UPDATES

സിനിമ എന്ന മോഹവലയം; ടി വി ചന്ദ്രന്‍ സംസാരിക്കുന്നു

Avatar

ടി വി ചന്ദ്രന്‍/സാജു കൊമ്പന്‍ 

മലയാളത്തിലെ പ്രശസ്ത സംവിധായകന്‍ ടി വി ചന്ദ്രന്‍ തന്റെ പുതിയ സിനിമയായ ‘മോഹവലയ’ത്തെ കുറിച്ചും സമകാലീന ഇന്ത്യന്‍ സാഹചര്യത്തില്‍ ഉയര്‍ന്നു വരുന്ന യുവത്വത്തിന്റെ രോഷത്തെ കുറിച്ചും സംസാരിക്കുന്നു.

സ്ത്രീയെ കുറിച്ചുള്ള അന്വേഷണം; പ്രമീള എന്ന യാഥാര്‍ഥ്യം
മോഹവലയത്തില്‍ ലോകത്തെ പ്രധാനപ്പെട്ട 24 സിനിമകള്‍ കാണിക്കുന്ന ഒരു സീക്വന്‍സ് ഉണ്ട്. ഹിച്കോക്ക്, ഓര്‍സാന്‍ വെല്‍സ്, ചാപ്ലിന്‍, ഫെല്ലിനി, ഹെര്‍സോഗ് അങ്ങനെ എല്ലാവരും ഉണ്ട്. അതില്‍ ഘട്ടക്കും ജോണും മാത്രമേ ഇന്ത്യന്‍ ഫിലിം മേക്കേര്‍സ് ആയിട്ടുള്ളൂ. ഇതിലൂടെ ഈ ഫിലിം മേക്കേര്‍സിനെ സല്യൂട്ട് ചെയ്യുക മാത്രമല്ല ഞാന്‍ ചെയ്യുന്നത്. ഇവരെല്ലാം മോഹവലയത്തിലെ മുഖ്യ കഥാപാത്രമായ ജോസ് സെബാസ്റ്റ്യന്റെ കൂടെയുള്ള ആള്‍ക്കാരായി മാറുകയാണ്. ഇവരുടെയെല്ലാം ചലച്ചിത്രങ്ങളില്‍ ഒരു അന്വേഷണം കാണാം. ആണുങ്ങള്‍ എല്ലായ്പ്പോഴും പെണ്ണുങ്ങളെ കുറിച്ച് ആലോചിക്കും. ഒരാള്‍ പൂര്‍ണ്ണനാവണമെങ്കില്‍  മറുപകുതിയിലുള്ള ആളെ കുറിച്ച് അന്വേഷിക്കും. എന്നാല്‍ ആ അന്വേഷണം മുഴുവനായും ഇതുവരെ സാര്‍ത്ഥകമായി എന്നു പറയാന്‍ കഴിയില്ല. ഘട്ടക്കിന്റെ കാര്യത്തില്‍ ഘട്ടക്ക് ബംഗ്ലാദേശിനെ തന്നെ ഒരു സ്ത്രീ ആയിട്ടാണ് കാണുന്നത്. ജോണ്‍ എബ്രഹാം സ്ഥിരമായിട്ടു പറയുന്നതു അമ്മയെ കുറിച്ചാണ്. അമ്മയറിയാന്‍ മാത്രമല്ല. കണ്ണകി എന്നു പറഞ്ഞ സിനിമയൊക്കെ ജോണിന്റെ മനസിലുണ്ടായിരുന്നു. ഇതൊരു നിരന്തരമായ അന്വേഷണമാണ്. എന്‍റെ പല സിനിമകളും ഇത്തരമൊരു അന്വേഷണമാണ്. 

എന്റെ സിനിമകളിലൂടെ ഞാന്‍ അവതരിപ്പിച്ച എല്ലാ സ്ത്രീ കഥാപാത്രങ്ങളും പ്രമീളയാണ്. ഇത്രയും കാലം ഈ സ്ത്രീകളെ തേടിയുള്ള അലച്ചിലായിരുന്നു. ഒരു കഥാപാത്രം എന്ന നിലയില്‍ ഞാന്‍ കണ്ടുമുട്ടുകയാണ് മോഹവലയത്തില്‍. മറ്റെല്ലാവരും പോകുമ്പോള്‍ പ്രമീള മാത്രമാണു നിലനില്‍ക്കുന്നത്. അവര്‍ മാത്രമാണു യാഥാര്‍ഥ്യം. ഈ സിനിമയുടെ വരുതിയില്‍ നിന്നു പുറത്തേക്ക് ചാടിയ ഏക കഥാപാത്രം. ബാക്കി എല്ലാവരും ഈ സിനിമയ്ക്കു അകത്തു മാത്രമാണ്.

പ്രവാസം, ബഹറിന്‍
ബഹറിനില്‍ പോയി ബഹറിന്‍ ജീവിതത്തെ കുറിച്ച് ഒരു സിനിമയെടുത്ത് വരാം. അത് യാതൊരു അര്‍ത്ഥവുമില്ലാത്ത ഒരു വ്യായാമം ആയിരിക്കും. ബഹറിന്റെ 50 വര്‍ഷത്തെ ചരിത്രം പഠിക്കേണ്ടി വരും. പ്രവാസ ജീവിതത്തെ കുറിച്ച് നിരവധി സിനിമകള്‍ വന്നിട്ടുണ്ട്. അതിലൊക്കെ പറയുന്നതു മലയാളികള്‍ അനുഭവിക്കുന്ന കണ്ണുനീരിന്റെ കഥയാണ്. മലയാളികള്‍ കരയുക മാത്രമല്ല സന്തോഷിക്കുന്നുമുണ്ട് അവിടെ. അതിനെ വല്ലാതെ നാടകീയമാക്കി അതിവൈകാരികമായി കാണിക്കലാണ് ഒട്ടുമിക്ക പ്രവാസ സിനിമകളും. അതിന്റെ തുടര്‍ച്ചയായി ഒരു പുതിയ സിനിമ ചെയ്യുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല.

മതം, ദേശം
‘മോഹവലയ’ത്തിലെ ഉപകഥകളില്‍ ശ്രദ്ധിക്കേണ്ട ഒന്നു മതം എന്ന ആശയമാണ്. അത് നേരിട്ടല്ലാതെ പറയാന്‍ ശ്രമിക്കുകയാണ്. സരിത എന്ന സ്ത്രീയെ പാക്കിസ്ഥാനി യുവാവ് റുക്സാനയാക്കാന്‍ ശ്രമിക്കുന്നുണ്ട്. അവള്‍ക്ക് തട്ടമിട്ട് കൊടുക്കുന്നുണ്ട്. പക്ഷേ യഥാര്‍ത്ഥത്തില്‍ അവള്‍ രാമനാട്ടുകാരക്കാരി മെഹറുന്നീസയാണ്. അവളെ സിനിമയ്ക്കുള്ളിലെ സിനിമയില്‍ നമ്മള്‍ സരിതയായി ഇമാജിന്‍ ചെയ്യുകയായിരുന്നു. അവളെയാണ് റുക്സാനയാക്കാന്‍ ശ്രമിക്കുന്നത്. മതത്തിന്റെ പൊള്ളത്തരം ഇത്രയൊക്കെ ഉള്ളൂ എന്നാണ് കാണിക്കാന്‍ ശ്രമിക്കുന്നത്. അതുപോലെ തന്നെ ദേശങ്ങളുടെ മാറ്റം. തെക്കന്‍ തിരുവിതാംകൂര്‍കാരി മോളി സിനിമയ്ക്കുള്ളിലെ സിനിമയില്‍ ശ്രീലങ്കക്കാരി മുത്ത് ചെല്‍വിയാണ്. ഏറ്റവും ആത്യന്തികമായ യാഥാര്‍ത്ഥ്യം എന്നു പറയുന്നത് മതവും ദേശവുമാണ് എന്നാണ് പൊതുധാരണ. എന്നാല്‍ രണ്ടും അത്ര ആത്യന്തികം ഒന്നുമല്ല എന്നാണ് പറയാന്‍ ശ്രമിക്കുന്നത്. സിനിമയില്‍ നിന്നു നമ്മള്‍ വായിക്കേണ്ട subtext ഇതൊക്കെയാണ്.

ജീവിതത്തിനും മരണത്തിനും ഇടയില്‍; ടി വി ചന്ദ്രന്‍റെ ‘മോഹവലയം’

40 വര്‍ഷത്തെ സിനിമ
‘ഭൂമിയുടെ അവകാശികള്‍’ക്ക് ശേഷം മൂന്നു വര്ഷം കഴിഞ്ഞിട്ടാണ് ഞാന്‍ ഈ സിനിമ എടുക്കുന്നത്. എന്നാല്‍ ഇത് മൂന്നുവര്‍ഷം കൊണ്ട് എടുത്ത സിനിമയല്ല. എന്റെ അഭിപ്രായത്തില്‍ ഇങ്ങനെയൊരു സിനിമയെടുക്കാന്‍ 40 വര്ഷം വേണ്ടി വരും. 40 വര്‍ഷത്തെ എന്റെ സിനിമാ യാത്രകളിലൂടെ ഉണ്ടായതാണ് ഈ സിനിമ. സിനിമ എടുക്കാന്‍ വേണ്ടി ബഹറിനില്‍ പോയപ്പോള്‍ ഉണ്ടായ സിനിമയല്ല. ജോസ് സെബാസ്റ്റ്യനില്‍ ഞാന്‍ മാത്രമല്ല ഉള്ളത്. അതില്‍ ഘട്ടക്കുണ്ട്, ജോണുണ്ട്, രവിയുണ്ട്, പവിത്രനുണ്ട്.. ഞങ്ങളെയെല്ലാം നയിച്ച ഒരു ധാരയുണ്ടല്ലോ.. അതിനെയാണ് മോഹവലയം എന്നു പറയുന്നതു. സിനിമയോടുള്ള അയാളുടെ വിരക്തി ക്രിയേറ്റീവ് ആയ ഒരാള്‍ക്ക് സംഭവിക്കുന്നത് തന്നെയാണ്. അന്വേഷണ യാത്രയില്‍ പലപ്പോഴും ഹതാശരാവും. പലതരം അസ്വാരസ്യങ്ങള്‍ ഉണ്ടാകും. അതുകൊണ്ടാണ് ജോസ് സെബാസ്റ്റ്യന്‍ ഒരു സിനിമയെടുക്കാന്‍ ഓഫറുമായി ഒരാള്‍ വന്നപ്പോള്‍ വേണ്ടന്നുപറഞ്ഞത്. അതേ സമയം തനിക്ക് യാതൊരു ലാഭവുമില്ലാത്ത ചെറുപ്പക്കാരുടെ സിനിമാ നിര്‍മ്മാണത്തില്‍ അയാള്‍ പങ്കാളിയാകുകയും ചെയ്യുന്നുണ്ട്.

മനുഷ്യന്‍ എന്ന കോളനി
മറ്റൊരു മനുഷ്യന്‍ എന്നു പറയുന്നതു വേറൊരു ലോകമാണ്. ഫെര്‍ണാണ്ടോ പെസാഒ എന്ന്‍ പോര്‍ച്ചുഗീസ് എഴുത്തുകാരന്‍ പറയുന്നതു മനുഷ്യ ജീവിതത്തിലെ ഏറ്റവും അസാധ്യമായ കാര്യം to be another ആവുകയാണ്. മറ്റൊരാള്‍ ആവുക എന്നത് ഒരിക്കലും സാധ്യമല്ല. ഒരു പാട് മനുഷ്യര്‍ ചേര്‍ന്ന കോളനിയാണ് ഞാന്‍ എന്നാണ് പെസാഒ പറഞ്ഞിട്ടുള്ളത്. ഇതിലെ പ്രമീളയും സരിതയും മോളിയുമൊക്കെ പല മനുഷ്യര്‍ അടങ്ങുന്ന കോളനിയാണ്. 

മോഹ‘വലയം’
സിനിമയ്ക്കു ഒരു വൃത്ത ഘടന വന്നത് സംഭവിച്ചതാണ്. മുന്‍കൂട്ടി തീരുമാനിച്ചതല്ല. ബഹറിനില്‍ ഷൂട്ട് ചെയ്യുമ്പോള്‍ സിനിമയ്ക്കുള്ളില്‍ ജോസ് സെബാസ്റ്റ്യന്‍ ചെയ്യുന്ന പടം എന്താണെന്ന് എനിക്കു അറിയില്ലായിരുന്നു. മകന്‍ യാദവന്‍ (മോഹവലയത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍)  ചോദിച്ചു എന്താണ് ഇവിടെ കാണിക്കേണ്ട സിനിമ. ഞാന്‍ പറഞ്ഞു നാട്ടില്‍ ചെന്നിട്ട് തീരുമാനിക്കാമെന്ന്. നാട്ടിലേക്കുള്ള ഫ്ലൈറ്റിലിരിക്കുമ്പോള്‍ എന്റെ ടെന്ഷന്‍ മുഴുവന്‍ എന്താണ് ജോസ് സെബാസ്റ്റ്യന്റെ സിനിമ എന്നതായിരുന്നു. അങ്ങനെ നാട്ടിലെത്തി ഒരു പാലത്തിലൂടെ പോകുമ്പോഴാണ് ബഹറിനിലെ പാലം ഓര്മ്മ വന്നത്. അങ്ങനെ ഒരു സര്‍ക്കിള്‍ വരച്ചു ഉണ്ടാക്കിയതല്ല. അത് അങ്ങനെ സംഭവിച്ചു പോയതാണ്.  

സിനിമ കാണാത്ത പ്രേക്ഷകര്‍
പൂര്‍ണ്ണമായും ബഹറിനില്‍ നിന്നുള്ള ആദ്യത്തെ മലയാള സിനിമ എന്നെഴുതിയാലെങ്കിലും നാലാള് കയറുമെങ്കില്‍ എന്താ കുഴപ്പം. കഴിഞ്ഞ ദിവസം ഒരു ടെലിവിഷന്‍ ജേര്‍ണലിസ്റ്റ് ചോദിച്ചതു ഭൂമിയുടെ അവകാശികള്‍ റിലീസ് ആയിട്ടില്ലേ എന്നാണ്. ഭൂമിയുടെ അവകാശികള്‍ റിലീസ് ആയി എന്നു അറിയാത്തവരാണ് ടി വി ചന്ദ്രന്‍റെ സിനിമയ്ക്കെന്തിനാണ് ഇങ്ങനെ ഒരു പരസ്യ വാചകം എന്നു ചോദിക്കുന്നത്.  ഇത്തരം ചര്‍ച്ചകള്‍ക്കൊന്നും യാതൊരു അര്‍ത്ഥവുമില്ല.

സിനിമ കാണല്‍ എന്നു പറയുന്നതു ഫിലിം ഫെസ്റ്റിവലില്‍ വന്നു ഒരാഴ്ച മാത്രം നടക്കേണ്ട ഒന്നാണോ എന്നാണ് എന്റെ ചോദ്യം. ഒരു പ്രധാന സിനിമ വരുമ്പോള്‍ ആ സിനിമ കാണാന്‍ ഒരു എക്സ്ട്രാ എഫര്‍ട്ട് എടുത്താലെന്താണ്. ആപ്പോള്‍ പറയും ചൂട് കാലമാണ്, 11 മണിക്ക് പറ്റില്ല എന്നൊക്കെ. പക്ഷേ ഫെസ്റ്റിവലിന് ഇതൊന്നു പ്രശ്നമല്ല.

അരവിന്ദന്റെ 25–ആം വാര്‍ഷികം കലാഭവനില്‍ ആഘോഷിച്ചപ്പോള്‍ മുഴുവന്‍ ഷോയും ഹൌസ് ഫുള്ളായിരുന്നു. എന്നാല്‍ അയാള്‍ ജീവിച്ചിരിക്കുമ്പോള്‍ ഒരു മനുഷ്യനും ഈ സിനിമ കണ്ടിട്ടില്ല. ഉച്ചപ്പടം എന്നു പറഞ്ഞു ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ കളിയാക്കിയിരുന്നത് അരവിന്ദനെ ആയിരുന്നു. കാഞ്ചന സീത കോട്ടയത്തു ഒറ്റ ഷോയാണ് കളിച്ചത്. ഒരു മനുഷ്യന്‍ മരിച്ചിട്ടു 25 വര്ഷം വേണോ അയാളുടെ സിനിമ ശരിയായ അര്‍ത്ഥത്തില്‍ കണ്ടു രസിക്കാന്‍. ആ കാലങ്ങളില്‍ എന്തൊക്കെ സങ്കടങ്ങള്‍ അനുഭവച്ചിട്ടുണ്ടാകും ആ മനുഷ്യന്‍. അത്ര മോശമായിട്ടാണ് നമ്മള്‍ എല്ലാ കാലത്തും ഫിലിം മേക്കേര്‍സിനെ ട്രീറ്റ് ചെയ്തിരിക്കുന്നത്. വേറൊരു തരത്തില്‍ നോക്കിയാല്‍ വളരെ കാലങ്ങളെടുത്ത് കാണേണ്ട ഒന്നു തന്നെയാണ് സിനിമ. സിനിമ ഇറങ്ങിയ ഉടന്‍ തന്നെ എല്ലാവരും കാണണം എന്നു പറയുന്നതില്‍ യാതൊരു കാര്യവുമില്ല. പിന്നെ ഇത് ഒരുപാട് പണം ഉള്‍ക്കൊള്ളുന്ന ഒരു ഇടപാടായതിന്റെ ബേജാറിലാണ് ഉടനെ എല്ലാവരും കാണണം എന്നു പറയുന്നത്. 

തിരുവനന്തപുരത്തൊക്കെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ നിരവധി ഉണ്ട്, അവര്‍ പോലും സിനിമ കാണാന്‍ വരുന്നില്ല. പിള്ളേരെയൊക്കെ തെളിച്ചു സിനിമ കാണിക്കാന്‍ കൊണ്ട് വരെണ്ടേ. സിനിമയോടുള്ള താത്പര്യം കൊണ്ടാണല്ലോ ഇത്തരം ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍പഠിക്കാന്‍ വരുന്നത്. അവര്‍ മുന്നില്‍ നിക്കേണ്ടെ. എന്നെ സഹായിക്കാനല്ല. മോഹവലയത്തിന്റെ ആദ്യ ദിവസം മരണ വീട് പോലെ യായിരുന്നു തിയേറ്റര്‍. അടുത്ത ദിവസങ്ങളില്‍ മാറി എങ്കിലും. അപ്പോള്‍ എന്തു സിനിമയോടുള്ള താത്പര്യം എന്നാണ് പറയുന്നതു. എന്തു സിനിമയാണ് ഇവര്‍ പഠിക്കാന്‍ പോകുന്നത്. 

അപക്വ ജൂറി മോഹവലയം ‘കണ്ടില്ല’-ജോയ് മാത്യു

ഇതൊരു അവാര്‍ഡിന് വേണ്ടിയുള്ള സിനിമയല്ല
കേരള സംസ്ഥാനം നിലനില്‍ക്കുന്നത് വരെ ഈ സിനിമയുണ്ടാകും. ഇതൊരു സംസ്ഥാന അവാര്‍ഡിന് വേണ്ടിയോ ദേശീയ അവാര്‍ഡിന് വേണ്ടിയോ എടുത്ത സിനിമയല്ല. ഈ കൊല്ലത്തെ ഏറ്റവും നല്ല സിനിമ ആയില്ല എന്നതുകൊണ്ട് ദുഃഖിക്കേണ്ട കാര്യമൊന്നുമില്ല. അതുകൊണ്ട് തന്നെ അത് നമ്മളെ ബാധിക്കാത്ത ഒരു പ്രശ്നമാണ്.

മോഹവലയവും റീമേയ്ക്ക് ചെയ്യപ്പെടും
ചാര്‍ലി എന്ന സിനിമ കണ്ടപ്പോള്‍ പലരും എന്നെ വിളിച്ചു. കഥാവശേഷന്‍റെ റീമേയ്ക്കാണെന്ന് പറഞ്ഞു.  ഭാവിയില്‍ മോഹവലയത്തിനും റീമേയ്ക്ക് ഉണ്ടാവും.

ചെറുപ്പക്കാര്‍ എന്ന പ്രതീക്ഷ
വര്‍ഷങ്ങള്‍ക്ക് മുന്‍പ് നമ്മള്‍ മഴമേഘങ്ങളായി കണ്ട കാര്യങ്ങള്‍ ഇന്ന് ഒരു യാഥാര്‍ത്ഥ്യമായി തീര്‍ന്നിരിക്കുന്നു. ഓര്‍മ്മകളുണ്ടായിരിക്കണം എന്ന സിനിമയില്‍ ഞാന്‍ അവതരിപ്പിച്ചത് ഒരു ശൈശവത്തിന്റെ നഷ്ടമാണ്. അത് ഒരു പയ്യന്റെ മാത്രമല്ല, കേരളത്തിന്റെ രാഷ്ട്രീയ ശൈശവത്തിന്റെ നഷ്ടം കൂടിയാണ്. എല്ലാ ജാതി മത സമുദായ സംഘടനകളും ഒന്നിക്കുകയും മുന്‍നിരയില്‍ വരികയും ചെയ്ത കാലമായിരുന്നു വിമോചന സമരം. അതിപ്പോള്‍ ദേശീയ തലത്തില്‍ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ നമ്മുടെ പ്രതീക്ഷ എന്നു പറയുന്നതു രാഷ്ട്രീയ പാര്‍ട്ടികളല്ല. മറിച്ച് വിദ്യാര്‍ത്ഥികളാണ്. വിദ്യാര്ത്ഥികള്‍ ഇത്രത്തോളം ഫോര്‍ഫ്രണ്ടില്‍ വന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നില്ല. ഹൈദരബാദ് യൂനിവേര്‍സിറ്റി, ഒസ്മാനിയ യൂണിവേഴ്സിറ്റി, ജെ എന്‍ യു, പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്. ഇങ്ങനെ പല സ്ഥലങ്ങളില്‍ നിന്നും ചെറുപ്പക്കാര്‍ വരികയാണ്. അവര്‍ക്കിനി പൊളിറ്റിക്കല്‍ പാര്‍ട്ടികളുടെ ഒരു അംബര്‍ലായുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.

രോഹിത് വെമൂല ആത്മഹത്യ ചെയ്തപ്പോള്‍ പലരും കഥാവശേഷനിലെ ഗോപിനാഥ മേനോന്റെ ആത്മഹത്യയുമായി അത് ചേര്‍ത്തു വായിക്കുകയുണ്ടായി.

ഫോര്‍ ദി ഷെയിം ഓഫ് ബിയിംഗ് അലൈവ്
സെന്‍സര്‍ ബോര്‍ഡില്‍ നിന്നുള്ള കര്‍ശനമായ താക്കീത് കാരണം കട്ട് ചെയ്യപ്പെട്ടതാണ് കഥാവശേഷനിലെ പ്രശസ്തമായ ഈ ആത്മഹത്യ കുറിപ്പ്. ഫോര്‍  ദി ഷെയിം ഓഫ് ബിയിംഗ് അലൈവ് ആസ് ആന്‍ ഇന്‍ഡ്യന്‍ ആഫ്റ്റര്‍ ഗുജറാത്ത് എന്നായിരുന്നു യഥാര്‍ത്ഥത്തില്‍ അത്. 

(അഴിമുഖം സീനിയര്‍ എഡിറ്ററാണ് സാജു)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍