ വേദനയില്‍ അങ്ങേയ്ക്കുണ്ടാകുന്ന വേദനയില്‍ അല്‍പ്പം ആത്മാര്‍ത്ഥ കുറവ് തോന്നിപ്പോകുന്നത് ഇതൊക്കെ കൊണ്ടാണ്. തനിക്കെഴുതാന്‍ ഒരുവിഷയം കിട്ടിയെന്നതിനപ്പുറം, എഴുതുന്ന വിഷയത്തിലേക്ക് ഇറങ്ങി ചെല്ലാന്‍ കീബോര്‍ഡുകളിലെ അക്ഷരകട്ടകള്‍ നോക്കി മാത്രം സാമൂഹികോത്ഥാനം ആഹ്വാനം ചെയ്യുന്ന ആര്‍ക്കും താാത്പര്യമില്ല. താങ്കളെ കണ്ണടച്ചു വിമര്‍ശിക്കുകയല്ല, മോഹന്‍ലാല്‍ നേരിട്ടും ഫാന്‍സ് അസോസിയേഷന്‍ മുഖാന്തരവും ചെയ്യുന്ന സേവനങ്ങള്‍ ഒട്ടേറെയുണ്ടെന്നു കേട്ടിട്ടുണ്ട്. ചിലതിന്റെയൊക്കെ ചിത്രങ്ങള്‍ ഫ്‌ളെക്‌സുകളില്‍ കണ്ടിട്ടുമുണ്ട്. അങ്ങനെയിരിക്കുമ്പോള്‍ തന്നെ, ഞാനെന്റെ വിമര്‍ശനം ഈയൊരു കുറിപ്പില്‍ നിലനിര്‍ത്തിക്കൊണ്ടാണ് ഉന്നയിക്കുന്നത്. അതും ആദിവാസി പ്രശ്‌നത്തില്‍. മോഹന്‍ലാലോ അല്ലെങ്കില്‍ ഫാന്‍സ് അസോസിയേഷനോ വിചാരിച്ചാല്‍ കേരളത്തിലെ ആദിവാസി മേഖലകളില്‍ ചെയ്യാവുന്ന എത്രയോ സേവനപ്രവര്‍ത്തനങ്ങള്‍ ഉണ്ട്. ഈയൊരു കുറിപ്പിലൂടെ ശുഭസൂചകങ്ങളായ ഇത്തരം തീരുമനങ്ങള്‍ എന്തെങ്കിലും കൂടി അങ്ങേയ്ക്കു പ്രഖ്യാപിക്കാമായിരുന്നു. ഏതെങ്കിലുമൊരു ആദിവാസി ഊരിലേക്കു പോയി കാര്യങ്ങള്‍ നേരില്‍ കണ്ടു മനസ്സിലാക്കണം. ഈ വായിച്ച വാര്‍ത്തയില്‍ കണ്ടതല്ല, അതിനുമൊക്കെ മുകളിലെ ഭീകരത കാണേണ്ടിവരും. വിശന്നു മരിക്കുന്ന കുട്ടികള്‍, ചികിത്സ കിട്ടാതെ മരിക്കുന്ന കുട്ടികള്‍, നരാധമന്മാരുടെ കാമവെറിയുടെ ഇരകളാകുന്നവര്‍, മനസ് മരവിപ്പിക്കുന്ന കാഴ്ച്ചകള്‍ പലതുണ്ടാകും.

ജനങ്ങളെ സംരക്ഷിക്കേണ്ട ചുമതല തീര്‍ച്ചയായും സ്റ്റേറ്റിന്റേതാണ്. അതു ചെയ്യുന്നില്ലെങ്കില്‍ ഭരണകൂടത്തെ വിമര്‍ശിക്കാന്‍ ജനാധിപത്യവ്യവസ്ഥ പാലിക്കുന്നിടങ്ങളില്‍ മാധ്യമങ്ങളടക്കം പൊതുസമൂഹത്തിന് അവകാശമുണ്ട്. കാലാകാലങ്ങളായി കോടികള്‍ പഴാക്കി ആദിവാസിക്ഷേമമെന്ന മഹാമഹം നടത്തിപ്പോരുന്ന ഭരണകൂടങ്ങളും മന്ത്രിയുടെ രാജിയേക്കാള്‍ വാര്‍ത്താപ്രാധാന്യം ആദിവാസി ബാലന്മാര്‍ മാലിന്യം തിന്നുന്നതില്‍ കണ്ടെത്താനാകാത്ത മാധ്യമങ്ങളും അങ്ങു പറയുന്നതുപോലെ തെറ്റുകാരും ആത്മാര്‍ത്ഥയില്ലാത്തവരുമാണ്. ഇതു ശരിയാകുമ്പോള്‍ തന്നെ അങ്ങേയെപ്പോലുള്ളവര്‍ക്ക് ഉണ്ടാകുന്ന, അതായത് ഉണ്ടോണ്ടിരുന്ന നായര്‍ക്ക് തോന്നുന്ന അതേ ഉള്‍വിളിയിലും ആത്മാര്‍ത്ഥത അത്രകണ്ട് ഇല്ലെന്നു പറയേണ്ടി വരുമ്പോള്‍ കെറുവു തോന്നരുത്. ലാലിസം എന്ന പരിപാടിക്ക് അങ്ങ് ഒരു കോടിയാണ് പ്രതിഫലം വാങ്ങിയത്. അന്നു ജനങ്ങളെ പറ്റിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ പൊതുഖജനാവില്‍ നിന്നെടുത്ത ഒരു കോടി അങ്ങേയുടെ കൈകകളില്‍ തന്നെയിരിക്കുമായിരുന്നു. ഒടുവില്‍ നായകന്‍ വില്ലനാകേണ്ടി വന്നൊരു അവസ്ഥയില്‍പ്പെട്ടപ്പോള്‍ വാങ്ങിയ കോടി തിരികെ നല്‍കി തടിയൂരി. ആ തുക താങ്കളുടെ ഇഷ്ടത്തിനനുസരിച്ച് വിനിയോഗിക്കാമെന്നു സര്‍ക്കാര്‍ പറഞ്ഞപ്പോള്‍, എങ്കിലത് പത്ത് ആദിവാസിക്കുട്ടികളുടെ വിദ്യാഭ്യാസ ചെലവിന് ഉപയോഗിക്കാമെന്നു തോന്നിക്കാന്‍ തക്ക തരത്തില്‍ ഒരു വാര്‍ത്തയും അങ്ങു വായിക്കാതെ പോയി. മാതൃഭൂമിയിലൂടെയല്ലാതെ കേരളത്തില്‍ പട്ടിണി കിടക്കുന്ന ആദിവാസികളുണ്ടെന്ന് തിരിച്ചറിയാനുള്ള മാര്‍ഗമൊന്നും അങ്ങയെപ്പോലൊരു പരിപൂര്‍ണ കലാകാരന് ലഭ്യമല്ല എന്നത് ഖേദകരമാണ്. ആദിവാസി എന്ന കൗതുകത്തെ മനസ്സില്‍ കൊണ്ടുനടന്നിരുന്നൊരാള്‍ക്ക് ആദിവാസി എന്ന ദുരിതത്തെ കുറിച്ച് അറിവു കിട്ടാന്‍ ഇത്രനാള്‍ വേണ്ടിവന്നതും ഖേദകരം തന്നെ. 

ഇനിയിപ്പോള്‍ ഒരു കാര്യത്തില്‍ അംബുജാക്ഷന് ആശ്വാസമുണ്ട്. മറ്റാരും ചെയ്തില്ലെങ്കിലും ആദിവാസി ബാലന്മാര്‍ മാലിന്യം തിന്നുന്നതിന്റെ വാര്‍ത്ത അങ്ങ് സ്വന്തം വീട്ടിലെ ഊണു മുറിയുടെ ചുമരില്‍ ചില്ലിട്ടു തൂക്കും. ഒരു മണിച്ചോറാണെങ്കില്‍ പോലും മിച്ചം കളയേണ്ടി വരുമ്പോള്‍ പേരാവൂരെ ആദിവാസി ബാലന്മാരുടെ മുഖം അങ്ങയുടെ മനസ്സില്‍ തെളിയും. അതിലൂടെ കിട്ടുന്ന ഷോക്ക് ട്രീറ്റ്‌മെന്റ് അങ്ങയെ ലണ്ടനിലേക്കും സിംഗപ്പൂരിലേക്കും പറക്കുന്നതിനു പകരം വയനാട്ടിലും കണ്ണൂരിലും ഇടുക്കിയിലും പാലക്കാടും പിന്നെ സ്വന്തം തിരുവനന്തപുരത്തുമൊക്കെയുള്ള ആദിവാസി ഊരുകളിലേക്ക് പോകാന്‍ പ്രചോദിപ്പിക്കും. താരം പോകുമ്പോള്‍ പിറകെ മാധ്യമങ്ങളും പോകും, ദിലീപ് മുക്കത്തുപോയപോലെ. കൂട്ടത്തില്‍ ഫാന്‍സും. അങ്ങനെ ആദിവാസി ഊരുകളുടെ കഥകള്‍ മോഹന്‍ലാലിലൂടെ വലിയ വാര്‍ത്തയാകും, സമൂഹം ഉണരും സര്‍ക്കാര്‍ പ്രവര്‍ത്തിക്കും. ആദിവാസിയുടെ പട്ടിണി മാറും, രോഗം മാറും, പഠിക്കാന്‍ സൗകര്യമുണ്ടാകും, നടക്കാന്‍ റോഡുകളുണ്ടാവും, മാനം സംരക്ഷിക്കപ്പെടും; അങ്ങനെ കാത്തുകാത്തിരുന്ന ആ നല്ല നാളുകള്‍ ആദിവാസികള്‍ക്ക് കൈവരും. കാടിറങ്ങി മണിയും വരും…അപ്പോള്‍ അവനെ ചേര്‍ത്തു പിടിച്ചു നില്‍ക്കുന്ന ഒരു ഫോട്ടോ അങ്ങ് ബ്ലോഗില്‍ കൂടി ഞങ്ങളെ കൂടി കാണിക്കണം…

ടെയ്‌ലര്‍ അംബുജാക്ഷന്റെ ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കാന്‍

https://www.facebook.com/ടെയിലര്-അംബുജാക്ഷന്-ഒഫീഷ്യല്-698865623578242

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍