UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുഖ്യമന്ത്രി പിണറായിയോട് മോഹന്‍ലാല്‍ ആവശ്യപ്പെടുന്ന അഞ്ചുകാര്യങ്ങള്‍

Avatar

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് 

സര്‍, 

ഇത് മോഹന്‍ലാല്‍ എന്ന നടന്‍ പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിക്ക് എഴുതുന്ന ഒരു സൗഹൃദ കത്തല്ല. കേരളത്തില്‍ ജീവിക്കുന്ന മോഹന്‍ലാല്‍ എന്ന മനുഷ്യന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയ്ക്ക് നല്‍കുന്ന നിവേദനമാണ്. 

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഞാന്‍ എന്റെ ചില ചിന്തകള്‍ പങ്കുവയ്ക്കാനായി ബ്ലോഗുകള്‍ എഴുതാറുണ്ട്. എല്ലാ മാസവും 21 ആം തീയതിയാണ് ഞാന്‍ ഈ ബ്ലോഗ് എന്റെ കൈപ്പടയില്‍ തന്നെ എഴുതി പോസ്റ്റ് ചെയ്യാറുള്ളത്. വ്യക്തിപരമായ വിശേഷങ്ങളേക്കാള്‍ പൊതുവായ വിഷയങ്ങളാണ് ഇതിനായി ഞാന്‍ തെരഞ്ഞെടുക്കാറുള്ളത്. എന്റെ സ്വന്തം അനുഭവത്തില്‍ സംഭവിച്ചതും സുഹൃത്തുക്കള്‍ പറഞ്ഞതും വായിച്ചറിഞ്ഞതുമായ നിരവധി വിഷയങ്ങള്‍ ഇതിനകം ഞാന്‍ മലയാളികളുമായി പങ്കുവച്ചിട്ടുണ്ട്. ഇവ വായിച്ച് ഒരുപാടുപേര്‍ അഭിനന്ദിച്ചിട്ടുണ്ട്. നന്നായി കല്ലെറിഞ്ഞിട്ടുമുണ്ട്. എല്ലാ കാര്യത്തിനും രണ്ട് അഭിപ്രായം ഉണ്ടാവും എന്നറിയാവുന്നത് കൊണ്ട് ഞാന്‍ രണ്ടിനേയും ഒരേ മനസ്സോടെയാണ് സ്വീകരിക്കാറുള്ളത്.

ഇക്കാലയളവില്‍ കേരളവുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങള്‍ ഞാന്‍ എന്റെ ബ്ലോഗില്‍ കുറിച്ചിരുന്നു. ഈ നാട്ടില്‍ ജീവിക്കുന്ന, അതിന്റെ ഭാവിയെക്കുറിച്ച് ആധിയുള്ള ഒരു സാധാരണക്കാരന്റെ മനസ്സിന്റെ പ്രതിഫലനമായിരുന്നു അവ. അവയില്‍ ഞാന്‍ നിരന്തരം പ്രതിപാദിച്ച ചില കാര്യങ്ങള്‍ തിരഞ്ഞെടുത്ത് ഞാന്‍ അങ്ങേയ്ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ്. ഇവയെ നിയന്ത്രിച്ചും മറികടന്നുമല്ലാതെ കേരളത്തിന് ഒരു ഭാവി ഇല്ല എന്ന് കരുതുന്നയാളാണ് ഞാന്‍. ഇതില്‍ പലതും അങ്ങയുടെ ശ്രദ്ധയില്‍പ്പെട്ടവ തന്നെയായിരിക്കും. എങ്കിലും ഞാന്‍ കുറിക്കട്ടെ. 

1. മാലിന്യം എന്ന ഭീകരന്‍ 
കേരളത്തെ പേടിപ്പിക്കുന്ന ഭീകരന്‍ ആരാണ് എന്ന് ചോദിച്ചാല്‍ മാലിന്യം എന്ന് മാത്രമേ ഞാന്‍ ഉത്തരവ് പറയൂ. നമ്മുടെ ഒന്നിലധികം പ്രശ്‌നങ്ങള്‍ക്ക് കാരണം എല്ലായിടത്തും കുമിഞ്ഞുകൂടുന്ന മാലിന്യമാണ്. പകര്‍ച്ചവ്യാധികള്‍ മുതല്‍ അലഞ്ഞുനടക്കുന്ന നായ്ക്കല്‍ വരെ മാലിന്യക്കൂമ്പാരത്തിന് ചുറ്റും നിന്ന് ഉണ്ടാവുന്നതാണ്. ഞാനടക്കമുള്ള എത്രയോ കലാകാരന്‍മാര്‍ ഇതിനെതിരെ നിരവധി തവണ ബോധവത്കരണ പരസ്യങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നിട്ടും ഒരു കാര്യവുമില്ല. റോഡിനിരുവശത്തെയും മാലിന്യകൂമ്പാരം കേരളമെങ്ങും കൂടുക മാത്രമേ ഉണ്ടായിട്ടുള്ളു. സ്വന്തം വീട്ടിലെ മാലിന്യം പൊതുവഴിയില്‍ ഉപേക്ഷിക്കുന്ന മാന്യന്മാര്‍ നമ്മുടെ നാട്ടില്‍ വര്‍ദ്ധിക്കുകയാണ്. ഞങ്ങള്‍ ഇതെവിടെയാണ് കൊണ്ടുപോയി കളയുക? എന്ന കാതലായ ചോദ്യവും നഗരവാസികള്‍ ചോദിക്കുന്നു. ഈ രണ്ടു കാര്യങ്ങളെയും അഭിമുഖീകരിക്കേണ്ടതുണ്ട്. മാലിന്യം നിക്ഷേപിക്കാന്‍ കൃത്യമായ സ്ഥലങ്ങളും സൗകര്യമുണ്ടാക്കുകയും എന്നിട്ടും പൊതുസ്ഥലത്ത് മാലിന്യം ഉപേക്ഷിക്കുന്നവരെ കര്‍ശനമായി ശിക്ഷിക്കുകയും വേണം. ഈ യജ്ഞം ഒരു കഠിനവ്രതമായി അങ്ങ് ഏറ്റെടുക്കും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അല്ലെങ്കില്‍ അടുത്ത അഞ്ചുവര്‍ഷം കഴിഞ്ഞുള്ള കേരളത്തെ കുറിച്ച് ഓര്‍ക്കാന്‍ പോലും എനിക്ക് പേടിയാകുന്നു. തിരക്കിനിടയില്‍ എപ്പോഴെങ്കിലും ഒന്നു കണ്ണടച്ചിരിക്കുമ്പോള്‍ അങ്ങും ഒന്ന് ഓര്‍ത്തു നോക്കൂ.

2. അമിതവേഗവും അപകടങ്ങളും 
ലോകമഹായുദ്ധങ്ങളേക്കാള്‍ മനുഷ്യര്‍ പ്രതിവര്‍ഷം നമ്മുടെ റോഡുകൡ മരിക്കന്നു എന്നത് ഒരു നാടിനും ഭൂഷണമല്ല. ദുഃഖകരമെന്ന് പറയട്ടെ നമ്മുടെ കേരളത്തില്‍ ഈ കണക്ക് എല്ലാവര്‍ഷവും പെരുകുന്നു. എത്രയോ കുടുംബങ്ങള്‍ എന്നെന്നേക്കുമായി ഇല്ലാതായി. പലരും മരിച്ചുജീവിക്കുന്നു. മിക്കതും റോഡിലെ അമിതവേഗത കാരണം. കര്‍ശനമായ നിയമങ്ങളുണ്ടായിട്ടും എന്തുകൊണ്ടാണ് നമുക്കിത് തടയാന്‍ സാധിക്കാത്തത്? ഋഷിരാജ് സിംഗ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായ സമയത്ത് എല്ലാ വാഹനങ്ങള്‍ക്കും സ്പീഡ് ഗവേര്‍ണറുകള്‍ നിര്‍ബന്ധമാക്കിയിരുന്നു. മാസങ്ങള്‍ക്കുള്ളില്‍ വാഹനാപകടങ്ങളുടെ നിരക്ക് കുത്തനേ താണു. എന്താണിത് നല്‍കുന്ന പാഠം? വേണമെങ്കില്‍ സാധിക്കും. അന്ന് ഘടിപ്പിച്ച സ്പീഡ് ഗവേര്‍ണറുകളുടെ ഇപ്പോഴത്തെ സ്ഥിതി, അവസ്ഥ ഒന്ന് ആലോചിക്കാവുന്നതാണ്. ആളെക്കൊല്ലുന്നവരുടെ ലൈസന്‍സ് എന്നെന്നേക്കുമായി എന്തുകൊണ്ട് നമുക്ക് റദ്ദുചെയ്തൂകൂടാ? ഈ വിഷയത്തില്‍ ഒരു നല്ല തീരുമാനം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. ചോര വീഴാത്ത റോഡുകള്‍ നമുക്കുണ്ടാവട്ടെ എന്ന് പാര്‍ത്ഥിക്കുന്നു. 

3. എത്രകാലം നാമിങ്ങനെ കുരുങ്ങിക്കിടക്കും 
എന്നെക്കാളധികം കേരളത്തിലൂടെ യാത്ര ചെയ്യുന്ന അങ്ങയോട് നമ്മുടെ റോഡുകളിലെ വാഹനക്കുരുക്കുകളെക്കുറിച്ച് പ്രത്യേകം പറഞ്ഞുതരേണ്ട കാര്യമില്ല. എത്ര മണിക്കൂറുകള്‍. എത്രമാത്രം മനുഷ്യോര്‍ജ്ജം എന്നിവയാണ് ഓരോ ദിവസവും നാം നമ്മുടെ റോഡുകളില്‍ പായിക്കുന്നത്. പറഞ്ഞറിയിക്കാനാവാത്ത മാനസികസംഘര്‍ഷവും. ഇതിനേതെങ്കിലും വിധത്തില്‍ പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ അടുത്ത അഞ്ചുവര്‍ഷം കൂടി കഴിഞ്ഞാല്‍ നമുക്ക് വാഹനവുമെടുത്ത് റോഡിലേക്കിറങ്ങാന്‍ സാധിക്കില്ല. പഴയകാലത്തെ കാല്‍നടയിലേക്ക് നമുക്ക് മടങ്ങേണ്ടിവരും. റോഡ് വികസനത്തിന്റെ കാര്യത്തില്‍ അങ്ങ് എടുക്കുന്ന താല്‍പ്പര്യം ഞാന്‍ കാണുന്നുണ്ട്. പദ്ധതികള്‍ എത്രയോ നാം കണ്ടുകഴിഞ്ഞിരിക്കുന്നു. നടപ്പിലാക്കലാണ് പലപ്പോഴും ഇല്ലാതെ പോവുന്നത്. വലിയ വെല്ലുവിളികള്‍ ഇക്കാര്യത്തില്‍ ഉണ്ടെന്നറിയാം. വെല്ലുവിളികളാണല്ലോ നമ്മളെ എപ്പോഴും മുന്നോട്ട് നയിക്കുന്നത്. 

4. വൃദ്ധരോടും സ്ത്രീകളോടും കുട്ടികളോടുമുള്ള ക്രൂരത 
നമുക്കു ചുറ്റും ഏറ്റവുമധികം ഉപദ്രവിക്കപ്പെടുന്നത് വൃദ്ധരും സ്ത്രീകളും കുട്ടികളുമാണ് . ഉദാഹരണങ്ങള്‍ നിരത്തുന്നില്ല. എത്രയോ വര്‍ഷങ്ങള്‍, എത്രയോ അനുഭവങ്ങള്‍. കര്‍ശനമായ ശിക്ഷയുടെ ഇല്ലായ്മയാണ് ഈ അവസ്ഥ തുടരാന്‍ കാരണം. വൃദ്ധര്‍ക്ക് ആലംബവും സ്ത്രീകള്‍ക്ക് സംരക്ഷണവും കുട്ടികള്‍ക്ക് വാത്സല്യവും വിദ്യാഭ്യാസവും എന്നത് ഒരു മിഷന്‍ ആയി അങ്ങ് എടുക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. അതിലും വലിയ നന്മ മറ്റൊന്നുണ്ടാവില്ല. 

5. പരിസ്ഥിതിയുടെ കാവല്‍ക്കാരാവുക 
അങ്ങയും അങ്ങയുടെ സര്‍ക്കാരും നമ്മുടെ മനോഹരമായ ഈ നാടിന്റെ പച്ചപ്പിന്റെ കൂടി കാവല്‍ക്കാരാവുക. പരിപാലകരാവുക. അധികമൊന്നും നമുക്ക് ബാക്കിയില്ല. ഉള്ളതുകൂടി പോയാല്‍ ആര്‍ക്കും നമ്മെ രക്ഷിക്കാന്‍ സാധിക്കില്ല. വെള്ളംപൊങ്ങിപ്പൊങ്ങി വന്നാല്‍ പിടിച്ചുകയറാന്‍ ഒരു മരം പോലും ഉണ്ടാവില്ല. ശേഷിക്കുന്ന വനങ്ങളും വെള്ളച്ചാട്ടങ്ങളും മാത്രമല്ല, കുന്നുകളും, വയലുകളും നിലനിര്‍ത്തണം സാര്‍. അത്തരത്തില്‍ സമഗ്രമായ ഒരു പരിസ്ഥിതി സംരക്ഷണ കവചം താങ്കള്‍ കേരളത്തിനു വേണ്ടി നിര്‍മ്മിക്കണം. ഇല്ലെങ്കില്‍ കേരളം എന്നത് ഓര്‍മ്മകളിലെ ഒരു പച്ചപ്പൊട്ട് മാത്രമായി മാറും. 

രാഷ്ട്രീയമോ പക്ഷ-പ്രതിപക്ഷ ഭേദമോ ഇല്ലാതെ ചെയ്യാന്‍ കഴിയുന്നവയാണ് ഇത്രയും കാര്യങ്ങള്‍. ഇവയൊന്നും നമുക്കു വേണ്ടി മാത്രമല്ല സര്‍, വരും തലമുറയ്ക്കുവേണ്ടി. നാം കടന്നുപോകും. പക്ഷെ വരാനുണ്ട് ഈ മണ്ണില്‍ ഇനിയുമെത്രയോ അത്ഭുതകരമായ ജീവിതങ്ങള്‍. അവര്‍ നമ്മെ കുറ്റംപറയാന്‍ ഇടവരരുത്. 

ഇക്കാര്യങ്ങളില്‍ ഒരു കലാകാരന്‍ എന്ന നിലയിലും വ്യക്തി എന്ന നിലയിലും എന്റെ എല്ലാ സേവനങ്ങളും ഞാന്‍ അങ്ങേയ്ക്ക് വാഗ്ദാനം ചെയ്യുന്നു. അങ്ങയുടെ സര്‍ക്കാരിന്റെ തുടക്കത്തിലെ ചില തീരുമാനങ്ങള്‍ നന്നായി എന്നു തോന്നിയതുകൊണ്ടാണ് ഇങ്ങനെയൊരു നിവേദനം ഞാന്‍ സമര്‍പ്പിക്കുന്നത്. തുടക്കം നന്നായാല്‍ ഒടുക്കം നന്നാവും. രാഷ്ട്രീയം ഭരണത്തിലേക്കുള്ള വഴിയായിക്കൊള്ളട്ടെ, എന്നാല്‍ ഭരണത്തില്‍ രാഷ്ട്രീയം ഇല്ലാതിരിക്കട്ടെ. കേരളം താങ്കളില്‍ നിന്ന് ഒരുപാട് പ്രതീക്ഷിക്കുന്നു. അങ്ങേയ്ക്കും സഹപ്രവര്‍ത്തകര്‍ക്കും എല്ലാവിധ ആശംസകളും നേര്‍ന്നുകൊണ്ട് 

സ്‌നേഹപൂര്‍വ്വം 
മോഹന്‍ലാല്‍

http://www.thecompleteactor.com/articles2/2016/06/an-open-letter-to-kerala-chief-minister-2/

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍