UPDATES

സിനിമ

ജീവിതത്തിനും മരണത്തിനും ഇടയില്‍; ടി വി ചന്ദ്രന്‍റെ ‘മോഹവലയം’

Avatar

സഫിയ ഒ സി

ടി വി ചന്ദ്രന്‍റെ മോഹവലയം തുടങ്ങുന്നത് ഒരു ശവശരീരം വെള്ളത്തിലൂടെ ഒഴുകി വരുന്ന ദൃശ്യത്തിലാണ്. സൂട്ടും കോട്ടുമണിഞ്ഞ ഒരു പുരുഷന്റെ ജഡം കമിഴ്ന്നാണ് വെള്ളത്തില്‍ കിടക്കുന്നത്. കരയിലേക്ക് കയറ്റി കിടത്തി കൂടി നിന്ന ആളുകള്‍ പറയുന്നു. ‘ഇവിടെയെങ്ങുമുള്ള ആളല്ലെന്ന് തോന്നുന്നു’.

സിനിമ അവസാനിക്കുന്നതും ആത്മഹത്യ ചെയ്യാന്‍ പാലത്തിന്റെ മാധ്യത്തില്‍ നില്‍ക്കുന്ന കഥാനായകന്റെ ദൃശ്യത്തിലാണ്. അയാളും സൂട്ടും കോട്ടും അണിഞ്ഞിട്ടുണ്ട്.

ആദ്യത്തെ സംഭവം കേരളത്തില്‍ കുട്ടനാട് പോലുള്ള ഒരു സ്ഥലത്താണെങ്കില്‍. രണ്ടാമത്തേത് ബഹ്റൈനിലാണ്. ബഹ്റൈന്‍ നിന്നു സൌദിയിലേക്കുള്ള കിംഗ് ഫഹദ് കോസ് വേ പാലത്തില്‍.

ആദ്യത്തെ ദൃശ്യം സിനിമയിലെ കേന്ദ്ര കഥാപാത്രമായ സംവിധായകന്‍ ജോസ് സെബാസ്റ്റ്യന്റെ (ജോയ് മാത്യു) സിനിമയില്‍ നിന്നുള്ള ഒന്നാണെങ്കില്‍ രണ്ടാമത്തേത് ജോസ് സെബാസ്റ്റ്യന്റെ മേല്‍നോട്ടത്തില്‍ അദ്ദേഹത്തിന്റെ ആരാധകരായ രണ്ടു ചെറുപ്പക്കാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയില്‍ ക്യാമറ മോണിറ്ററില്‍ യാദൃശ്ചികമായി വന്നു പതിയുന്ന ദൃശ്യമാണ്. 

സിനിമയും ജീവിതവും/ഫിക്ഷനും യാഥാര്‍ത്ഥ്യവും ഇടകലരുന്ന ടി വി ചന്ദ്രന്‍ സിനിമകളുടെ തുടര്‍ച്ച മോഹവലയത്തിലും കാണാം. ഒപ്പം വ്യവസ്ഥാപിത സിനിമകളുടെ തുടക്കവും ഒടുക്കവും എന്ന രേഖീയതയെ തകര്‍ക്കാനുള്ള ശ്രമവും. യഥാര്‍ത്ഥത്തില്‍ മോഹവലയത്തിന്റെ അന്ത്യരംഗമാണോ നമ്മള്‍ ആദ്യം കണ്ടത്? സിനിമ തീരുന്നതോടെ സംവിധായകന്‍ മരിക്കുന്നു. റോളണ്ട് ബാര്‍ത്തിന്റെ Death of the author!

ടി വി ചന്ദ്രന്‍ ജോസ് സെബാസ്റ്റ്യന്‍ എന്ന സിനിമാ സംവിധായകനെ കുറിച്ച് ഒരു സിനിമയെടുക്കുന്നു. തന്റെ സിനിമയുടെ ബഹ്റൈനിലെ പ്രിവ്യു ഷോയില്‍ നിന്നു ജോസ് സെബാസ്റ്റ്യന്‍ ഇറങ്ങിപ്പോവുന്നു. പ്രവാസ ജീവിതത്തെ കുറിച്ച് രണ്ടു ചെറുപ്പക്കാര്‍ (ഷൈന്‍ ടോം ചാക്കോ, സുധീഷ്) സിനിമയെടുക്കുന്നു. ഇങ്ങനെ മൂന്നു സിനിമകളില്‍ വ്യാപരിക്കുന്നതാണ് മോഹവലയത്തിന്റെ ആഖ്യാന കൌശലം. ആഖ്യാനത്തിന്റെ പല അടരുകള്‍ ആസ്വാദനത്തെ അതിന്റെ ഔന്നത്യത്തിലേക്ക് എത്തിക്കുന്നുണ്ട്. 

യഥാര്‍ത്ഥത്തില്‍ സിനിമയില്‍ നിന്നു ഒളിച്ചോടുന്ന നായകനാണ് ജോസ് സെബാസ്റ്റ്യന്‍. ‘വന്നു വന്നു ജോസിന് സിനിമയോട് പോലും താത്പര്യം കുറഞ്ഞു’ എന്നു ഭാര്യ കുറ്റപ്പെടുത്തുന്നുണ്ട്. ‘ജീവിതത്തെ എന്തിനാണ് ഇങ്ങനെ സിനിമയാക്കുന്നത് അങ്ങ് ജീവിച്ചാല്‍ പോരേ’ എന്ന സിദ്ദിഖിന്റെ ബഷീര്‍ക്ക എന്ന കഥാപാത്രം ചോദിക്കുന്നുണ്ട്. അയാള്‍ അവസാനം കണ്ട സിനിമ ‘അങ്ങാടി’യാണ്. തന്‍റെ സിനിമയ്ക്ക് പുറത്ത് താന്‍ എടുക്കുന്ന സിനിമ കാണാതെ നിരവധി പേര്‍ ഉണ്ടെന്ന തിരിച്ചറിവ് തന്റെ സര്‍ഗ്ഗാത്മക ജീവിതത്തെ കുറിച്ചുള്ള ജോസ് സെബാസ്റ്റ്യന്റെ നിരാശയുടെ ആഴം കൂട്ടുന്നുണ്ട്. 

രണ്ട് ചെറുപ്പക്കാരുടെ സിനിമ സംരംഭത്തില്‍ പങ്കാളിയായി കുറച്ചു ദിവസം കൂടി ബഹ്റൈനില്‍ താങ്ങാനുള്ള അവസരം അയാള്‍ ഒഴിവാക്കാതിരുന്നത് സിനിമയോടുള്ള താത്പര്യം കൊണ്ടായിരുന്നില്ല. ദാമ്പത്യ ജീവിതത്തിന്റെ വിരസമായ ഏകതാനതയില്‍ നിന്നു രക്ഷപ്പെടാനും കൂടിയായിരുന്നു.  എന്നാല്‍ ആ നാട് ആസക്തിയുടെയും തൃഷ്ണയുടെയും ആതിരുകളില്ലാത്ത ലോകത്തിന്‍റെ മോഹവലയത്തിലേക്കാണ് ജോസ് സെബാസ്റ്റ്യനെ എടുത്തെറിഞ്ഞത്. ഇഷ്ടംപോലെ മദ്യം, സിഗരറ്റ്, പിന്നെ കാന്തിക ശക്തിയുള്ള പ്രമീള (മൈഥിലി) എന്ന ബാര്‍ നടത്തിപ്പുകാരിയും. 

ബഹ്റൈന്‍ അറബ് നാട്ടിലെ മോഹവലയമാണ്. അവിടേക്കുള്ള പാലമാണ് കിംഗ് ഫഹദ് കോസ് വേ. ജീവിതത്തിന്റെ വിരസതയില്‍ നിന്നും അത്യധ്വാനത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഈയാം പാറ്റകള്‍ പോലെയാണ് വാരാന്ത്യത്തില്‍ ആളുകള്‍ ഇവിടെ ഒഴുകി എത്തുന്നത്. അതില്‍ വര്‍ഗ്ഗ വര്‍ണ്ണ ദേശ ഭാഷാ ഭേദമന്യേ എല്ലാവരുമുണ്ട്. ഇവിടെ എത്തുന്നവര്‍ വിലക്കുകള്‍ ഇല്ലാത്ത സ്വാതന്ത്ര്യത്തിന്റെ ലഹരി നുണഞ്ഞു തിരിച്ചു പോകുന്നു. ഈ മോഹവലയത്തിന്റെ കഥയാണ് സിനിമയ്ക്കുള്ളിലെ സിനിമ. 

സുരഭി ഡാന്സ് ബാറിലെ നിത്യ സന്ദര്‍ശകന്‍ ആകുന്ന ജോസ് സെബാസ്റ്റ്യന്‍ പ്രമീളയോടുള്ള അഭിനിവേശത്താല്‍ നില്‍ക്കക്കള്ളിയില്ലാത്ത അവസ്ഥയിലേക്ക് എത്തിച്ചേരുന്നു. ഒടുവില്‍ അയാളെ ബാറില്‍ നിന്നു സെക്യൂരിറ്റിക്കാര്‍ പിടിച്ചു പുറത്തേക്ക് വലിച്ചെറിയുന്നു. അപ്പോഴേക്കും അയാള്‍ക്ക് ബഹ്റൈന്‍ വിടാന്‍ സമയമായിരുന്നു. വിസ കാലാവധി കഴിഞ്ഞു. ഫ്ലൈറ്റിന്റെ സമയവുമായി. സിനിമാ മോഹികളായ ചെറുപ്പക്കാരുമായി ഉടക്കുകയും ചെയ്തു. വിലക്കുകളുടെയും നിയന്ത്രങ്ങളുടെയും ലോകത്തേക്ക് തിരിച്ചു പോകണോ അതോ അവിടെ തന്നെ ഒടുങ്ങണോ? 

ജോസ് സെബാസ്റ്റ്യന്റെ കഥയ്ക്ക് സമാന്തരമായി വികസിക്കുന്ന ഒന്നാണ് പ്രമീളയുടെ കഥ. അത് യുവാക്കള്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ കഥയായും പിന്നെ പ്രമീള തന്നെ വെളിപ്പെടുത്തുന്ന ജീവിത കഥയായും പ്രേക്ഷകരുടെ മുന്‍പില്‍ ഇതള്‍ വിരിയുന്നു.

തന്‍റെ മുന്‍സിനിമകളിലെന്ന പോലെ അതിശക്തമായ ഒരു സ്ത്രീ കഥാപാത്രത്തെയാണ് പ്രമീളയിലൂടെ ടി വി ചന്ദ്രന്‍ അവതരിപ്പിക്കുന്നത്. ഹേമാവിന്‍ കാതലര്‍കളിലെ ഹേമ, ആലീസിന്റെ അന്വേഷണത്തിലെ ആലീസ്, മങ്കമ്മയിലെ മങ്കമ്മ, സൂസന്നയിലെ സൂസന്ന, ആടും കൂത്തിലെ മണിമേഖല, ഡാനിയിലെ ഭാര്‍ഗ്ഗവി അമ്മ, പാഠം ഒന്നു ഒരു വിലാപത്തിലെ ഷാഹിന, വിലാപങ്ങള്‍ക്കപ്പുറത്തിലെ സാഹിറ, ഭൂമിമലയാളത്തിലെ നിര്‍മ്മല, ഫൌസിയ, ആനി എന്നിങ്ങനെ നിരവധി ശക്തമായ സ്ത്രീകളെ ടി വി ചന്ദ്രന്‍ മലയാള സിനിമയ്ക്ക് നല്കിയിട്ടുണ്ട്. അതിന്റെ തുടര്‍ച്ച പ്രമീളയിലും കാണാം.

നാട്ടിന്‍ പുറത്തെ സാധാരണ നാടകക്കാരിയില്‍ നിന്നും ബഹ്റൈനിലെ ഒരു ഡാന്‍സ് ബാര്‍ നടത്തിപ്പുകാരിയിലേക്കുള്ള പ്രമീളയുടെ ജീവിതം ഒരു നാടകം പോലെ തന്നെ അതിവൈകാരികമാണ്. പ്രണയവും വിവാഹവും ദുരന്തവും ചതിയും പിന്നെ ജീവിതത്തോട് തന്നെയുള്ള പ്രതികാരവും അവളുടെ ജീവിതത്തെ സംഭവ ബഹുലമാക്കുന്നുണ്ട്. പക്ഷേ ആ സംഭവങ്ങളിലൂടെയാണ് അവള്‍ പരുവപ്പെട്ടു വരുന്നത്. തന്നെ ആഗ്രഹിച്ച ജോസ് സെബാസ്റ്റ്യന്റെ ആണ്‍ ശരീരത്തെ തട്ടിക്കളയാനും ശരീരം കൊണ്ടോ മനസ് കൊണ്ടോ ഒന്നിന്നും കൊള്ളാത്ത ഭര്‍ത്താവിനെ കൂടെ നിര്‍ത്തി സംരക്ഷിക്കുന്നതിനും അവള്‍ക്ക് കരുത്ത് നല്കിയത് ഈ അനുഭവങ്ങളാണ്. അങ്ങനെ നോക്കുമ്പോള്‍ സൂസന്നയുടെ തുടര്‍ച്ച പ്രമീളയില്‍ കാണാം.

ജോസ് സെബാസ്റ്റ്യനെ സംബന്ധിച്ചിടത്തോളം പ്രമീള ഒരു മോഹവലയമാണ്. മധ്യ വയസ് പൂര്‍ത്തിയാക്കി വാര്‍ദ്ധക്യത്തിലേക്ക് കാലൂന്നാന് തുടങ്ങുന്ന അയാള്‍ക്ക് മരണത്തിനും ജീവിതത്തിനു ഇടയിലെ കാന്തിക മേഖല. റോബര്‍ട്ട് എന്‍റിക്കോയുടെ ഇന്‍സിഡന്‍റ് അറ്റ് ദി ഓള്‍ക്രീക്ക് ബ്രിഡ്ജിലെ തൂക്കിലേറ്റപ്പെടുന്ന തടവുകാരന്റെ അന്ത്യ നിമിഷം പോലെയാണ് അത്. അടങ്ങാത്ത ജീവിതാസക്തി തന്നെയാണ് ജോസ് സെബാസ്റ്റ്യനെ മുന്നോട്ട് നയിക്കുന്നത്. ഒടുവില്‍ സുരഭി ബാറില്‍ നിന്നിറങ്ങി പോവുന്ന നര്‍ത്തകിയേയും സംഗീത വാദകനെയും പാട്ടുകാരനെയും സ്ഥിര മദ്യപാനികളെയും പോലെ ഒരാള്‍ മാത്രമാണ് താന്‍ എന്നു അയാള്‍ തിരിച്ചറിയുന്നു. ജീവിതമെന്ന നാടക ശാലയിലെ ഒരു വേഷം. (പ്രമീളയുടെ നാട്ടിലെ നാടക ട്രൂപ്പിന്റെ പേരും സുരഭി എന്നായിരുന്നു.) 

അപക്വ ജൂറി മോഹവലയം ‘കണ്ടില്ല’-ജോയ് മാത്യു

4000 വര്ഷം പഴക്കമുള്ള ക്വാലത്ത് ആല്‍ ബഹ്റൈന്‍ എന്ന കോട്ട സിനിമയില്‍ രണ്ടു തവണ കടന്നു വരുന്നു. ചരിത്രവും കാലവും അവിടെ ഘനീഭവിച്ചു കിടക്കുന്നുണ്ട്. അവിടെ നിന്നുള്ള ലോംഗ് ഷോട്ടുകള്‍  മണ്‍മറഞ്ഞു കിടക്കുന്ന ഭൂതകാലത്തിന്റെ ഗാംഭീര്യം തന്നെയാണ് ഓര്‍മ്മപ്പെടുത്തുന്നത്. ചരിത്രത്തെ പല വീക്ഷണകോണുകളിലൂടെ നോക്കലാണ്/കാഴ്ചപ്പെടുത്തലാണ് സിനിമ എന്ന ധാരണയെ ഉറപ്പിക്കുന്നുണ്ട് ഈ ദൃശ്യങ്ങള്‍. ‘ലോകത്ത് മരിച്ചവരും ജീവിക്കുന്നവരും എന്ന രണ്ടു ടീമുകള്‍ മാത്രമേയുള്ളൂ’ എന്ന് അവിടെവെച്ചാണ് ജോസ് സെബാസ്റ്റ്യന്‍ വിലയിരുത്തുന്നത്. തന്‍റെ മകന്‍റെ ദാരുണ അന്ത്യത്തെ കുറിച്ച് ബഷീര്‍ക്ക ജോസ് സെബാസ്റ്റ്യനോട് പറയുന്നത് അവിടെ വെച്ചാണ്. ബഹ്റൈന്‍ എന്ന മോഹവലയത്തിലെ ഒരു ഇയാം പാറ്റയായിരുന്നു ബഷീര്‍ക്കായുടെ മകനും. 

ജോയ് മാത്യുവിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമാണ് ജോസ് സെബാസ്റ്റ്യന്‍ എന്ന സംവിധായകന്‍. സ്വയം ഒരു ചലച്ചിത്രകാരനും പ്രവാസിയും ഒക്കെ ആയതുകൊണ്ട് തന്നെ കഥാപാത്രത്തെ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ട് അവതരിപ്പിക്കാന്‍ ജോയ് മാത്യുവിന് സാധിച്ചിട്ടുണ്ട്. (ജോയ് മാത്യു ആദ്യമായി അഭിനയിച്ച ജോണ്‍ എബ്രഹാമിന്റെ അമ്മ അറിയാനിലെ രംഗങ്ങള്‍ ഇടയ്ക്കു കയറിവന്നതും കൌതുകമായി)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)        

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍