UPDATES

സിനിമ

രാജ്യസ്‌നേഹം: മോഹന്‍ലാലിന് മറുപടിയുമായി സോഷ്യല്‍ മീഡിയ

Avatar

അഴിമുഖം പ്രതിനിധി

ഇന്ത്യ മരിച്ചിട്ട് നാം ജീവിക്കുന്നത് എന്തിന് എന്ന് ആരാഞ്ഞുകൊണ്ട് സിനിമാ താരം മോഹന്‍ലാല്‍ എഴുതിയ ബ്ലോഗിന് മറുപടി പറഞ്ഞും ട്രോളിയും സോഷ്യല്‍ മീഡിയ. ഇന്ത്യയുടെ അതിര്‍ത്തികളില്‍ സൈനികര്‍ കാവല്‍ നില്‍ക്കുകയും കൊല്ലപ്പെടുകയും ചെയ്ത് നിലനിര്‍ത്തുന്ന സ്വാതന്ത്ര്യത്തിലും സുരക്ഷയിലും ഇരുന്ന് നമ്മള്‍ പരിഹാസ്യരായി പകിട കളിക്കുന്നുവെന്നും എന്താണ് രാജ്യസ്‌നേഹം എന്നതിനെ കുറിച്ച് പറഞ്ഞ് വൃത്തികെട്ട രീതിയില്‍ തല്ലുകൂടുന്നുവെന്നും മോഹന്‍ലാല്‍ ബ്ലോഗില്‍ കുറിച്ചിരുന്നു. ക്യാമ്പസുകളില്‍ രാജ്യസ്‌നേഹത്തെ ചൊല്ലി തല്ല് നടക്കുന്നുവെന്നും ലാല്‍ ബ്ലോഗിലെഴുതി.

എന്നാല്‍, വ്യാജ വാര്‍ത്തകള്‍ വരുമ്പോഴും കെട്ടിച്ചമച്ച വീഡിയോകള്‍ വരുമ്പോഴാണ് മോഹന്‍ലാലിന്റെ ബ്ലോഗ് ഉണരുന്നതെന്ന് പറഞ്ഞ് ലാലിന്റെ ബ്ലോഗിന്റെ കീഴില്‍ തന്നെ വിമര്‍ശകര്‍ തേങ്ങയുടച്ചു തുടങ്ങിയ വിമര്‍ശനം താരം മോദി സര്‍ക്കാരിനെ സോപ്പിടാന്‍ വേണ്ടി നടത്തുന്ന ശ്രമമാണിതെന്ന് വരെ പറയുന്നു. ആദായ നികുതി വകുപ്പിന്റേയും എന്‍ഫോഴ്‌സ് ഡയറക്ടറേറ്റിന്റേയും കേസുകളും മുതല്‍ പഴയ ആനക്കൊമ്പ് വരെ സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ വലിച്ചു പുറത്തിട്ടു.

വി കെ ആദര്‍ശ് എഴുതുന്നു:

അതി ‘ലോല’ ലാലന്മാരാണു മിക്ക സിനിമാതാരങ്ങളും. മോഹന്‍ലാലിന്‍റെ സ്വയമെഴുത്ത് അഥവാ സ്വയബ്ലോഗം ആണല്ലോ ഇപ്പോ ചൂടന്‍ വിഷയം. സിനിമാക്കാര്‍ക്ക് അതാത് കാലത്തെ സര്‍ക്കാരുമായി വണക്കപ്പെടാന്‍ ഇഷ്ടം കൂടുന്നതിന്റെ രണ്ട് മുഖ്യകാരണങ്ങള്‍

1. സിനിമാ അവാര്‍ഡ് മുതല്‍ വിവിധ പത്മാ പുരസ്‌കാരം വരെ ഇടയ്ക്കിടെ വന്നുകൊണ്ടിരിക്കണം. ഈ അവാര്‍ഡു പരമ്പരകള്‍ക്ക് ഒപ്പമുള്ള പണത്തില്‍ അല്ല ഇവരുടെ കണ്ണ്. മറിച്ച് അതിന്റെ സാമൂഹിക മൂലധനത്തില്‍ (social capital) ആണ്. ഇത് കെടയ്ക്കണമെങ്കില്‍ ഇങ്ങ് കേരള സര്‍ക്കാര്‍ മുതല്‍ അങ്ങ് മോദി രാജ്യമന്ത്രി സഭയിലെ പ്രമാണിമാരെ മുതല്‍ ചെറുവേഷക്കാരെ വരെ താണുവണങ്ങീടണം. അതിനായി കംപ്ലീറ്റ് ആക്ടറുടെ ബ്ലോഗം ഒക്കെ ചെറിയ തുരുപ്പു ഗുലാന്‍ മാത്രം.

2. രാജ്ദീപ് സര്‍ദേശായി തന്റെ പുസ്തകത്തില്‍ പറഞ്ഞത് പോലെ മൂന്ന് C കള്‍ ആണ് എവിടെയും. Cricket, Cinema & Crime. ഈ മൂന്ന് C കളിലും കാര്യമായ ബ്ലാക്ക് മണി ഒഴുക്കും നടക്കും. സംസ്ഥാന സര്‍ക്കാരിന്റെ കേസെടുക്കല്‍ പോലെ അല്ല ED, Income Tax കേസെടുപ്പ്. അത് ഉടുമ്പിന്റെ പിടി പോലെയാ, ഒന്ന് പിടിച്ചാല്‍ പിന്നെ പോകില്ലെന്ന് മാത്രമല്ല, ഈ കോട്ടകൊത്തള സ്റ്റാര്‍ഡം ഒക്കെ നിലം പരിശാകും. അതിനുള്ള ബുദ്ധിമിടുക്കും സര്‍വതന്ത്രങ്ങളും അറിയാവുന്ന മോഡിഫൈഡ് ടീമിനെ സോപ്പിട്ട് സ്വയം ബ്ലോഗിച്ച് കംപ്ലീറ്റ് ആയി പ്രസാദിപ്പിക്കേണ്ടത് അനിവാര്യത എന്ന് പറയുന്നില്ല. എന്നാല്‍ ഓച്ഛാനിച്ച് നില്‍ക്കാന്‍ പോലും വേണ്ടാതെ ചാടിക്കടന്ന് മുട്ടിലിഴയുന്നത് ഏത് മംഗലശേരി നീലകണ്ഠനായാലും മഹാബോറാ.

ബ്ലോഗെഴുതുന്നതിനെ ആരും വിമര്‍ശിക്കുന്നില്ല. അത് തികച്ചും വ്യക്തിപരമായ അഭിപ്രായ സ്വാതന്ത്ര്യം. എന്നാല്‍ അതിനെ വിമര്‍ശിക്കാന്‍ മറ്റുള്ളവര്‍ എത്തുമ്പോള്‍ അയ്യൊ ഇവിടെ ദാ മോഹന്‍ലാലിനു പോലും അഭിപ്രായ സ്വാതന്ത്ര്യം ഇല്ലേ എന്ന് കൂവുന്നതില്‍ ഒരു യുക്തിയും ഇല്ല.

ഇഷ്ടമില്ലാത്ത സിനിമാ റിവ്യൂ പത്രത്തില്‍ നിന്നും ചാനലുകളില്‍ നിന്നും വേരോടെ പറിച്ചെറിയാന്‍ മേല്‍ എഡിറ്റര്‍മാരെയും മാധ്യമ മുതലുടമകളെയും വിളിക്കുന്നത് പോലെയും അടുത്ത ഓണത്തിനും ചങ്ക്രാന്തിക്കും ഇങ്ങ് വാ ഇന്റര്‍വ്യുനെന്നും പറഞ്ഞ് തിണ്ണമിടുക്ക് കാണിക്കുന്നതില്‍ ലാല്‍ മാത്രമല്ല മഹാ നടന്മാരായ എല്ലാവരും ഒരേ നുകത്തില്‍ കെട്ടാവുന്നത് തന്നെ.

ഇനി ഒരു കാര്യം കൂടി പറയാതെ വയ്യ: മോഹന്‍ ലാലിനെ നായരെന്നും പിന്നെ സുകുമാരന്‍ നായരെ ഒക്കെ പരാമര്‍ശിച്ച് ആക്ഷേപിക്കുന്നത് കുറഞ്ഞ പക്ഷം തനി വൃത്തികേടാണ്. വേറൊരു കൂട്ടര്‍ തിരുവനന്തപുരം ലോബി എന്നും ആക്ഷേപശരങ്ങള്‍ എയ്യുന്നു. ലോബി ആയാലും ജിലേബി വിതരണം ആയാലും സ്ഥാനം തെറ്റിയ ആക്ഷേപങ്ങള്‍ വിപരീതഫലത്തിനേ വെള്ളവും വളവും ആകൂ.

ഫലശ്രുതി : മറ്റ് മഹാനടന്മാരും ഈ വഴി തേര് തെളിച്ച് വരാനാണ് സാധ്യത കൂടുതല്‍. ഈ മോഹന്‍ലാല്‍ ബ്ലോഗിനെ വിമര്‍ശിക്കുന്ന കൂട്ടത്തില്‍ തിരക്കഥ എഴുതുന്ന എഴുതാനിരിക്കുന്ന എത്ര പുരോഗമന സാഹിത്യകാര്‍ ഉണ്ട്. മോഹന്‍ലാല്‍ കേന്ദ്രസര്‍ക്കാരിന്റെ വിനീത വിധേയ ദാസ്യന്‍ ആയി വേഗം പരിവര്‍ത്തിതന്‍ ആകുമ്പോള്‍, ഇതേ ലാല്‍ ഇനി തങ്ങളുടെ കഥ കേട്ടില്ലങ്കിലോ അല്ലെങ്കില്‍ ലാല്‍ ലോബി തങ്ങളെ ഒതുക്കിയാലോ എന്ന് വര്‍ണ്യത്തിലാശങ്കപ്പെട്ടിരിക്കുന്ന എല്ലാ മൗനങ്ങളും അപകടമൂകത ആണ്.

സോമി സോളമന്‍ എഴുതുന്നു

എന്തുകൊണ്ടാണ് നാം നമ്മുടെ മക്കള്‍ക്ക് ഇന്ത്യ എന്ന അദ്ഭുതത്തെക്കുറിച്ച് പറഞ്ഞുകൊടുക്കാത്തത്? -ലാല്‍.

ശരിയാണ് .

ആദിവാസി സ്ത്രീകളുടെ യോനിയില്‍ കല്ല് കേറ്റി കളിക്കുന്ന , നഗ്‌നയാക്കി ജയില്‍ മുറികളില്‍ ഇരുത്തുന്ന , മുഖത്ത് ആസിഡ് ഒഴിച്ച് ‘നീതിപാലകര്‍’ നീതി നിര്‍വഹിക്കുന്ന ഇന്ത്യ എന്ന അത്ഭുതത്തെ കുറിച്ച് എന്താണ് പറഞ്ഞു കൊടുക്കാത്തത് ?

പട്ടാളത്തിന്റെ പീഡനങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ നഗ്‌നരായി പ്രതിഷേധിക്കേണ്ടി വന്ന മണിപ്പൂരി അമ്മമാരെ കുറിച്ച് എന്താണ് പറഞ്ഞു കൊടുക്കാത്തത് ?

വടക്ക് കിഴക്ക് നിന്നുള്ള പൌരന്മാര്ക്ക് ഇന്നും ബംഗലൂരും ഡല്‍ഹിയിലും ഒരുപോലെ പൌരത്വം കാണിക്കുന്ന തെളിവുകള്‍ ഹാജരാക്കി ‘ദേശസ്‌നേഹത്തിന്റെ ‘ തെളിവുകള്‍ ഹാജരാക്കേണ്ടി വരുന്ന ഇന്ത്യ എന്ന അത്ഭുതത്തെ കുറിച്ച് എന്താണ് പറഞ്ഞു കൊടുക്കാത്തത് ?

ജീവിക്കാന്‍ നിവര്‍ത്തിയില്ലാതെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ അതിനെ ഫാഷന്‍ എന്ന് വിളിക്കുന്ന ‘അധികാര വര്‍ഗമുള്ള’ ഇന്ത്യ എന്ന അത്ഭുതത്തെ കുറിച്ച് എന്താണ് പറഞ്ഞു കൊടുക്കാത്തത് ?

മുസ്ലിം നാമദാരിയെ ‘ദേശദ്രോഹി ‘യാക്കാന്‍ അഹോരാത്രം പാടുപെടുന്ന മാധ്യമ :സിംഹങ്ങളുടെ ‘ ഇന്ത്യ എന്ന അത്ഭുതത്തെ കുറിച്ച് എന്താണ് പറഞ്ഞു കൊടുക്കാത്തത് ?

സര്‍വകലാശാലകളില്‍ പോലും നീതി നിഷേധിക്കപ്പെട്ട രോഹിത് വെമുലമാരുടെ ശവ ശരീരങ്ങള്‍ തൂങ്ങിയാടുന്ന ഇന്ത്യ എന്ന അത്ഭുതത്തെ കുറിച്ച് എന്താണ് പറഞ്ഞു കൊടുക്കാത്തത് ?

വ്യത്യസ്ത സ്വരങ്ങളെ നിശബ്ദമാക്കാന്‍ , പ്രതികരണങ്ങളെ , പ്രതിഷേധങ്ങളെ ഇല്ലാതാക്കാന്‍ വിദ്യാര്‍ഥി യുണിയന്‍ നേതാവിനെ പോലും വ്യാജതെളിവുണ്ടാക്കി കുടുക്കി , നിയമ സംവിധാനത്തിന്റെ മുന്‍പില്‍ , നിയമപാലകര്‍ തല്ലിച്ചതച്ചു , ജയിലില്‍ അടയ്ക്കുന്ന ഇന്ത്യ എന്ന അത്ഭുതത്തെ കുറിച്ച് എന്താണ് പറഞ്ഞു കൊടുക്കാത്തത് ?

എന്‍ പി ശ്രീജിത്ത് എഴുതുന്നു:

പട്ടാളം അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്നതുകൊണ്ട് മാത്രമാണ് നാമൊക്കെ സുരക്ഷിതമായിരിക്കുന്നത് എന്നത് ഒരിക്കലും അഗീകരിക്കാനാവാത്ത ഒരു വാദം ആണ്.

നാം സുരക്ഷിതരായിരിക്കുന്നതിന്റെ പല കാരണങ്ങളില്‍ ഒന്നു മാത്രമാണ് പട്ടാളം. അതിനൊപ്പമോ അതിലും വലുതോ ആയ പല കാരണങ്ങള്‍ ഇതോട് ഒന്നു ചേര്‍ന്നിരിക്കുന്നത് കൊണ്ട് മാത്രമാണ് നാം സുരക്ഷിതരായിരിക്കുന്നത്.

ക്യത്യമായി എഴുതി വയ്ക്കപ്പെട്ട ഭരണഘടനയും, അത് പാലിക്കാനായി നാം തെരെഞ്ഞെടുക്കുന്ന ജനാധിപത്യ ഭരണ സംവിധാനവും അതിലെ പ്രധാന തൂണ്‍ ആണ്. സാമൂഹിക നീതിക്കുവേണ്ടി കാലാകാലങ്ങളില്‍ ഭരണ സംവിധാനം എടുക്കുന്ന തീരുമാനങ്ങള്‍ ആണ് ഇതിന്റെ ശക്തി കൂട്ടുന്നത്.

എഴുതി വയ്ക്കപ്പെട്ട നിയമങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പു വരുത്താനായി സ്ഥാപിക്കപ്പെട്ട പോലീസ് ഉള്‍പ്പെടെ ഉള്ള പല വിധ സിവിലിയന്‍ സംവിധാനങ്ങളും നീതി ഉറപ്പു വരുത്തുന്ന ജുഡീഷ്യല്‍ സംവിധാനങ്ങളും സാമൂഹിക സമാധാനത്തിന്റെ മറ്റൊരു പില്ലര്‍ ആണ്. ഇതിന്റെ പരാജയവും സമാധാനത്തെ പൂര്‍ണ്ണമായി നശിപ്പിക്കും.


നമുക്കായി ഭരണ സംവിധാനത്തില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയുവാനുള്ള സ്വാതന്ത്ര്യവും, അതിനനുസരിച്ച് ജനാധിപത്യ രീതിയില്‍ പ്രതികരിക്കാനുള്ള സ്വാതന്ത്രവും, വിവരങ്ങള്‍ നമ്മളില്‍ എത്തിക്കാനുള്ള മീഡിയ സ്വാതന്ത്രവും ഇതിന്റെ മറ്റൊരു പ്രധാന തൂണ്‍ അല്ലേ?

ഇതിനെല്ലാം അപ്പുറം നമ്മെ നാമായി, സമാധാനത്തോടെ ഒന്നിച്ച് നിര്‍ത്തുന്ന രണ്ട് ഘടകങ്ങള്‍ കൂടി ഉണ്ട്. മുകളില്‍ പറഞ്ഞ എല്ലാ തൂണുകളുടേയും അടിത്തറ ഇതിലാണ്.

ബഹുസ്വരതയും, അതിനോടുള്ള സഹിഷ്ണുതയും ആണ് ഈ രണ്ട് ഘടകങ്ങള്‍.

വിഭിന്ന അഭിപ്രായങ്ങളോടുള്ള സഹിഷ്ണുതയും, വിമര്‍ശിക്കേണ്ടതിനെ നല്ല രീതിയില്‍ വിമര്‍ശിക്കാനും, സ്വീകരിക്കേണ്ടതിനെ സ്വീകരിക്കാനുമുള്ള കഴിവും ആണ്, സൂര്യനസ്ഥമിക്കാത്ത സാമ്രാജ്യത്തെ ഇന്ത്യയുടെ മുന്നില്‍ മുട്ടുകുത്തിച്ചതും, അതിനു ശേഷം ലഭിച്ച സ്വാതന്ത്രത്തെ ഒരു പോറല്‍ പോലും ഏല്‍ക്കാതെ ഇവിടെ വരെ എത്തിക്കാന്‍ സഹായിച്ചതും.

ഈ സ്വാതന്ത്ര്യമാണ് നിങ്ങള്‍ ഈ പറയുന്ന മനസ്സമാധാനം.

ഇത് മനസ്സിലാക്കാന്‍ ഒരുപാട് കഷ്ടപ്പെടേണ്ട.

പട്ടാളം മാത്രമുള്ള, മുകളില്‍ പറഞ്ഞ മറ്റു കാര്യങ്ങള്‍ ഇല്ലാത്ത ആഫ്രിക്കന്‍ കൊറിയന്‍ രാജ്യങ്ങളുടെ സമാധാന അന്തരീക്ഷത്തെ പറ്റി ഒന്ന് ആലോചിച്ച് നോക്കിയാല്‍ മാത്രം മതി.

NB : പട്ടാളക്കാരോടും അവര്‍ രാജ്യത്തിനു ചെയ്യുന്ന സേവനത്തോടും എനിക്ക് ബഹുമാനം മാത്രമേ ഉള്ളൂ. 

എന്നാല്‍ അവര്‍ മാത്രമാണ് നാമൊക്കെ സുരക്ഷിതരായി, സമാധാനത്തോടെ കഴിയാന്‍ കാരണം എന്നുള്ള ഉട്ടോപ്യന്‍ ന്യായം എനിക്ക് ദഹിക്കില്ല.

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെതിരെ ദേശദ്രോഹ കുറ്റം ചുമത്തിയത് വ്യാജ വീഡിയോ ദൃശ്യം ചമച്ചാണെന്ന വാര്‍ത്തയെ കുറിച്ചും ഇഷ്ടമുള്ള ആഹാരം കഴിച്ചതിന് ദാദ്രിയില്‍ അഖ്‌ലാഖിനെ തല്ലിക്കൊന്നതിനും ഒന്നും ലാല്‍ എന്തുകൊണ്ട് വിമര്‍ശിച്ചു കണ്ടില്ലെന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു. രാഷ്ട്രപിതാവിനെ കൊന്ന ഗോഡ്‌സെയ്ക്ക് സംഘപരിവാറുകാര്‍ ജയ് വിളിക്കുമ്പോള്‍ ലാലിന്റെ ബ്ലോഗ് ഉറക്കത്തിലാകുമെന്നും വിമര്‍ശകര്‍ ആരോപിക്കുന്നു.

മോഹന്‍ ലാലിന്റെ ബ്ലോഗ് വായിക്കാന്‍ സന്ദര്‍ശിക്കുക: http://goo.gl/Q20DF6 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍