UPDATES

സിനിമ

ദളിത് സിനിമയ്ക്ക് അയിത്തം; ഒറ്റയാള്‍ പോരാട്ടവുമായി നടന്‍ സലീം കുമാര്‍

Avatar

എം കെ രാമദാസ്

താന്‍ നിര്‍മ്മിച്ച് അഭിനയിച്ച ദളിത് സിനിമയ്ക്ക് അയിത്തമെന്ന വെളിപ്പെടുത്തലുമായി പ്രശസ്ത നടന്‍ ഭരത് സലിംകുമാര്‍. കേരളീയ സാമൂഹിക പരിസരത്തിലെ ദളിത് ജീവിത യാഥാര്‍ത്ഥ്യം ചിത്രീകരിച്ച ‘മൂന്നാം നാള്‍ ഞായറാഴ്ച’യെന്ന ചലച്ചിത്രത്തിനാണ് വിതരണക്കാര്‍ അയിത്തം കല്‍പ്പിച്ചിരിക്കുകയാണെന്ന് നടന്‍ പറഞ്ഞു.

‘മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കപ്പെടുന്ന സാധാരണ ദളിതന്റെ കഥയായതുകൊണ്ടാണ് സിനിമ പ്രേക്ഷകരില്‍ എത്തിക്കാന്‍ വിതരണക്കാര്‍ തയ്യാറാവാത്തത്. സ്വന്തം വിശ്വാസാചാരങ്ങള്‍ മുറുകെ പിടിക്കാന്‍ ശ്രമിക്കുന്ന ദളിത് ജീവിതത്തിന്റെ നേര്‍പതിപ്പാണ് സിനിമയിലെ നായക കഥാപാത്രമായ കറുമ്പന്റേത്. കറുമ്പന്‍ എന്ന കഥാപാത്രത്തിന് ജീവന്‍ നല്‍കിയത് സിനിമയുടെ നിര്‍മ്മാതാവു കൂടിയായ ഞാന്‍ തന്നെയാണ്.’ സലിംകുമാര്‍ പറഞ്ഞു.

‘ദുബായിലും കേരളത്തിലുമായി ഒരു വര്‍ഷത്തോളം ചിത്രീകരണം നീണ്ടു. സമ്പന്നനല്ലാത്ത ഞാന്‍ ഒരു കോടിയില്‍ അധികം രൂപ മുടക്കി ഏറെ ത്യാഗം സഹിച്ചാണ് സിനിമ പൂര്‍ത്തിയാക്കിയത്. ബാബു ആന്റണി ഉള്‍പ്പെടുന്ന താരനിര ‘മൂന്നാം നാള്‍ ഞായറാഴ്ച’യിലുണ്ട്. കഥ ഇഷ്ടപ്പെട്ട ടി എ റസാക്ക് തിരക്കഥയ്ക്കും സംവിധാനത്തിനും സഹായിച്ചെങ്കിലും ‘മൂന്നാം നാള്‍ ഞായറാഴ്ച’ സ്വന്തം സിനിമയാണ്.’ സലിംകുമാര്‍ അഴിമുഖത്തോട് പറഞ്ഞു.

‘ദളിതന്റെ കഥ പ്രേക്ഷകര്‍ക്ക് ഇഷ്ടമാവില്ലെന്നും അവര്‍ തിയേറ്ററിലേക്ക് വരില്ലെന്നുമാണ് വിതരണക്കാരുടെ വാദം. തീര്‍ത്തും തെറ്റാണിത്. ജാതി വിവേചനമാണിത്. മലയാളത്തിലെ പ്രഥമ ദളിത് സിനിമയാണ് മൂന്നാംനാള്‍ ഞായറാഴ്ച. കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി ദളിത് ജീവിതം പ്രമേയമാക്കിയ സിനിമകള്‍ ഉണ്ടായിട്ടില്ല. ആ മോഹന്‍ലാല്‍ അഭിനയിച്ച ഉയരും ഞാന്‍ നാടാകെയ്ക്കും, മമ്മൂട്ടിയുടെ പൊന്തന്‍മാടയ്ക്കും ശേഷം ദളിത് കഥാപാത്രം നായകനാകുന്ന സിനിമയില്ല. സിനിമയിലെ വിവേചനമാണിത്’, സലിംകുമാര്‍ കൂട്ടിച്ചേര്‍ത്തു.

‘ചലച്ചിത്രം വിതരണത്തിന് തയ്യാറായി ഒന്നര വര്‍ഷം പിന്നിട്ടു. വിതരണക്കാരെ തേടി അലഞ്ഞു. ക്ലൈമാക്‌സ് മാറ്റണമെന്ന നിര്‍ദ്ദേശം വരെയുണ്ടായി. ദളിതരുടെ ജീവിത യാഥാര്‍ത്ഥ്യം പറയാന്‍ ഭയമാണിവിടെ. കീഴാള ജീവിതത്തിന്റെ പച്ചയായ യാഥാര്‍ത്ഥ്യമാണ് മൂന്നാംനാള്‍ ഞായറാഴ്ച. കേരള സമൂഹത്തിന്റേത് ആത്മവഞ്ചനയാണ്. രോഹിത് വെമൂലയുടെ ആത്മഹത്യ കേരളത്തില്‍ സജീവ ചര്‍ച്ചയാണ്. ദളിത് ജീവിതം കാണാന്‍ ഹൈദരാബാദിലേയ്ക്ക് കണ്ണയക്കേണ്ടതില്ല. രജനി ആനന്ദിന്റെ മരണത്തെ സൗകര്യപൂര്‍വ്വം നാം മറന്നു. വിശ്വപൗരന്‍ എന്ന അറിയപ്പെട്ട കെ ആര്‍ നാരായണന് മത്സരിക്കാന്‍ ഒറ്റപ്പാലം സംവരണ മണ്ഡലമാണ് നമ്മള്‍ നല്‍കിയതെന്നും ഓര്‍ക്കണം,’ സലിംകുമാര്‍ പറയുന്നു.

‘കലാകാരന്റെ സാമൂഹിക പ്രതിബദ്ധതയാണ് ‘മൂന്നാം നാള്‍ ഞായറാഴ്ച’ പ്രകടിപ്പിക്കുന്നത്. ഒന്നും ചെയ്യാതിരിക്കലല്ല ശരി. ആദിവാസികളുടെയും ദളിതയുടെയും ജീവിതം പൊതു സമൂഹത്തിനുമുന്നില്‍ അവതരിപ്പിക്കാനാണ് ശ്രമം. സി കെ ജാനുവിനെ കാണാന്‍ ശ്രമിക്കുന്നുണ്ട്. ആദിവാസികളും ദളിതരുമായ സഹോദരരെങ്കിലും ഈ ചലച്ചിത്രം കാണണമെന്നാണ് ആഗ്രഹം. വെല്ലുവിളി ഏറ്റെടുത്ത് സിനിമ പ്രേക്ഷകരില്‍ എത്തിക്കുവാനാണ് ഒറ്റയാള്‍ പോരാട്ടം. ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ആറ് തിയേറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറായിട്ടുണ്ട്. തിയേറ്റര്‍ ഉടമകളുമായി നേരിട്ട് ബന്ധപ്പെടുകയാണ്. വയനാട്, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിലും പുനലൂരിലും തിയേറ്ററുകളില്‍ സിനിമ കാണിക്കും.’ സലിംകുമാര്‍ പറഞ്ഞു.

ശരാശരി കേരളീയന്റെ സ്വപ്നമാണ് ഗള്‍ഫ്. കേരളീയരായ ദളിതരുടെ മനസ്സിലും ഈ ചിന്തയുണ്ട്. ഗര്‍ഭിണിയായ ഭാര്യയേയും അമ്മയേയും സഹോദരനേയും പിരിഞ്ഞ് ഗള്‍ഫിലേക്ക് പുറപ്പെടുന്ന കറുമ്പനാണ് മൂന്നാംനാള്‍ ഞായറാഴ്ചയിലെ നായക കഥാപാത്രം. വിസ തരപ്പെടുത്തി കൊടുത്തയാള്‍ കൈമാറിയ ആയുര്‍വേദ മരുന്നില്‍ ലഹരി കണ്ടെത്തിയതിനെതുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്ന് കറുമ്പന്‍ ജയിലിലേയ്ക്കാണ് എത്തപ്പെടുന്നത്.

വിദേശ മണ്ണില്‍ കാലുകുത്താന്‍ പോലുമാകാതെ വര്‍ഷങ്ങളോളം കറുമ്പന്‍ ജയിലഴിക്കുള്ളില്‍ മാനസിക വിഭ്രാന്തിയ്ക്ക് അടിമയായി കഴിയേണ്ടി വരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം ജയിലില്‍ നിന്ന് നാട്ടിലേയ്ക്ക് തിരിച്ചയക്കപ്പെട്ട കറുമ്പന്‍ തന്റെ കുടുംബത്തെ കാണാതെ  അന്വേഷിച്ച് അലയുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. കുടുംബവും ദൈവങ്ങളും നഷ്ടമായെന്ന് അറിയുന്ന കറുമ്പന്റെ സ്വപ്ന സഞ്ചാരത്തിലൂടെയാണ് കഥ വികസിക്കുന്നത്. ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട കുടുംബത്തെയാണ് വെറും കയ്യോടെ എത്തിയ കറുമ്പന്‍ കണ്ടെത്തുന്നത്.

വിശ്വാസവും ആചാരവും നഷ്ടമായ ഒരു ദളിതന്റെ ആത്മാന്വേഷണമാണ് ഇവിടെ നടക്കുന്നതെന്ന് സലിംകുമാര്‍ പറഞ്ഞു. അമ്മയും ഭാര്യയും സഹോദരനും കറുമ്പനെ മത പരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്നു. തീരുമാനമെടുത്ത് തിരികെ എത്തുന്ന കറുമ്പന്‍ ഭാര്യയുടെയും മകളുടെയും ആത്മഹത്യാ വര്‍ത്തയാണ് കേള്‍ക്കുന്നത്. ഇന്നത്തെ ദളിത് ജീവിതത്തിന്റെ പ്രതിസന്ധിയാണ് കറുമ്പനിലൂടെ സിനിമ അവതരിപ്പിക്കുന്നത്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍