UPDATES

മനസ് മടുത്തു മടങ്ങരുതെന്ന് ശ്രീധരനോട് മോഹന്‍ലാലിന്റെ അഭ്യര്‍ത്ഥന

അഴിമുഖം പ്രതിനിധി

കേരളത്തില്‍ നിന്ന് മനസ് മടുത്ത് മടങ്ങിപ്പോകരുതെന്ന് ഇ ശ്രീധരനോട് നടന്‍ മോഹന്‍ ലാലിന്റെ അഭ്യര്‍ത്ഥന. കേരളത്തിലേക്ക് ഇനി വികസനപ്രവര്‍ത്തനങ്ങള്‍ക്കായി വരില്ലെന്ന ശ്രീധരന്റെ പ്രസ്താവന തന്നെ അസ്വസ്ഥനാക്കിയെന്നും മോഹന്‍ ലാല്‍ തന്റെ ദി കംപ്ലീറ്റ് ആക്ടര്‍ എന്ന ബ്ലോഗില്‍ കുറിച്ചു. ഏറെ പ്രതീക്ഷയോടെയാണ് ശ്രീധരന്റെ വരവ് തനടക്കമുള്ള മലയാളികള്‍ സ്വീകരിച്ചതെന്നും, ആ സന്തോഷത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് അന്നു താനും ഒരു കുറിപ്പ് എഴുതിയിരുന്നതായി ലാല്‍ ഓര്‍ക്കുന്നു.

എന്നാല്‍ ശ്രീധരനെ പോലൊരു സമര്‍പ്പിത പ്രതിഭയെ മനസ്സിലാക്കാനും തിരിച്ചറിയാനുമുള്ള സാമാന്യബുദ്ധിയും വിനയവും പോലും പലരും കാണിച്ചില്ല എന്നും വിമര്‍ശനാത്മകമായി മോഹന്‍ ലാല്‍ എഴുതുന്നു. എന്നിട്ടും നിര്‍മമായ കര്‍മ്മത്തിലൂടെ തന്റെ പ്രവര്‍ത്തി തുടരുകയാണ് അദ്ദേഹം ചെയ്തത്. റാണി പത്മിനിയെന്ന കപ്പലുണ്ടാക്കിയ, പൊളിഞ്ഞുവീണ പാമ്പന്‍ പാലം നാല്‍പ്പതു ദിവസം കൊണ്ട് പുനര്‍നിര്‍മിച്ച, കൊങ്കണ്‍ മലനിരകള്‍ തുരന്ന് ഇന്ത്യയുടെ അകലങ്ങളിലേക്ക് തീവണ്ടിയോടിച്ച, പുരാതന നഗരമായ കൊല്‍ക്കത്തയിലൂടെ മെട്രോ സാധ്യമാക്കിയ,ഡല്‍ഹിയില്‍ ഭൂമിയിലൂടെയും ആകാശത്തിലൂടെയും തീവണ്ടി പായിച്ച അങ്ങയെ വിശ്വസിച്ചില്ലെങ്കില്‍ ജനങ്ങള്‍ ആരെ വിശ്വസിക്കുമെന്നാണ് മോഹന്‍ ലാല്‍ ചോദിക്കുന്നത്.

പ്രശ്‌നങ്ങളും പരിമിതികളും ഉണ്ടായിട്ടും അതിനോടൊന്നും പരാതി പറയാതെ തന്റെ കര്‍മ്മവുമായി ബന്ധപ്പെട്ട് മുന്നോട്ടുപോയ ശ്രീധരന്‍ സഹനത്തിന്റെ അങ്ങേയറ്റത്താണ് ചെറുതായെങ്കിലും പ്രതികരിച്ചുപോയതെന്നും ലാല്‍ വിശ്വസിക്കുന്നു. എന്തും വിളിച്ചു പറയുന്നതും തമ്മില്‍ തെറിപറയുന്നതുമായ മലയാളി സംസ്‌കാരത്തിന് മുന്നില്‍ ഒരത്ഭുതമായിരുന്നു ശ്രീധരനെന്നും മോഹന്‍ലാല്‍ കുറിക്കുന്നു. ശ്രീധരന്റെ പിന്മാറ്റം ആഗ്രഹിക്കുന്ന പലരും ഇവിടെയുണ്ടെന്നും അവരുടെ ആഗ്രഹം സാധിച്ചുകൊടുക്കുന്ന തരത്തില്‍ അങ്ങ് ഇവിടെ നിന്നും പോകരുതെന്നുമാണ് മോഹന്‍ലാലിന്റെ അഭ്യര്‍ത്ഥന.

മോഹന്‍ലാലിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇവിടെ വായിക്കാം

http://www.thecompleteactor.com/articles2/2015/04/an-open-letter-to-honourable-shri-e-sreedharan-sir/

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍