UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോഹന്‍ലാലിന് ഒരു ജെ എന്‍ യുക്കാരന്റെ തുറന്ന കത്ത്

Avatar

രജീഷ് സി.എസ്

ലെഫ്റ്റനന്റ് കേണല്‍ എന്നു ബഹുമാനത്തോടെ അഭിസംബോധന ചെയ്ത് ഈ കത്ത് തുടങ്ങാത്തതിന്റെ പേരില്‍ എന്നെ ദേശവിരുദ്ധന്‍ എന്നു വിളിച്ച് ബ്ലോഗ് എഴുതി ആക്ഷേപിക്കരുതെന്ന്‍ ആദ്യമേ തന്നെ അപേക്ഷിച്ച് കൊള്ളട്ടെ. 

ഒരു നടനെന്ന നിലയില്‍ താങ്കളുടെ മഹനീയ കഴിവ് അംഗീകരിക്കെ തന്നെ, യാഥാര്‍ത്ഥ്യങ്ങളോട് മുഖംതിരിച്ചു കപട ദേശീയതയില്‍ മുഖം ഒളിപ്പിക്കുന്ന വൈരുദ്ധ്യത്തെ തുറന്നു കാണിക്കാനാണ് ഈ കത്ത്. സുകുമാര്‍ അഴീക്കോട് താങ്കളെ കുങ്കുമം ചുമക്കുന്ന കഴുത എന്ന് വിളിച്ചാക്ഷേപിച്ചപ്പോള്‍, ഞങ്ങളറിഞ്ഞിരുന്നില്ല അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ഇത്രയധികം ദൂരക്കാഴ്ച ഉണ്ടായിരുന്നെന്ന്. ജെ എന്‍ യുവില്‍ ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങളാണ് താങ്കളുടെ എഴുത്തിന്റെ പശ്ചാത്തലം എങ്കില്‍ ജെ എന്‍ യുവിനെക്കുറിച്ച് പറഞ്ഞു കൊണ്ടുതന്നെ തുടങ്ങാം. 

1500 ഏക്കറിലധികം വിസ്തൃതിയില്‍ 8000-ത്തില്‍പ്പരം വിദ്യര്‍ത്ഥികളും അഞ്ഞൂറിലധികം അധ്യാപകരുമുള്ള പ്രബുദ്ധതയുടെ ഒരു സംസ്‌കാരമാണ് ജെ എന്‍ യു. ആണ്‍-പെണ്‍ ഭേദമില്ലാതെ, രാഷ്ട്രീയ സംഘട്ടനങ്ങള്‍ ഇല്ലാതെ, വിമര്‍ശനാത്മകമായ ചര്‍ച്ചകള്‍ നിറഞ്ഞ, ഇന്ത്യയിലെ ഭൂരിഭാഗം എല്ലാ സമൂഹങ്ങളുടെയും വികാരങ്ങളെ ഉള്‍ക്കൊള്ളുന്ന ഒരു സാമൂഹികസ്ഥാപനമാണിത്. ഓരോ വര്‍ഷവും ആയിരക്കണക്കിന് ബ്യുറോക്രാറ്റുകളെയും അധ്യാപകരേയും സാമൂഹിക ചിന്തകരെയും പരിസ്ഥിതി പ്രവര്‍ത്തകരെയുമടക്കം സൃഷ്ടിച്ചുകൊണ്ട് ഇന്ത്യയുടെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക ഘടനയെ ശരിയായ രീതിയില്‍ പ്രതിനിധീകരിക്കാന്‍ ജെ എന്‍ യു ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. 

ഇന്ത്യ എന്ന പ്രയോഗത്തിന്റെ ശരിയായ വിശകലനം ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ കാഴ്ചപ്പാടുകള്‍ക്ക് അപ്പുറത്തേക്ക് കൂടി ഉണ്ടെന്ന് അങ്ങേയറ്റം വിനയത്തോടെ അങ്ങയെ അറിയിച്ചു കൊള്ളട്ടെ. ദേശീയതയുടെ അടിസ്ഥാനം ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ സംസ്‌കാരങ്ങളെയും ആചാരങ്ങളെയും മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാനുള്ളതല്ല. മറിച്ച്, നിരന്തരമായി തുടര്‍ന്ന് കൊണ്ടിരിക്കുന്ന ചര്‍ച്ചകളിലൂടെയും സംവാദത്തിലൂടെയും എല്ലാ ജനവിഭാഗങ്ങളുടെയും പ്രാതിനിധ്യത്തെ ഉള്‍കൊള്ളിച്ചുകൊണ്ട് നാനാത്വത്തെ പ്രതിഫലിപ്പിക്കുക എന്നുള്ളതാണ്. തുല്യമായ പ്രാതിന്നിധ്യം സമൂഹത്തിന്റെ അടിത്തട്ടില്‍ നില്‍ക്കുന്ന ഓരോ പൗരനും നല്‍കുകയെന്നതാണ്. ഇവിടെ വര്‍ഗീയതയുടെ കാവിരൂപങ്ങള്‍ ബീഫ് കഴിക്കുന്നവരെ തല്ലിക്കൊല്ലുന്നു, പ്രണയ ദിനം ആഘോഷിക്കുന്നവരെ അടിച്ചോടിക്കുന്നു, ചര്‍ച്ച നടത്തുന്നവരെ രാജ്യദ്രോഹികള്‍ എന്നു വിളിക്കുന്നു; അവസാനമായി താങ്കളും കാര്യമറിയാതെ എന്തൊക്കെയോ വിളിച്ചുപറയുന്നു. കണ്ണ് തുറന്നിരുന്നാലും അന്ധരായിത്തന്നെ ജീവിക്കുന്ന ചിലരുണ്ട്. അതുപോലെ മോഹന്‍ലാല്‍ എന്ന മഹാനടന്‍ അധ:പതിക്കുന്നതില്‍ ഒരു ജെ എന്‍ യു വിദ്യാര്‍ഥി എന്ന നിലയിലും മനുഷ്യസ്‌നേഹി എന്ന നിലയിലും അതിയായ ഖേദമുണ്ട്. 

കാശ്മീരിലേക്കും ബാരമുള്ളയിലേക്കുമുള്ള യാത്രയില്‍ ജെ എന്‍ യു എന്ന സര്‍വകലാശാലയില്‍ ഒന്നിറങ്ങി നോക്കണം. പറ്റുമെങ്കില്‍ ഇവടെയുള്ള ഗംഗ ഡാബയിലും കാന്റീനിലും ഹോസ്റ്റല്‍ മെസ്സിലും ലൈബ്രറിയിലും കുറച്ചു സമയം ചെലവഴിക്കണം. അറിവിന്റെ ആയുധപ്പുരയ്ക്ക് തീപ്പന്തമെറിയാന്‍ വെമ്പുന്ന യുവത്വമാണിവിടെ; പട്ടാളക്കാരേപ്പോലെ കര്‍ഷകരും കല്‍പ്പണിക്കാരും ഒക്കെ രാജ്യസ്‌നേഹിയാണെന്ന് വാദിക്കുന്ന അധ്യാപകരുണ്ടിവിടെ; ദേശീയതയ്ക്ക് ധ്രുവീകരണം അല്ല മറിച്ച് ഉദ്ഗ്രഥനമാണ് വേണ്ടതെന്ന് ശബ്ദിക്കുന്ന വിദ്യാര്‍ത്ഥി യൂണിയനുകള്‍ ഉണ്ടിവിടെ. ജെ എന്‍ യു, ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി, ഉത്കല്‍ യൂണിവേഴ്സിറ്റി, പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട്, ജാധവ്പുര്‍ യൂണിവേര്‍സിറ്റി എന്നിവയ്ക്കൊക്കെ നേരെയുള്ള ആക്രമണങ്ങള്‍ എന്തടിസ്ഥാനത്തിലാണ് എന്ന് മനസിലാക്കാന്‍ അത്ര വലിയ ബുദ്ധിസാമര്‍ത്ഥ്യമൊന്നും വേണ്ട. 

അതെല്ലാം പോട്ടെ, നമുക്ക് കാര്യത്തിലേക്ക് വരാം. അത്ഭുതകരമായ ഒരു വൈരുദ്ധ്യം നിങ്ങളുടെ വാക്കുകളിലും പ്രവര്‍ത്തികളിലും എന്നെപോലുള്ള ‘ദേശവിരുദ്ധര്‍’ നിരീക്ഷിച്ചു വരുന്നു. അതില്‍ ഒന്നാമത്തേത്, 2008-ല്‍ താങ്കള്‍ പുറത്തിറക്കിയ സമ്മോഹനം എന്ന പുസ്തകത്തിലെ ഉള്ളടക്കമാണ്. ആ പുസ്തകത്തിലെ മൂന്നാമത്തെ അധ്യായത്തില്‍ മരണം മണക്കുന്ന ജയില്‍ മുറിയില്‍ കുപ്രസിദ്ധ ക്രിമിനലായ റിപ്പര്‍ ചന്ദ്രനോട് താങ്കള്‍ വളരെയധികം മാനസിക അടുപ്പം പുലര്‍ത്തിയതുപോലെ കാണപ്പെടുന്നു. സെന്‍ട്രല്‍ ജയിലില്‍ ഷൂട്ടിങ്ങിനു വന്ന താങ്കള്‍ വധശിക്ഷയ്ക്ക് വിധിച്ച റിപ്പര്‍ ചന്ദ്രനെ കാണുകയും ചെയ്തിരുന്നു. തൂക്കിലേറ്റപ്പെട്ട രാമസ്വാമിയേയും ബാലകൃഷ്ണനെയും സിമ്പതിയോടെ അനുസ്മരിക്കുന്നതായും അതില്‍ എഴുതിയിരിക്കുന്നു. അവരുടെയെല്ലാം മണം താങ്കളുടെ കൂടെയുണ്ടെന്ന പോലെ ആ അധ്യായത്തില്‍ താങ്കള്‍ വികാര അനുഭാവം പുലര്‍ത്തുന്നുണ്ട്.

നിയമത്തിന്റെ എല്ലാ വഴികളിലുടെയും അന്വേഷണം നടത്തി കോടതി കുറ്റക്കാരായി കണ്ടെത്തിയ ഈ കുറ്റവാളികളെ മനസ്സില്‍ കൊണ്ടുനടക്കുന്ന താങ്കള്‍ നിയമവാഴ്ചക്കെതിരെ നില്‍ക്കുന്ന വ്യക്തിയും ദേശദ്രോഹിയും അല്ലേ എന്നു ചോദിച്ചാല്‍ താങ്കള്‍ സമ്മതിക്കുമോ? അത്തരം മാനസികാവസ്ഥയുള്ളയാള്‍ ലെഫ്റ്റനന്റ് കേണല്‍ പദവിയില്‍ തുടരുന്നത് രാജ്യദ്രോഹക്കുറ്റം അല്ലേ എന്നു പറഞ്ഞാല്‍ താങ്കള്‍ അത് അംഗീകരിക്കുമോ? ജെ എന്‍ യുവില്‍ ‘A coutnry without a post-office’ എന്ന ഡോക്യുമെന്ററി അവതരിപ്പിക്കാനും ചര്‍ച്ച ചെയ്യാനും നടത്തിയ ശ്രമങ്ങള്‍ രാജ്യദ്രോഹമെങ്കില്‍ താങ്കളെ നിയമവാഴ്ച്ചയെ പുച്ഛിക്കുന്ന നടനായി അംഗീകരിക്കേണ്ടി വരും.

വധശിക്ഷക്ക് വിധിച്ച ഒരു കുറ്റവാളിയുടെ മാനസിക അവസ്ഥ മനസിലാക്കി അത് അതേ രീതിയില്‍ത്തന്നെ അഭിനയിച്ചു പ്രതിഫലിപ്പിക്കനാണ് താങ്കള്‍ ഈ ശ്രമം നടത്തിയതെന്ന് എല്ലാവര്‍ക്കും അറിയാം. അഭിനയം താങ്കള്‍ക്ക് ആവേശവും സംതൃപ്തിയും തരുന്ന തൊഴില്‍ ആണെന്നിരിക്കെ കൂടുതല്‍ പൂര്‍ണ്ണതക്ക് വേണ്ടി മേല്‍പ്പറഞ്ഞ അനുഭവങ്ങള്‍ താങ്കള്‍ക്ക് ഉപകാരപ്രദമായേക്കാം. അതിന്റെ പേരില്‍ താങ്കളെ ആരെങ്കിലും രാജ്യദ്രോഹിയെന്നോ തീവ്രവാദിയെന്നോ വിളിച്ചാല്‍ ജെ എന്‍ യു താങ്കള്‍ക്ക് വേണ്ടിയും കലഹിക്കും. താങ്കള്‍ക്ക് അഭിനയം തൊഴില്‍ ആണെന്ന പോലെ വിദ്യാര്‍ഥി സമൂഹത്തിനു വായനയും ചര്‍ച്ചകളും സംവാദവും ഒഴിവാക്കാന്‍ പറ്റാത്തതാണ്. അത്തരത്തിലുള്ള ചര്‍ച്ചകളില്‍ അഫ്‌സല്‍ ഗുരുവും ഗോഡ്‌സെയും മോദിയും ഹാഫിദ് സയീദും നിറഞ്ഞു നില്‍ക്കും. കശ്മിരീനെ കുറിച്ച് സംസാരിച്ചുവെന്നു കരുതി ജെ എന്‍ യു വിദ്യാര്‍ത്ഥികള്‍ ദേശവിരുദ്ധരാന്നെന്നു കരുതരുത്, ആദിവാസി മേഖലകളിലെ മൈനിംഗിനെക്കുറിച്ച് സംസാരിച്ചുവെന്നു കരുതി ജെ എന്‍ യു വിദ്യാര്‍ത്ഥികള്‍ നക്‌സലുകള്‍ ആണെന്ന് കരുതരുത്. അനീതിയിലും ചൂഷണത്തിലും അധിഷ്ടിതമായ ജാതി വ്യവസ്ഥിതിയെ എതിര്‍ത്തും ക്രിയാത്മകമായ ചര്‍ച്ചകള്‍ നടത്തിയും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ എതിര്‍ത്തും ദേശീയ ശ്രദ്ധയില്‍ നില്‍ക്കുന്ന ഒരു സ്ഥാപനമാണ് ജെ എന്‍ യു. അഭിനയത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി നിങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍പോലെയാണ് സംതൃപ്തരായ ജനങ്ങളുടെ ഇന്ത്യക്ക് വേണ്ടി ഞങ്ങളും നടത്തുന്നത്.

താങ്കളുടെ ഏറ്റവും പ്രിയപ്പെട്ട വ്യക്തിത്വമായ രജനീഷ് ഓഷോ തികഞ്ഞ ഗാന്ധിവിരോധിയായിരുന്നില്ലേ? അമേരിക്കയിലെ അദ്ദേഹത്തിന്റെ ആശ്രമവുമായി ബന്ധപ്പെട്ട കേസില്‍ ഒഷോക്കെതിരെ രജ്യദ്രോഹക്കുറ്റത്തിനു കേസുകള്‍ നിലവിലുണ്ടായിരുന്നു. പ്രവാസിനിയമം ലംഘിച്ചതിന്റെ പേരില്‍ അമേരിക്ക ഉള്‍പ്പെടെ 21 രാഷ്ട്രങ്ങള്‍ അദ്ദേഹത്തിന് വിസ നിരസിക്കുകയുണ്ടായി. ഓഷോ ഇങ്ങനെയൊക്കെ ആണെന്ന് കരുതി അതു വായിക്കുന്ന മോഹന്‍ലാലും രാജ്യദ്രോഹി ആണെന്ന് പറയുന്നതില്‍ ഒരു കഴമ്പും ഇല്ല. സ്വന്തം അനുയായികളുടെ പുറത്തു കുറ്റം ചുമത്തി രക്ഷപെടാന്‍ ശ്രമിച്ച ഓഷോയോട് അവര്‍ പ്രതികരിച്ചത് ഓഷോയുടെ തന്നെ ഒരു പുസ്തകത്തിന്റെ 5000 കോപ്പികള്‍ കത്തിച്ചുകൊണ്ടാണ്. പുസ്തകങ്ങള്‍ വായിക്കാനും മനസിലാക്കാനുമുളളതാണ് എന്ന തിരിച്ചറിവുള്ളതുകൊണ്ട് ഒരു ജെ എന്‍ യു വിദ്യാര്‍ത്ഥിയും താങ്കളുടെ പുസ്തകം കത്തിച്ചു പ്രതികരിക്കില്ല. വാക്കുകളിലും പ്രവര്‍ത്തികളിലുമുള്ള വൈരുദ്ധ്യങ്ങള്‍ മനസിലാക്കിക്കൊണ്ട് കുറെക്കൂടി യുക്തിബോധത്തോടെ സമാധാനവും സംതൃപ്തവുമായ ഒരിന്ത്യക്ക് വേണ്ടി താങ്കള്‍ പ്രതികരിക്കും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

(ജെഎന്‍യുവില്‍ സൗത്ത് ഏഷ്യന്‍ സെന്ററില്‍ ഗവേഷണ വിദ്യാര്‍ത്ഥിയാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍