UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിപിഐഎം അക്രമം എന്തുകൊണ്ട് കത്തില്‍ ഉള്‍പ്പെടുത്തിയില്ല; മോഹന്‍ലാലിനോട് കുമ്മനം

അഴിമുഖം പ്രതിനിധി

അരനൂറ്റാണ്ടിലേറെയായി കേരളത്തില്‍ തുടരുന്ന മാര്‍ക്‌സിസ്റ്റ് ആക്രമണങ്ങളെക്കുറിച്ചു കൂടി മുഖ്യമന്ത്രി പിണറായി വിജയനെ ഓര്‍മിപ്പിക്കാഞ്ഞതെന്തുകൊണ്ടായിരുന്നുവെന്ന് മോഹന്‍ ലാലിനോട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. അത്യാവശ്യമായി മുഖ്യമന്ത്രിയുടെ ശ്രദ്ധപതിയണമെന്ന ഉദ്ദേശ്യത്തോടെ മോഹന്‍ ലാല്‍ എഴുതിയ തുറന്ന കത്തിനോടുള്ള തന്റെ പ്രതികരണം കുമ്മനം സ്വന്തം ഫെയ്‌സബുക്ക് പേജിലാണ് പങ്കുവച്ചത്. കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്ന വിഷയങ്ങള്‍ കാലികപ്രസക്തിയുള്ളതാണെങ്കിലും ദളിതരോടും മറ്റൊരു പാര്‍ട്ടിയുടെ ആശയം പിന്തുടരുന്നവരോടും മാര്‍ക്‌സിസറ്റ് പാര്‍ട്ടി കാലങ്ങളായി നടത്തിവരുന്ന മനുഷ്യാവകാശലംഘനം അവസാനിപ്പിക്കേണ്ടത് കേരളത്തിന്റെ മുഴുവന്‍ ആവശ്യമാണന്ന കാര്യം കൂടി മോഹന്‍ ലാലിന് തന്റെ കത്തില്‍ പങ്കുവയ്ക്കാമായിരുന്നുവെന്നാണ് കുമ്മനം പറയുന്നത്.

കുമ്മനത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ;

‘പ്രകൃതിചൂഷണവും വാഹനങ്ങളുടെ അമിതവേഗതയും അപകടമരണങ്ങളുമൊക്കെ വിഷയമാക്കി mohanlal പിണറായി വിജയന് അയച്ച തുറന്ന കത്ത് വളരെ കാലിക പ്രസക്തമുള്ളതാണ്. എന്നാല്‍ അതേ പോലെ തന്നെ പരിഗണന നല്‍കേണ്ട വിഷയമായിരുന്നില്ലേ മുഖ്യമന്ത്രിയുടെ നാട്ടിലുള്‍പ്പെടെ കേരളത്തിന്റെ നിരവധി സ്ഥലങ്ങളില്‍ മാര്‍ക്‌സിസ്‌റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന ക്രൂരതകള്‍? പത്തും പതിനഞ്ചും വര്‍ഷങ്ങളായി സ്വന്തം വീട്ടില്‍ വരാന്‍ പറ്റാത്തവര്‍, സ്വന്തം നാടും ബന്ധുക്കളെയും വിട്ട് അന്യനാടുകളിലേക്ക് മാറി പാര്‍ക്കേണ്ടി വന്നവര്‍, എപ്പോഴും മരണം വീട്ടിലേക്ക് കയറിവന്നേക്കാം എന്ന ഭയപ്പാടോടെ ജീവിക്കുന്നവര്‍, ഭയന്നു വിറങ്ങലിച്ചു ജീവിക്കുന്ന കുട്ടികള്‍, വിവാഹ പ്രായം കഴിഞ്ഞിട്ടും കല്യാണം ശരിയാവാത്ത പെണ്‍കുട്ടികള്‍, അങ്ങിനെ എത്രയെത്ര ജീവിതങ്ങള്‍. മറ്റൊരു ആശയത്തില്‍ വിശ്വസിച്ചു എന്നതു കൊണ്ടു മാത്രം മാനുഷികമായ യാതൊരു പരിഗണനയും കൊടുക്കാതെ ക്രൂരമായ മനുഷ്യാവകാശ ലംഘനമാണ് മാര്‍ക്‌സിസ്‌റ് പാര്‍ട്ടി അവര്‍ക്കു സ്വാധീനമുള്ള സ്ഥലങ്ങളില്‍ നടപ്പിലാക്കുന്നത്.ഇത്തരം ആക്രമണങ്ങള്‍ ദളിതര്‍ക്കുനേരെയും വ്യാപകമാണ്. അറുപതുകളില്‍ തുടങ്ങിയ ഈ പ്രാകൃതമായ രീതികള്‍ അവസാനിപ്പിക്കേണ്ടത് രാഷ്ട്രീയത്തിനപ്പുറം മുഴുവന്‍ കേരള സമൂഹത്തിന്റെയും ആവശ്യം കൂടിയാണ്. മോഹന്‍ലാലിന്റെ പിണറായി വിജയനുള്ള കത്തില്‍ ഈ ഒരു വിഷയം കൂടി ഉള്‍പ്പെടുത്തേണ്ടതായിരുന്നില്ലേ…’

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍