UPDATES

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 0.25 ശതമാനം കുറച്ചു

അഴിമുഖം പ്രതിനിധി

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്കില്‍ 0.25 ശതമാനം കുറവു വരുത്തി. ആറ് വര്‍ഷത്തിനിടെയിലുണ്ടായിരിക്കുന്ന ഏറ്റവും കുറഞ്ഞ പലിശനിരക്കാണിത്. നിലവില്‍ റിപ്പോ നിരക്ക് 6.50 ശതമാനത്തിലായിരുന്നു. പുതിയ വായ്പ നയം പ്രഖ്യാപിച്ചത്തോടുകൂടി അത് 6.25 ശതമാനമാകും. അതായത് റിസര്‍വ് ബാങ്കില്‍ നിന്നും വാണിജ്യ ബാങ്കുകള്‍ കടമെടുക്കുമ്പോള്‍ നല്‍കേണ്ട പലിശ നിരക്കാണ് 6.25 ശതമാനം. പണപ്പെരുപ്പ നിരക്കുകള്‍ കുറഞ്ഞതാണ് റിസര്‍വ് ബാങ്കിന്റെ പുതിയ തീരുമാനത്തിന് കാരണമായത്. എന്നാല്‍ ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കേണ്ട കരുതല്‍ ധനാനുപാതത്തില്‍(നാല് ശതമാനം) മാറ്റം വരുത്തിയിട്ടില്ല.

രഘുറാം രാജന്റെ പിന്‍ഗാമിയായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനം ഊര്‍ജിത് പട്ടേല്‍ ഏറ്റെടുത്ത ശേഷവും പണനയ കമ്മിറ്റി (എംപിസി) രൂപം കൊണ്ടശേഷവും ഉള്ള ആദ്യത്തെ നയമാണ് ഇന്ന് പ്രഖ്യാപിച്ചത്. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച മൂന്നു സാമ്പത്തിക വിദഗ്ധരും റിസര്‍വ് ബാങ്കില്‍ നിന്നു ഗവര്‍ണര്‍ അടക്കം മൂന്നു പേരും അടങ്ങിയതാണ് കമ്മിറ്റി. റിപ്പോ നിരക്കില്‍ കുറവ് വരുത്തിയതോടെ ഭവന, വാഹന വായ്പകളുടെയും വ്യക്തിഗത വായ്പകളുടെയും പലിശ നിരക്ക് കുറയും.

2017ല്‍ നാണ്യപ്പെരുപ്പ തോത് നാല് ശതമാനമായി നിലനിര്‍ത്തുകയെന്നതാണ് റിസര്‍വ് ബാങ്കിന്റെ ലക്ഷ്യം. ഇതിന് ഒട്ടേറെ പ്രതികൂല ഘടകങ്ങളുണ്ടെങ്കിലും മൊത്തം ആഭ്യന്തര ഉത്പാദന ലക്ഷ്യം കൈവരിക്കാന്‍ സമ്പദ് വ്യവസ്ഥയ്ക്കാകുമെന്നാണ് സര്‍ക്കാരിന്റെ സാമ്പത്തിക വിദഗ്ധര്‍ കരുതുന്നത്. ഇതു കാരണം കൂടിയാണ് റിപ്പോ നിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറായത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍