ഇന്നലെ രാത്രി പത്ത് മണിയോടെ അഴിക്കോട് മേനോന്‍ നഗറില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണം
സംസ്ഥാനത്ത് വീണ്ടും സദാചാര ഗുണ്ടകളുടെ ആക്രമണം. കൊടുങ്ങല്ലൂര്‍ അഴിക്കോട് യുവാവിനെ ഒമ്പതംഗ സംഘം നഗ്നനാക്കി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പള്ളിപ്പറമ്പില്‍ സലാം ആണ് അക്രമത്തിനിരയായത്. അക്രമിസംഘം ഇയാളുടെ നഗ്നചിത്രങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇന്നലെ രാത്രി പത്ത് മണിയോടെ അഴിക്കോട് മേനോന്‍ നഗറിലാണ് സംഭവം. സംശയകരമായ സാഹചര്യത്തില്‍ കണ്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
പൂര്‍ണമായും നഗ്നനാക്കി കൈകള്‍ പോസ്റ്റില്‍ കൂട്ടിക്കെട്ടിയ ശേഷം തല്ലിച്ചതയ്ക്കുകയായിരുന്നു. മണിക്കൂറുകളോളം ആക്രമണം തുടര്‍ന്നു. കമ്പി കൊണ്ടുള്ള മര്‍ദ്ദനത്തില്‍ സലാമിന്റെ പല്ലുകള്‍ കൊഴിഞ്ഞു. മുഖത്ത് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പോലീസെത്തിയാണ് ഇയാളെ മോചിപ്പിച്ചത്. ശരീരം മുഴുവന്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ട്. അതേസമയം തനിക്ക് പരിചയമുണ്ടായിരുന്ന ഒരാള്‍ കൂട്ടിക്കൊണ്ട് പോയി സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് സലാം പോലീസിന് മൊഴി നല്‍കി. നേരത്തെയുണ്ടായിരുന്ന ചില തര്‍ക്കങ്ങളാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ് സലാം പറയുന്നത്.
എന്നാല്‍ പ്രദേശത്തെ ഒരു വീട്ടിലേക്ക് ഇയാള്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്നായിരുന്നു മര്‍ദ്ദനമെന്നാണ് നാട്ടുകാര്‍ പറയുന്നത്. സലാമിന്റെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.