UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോഹന്‍ലാല്‍ എന്ന സെലിബ്രിറ്റിക്ക് സാധാരണക്കാരെ മനസിലാകുമെന്ന് മാത്രം പറയരുത്

Avatar

ഹരിത തമ്പി

നിങ്ങള്‍ സെക്‌സില്‍ ഏര്‍പെടുന്നില്ലേ, പിന്നെന്ത് കൊണ്ട് റേപ്പ് ചെയ്യപ്പെട്ടുകൂടാ.. ?

മദ്യശാലകള്‍ക്ക് മുന്നില്‍ പരാതി കൂടാതെ ക്യൂ നില്‍ക്കുന്ന നിങ്ങള്‍ എന്തുകൊണ്ട് ബാങ്കിനും എടിഎമ്മിനും മുമ്പിലുള്ള ക്യൂവിനെ പറ്റി പരാതി പറയുന്നു എന്ന ചോദ്യത്തിന് ഒരു സുഹൃത്ത് നല്‍കിയ മറുപടിയാണിത്.

ഫാന്‍ ബോയ്‌സിന്റെ രോമാഞ്ചമായ ‘ഏട്ടന്‍ പ്രിയപ്പെട്ട ലാലേട്ട’നോടും  ഇത്രേയേ പറയാനുള്ളു. സ്വമേധയാ മദ്യശാലക്കും ആരാധനാലയത്തിനും സിനിമാ ടാക്കീസിനും മുമ്പില്‍ ക്യൂ നില്‍ക്കുന്നതും ഭരണകൂടത്തിന്റെ പിടിപ്പുകേട് കൊണ്ട്, ജനങ്ങള്‍ സ്വന്തം അധ്വാനം കൊണ്ടുണ്ടാക്കിയ പണം ലഭിക്കുവാന്‍ വേണ്ടി എടിഎമ്മിന്റെയും ബാങ്കിന്റെയും മുമ്പില്‍ ക്യു നില്‍ക്കുന്നതും തമ്മില്‍ തുലനം ചെയ്യാന്‍ സാധിക്കില്ല. ലാലേട്ടന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍

‘അപ്പച്ചട്ടിയില്‍ അരി വറക്കരുത്’.

പ്രധാനമന്ത്രിയുടെ കണ്ണീരില്‍ കുതിര്‍ന്ന പ്രസംഗത്തിലും വീഴാത്ത കുറെ മലയാളികളെ മൂക്കും കുത്തി വീഴിപ്പിക്കാന്‍ ഭരണകൂട കുശാഗ്ര ബുദ്ധിക്ക് നല്ലോണം അറിയാം. മോഹന്‍ലാല്‍ എന്ന സെലിബ്രിറ്റിയെ മലയാളി ആഘോഷിക്കുന്നത് വേറൊരു ലെവലില്‍ ആണ്. പാലഭിഷേകം നടത്തിയും സിനിമക്ക് നെഗറ്റീവ് റിവ്യൂ ഇടുന്നവരെ തെറിയഭിഷേകം നടത്തിയും ആരാധകര്‍ മോഹന്‍ലാലിനെ കണ്ണും മൂക്കും ഇല്ലാതെ സ്‌നേഹിക്കുന്നത് നമ്മള്‍ കാണുന്നതാണല്ലോ. അടിച്ച വഴിയേ നടത്താന്‍ ദി കംപ്ലീറ്റ് ആക്ടറിന്റെ ബ്ലോഗ് ധാരാളം മതി എന്ന് കണക്കുകൂട്ടുവാന്‍ വേറെ യോഗ്യത ഒന്നും വേണ്ട, വ്യാജ സര്‍ട്ടിഫിക്കേറ്റ് ധാരാളം മതി.

കള്ളപ്പണം നാടിനെ നശിപ്പിക്കുന്ന തിന്മ ആണെന്നെല്ലാം വായനക്കാരനെ വളരെ ലളിതമായി മനസിലാക്കി കൊടുക്കുന്ന ബ്ലോഗ് വായിക്കുന്ന വായനക്കാരന്‍ ഒരു ആനക്കൊമ്പ് കേസിനെ പറ്റിയും ഡ്രൈവര്‍ കോടീശ്വരനായ കഥയും അറിയുന്ന ആളാണെങ്കില്‍ ‘മാണിയുടെ അഴിമതി വിരുദ്ധ പ്രസംഗം’ പോലെ തോന്നുവാന്‍ ചില സാധ്യതകള്‍ ഉണ്ട്.

ജയ്പൂരില്‍ രാജ്യാതിര്‍ത്തില്‍ ഉള്ള മരുഭൂമിയില്‍ ഇരുന്ന് ബ്ലോഗെഴുതുന്നത് രണ്ടുതവണ എടുത്തു പറഞ്ഞ മോഹന്‍ലാല്‍ എന്താണ് സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നത്? ഷൂട്ടിംഗിന് പരിവാരങ്ങളുമായി ചെന്നപ്പോള്‍ ഇന്ത്യയെ കണ്ടെത്തിയെന്നോ..! സാധാരണക്കാരനായി സ്വയം അടയാളപ്പെടുത്തുവാനും മോഹന്‍ലാല്‍ മറന്നിട്ടില്ല. 

പ്രിയ ലാലേട്ടാ… നിങ്ങള്‍ സാധാരണക്കാരന്‍ അല്ല. താങ്കള്‍ക്ക് അറിയാവുന്ന സാധാരണത്വം, താങ്കള്‍ തന്നെ പറഞ്ഞതുപോലെ വിദേശത്ത് ചെല്ലുമ്പോള്‍ അനുഭവിക്കുന്നതാണ്. കേരളത്തിലോ ഇന്ത്യയിലോ താങ്കള്‍ സാധാരണക്കാരന്‍ അല്ല. സാധാരണക്കാരന്റെ പ്രശ്‌നങ്ങളും താങ്കള്‍ക്ക് അറിയില്ല. അറിയുമായിരുന്നെങ്കില്‍ ഈ നോട്ട് നിരോധനത്തെ തുടര്‍ന്ന് മരിച്ച 50-ലധികം പേരെ താങ്കള്‍ അറിഞ്ഞേനെ. താങ്കള്‍ എല്ലാ വിധ പ്രിവില്ലേജുകളോടും കൂടിയ ഒരാള്‍ ആണ്. എത്ര സാധാരണക്കാരന്‍ ചമഞ്ഞാലും മലയാളി ആഘോഷിക്കുന്ന സെലിബ്രിറ്റിയാണ് മോഹന്‍ലാല്‍.

ഇന്ത്യ എന്ന സൊസൈറ്റിയെ വീക്ഷിച്ചാല്‍ നമുക്ക് കാണാന്‍ സാധിക്കും ഇത് collective identtiy-കള്‍ സൂക്ഷിക്കുന്നവരുടെ നാടാണ്. Cast identtiy, religious identtiy, family identtiy, regional identtiy എന്നിങ്ങനെ വ്യക്തിപരമായി അറിയപ്പെടുന്നതിലും ഗോത്രത്തിന്റെ പേരിലുള്ള അറിയപ്പെടല്‍ ആണ് പലര്‍ക്കുമുള്ളത്. വികസിത രാഷ്ട്രങ്ങളിലെ individualtiy culture ഇവിടെ എത്തിനോക്കിയിട്ട് പോലുമില്ല. Fan identtiy യും ഇവിടെ രൂപം കൊണ്ടിട്ട് കാലമേറെയായി. 

കുട്ടി ‘മോഹന്‍ലാല്‍ ഫാന്‍ ആണോ മമ്മൂട്ടി ഫാന്‍ ആണോ’ എന്ന് മഹേഷിന്റെ പ്രതികാരത്തിലെ ക്രിസ്പിന്‍ ചോദിച്ചത് പോലെ ധാരാളം പേര്‍ ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ ഈ ചോദ്യം ചോദിക്കുന്നു. 

ഫാന്‍ എന്ന വാക്ക് രൂപം കൊണ്ടത് fanatic അഥവാ മതഭ്രാന്തന്‍ എന്ന വാക്കില്‍ നിന്നുമാണ്. അനിയന്ത്രിതമായ hero worship-ലേക്ക് ഫാന്‍ ബോയ്‌സ് കൂപ്പുകുത്തുന്നു. 

ദൈവത്തിനെ പ്രീതിപെടുത്താന്‍ സമൂഹം പഠിപ്പിച്ചു തന്ന രീതികള്‍ സിനിമാ താരത്തിനെ ആരാധിക്കുവാനും ഉപയോഗിക്കുന്നു. പുഷ്പാഭിഷേകവും പാലഭിഷേകവും, എന്തിന് അമ്പലങ്ങള്‍ പോലും പണിയപ്പെടുന്നു. കേരളത്തില്‍ പാലഭിഷേകം വരെ എത്തിയുള്ളൂ എന്നോര്‍ത്തു നമുക്ക് സമാധാനിക്കാം. അമിതമായ തരാരാധന യുക്തിബോധത്തിനെയും കോമണ്‍ സെന്‍സിനെയും നശിപ്പിക്കും എന്ന് മനസിലാക്കിയ ആര്‍ക്കും വേണ്ട രൂപത്തില്‍ താരത്തെ ഉപയോഗിച്ച് തങ്ങളുടെ പ്രൊപ്പഗണ്ട നടപ്പിലാക്കുവാന്‍ സാധിക്കും.

‘ആയിരം സ്വയംസേവകര്‍ക്ക് ഒരു ലാലേട്ടന്‍ ഫാന്‍’ എന്ന കണക്കില്‍ രംഗത്ത് ഇറക്കാന്‍ പറ്റിയ കാലാളുകള്‍ ആണ് ഈ ഫാന്‍സ്. പുലിമുരുകന്‍ കണ്ട് ഇഷ്ടപ്പെട്ടില്ല എന്നു ഫേസ്ബുക്കില്‍ എഴുതിയ സ്ത്രീയെ വെര്‍ബല്‍ റേപ്പ് ചെയ്തത് നമ്മള്‍ കണ്ടതാണല്ലോ. നോട്ട് നിരോധനത്തിനെ എതിര്‍ക്കുന്നവരെ ചെറുത്തു തോല്പിക്കുവാന്‍ ഒരു ബ്ലോഗ് ധാരാളം മതി.

കണക്കുകൂട്ടലുകള്‍ തെറ്റിയില്ല എന്ന് തന്നെ പറയാം. ചക്കരവാദങ്ങളുമായി ഫാന്‍ ബോയ്‌സ് രംഗത്തെത്തിയിട്ടുണ്ട്.

ലാലേട്ടന്റെ അഭിപ്രായ സ്വാതന്ത്രത്തിനെ എന്തുകൊണ്ട് ബഹുമാനിക്കുന്നില്ല എന്ന ചോദ്യമാണ് പ്രധാനമായും ഫാന്‍സ് മുന്നോട്ടെറിയുന്ന ചോദ്യം.

യു സീ ദി ഐറണി. പുലിമുരുകന്‍ കണ്ടിട്ട് ഇഷ്ടപെട്ടില്ല എന്ന് അഭിപ്രായം ഫേസ്ബുക്കില്‍ കുറിച്ച വീട്ടമ്മയെ വായില്‍ കൊള്ളാത്ത തെറി കൊണ്ട് നേരിട്ടവര്‍ അഭിപ്രായസ്വാതന്ത്രത്തിനു വേണ്ടി വാദിക്കുന്നു.

തീര്‍ച്ചയായും മോഹന്‍ലാലിന് നോട്ട് നിരോധനത്തിനെ അനുകൂലിക്കുവാനും പ്രതികൂലിക്കുവാനുമുള്ള എല്ലാവിധ സ്വാതന്ത്രവും ഉണ്ട്. അദ്ദേഹം പൊതുജനസമക്ഷം പറയുന്ന ഏതൊരു വാക്കിനെയും വിമര്‍ശിച്ചു അഭിപ്രായം രേഖപെടുത്തുവാനുള്ള സ്വാതന്ത്ര്യം കേള്‍ക്കുന്ന ഏതൊരാള്‍ക്കും ഉണ്ട്.

മോഹന്‍ലാലിന്റെ വീട്ടില്‍ പോയി അദ്ദേഹത്തെ കെട്ടിയിട്ട് മേലാല്‍ എഴുതിപോകരുത് എന്ന് പറഞ്ഞാല്‍ അത് തീര്‍ച്ചയായും അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കല്‍ തന്നെയാണ്. അസഭ്യവര്‍ഷം നടത്തി മാനഹാനി നടത്തുന്നതും അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കല്‍ തന്നെ.

അല്ലാതെ മോഹന്‍ലാല്‍ ബ്ലോഗില്‍ എഴുതിയത് എല്ലാം വായിച്ചു മിണ്ടാതെ ഇരിക്കുന്നതാണ് അഭിപ്രായ സ്വാതന്ത്ര്യത്തെ ബഹുമാനിക്കല്‍ എന്ന് കരുതരുത്.

താന്‍ ഒരു വ്യക്തി ആരാധകന്‍ അല്ലെന്നു ബ്ലോഗില്‍ പ്രത്യേകം എടുത്ത് പറഞ്ഞ ശ്രീ. മോഹന്‍ലാലിന്റെ ബ്ലോഗില്‍ നിന്നും വ്യക്തിയാരാധനക്ക് എതിരെയുള്ള ഒരു ലേഖനവും പ്രതീക്ഷിക്കുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍