UPDATES

സിനിമ

നമ്മുടെ നടന്മാരുടെ ചില ബിസിനസുകള്‍!

Avatar

കൃഷ്ണ ഗോവിന്ദ്

നമ്മുടെ പല മലയാള ചലച്ചിത്ര താരങ്ങളും അഭിനയ ജീവിതത്തിനപ്പുറം മറ്റ് ചില മേഖലകളിക്കൂടി കഴിവ് തെളിയിക്കുന്നുണ്ട്, പ്രത്യേകിച്ച് ബിസിനസ് സംരംഭങ്ങളിലും മറ്റും. മലയാള ചലച്ചിത്ര താരങ്ങള്‍ക്ക് പൊതുവായി താല്‍പര്യമുള്ള ചില ബിസിനസ് സംരംഭങ്ങളുണ്ട്. ചലച്ചിത്ര നിര്‍മ്മാണം, വിതരണം, ഹോട്ടല്‍/റെസ്റ്റോറെന്റെസ് തുടങ്ങിയ മേഖലകള്‍ അവര്‍ക്ക് കൂടുതല്‍ പ്രിയപ്പെട്ടത്താണെന്ന് തോന്നുന്നു. മലയാളത്തിലെ പ്രമുഖ അഭിനേതാക്കളായ മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, പ്രിഥ്വിരാജ്, സിദ്ധിക്ക്, അസീഫ് അലി തുടങ്ങിയവരുടെ സംരംഭങ്ങളാണ് പരിചയപ്പെടുത്തുന്നത്.

മോഹന്‍ലാല്‍

മലയാള ചലചിത്ര രംഗത്ത് മുപ്പത്തഞ്ച് വര്‍ഷങ്ങളായി അഭിനയിച്ച് കൊണ്ടിരിക്കുന്ന മോഹന്‍ ലാല്‍, അതുല്യ പ്രതിഭയുള്ള നടന്‍ എന്ന വിശേഷണത്തിനുപരി നല്ലൊരു ബിസിനസുകാരനുമാണ്. പല ബിസിനസ് സംരംഭങ്ങളും ചലച്ചിത്രമേഖലയുമായി ബന്ധപ്പെട്ടതാണെങ്കിലും അതിന് പുറമെയും അദേഹത്തിന് ബിസിനസ് സംരംഭങ്ങളുണ്ട്. ചലച്ചിത്ര നിര്‍മാതാവ് എന്ന നിലയിലാണ് മോഹന്‍ ലാല്‍ ആദ്യമായി ബിസിനസ് രംഗത്തേക്ക് കടക്കുന്നത്. സഹതാരങ്ങളായ മമ്മൂട്ടിക്കും സീമയ്ക്കുമൊപ്പം കാസിനോ എന്ന സിനിമാ നിര്‍മ്മാണ കമ്പനിയില്‍ പങ്കാളിയായിരുന്നു. അതിനുശേഷം അദേഹം പ്രണവം ആര്‍ട്‌സ് എന്ന പേരില്‍ സ്വന്തമായി സിനിമാ നിര്‍മ്മാണ കമ്പനി ആരംഭിച്ചു. ഹിസ് ഹൈനസ് അബ്ദുള്ള എന്ന സിനിമയാണ് പ്രണവം ആര്‍ട്‌സിന്റെ ആദ്യ ചിത്രം. പിന്നീട് ആശീര്‍വാദ് സിനിമാസ് എന്ന പേരിലുള്ള സിനിമാ നിര്‍മ്മാണ കമ്പനിയുടെ സഹപങ്കാളിയായി. വിസ്മയ ഫിലിം സ്റ്റുഡിയോയും മോഹന്‍ ലാലിന്റെ സ്വന്തം സ്ഥാപനമാണ്. 2009-ല്‍ മക്സ്ലബ് എന്റര്‍ടൈനെന്റസ് എന്ന നിര്‍മ്മാണ വിതരണ കമ്പനിയുടെ പങ്കാളിയായി. 

 

മോഹന്‍ ലാലിന്റെ സിനിമാ ഇതര സംരംഭങ്ങളും ഒട്ടും കുറവല്ല. മത്സ്യ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന യൂണി റോയല്‍ മറൈന്‍ എക്‌സ്‌പോര്‍ട്‌സിന്റെ ഡയക്ടറാണ് ലാല്‍. മോഹന്‍ ലാല്‍ ടേസ്റ്റ് ബഡ്‌സ് എന്ന പേരില്‍ ദുബായിലും ഹാര്‍ബര്‍ മാര്‍ക്കറ്റ് എന്ന പേരില്‍ ബാംഗ്ലൂരിലും റെസ്റ്റോറന്റുകളുണ്ട്. മോഹന്‍ ലാല്‍ ടേസ്റ്റ് ബഡ്‌സ് എന്ന പേരില്‍ മസാലകളും കറിപൌഡറുകളും വിപണനം നടത്തുന്ന കമ്പനിയും നടത്തുന്നുണ്ട്. ഹെഡ്ജ് ഇക്യൂറ്റീസിലും കാളിദാസ വിഷ്വല്‍ മാജികിലും പങ്കാളിത്തമുണ്ട്. ഇത് കൂടാതെ ഇരുപതോളം കമ്പനികള്‍ക്കും മോഹന്‍ലാല്‍ ബ്രാന്‍ഡിംഗ് നടത്തിയിട്ടുണ്ട്. കണ്ണന്‍ദേവന്‍ ചായ, എല്‍ ജി ഇലക്ട്രോണിക്‌സ്, എംസിആര്‍ മുണ്ടുകള്‍, മണപ്പുറം ഫിനാന്‍സ്, മലബാര്‍ ഗോള്‍ഡ്, ഇന്ത്യന്‍ റെയില്‍വേ തുടങ്ങിയവ മോഹന്‍ ലാല്‍ ബ്രാന്‍ഡിങ്ങ് നടത്തിയ സ്ഥാപനങ്ങളില്‍ ചിലതാണ്.

മമ്മൂട്ടി

മലയാള സിനിമയുടെ ഭാഗമായി നാല്‍പ്പത് വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന മമ്മൂട്ടി കുറച്ച് താമസിച്ചാണ് ബിസിനസ് രംഗങ്ങളില്‍ വ്യാപൃതനായത്. 1980-ല്‍ മോഹന്‍ ലാലും സീമയും ഐ വി ശശിയും സെഞ്ച്വറി കൊച്ചുമോനും ചേര്‍ന്ന് ആരംഭിച്ച കാസിനോ സിനിമാ നിര്‍മ്മാണ കമ്പനിയില്‍ മമ്മൂട്ടിയും പങ്കാളിയായിരുന്നു. നടോടിക്കാറ്റ്,ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ് തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ചത് കാസിനോയായിരുന്നു. പിന്നീട് പ്ലേ ഹൌസ് എന്റര്‍ടെയ്മെന്‍റ്സ് എന്ന പേരില്‍ മമ്മൂട്ടി സ്വന്തമായി ചലച്ചിത്ര നിര്‍മ്മാണ കമ്പനി തുടങ്ങി. കൂടാതെ മലയാളം കമ്മ്യൂണിക്കേഷന്‍സിന്റെ ചെയര്‍മാനുമാണ് മമ്മൂട്ടി. മലയാളം കമ്മ്യൂണിക്കേഷന്‍സിന്റെ ചുമതലയിലുള്ളതാണ് കൈരളി ടിവി, പീപ്പിള്‍ ടിവി, ചാനല്‍ വീ തുടങ്ങിയവ. സൌത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് മമ്മൂട്ടി. കൂടാതെ കേരളത്തിനകത്തും പുറത്തും മമ്മൂട്ടിയുടെ പങ്കാളിത്തത്തോടെയുള്ള ഹോസ്പിറ്റല്‍ ശൃംഖലയുമുണ്ട്.

 

ദിലീപ്

മലയാള ചലച്ചിത്ര താരങ്ങളിലെ ബുദ്ധിമാനായ സംരംഭകനെന്നാണ് ദിലീപിനെ വിശേഷിപ്പിക്കുന്നത്. സിനിമാ നിര്‍മ്മാണം, വിതരണം, ഹോട്ടല്‍ സംരംഭങ്ങള്‍ അങ്ങനെ പല മേഖലകളിലും ദിലീപ് കടന്നിട്ടുണ്ട്. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് എന്ന പേരിലുള്ള സിനിമ നിര്‍മ്മാണ കമ്പനി ദിലീപിന്റെ ഉടമസ്ഥതയിലുള്ളതാണ്. സിഐഡി മൂസയാണ് ഗ്രാന്‍ഡ് പ്രോഡക്ഷന്‍സിന്റെ ആദ്യ ചിത്രം. ഫോര്‍ട്ട് കൊച്ചിയില്‍ ദിലീപിന് മാംഗോ ട്രീയെന്ന പേരില്‍ റെസ്റ്റോറെന്റ് ഉണ്ട്. പ്രമുഖ ഗായകനായ യേശുദാസിന്റെ തറവാടാണ് മാംഗോ ട്രീയെന്ന പേരില്‍ റെസ്റ്റോറെന്റ് ആക്കിയിരിക്കുന്നത്. ആ കെട്ടിടത്തിന്റെ നടുവിലുള്ള മാവാണ് മാംഗോ ട്രീയെന്ന പേര് റെസ്റ്റോറെന്റിന് നല്‍കാന്‍ കാരണം. സമുദ്രവിഭവങ്ങള്‍, ഗ്രില്‍ഡ് വിഭവങ്ങള്‍, ഇറ്റാലിയന്‍, കോണ്ടിനെന്റല്‍, തന്തൂര്‍ തുടങ്ങിയവയാണ് മാംഗോ ട്രീയിലെ ആകര്‍ഷക ഘടകങ്ങള്‍. കൂടാതെ പ്രമുഖ മിമിക്രി ആര്‍ട്ടിസ്റ്റും സംവിധായകനുമായ നാദിര്‍ഷയുമായി ചേര്‍ന്ന് കൊച്ചിയില്‍ ‘ദി പുട്ട്’ എന്ന പേരിലും ഒരു റെസ്റ്റോറെന്റ് ഉണ്ട്. കേരളത്തിലെ പ്രമുഖ ഭക്ഷണ വിഭവമായ പുട്ടിന് മാത്രമായുട്ടുള്ള റെസ്റ്റോറെന്റാണ് ദി പുട്ട്. പലതരം പുട്ടുകള്‍ ഇവിടുത്തെ പ്രത്യേകതയാണ്. ചിക്കന്‍ പുട്ട്, ബിരിയാണി പുട്ട്, ബീഫ് പുട്ട്, വെജിലറ്റബിള്‍ പുട്ട് തുടങ്ങിയവ അതിനുദാഹരണമാണ്. ദി പുട്ടിന്റെ ഒരു ബ്രാഞ്ച് കോഴിക്കോട്ടും തുടങ്ങിയിട്ടുണ്ട്. ടൂറിസം മേഖലയിലും ദിലീപിന്റെ സംരംഭങ്ങളുണ്ട്. ആലപ്പുഴയിലെ വിനോദ സഞ്ചാരത്തിന്റെ ഭാഗമായ ഹൌസ് ബോട്ടുകളാണ് ദിലീപിന്റെ മറ്റൊരു ബിസിനസ് മേഖല.

 

പ്രിഥ്വിരാജ്

മലയാള സിനിമയിലെ യുവനായകരില്‍ പ്രമുഖനായ പ്രിഥ്വിരാജും തനിക്ക് മുന്‍പുള്ള മുതിര്‍ന്ന താരങ്ങളെപ്പോലെ സിനിമാ നിര്‍മ്മാണ രംഗത്തും ഭക്ഷണ ബിസിനസ് രംഗത്തുമാണ് ചുവടുറപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ് സിനിമയെന്ന പേരില്‍ സിനിമാ നിര്‍മ്മാണ കമ്പനിയുടെ പങ്കാളിയാണ് പ്രിഥ്വിരാജ്. പ്രമുഖ ഛായാഗ്രാഹകനായ സന്തോഷ് ശിവനും വ്യവസായി ഷാജി നടേശനുമാണ് ഓഗസ്റ്റ് സിനിമയുടെ സഹപങ്കാളികള്‍. ഓഗസ്റ്റ് സിനിമയുടെ ആദ്യ സിനിമ സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ഉറുമിയാണ്. പ്രിഥ്വിരാജ് സഹോദരനൊപ്പം ഖത്തറില്‍ തുടങ്ങിയ സംരംഭമാണ് സ്‌പൈസ് ബോട്ട് എന്ന റെസ്റ്റോറെന്റ്. 2013-ലാണ് ദോഹയില്‍ പ്രിഥ്വിരാജും സഹോദരന്‍ ഇന്ദ്രജിത്തും സ്‌പൈസ് ബോട്ട് ആരംഭിച്ചത്. ഒരു കുടുംബ സംരംഭമായ സ്‌പൈസ് ബോട്ട് നോക്കി നടത്തുന്നത് ഇവരുടെ അമ്മ മല്ലികാ സുകുമാരനാണ്.

സിദ്ധിക്ക്

വില്ലനായും നായകനായും സഹനായകനായും സഹനടനായും കൊമേഡിയനായും അങ്ങനെ പല രൂപത്തില്‍ സിനിമയില്‍ വിജയകരമായി അവതരിച്ചിപ്പിട്ടുള്ള സിദ്ധിക്ക് നല്ലൊരു ബിസിനസുകാരന്‍ കൂടിയാണ്. കെ.എസ്.ഇ.ബിയില്‍ എഞ്ചിനിയറായിരുന്ന സിദ്ധിക്ക് 1980-കളിലാണ് സിനിമയിലെത്തിയത്. മറ്റ് മലയാള നടന്‍മാരെപ്പോലെ സിദ്ധിക്കും ശ്രദ്ധ വച്ചത് സിനിമാ നിര്‍മ്മാണത്തിലും ഹോട്ടല്‍ ബിസിനസിലുമാണ്. 2000-ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തിന്റെ നിര്‍മ്മാതാവ് സിദ്ധിക്കായിരുന്നു. 2011-ല്‍ സിദ്ധിക്ക് ഫെയ്‌സ്ബുക്ക് എന്ന മാഗസിന്‍ തുടങ്ങിയിരുന്നു. പിന്നീട് ആ മാഗസിന്‍ നിര്‍ത്തി. കൊച്ചിയിലെ എയര്‍പോര്‍ട്ട് – സീപോര്‍ട്ട് റോഡില്‍ വേള്‍ഡ് ഓണ്‍ എ പ്ലേറ്റ് എന്ന പേരില്‍ ഒരു റെസ്റ്റോറെന്റും സിദ്ധിക്ക് നടത്തുന്നുണ്ട്. കോണ്ടിനെന്റെല്‍, അറബിക്ക്, ചൈനീസ്, നാടന്‍ ഭക്ഷണങ്ങള്‍ തുടങ്ങിയവ വേള്‍ഡ് ഓണ്‍ എ പ്ലേറ്റ് റെസ്റ്റോറെന്റിലുണ്ട്. അവിടുത്തെ പ്രധാന ആകര്‍ഷണം ചക്ക ചേര്‍ത്ത ചിക്കനും ബീഫും കൊഞ്ചുമാണ്. 2013-ല്‍ സിദ്ധിക്കും മകനും ചേര്‍ന്ന് മാമ്മ മിയ എന്ന ഒരു റെസ്റ്റോറെന്റും ആരംഭിച്ചിട്ടുണ്ട്. ഒരു ആഡംബര റെസ്റ്റോറെന്റാണ് മാമ്മ മിയ.

 

ആസിഫ് അലി

യുവനായക നിരയിലെ ആസിഫ് അലി തന്റെ സമകാലികരായ നടന്‍മാരുടെ പാത പിന്തുടരുകയാണ്. അസീഫ് അലിയുടെ സംരംഭവും ഒരു റെസ്റ്റോറെന്റാണ്. 2014ല്‍ വാഫിള്‍ സ്ട്രീറ്റ് എന്ന പേരില്‍ അസീഫ് അലിയും സുഹൃത്തുക്കളും ചേര്‍ന്ന് റെസ്റ്റോറെന്റ് ആരംഭിച്ചു. യൂറോപ്പിലെയും വടക്കന്‍ ആഫ്രിക്കയിലേയും വ്യത്യസ്തമായ ഭക്ഷണങ്ങള്‍ ഉള്‍ക്കൊള്ളിച്ച വാഫിള്‍ സ്ട്രീറ്റില്‍ ഇന്ത്യന്‍, കേരള ഭക്ഷണങ്ങളുമുണ്ട്. യൂറോപ്പിലെയും വടക്കന്‍ ആഫ്രിക്കയിലെയും ഭക്ഷണമായ ഡുനട്ട്‌സും ക്രീപ്പുകളുമാണ് വാഫിള്‍ സ്ട്രീറ്റിലെ പ്രധാന ആകര്‍ഷണീയത. കൊച്ചിയിലെ പനമ്പള്ളി നഗറിലാണ് വാഫിള്‍ സ്ട്രീറ്റ് റെസ്റ്റോറെന്റ്. 

 

(അഴിമുഖം സബ് എഡിറ്ററാണ് കൃഷ്ണ ഗോവിന്ദ്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍