UPDATES

ട്രാന്‍സ്ജന്‍ഡറുകള്‍ മരിക്കണമെന്നാണോ നിങ്ങള്‍ പറയുന്നത്? രണ്ടു ദിവസത്തിനുള്ളില്‍ രണ്ടിടത്ത് ആക്രമണം; ഒന്ന് കേരള പോലീസ്, മറ്റൊന്ന് സദാചാര പോലീസ്

ആക്രമണത്തിന് ഇരയായ അനന്യയും ദീപ്തി കല്യാണിയും സംസാരിക്കുന്നു

കേരളത്തില്‍ രണ്ട് ദിവസങ്ങള്‍ക്കിടെ രണ്ടിടത്ത് ട്രാന്‍സ്ജന്‍ഡറുകള്‍ ആക്രമിക്കപ്പെട്ടു. ഞായറാഴ്ച എറണാകുളത്ത് കേരളത്തിലെ ആദ്യ റേഡിയോ ജോക്കിയായ അനന്യയെ ആക്രമിച്ചത് ഷമീര്‍ എന്ന യുവാവാണെങ്കില്‍ വെള്ളിയാഴ്ച തൃശൂര്‍ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍ മൂന്ന് ട്രാന്‍സ് ജന്‍ഡറുകളെ ആക്രമിച്ചതിന്റെ ഉത്തരവാദി കേരള പോലീസാണ്. സമൂഹത്തില്‍ നിന്നും നിയമപാലകരില്‍ നിന്നുമുള്ള ആക്രമണങ്ങള്‍ക്ക് ഒരേപോലെ ഇരയാവേണ്ടി വരുമ്പോള്‍ ട്രാന്‍സ് ജന്‍ഡര്‍ വ്യക്തിത്വങ്ങള്‍ നേരിടേണ്ടി വരുന്ന വെല്ലുവിളി ചെറുതല്ല. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രണ്ട് കേസുകളിലും യാതൊരു പ്രകോപനവുമില്ലാതെയാണ് ഇവര്‍ ആക്രമിക്കപ്പെട്ടത്. തങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ചും തുടര്‍ന്നുണ്ടായ സംഭവങ്ങളെക്കുറിച്ചും എറണാകുളത്ത് വച്ച് ആക്രമിക്കപ്പെട്ട അനന്യയും തൃശൂര്‍ ബസ് സ്റ്റാന്‍ഡില്‍ ആക്രമിക്കപ്പെട്ട മോഡലും നര്‍ത്തകിയുമായ ദീപ്തി കല്യാണിയും അഴിമുഖത്തോട് സംസാരിക്കുന്നു.

അനന്യ
‘എനിക്കിപ്പോള്‍ പുറത്തിറങ്ങാന്‍ പേടിയാണ്. ആണിനേയും പെണ്ണിനേയും പോലെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സും തുല്യരാണ്, എല്ലാ അവകാശങ്ങളുമുണ്ട്, സഞ്ചാര സ്വാതന്ത്ര്യമുണ്ട്, ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട് എന്നെല്ലാം പറയുമ്പോഴും യഥാര്‍ഥത്തില്‍ നടക്കുന്നതെന്താണ്? മുമ്പ് കൊച്ചിയില്‍ ട്രാന്‍സ്ജന്‍ഡറെ പോലീസ് ആക്രമിച്ച സംഭവമുണ്ടായിരുന്നു. ആ സംഭവമാണ് മറ്റുള്ളവര്‍ക്ക് ഞങ്ങളെ ആക്രമിക്കാനുള്ള ധൈര്യം നല്‍കുന്നത്. പോലീസ് ഇതൊക്കെ ചെയ്യുന്നു, പിന്നെ ഞങ്ങള്‍ ചെയ്താലെന്താ എന്നാണ് പലരുടേയും വിചാരം.

ഇന്ത്യയിലാദ്യമായി ട്രാന്‍സ്ജന്‍ഡേഴ്‌സിന്റെ ഉന്നമനത്തിനായി വെല്‍ഫെയര്‍ പോളിസി കൊണ്ടുവന്ന ആദ്യ സംസ്ഥാനമാണ് കേരളം. അങ്ങനെയായിരിക്കെ ഞങ്ങളെ മനുഷ്യരായി അംഗീകരിക്കാത്ത പോലീസില്‍ നിന്നും അടിച്ചമര്‍ത്താന്‍ നോക്കുന്ന സമൂഹത്തില്‍ നിന്നും ഞങ്ങള്‍ക്ക് നേരിടേണ്ടി വരുന്നതും ഒട്ടും പോസിറ്റീവ് ആയ കാര്യങ്ങള്‍ അല്ല. ഒരു പോസിറ്റീവ് കാര്യം സംഭവിക്കുമ്പോള്‍ അതിന് പകരമായി പത്ത് നെഗറ്റീവ് കാര്യങ്ങളാല്‍ ഞങ്ങളെ അടിച്ചമര്‍ത്താന്‍ നോക്കുകയാണ്. അവിടെ നിന്ന് എങ്ങനെയാണ് ഞങ്ങള്‍ ഉയര്‍ന്നു വരിക? കുടുംബത്തിലോ ജോലിചെയ്യുന്നയിടത്തോ പിന്തുണയില്ല. എല്ലായിടത്തും ഒമ്പത്, ചാന്തുപൊട്ട്, ഫ്‌ലൂട്ട്, പെണ്ണാളന്‍, വായിലെടുപ്പന്‍, വണ്ട്, കൊമ്പ്, ഡക്ക്, ഫ്രക്ക് അങ്ങനെ എന്തെല്ലാം തരത്തിലാണ് ഞങ്ങളെ വിശേഷിപ്പിക്കപ്പെടുന്നത്.

ഞാന്‍ ആക്രമിക്കപ്പെട്ടു. എന്റെ മേല്‍ കൈവയ്ക്കാന്‍ അയാള്‍ക്ക് എങ്ങനെ ധൈര്യം വന്നു എന്നാണ് എന്റെ ചോദ്യം? ഞാനൊരു ട്രാന്‍സ്ജന്‍ഡറാണ്. ഒരു പുരുഷനായ ഷമീര്‍ എന്റെ മേല്‍ എന്തിന് കൈവച്ചു?

ഞായറാഴ്ച രാത്രി പത്തരയോടുകൂടി ഞാനും നടാഷ, ശ്രേയസ്, സുധീ അങ്ങനെ കുറച്ചു സുഹൃത്തുക്കളുമായി എറണാകുളം കോണ്‍വന്റ് ജംഗ്ഷനില്‍ ഓട്ടോസ്റ്റാന്‍ഡിനടുത്ത് ഓട്ടോറിക്ഷയ്ക്കായി കാത്ത് സംസാരിച്ചുനില്‍ക്കുകയായിരുന്നു. അതിനിടെ പെട്ടെന്ന് തൊട്ടുത്തുള്ള ബില്‍ഡിങ്ങില്‍ ഷോപ്പ് നടത്തുന്ന ഷമീര്‍ ഞങ്ങളുടെ അടുത്തേക്ക് വന്നു. എനിക്കയാളെ നേരത്തെ കണ്ട് പരിചയമുണ്ട്. അയാള്‍ ഞങ്ങളുടെ അടുത്തുകൊണ്ടുവന്ന് സ്‌കൂട്ടര്‍ നിര്‍ത്തിയിട്ട് എന്റെ സുഹൃത്തായ ശ്രേയസ്സിനോട് ‘നിന്റെ പേരെന്താടാ? നിന്റെ വീടെവിടെയാടാ?’ എന്നു ചോദിച്ചു. പേരും വീടും പറഞ്ഞു. മറുപടി നല്‍കിക്കഴിഞ്ഞപ്പോള്‍ അയാള്‍ അവനെ തുറിച്ചുനോക്കാന്‍ തുടങ്ങി. എന്തിനാണ് ഇങ്ങനെ നോക്കുന്നതെന്ന് ശ്രേയസ് ചോദിച്ചപ്പോള്‍ ‘എന്തിനാണ് നോക്കുന്നതെന്ന് ഞാനിപ്പോ പറഞ്ഞു തരാം’ എന്നു പറഞ്ഞിട്ട് അയാള്‍ വണ്ടിയില്‍ നിന്നിറങ്ങി ശ്രേയസ്സിന്റെ മുഖത്ത് പൊതിരെ തല്ലി. ഞങ്ങളുടെ ആരോഗ്യത്തേക്കാളും അഞ്ചിരട്ടി ആരോഗ്യമുള്ള അയാളെ ശ്രമപ്പെട്ട് പിടിച്ചുമാറ്റി. പക്ഷെ അയാള്‍ ശ്രേയസ്സിനെ ഓടിച്ചിട്ട് തല്ലുകയായിരുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ അയാളുടെ സുഹൃത്തുക്കളും അവിടെയെത്തി. ഷമീറുള്‍പ്പെടെ  ആ നാലുപേരും മദ്യപിച്ചിരുന്നു എന്നാണ് എന്റെ വിശ്വാസം. അയാളെ പിടിച്ചു മാറ്റാന്‍ നോക്കിയപ്പോള്‍ അസഭ്യം പറഞ്ഞുകൊണ്ട് എന്റെ കഴുത്തില്‍ ആഞ്ഞടിച്ചു. വേദനകൊണ്ട് ഞാന്‍ കുനിഞ്ഞുപോയി. അപ്പോള്‍ എന്റെ മുടികുത്തിപ്പിടിച്ച് അയാള്‍ പുറത്ത് ഇടിച്ചു.

ആശുപത്രിയില്‍ പോവാന്‍ ഓട്ടോറിക്ഷ നോക്കി നടക്കുന്നതിനിടെ ഷമീറും സുഹൃത്തുക്കളും പിന്നാലെയെത്തി ഭീഷണിപ്പെടുത്തി. പിന്നീട് ജനറല്‍ ആശുപത്രിയില്‍ പോയി ഡോക്ടറെ കാണുന്നതിനിടെ അയാള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. ‘നിന്നെ കയ്യില്‍ കിട്ടിയാല്‍ ഞാന്‍ കൊല്ലും. ഇവിടെ കണ്ടുപോവരുത്’ എന്ന് ശ്രേയസ്സിനെ താക്കീത് നല്‍കി. ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം പുലര്‍ച്ചെ മൂന്ന് മണിയോടെ സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനിലെത്തി. പോലീസ് പൂര്‍ണ്ണമായും സഹകരിച്ചു. എന്റെ പരാതി സ്വീകരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതില്‍ വിശ്വാസമര്‍പ്പിച്ചാണ് നില്‍ക്കുന്നത്. ട്രാന്‍സ്ജന്‍ഡറായ ശീതള്‍ ശ്യാമും ട്രാന്‍സ്ജന്‍ഡേഴ്സിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനായ മാര്‍വലിന്റെ പ്രവര്‍ത്തകനായ നവാസുമാണ് സഹായത്തിനായെത്തിയത്. ഷമീറിന്റെ സുഹൃത്തുക്കള്‍ കേസ് ഒത്ത് തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് എത്തിയിരുന്നു. എന്നാല്‍ ഞാനതിന് നില്‍ക്കില്ല. കാരണം എനിക്ക് അഭിമാനത്തോടെ ജീവിക്കണം. കൃത്യമായ ലക്ഷ്യത്തോടെയാണ് ഞാന്‍ ജീവിക്കുന്നത്. ആ ജീവിതം എനിക്ക് സാധ്യമാവേണ്ടതുണ്ട്.

സദാചാര ഗുണ്ടായിസം നടത്തുന്നവര്‍ എന്നെങ്കിലും ഒരു ലൈംഗികാതിക്രമം തടഞ്ഞിട്ടുണ്ടോ? വലിയ ആള് ചമയുകയെന്നല്ലാതെ അവര്‍ എന്താണ് ചെയ്യുന്നത്. സദാചാര ഗുണ്ടായിസം നടപ്പാക്കുന്നവരുടെ മനസ്സ് എന്തുമാത്രം നികൃഷ്ടമാണ്. അവര്‍ക്ക് ആ പ്രവൃത്തി കൊണ്ട് ഒരു പ്രസിദ്ധിയും കിട്ടാനില്ല, സാമ്പത്തിക മെച്ചമില്ല. മറ്റൊരാളെ ഉപദ്രവിക്കുമ്പോള്‍, അവരുടെ വ്യക്തിസ്വാതന്ത്ര്യത്തില്‍ തലയിട്ട് അവരെ ജീവിക്കാന്‍ അനുവദിക്കാതിരിക്കുമ്പോള്‍ കിട്ടുന്ന മാനസിക സംതൃപ്തി മാത്രമാണുള്ളത്. ഒരു മനുഷ്യന്റേതായ എല്ലാ അവകാശങ്ങളോടും കൂടി ജീവിക്കാന്‍ എന്നാണ് ട്രാന്‍സ്ജന്‍ഡേഴ്‌സിനാവുക? എന്നെങ്കിലും ഇത് സാധ്യമാവും എന്ന പ്രതീക്ഷയില്‍ ഈ കേസുമായി നീതി ലഭിക്കുന്നതുവരെ ഞാന്‍ മുന്നോട്ട് പോവും.

ദീപ്തി കല്യാണി  
‘കൊല്ലത്ത് ഒരു പ്രോഗ്രാം കഴിഞ്ഞ് തിരിച്ച് ബാഗ്ലൂരേക്ക് പോവുന്നതിനായി ഞാന്‍ തൃശൂരിലെ ഒരു ഹോട്ടലില്‍ മുറിയെടുത്തിരുന്നു. ഒരു അപകടത്തില്‍ കാലിന് ചെറിയ ഒടിവുണ്ടായിരുന്നു. അതുകൊണ്ടാണ് ഒരു ദിവസം വിശ്രമിച്ചിട്ട് പോവാമെന്ന് കരുതിയത്. ഞാന്‍ തൃശൂരിലുണ്ടെന്നറിഞ്ഞ് കോഴിക്കോടുള്ള അലീന എന്നെ കാണാന്‍ വന്നു. കുടുംബശ്രീ പ്രവര്‍ത്തകയായ രാഗരഞ്ജിനി എറണാകുളത്ത് ഒരു മീറ്റിങ് കഴിഞ്ഞ് ഞങ്ങളെ കാണാനെത്തി. മുറിയില്‍ കുറച്ചുനേരം സംസാരിച്ചിരുന്നിട്ട് ഭക്ഷണം കഴിക്കാന്‍ പുറത്തേക്കിറങ്ങി. രാത്രി 11 മണിയായിട്ടുണ്ടാവും. കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡില്‍ പോയി ബാംഗ്ലൂരേക്കുള്ള ബസിന്റെ സമയവും നോക്കാമെന്നുദ്ദേശിച്ചാണ് പുറത്തേക്കിറങ്ങിയത്. സ്റ്റാന്‍ഡിനടുത്തുള്ള ഹോട്ടലില്‍ കയറി ഞങ്ങള്‍ മൂന്ന് പേരും ചായ കുടിച്ചു. ഇത് കഴിഞ്ഞ് പുറത്തേക്കിറങ്ങിയതും മൂന്ന് പോലീസുകാര്‍ ജീപ്പില്‍ നിന്ന് ചാടിയിറങ്ങി ഒന്നും സംസാരിക്കുക പോലും ചെയ്യാതെ ഞങ്ങളെ അടിക്കാന്‍ തുടങ്ങി. ‘പോടാ, നിന്നെയൊന്നും ഇവിടെ കണ്ടുപോവരുത്’ എന്ന് പറഞ്ഞുകൊണ്ട് ഞങ്ങളെ തല്ലിയോടിക്കുകയായിരുന്നു. എന്റെ കാലിന് ഒടിവുള്ളതാണെന്ന് ഞാന്‍ അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. പക്ഷെ ഞാന്‍ നില്‍ക്കുന്നയിടത്തു നിന്ന് ഏതാണ്ട് അരക്കിലോമീറ്റര്‍ ദൂരം അവരെന്നെ ഓടിച്ചു. ഇടയ്ക്ക് തിരിഞ്ഞ് നോക്കിയപ്പോള്‍ രാഗരഞ്ജിനിയെ മൂന്ന് പോലീസുകാരും ചേര്‍ന്ന് പൊതിരെ തല്ലുകയായിരുന്നു. എന്റെ തുട മുഴുവന്‍ അടിയുടെ പാടുകള്‍ കല്ലച്ചുകിടക്കുകയാണ്. രാഗരഞ്ജിനിയുടെ ശസ്ത്രക്രിയ കഴിഞ്ഞിട്ട് ഒരു മാസമേ ആയിട്ടുള്ളൂ. അവളെയാണ് പോലീസുകാര്‍ ഏറെ ഉപദ്രവിച്ചത്.

ഞങ്ങള്‍ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. രാഗരഞ്ജിനി തീരെ അവശനിലയിലായിരുന്നു. പക്ഷെ ആദ്യത്തെ പരിശോധനകള്‍ കഴിഞ്ഞ് ഞങ്ങളെ തിരികെയയ്ക്കാനായിരുന്നു ഡോക്ടറുടെ ശ്രമം. ‘നിങ്ങള്‍ കേസിന് ബലം കൂട്ടാന്‍ വേണ്ടിയാണോ അഡ്മിറ്റ് ആവണം എന്ന് പറയുന്നത്? നിങ്ങള്‍ക്കിവിടെ ചികിത്സയൊന്നുമില്ല. ഒന്ന് ഇറങ്ങിപ്പോവൂ.’ എന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്. പക്ഷെ ഞങ്ങള്‍ ആശുപത്രിയില്‍ തന്നെ കിടന്നു. പോലീസിന് പരാതിയും നല്‍കി.

ലിംഗമാറ്റ ശസ്ത്രക്രിയ കഴിഞ്ഞിട്ട് ഏഴ് വര്‍ഷമായി. ഇപ്പോള്‍ ഞാന്‍ പൂര്‍ണമായും സ്ത്രീയാണ്. എന്ത് ധൈര്യത്തിലാണ് ഒരു ആണ്‍പോലീസ് എന്റെ മേല്‍ കൈവച്ചത്? എന്തിനാണ് ഞങ്ങളെ ആക്രമിച്ചത്? നടപടിയെടുക്കുമെന്നാണ് പോലീസ് നല്‍കിയിരിക്കുന്ന ഉറപ്പ്. നീതി ലഭിക്കണം. അതിനുള്ള കാര്യങ്ങള്‍ ചെയ്യും. എനിക്ക് കേരളത്തില്‍ തന്നെ ജീവിക്കണം. 13 വര്‍ഷം ബാംഗ്ലൂരില്‍ പോയി പിച്ചയെടുത്തും സെക്‌സ് വര്‍ക്ക് ചെയ്തും ഞാന്‍ ജീവിച്ചു. അങ്ങനെയാണ് പെണ്ണാവുക എന്ന വര്‍ഷങ്ങളായുള്ള എന്റെ ആഗ്രഹം സാധിച്ചത്. വളരെ കഷ്ടപ്പെട്ട് നേടിയെടുത്തതാണ് എല്ലാ നേട്ടങ്ങളും. കേരളത്തില്‍ വന്ന് പോലീസുകാരുടെ അടികൊണ്ട് കിടക്കാന്‍ വേണ്ടിയല്ല അതൊന്നും നേടിയെടുത്തത്. മോഡലിങ്ങില്‍ നിരവധി അവസരങ്ങളുണ്ട്, സിനിമയില്‍ അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. എനിക്ക് കേരളത്തില്‍ നിന്നുകൊണ്ട് തന്നെ ഇനി ജീവിച്ച് കണിക്കണം. കേരളത്തിലുള്ള ട്രാന്‍സ്ജന്‍ഡേഴ്‌സ് മരിക്കണമെന്നാണോ നിങ്ങള്‍ പറയുന്നത്? ഞങ്ങള്‍ ജീവിക്കണ്ടേ? സര്‍ക്കാര്‍ പല പോളിസികളും കൊണ്ടുവരുന്നുണ്ട്. പക്ഷെ ഞങ്ങള്‍ക്ക് പിന്തുണ നല്‍കാനോ സുരക്ഷിതത്വം ഉറപ്പിക്കാനോ ഇവിടെ ആരുമില്ല.’

 

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍