UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സദാചാര പോലീസിംഗിനെതിരെ റെഡ് ഹെല്‍മറ്റ്,പോസ്റ്റ് കാര്‍ണിവല്‍

Avatar

ഉണ്ണികൃഷ്ണന്‍ വി

കൊച്ചി എസിപി ജി വേണുവിന്‍റെയും കൂടെയുണ്ടായിരുന്ന 15 ഓളം പോലീസ് ഉദ്യോഗസ്ഥരുടേയും സദാചാര പോലീസിംഗിനു ശേഷമാണ് കലാകക്ഷി എന്ന കൂട്ടായ്മ കലാലോകത്തിനു പുറത്തുള്ളവരുടെ ചര്‍ച്ചയ്ക്കു വിഷയമാകുന്നത്. രാജ്യത്തു വളര്‍ന്നുവരുന്ന അസഹിഷ്ണുതയും സദാചാര പോലീസിംഗും ജനജീവിതത്തെ ബാധിക്കുന്നതിനെതിരെ പ്രതിഷേധിക്കാന്‍ കലയെ ഉപയോഗിക്കാന്‍ കലാകക്ഷി ആരംഭിച്ചിട്ടു വര്‍ഷങ്ങള്‍ ഏറെറെയായി. സമൂഹത്തിലെ അനീതിക്കെതിരെ ഇതിനകം തന്നെ വ്യത്യസ്തമായ രീതിയില്‍ ഇവര്‍ പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ക്കു നേരിടേണ്ടി വന്ന അതിക്രമത്തെ തികച്ചും കലാപരമായി നേരിടുന്ന  രീതികളാണ് സാധാരണക്കാരുടെ ഇടയില്‍  ഈ കൂട്ടായ്മയെ ശ്രദ്ധാകേന്ദ്രമാക്കിയത്. 

സമൂഹത്തില്‍ മാറ്റങ്ങള്‍ക്കു കാരണമായിട്ടുള്ള പല കൂട്ടായ്മകളെയും പോലെ കലാകക്ഷിയുടെയും തുടക്കം ഒരു കലാലയത്തില്‍ നിന്നാണ്. തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജിലെ പഠനകാലത്ത് ക്ലാസ് മുറികള്‍ മാത്രമല്ല കലാകാരന്മാരുടെ പാഠശാല എന്നു തിരിച്ചറിഞ്ഞ ഒരു കൂട്ടം കലാവിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയാണ് കലാകക്ഷി. ഉള്‍ക്കാഴ്ചകളെ കാന്‍വാസിലേക്കും ശില്പങ്ങളായും മറ്റു കലാരൂപങ്ങളായും പുനര്‍ജ്ജനിപ്പിക്കുക മാത്രമല്ല  ഒരു കലാകാരന്‍റെ കടമ എന്നുള്ള തിരിച്ചറിവ് കൂടിയാണ് അവരെ ഈ ചിന്തയിലേക്ക് നയിച്ചത്.

കലാകക്ഷിയുടെ പിറവി 
2007ല്‍ ആര്‍ എല്‍ വി കോളേജിലെ അധ്യയന നാളുകളിലൊന്നില്‍ പിഎസ് ജലജ, ജാസ്സിന്തര്‍ റോക്ക്ഫെല്ലര്‍, അമല്‍ജ്യോതി,ഡേവിസ് പിജെ, ഷിബു പട്ടാരം എന്നിവരുടെ നേതൃത്വത്തില്‍ 20 പേര്‍ ഒരുമിച്ചാണ് കലാകക്ഷിക്കു ജീവന്‍ നല്‍കുന്നത്. കാമ്പസില്‍ നിന്നും കലയുടെ വിശാലമായ ഭൂമികയിലേക്ക് ഇവര്‍ കടക്കുന്നത്‌ ഈ കൂട്ടായ്മയുടെ ബാനറിലായിരുന്നു.

കലാപ്രദര്‍ശനങ്ങള്‍ കാണുവാനും കലയെ അടുത്തറിയുവാനും നടത്തിയ യാത്രകളിലൂടെയാണ് കലാകക്ഷി വളര്‍ന്നത് എന്ന് തുടക്കം മുതല്‍ അംഗമായ ജസ്സിന്തര്‍ പറയുന്നു.

‘2007-2011 കാലയളവില്‍ മുംബൈ, വഡോദര, ദില്ലി എന്നിവിടങ്ങളില്‍ നടന്ന ആര്‍ട്ട് സമ്മിറ്റുകള്‍, ആര്‍ട്ട് എക്സിബിഷനുകള്‍ എന്നിവ വഴി അനവധി കലാകാരന്മാരെയും അവരുടെ സൃഷ്ടികളും കാണുവാന്‍ സാധിച്ചിട്ടുണ്ട്. കൂടാതെ എരമല്ലൂര്‍ സെന്‍ സ്റ്റുഡിയോ, കലാധരന്‍ മാഷിന്റെ കലാപീഠം എന്നിവിടങ്ങളില്‍ നിന്നും ഏറെ പഠിക്കാന്‍ സാധിച്ചു. മുതിര്‍ന്ന കലാകാരന്മാരായ കെ രഘുനാഥന്‍, ബോസ് കൃഷ്ണമാചാരി, റിയാസ് കോമു, ഉപേന്ദ്രനാഥ്  ടി ആര്‍, കെ എല്‍ ലിയോണ്‍ എന്നിവരുമായി ചേര്‍ന്ന് പ്രവൃത്തിക്കുവാനും കൂടുതല്‍ കലാകാരന്മാരുമായി അടുത്തിടപഴകുവാന്‍ സാധിച്ചതും ഞങ്ങളുടെ വളര്‍ച്ചയില്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്’-ജസ്സിന്തര്‍ ഓര്‍ക്കുന്നു.

ആദ്യത്തെ ബിനാലെയ്ക്കെതിരെ കലാകാരന്മാരുടെ ഇടയില്‍ തന്നെ എതിര്‍പ്പ് ഉണ്ടായെങ്കിലും ഇവര്‍ തുടക്കം മുതല്‍ ബിനാലെയില്‍ സജീവമായിരുന്നു. 2012ലെ ബിനാലെയുടെ പബ്ലിക് ഗ്രാഫിറ്റി വര്‍ക്കുകള്‍ ചെയ്യുന്നതില്‍ ഇവരും പങ്കെടുത്തിരുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള അനവധി കലാകാരന്മാരോടൊപ്പം പ്രവര്‍ത്തിക്കാനും അതോടൊപ്പം തന്നെ കെ.രഘുനാഥനെപ്പോലെയുള്ളവര്‍  അംഗങ്ങളായ റാഡിക്കല്‍ ഗ്രൂപ്പുകളുടെ ഭാഗമാവാനും സാധിച്ചു. അതോടെ കലാകക്ഷിയിലെ അംഗങ്ങളുടെ എണ്ണവും വര്‍ദ്ധിച്ചു. സമാനമായ കാഴ്ചപ്പാടുള്ള പല ആര്‍ട്ടിസ്റ്റുകളും ഇവരോടു ചേര്‍ന്നു പ്രവര്‍ത്തിക്കാനാരംഭിച്ചു. ഇപ്പോള്‍ പല വിവിധ വിഭാഗങ്ങളിലായുള്ള 50 ഓളം കലാകാരന്മാര്‍ കലാകക്ഷിയിലുണ്ട്.

ഇതിനു ശേഷമാണ് കൊച്ചിയിലെ കാര്‍ണിവലുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്കു സാധിക്കുന്നത്. തുടക്കത്തില്‍ സാന്താക്ലോസിന്റെ ഗ്രാമീണരൂപമായിട്ടായിരുന്നു പപ്പാഞ്ഞിയെ കണ്ടിരുന്നത്‌. കാര്‍ണിവലിനെക്കുറിച്ചും പപ്പാഞ്ഞി എന്ന പ്രതീകത്തെക്കുറിച്ചും പഠനങ്ങള്‍ നടത്തുന്ന ബോണി തോമസിന്‍റെ സഹായത്തോടെ കൊച്ചിനിവാസികളുടെ മാത്രം ആഘോഷമായ കാര്‍ണിവലും പപ്പാഞ്ഞിയെ കത്തിക്കലും മതേതരമായ ഒരു ആഘോഷമാക്കി തീര്‍ക്കാന്‍ കലാകക്ഷിയ്ക്കു സാധിച്ചു.  ഈ ആഘോഷത്തെ  സാധാരണമാക്കുവാനും ജാതിമത വ്യത്യാസമില്ലാതെ ‘കൊച്ചിക്കാരുടെ സ്വന്തം’ ആഘോഷമാക്കുവാനും ഇവര്‍ക്ക് സാധിച്ചു. 2013 മുതല്‍ തുടര്‍ച്ചയായി പപ്പാഞ്ഞി നിര്‍മ്മാണത്തിലും അനുബന്ധപ്രവര്‍ത്തനങ്ങളിലും ഇവരുണ്ട്.

ഈയടുത്ത് കൊച്ചിയില്‍ നടന്ന ഫാസിസത്തിനെതിരെയുള്ള മനുഷ്യ സംഗമത്തിലും ഇവര്‍ പങ്കാളിത്തം വഹിച്ചിരുന്നു. വേദിയില്‍ സാമൂഹ്യ പരിഷ്കര്‍ത്താക്കളുടെ മുഖംമൂടി അണിഞ്ഞ് വേദിയിലെത്തിയ ഇവര്‍ തങ്ങളുടെ സൃഷ്ടികളിലൂടെ മനുഷ്യസംഗമത്തിന് ഐക്യടാര്‍ഡ്യ പ്രഖ്യാപിക്കുകയുണ്ടായി. ഇത് കലാകക്ഷിയുടെ ആദ്യത്തെ പബ്ലിക് പെര്‍ഫോമന്‍സ് എന്ന രീതിയിലാണ്‌ നടന്നത്. ആര്‍ട്ടിവിസ്റ്റുകള്‍ എന്നാണ് ഇവര്‍ മനുഷ്യാസംഗമത്തില്‍ അറിയപ്പെട്ടത്.

ശേഷം 2015 ഡിസംബറില്‍ നടന്ന കാര്‍ണിവലിനായുള്ള പപ്പാഞ്ഞി നിര്‍മ്മാണത്തിലും ഒരു വ്യത്യസ്തമായ രീതി കൊണ്ടുവരാന്‍ ഇവര്‍ക്കു സാധിച്ചു. പോയ വര്‍ഷത്തെ പപ്പാഞ്ഞി നിര്‍മ്മാണം ആര്‍ട്ട് വര്‍ക്കേഴ്സ് എന്ന പേരിലുള്ള ഒരു പബ്ലിക് പെര്‍ഫോമന്‍സ് ആയാണ് നടന്നത്. കലാപഠനത്തിനു ശേഷം അല്ലെങ്കില്‍ അതിനു മുന്‍പും കമ്മിഷന്‍ പ്രൊജക്റ്റ്‌, ദേവാലയങ്ങളിലെ വിഗ്രഹങ്ങള്‍ തീര്‍ക്കല്‍ എന്നിങ്ങനെ ഒതുക്കപ്പെടുന്ന കലാകാരന്മാരെ പ്രതിനിധീകരിച്ചുകൊണ്ട് ഒരു പെര്‍ഫോമന്‍സ് ആയിരുന്നു ഇത്. ആര്‍ട്ട്‌ വര്‍ക്കേഴ്സ് എന്നാലേഖനം ചെയ്ത യൂണിഫോം, കലാകക്ഷി എന്നു രേഖപ്പെടുത്തിയ ഹെല്‍മെറ്റ്, ഗ്ലൌസ്, മാസ്ക് എന്നിങ്ങനെ തൊഴിലാളികള്‍ എന്ന രൂപത്തിലായിരുന്നു ഇവര്‍ പപ്പാഞ്ഞിയെ നിര്‍മ്മിച്ചത്. തുടര്‍ച്ചയായ 10 ദിവസങ്ങള്‍ രാവും പകലും കഠിനാധ്വാനം നടത്തിയാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

ആര്‍ട്ട് വര്‍ക്കേഴ്സ് എന്നത് എല്ലാ കലാകാരന്മാരുടെയും ജീവിതത്തിലെ പ്രധാന ഭാഗമാണ്. മെയിന്‍ സ്ട്രീമിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ്  മിക്കവര്‍ക്കും ആര്‍ട്ട് വര്‍ക്കേഴ്സ്  എന്ന ഫേസിലൂടെ കടന്നു പോകേണ്ടി വരും. അവര്‍ക്കു വേണ്ടിയായിരുന്നു ഇത്തവണത്തെ പപ്പാഞ്ഞി നിര്‍മ്മാണം’- കലാകക്ഷി പ്രവര്‍ത്തകരായ ജസ്സിന്തര്‍, അനില്‍ സേവ്യര്‍ എന്നിവര്‍ പറയുന്നു.

നീതിപാലകരുടെ സദാചാരപോലീസിംഗിന്‍റെ ഇരകള്‍
പുതുവത്സരാഘോഷത്തിനു ശേഷം കാണികള്‍ പിരിഞ്ഞുപോയ സമയത്ത് തിരികെ വരുന്ന വഴിയാണ് ഇവര്‍ ആക്രമിക്കപ്പെട്ടത്. കംപ്രസര്‍, വെല്‍ഡിം സെറ്റ് എന്നിങ്ങനെയുള്ള ഉപകരണങ്ങള്‍ പതിനായിരക്കണക്കിന് ജനങ്ങള്‍ തിങ്ങിനിറഞ്ഞു നില്‍ക്കുന്നയിടത്തുകൂടി കൊണ്ടുവരാന്‍ പ്രയാസമായതിനാല്‍ രാത്രി രണ്ടു മണി വരെ ഇവര്‍ക്ക് കാത്തിരിക്കേണ്ടി വന്നു. സംഘത്തിലുണ്ടായിരുന്ന 15 ഓളം പെണ്‍കുട്ടികളെ യാത്രയാക്കിയ ശേഷമാണ് ഇവര്‍ ഭക്ഷണം കഴിക്കാനായി എത്തിയത്.

മഹാത്മാഗാന്ധി ബീച്ചിനു സമീപമുള്ള ബിഗ്‌ മൌത്ത് എന്ന റെസ്‌റ്റോറന്റിലെത്തിയ ഇവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന മനു സിഎ, ലിസ ഹെഴ്സലിന്‍ എന്നിവരെ മട്ടാഞ്ചേരി എ.സി.പി ജി വേണുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടയുകയായിരുന്നു. സഭ്യതയ്ക്കു നിരക്കാത്ത രീതിയിലുള്ള സംഭാഷണമാണ് എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥനില്‍ നിന്നും കേള്‍ക്കേണ്ടി വന്നതെന്ന് ലിസ വ്യക്തമാക്കുന്നു.

‘വനിതാ പോലീസ് പോലും കൂടെയില്ലാതെയായിരുന്നു അവര്‍ ഞങ്ങളെ തടഞ്ഞത്. ജനങ്ങളുടെ സുരക്ഷയ്ക്കായി സര്‍ക്കാര്‍ നിയമിച്ചിരിക്കുന്ന ഉദ്യോഗസ്ഥരുടെ വായില്‍ നിന്നും വന്നത് കേട്ടാല്‍ അറപ്പുളവാക്കുന്ന പദപ്രയോഗങ്ങളായിരുന്നു. ശേഷമായിരുന്നു മര്‍ദ്ദന മുറകള്‍. ഇത് സ്ത്രീത്വത്തിനെതിരെയുള്ള കടന്നുകയറ്റം, സദാചാര പോലീസിംഗ് എന്ന നിലയില്‍ മാത്രമല്ല ഞങ്ങള്‍ കാണുന്നത്. ജനങ്ങളുടെ , ഒരു സാധാരണ മനുഷ്യന്റെ അവകാശങ്ങളിലും സ്വാതന്ത്ര്യത്തിലും നടത്തുന്ന കടന്നുകയറ്റം കൂടിയായാണ് ’- പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നും അതിക്രമം നേരിടേണ്ടി വന്ന കലാകക്ഷി അംഗം ലിസ പറയുന്നു.

തികച്ചും മനുഷ്യത്വരഹിതമായ രീതിയിലാണ് പോലീസ് ഞങ്ങളോട് പെരുമാറിയത്. കഴിഞ്ഞ 10 ദിവസമായി ആഹോരാത്രം പണിയെടുത്താണ് പപ്പാഞ്ഞിയുടെ രൂപം ഞങ്ങള്‍ പൂര്‍ത്തിയാക്കിയത്. കലാകാരന്മാരാണെന്ന് തിരിച്ചറിയാവുന്ന വിധം വര്‍ക്കിങ് ഡ്രസ് ധരിച്ച ഞങ്ങളെ  ഒരു പ്രകോപനവുമില്ലാതെയാണ് പോലീസ് ആക്രമിക്കുന്നത്. ഒടുക്കം സംഭവസ്ഥലത്തുണ്ടായിരുന്ന ആള്‍ക്കാര്‍ ഇടപെട്ടതോടെയാണ്‌ ഞങ്ങള്‍ രക്ഷപ്പെട്ടത്’-അനില്‍ സേവ്യര്‍ പറയുന്നു. 


പോസ്റ്റ്‌- കാര്‍ണിവല്‍, റെഡ് ഹെല്‍മെറ്റ്;വ്യത്യസ്തമായ പ്രധിഷേധ കാമ്പയിനുകള്‍

സദാചാര പോലീസിംഗിനെതിരെ റെഡ് ഹെല്‍മെറ്റ് എന്ന കാമ്പെയിന്‍ ഇതിനകം തന്നെ ഏറെ ശ്രദ്ധനേടിക്കഴിഞ്ഞു. തങ്ങള്‍ ചെയ്തിരുന്നതെന്തെന്നറിഞ്ഞു കൊണ്ടു തന്നെ ശാരീരികവും മാനസികവുമായി തങ്ങളെ പീഡിപ്പിച്ച പോലീസുകാര്‍ക്കുള്ള മറുപടിയാണ് ഇതെന്നും ഇക്കാരണം കൊണ്ടുതന്നെയാണ് തങ്ങള്‍ ഉപയോഗിച്ച ഹെല്‍മെറ്റ് കൂടി ബന്ധപ്പെടുത്തി റെഡ് ഹെല്‍മെറ്റ് എന്ന പേരില്‍ കാമ്പയിന്‍ ആരംഭിച്ചതെന്നും കലാകക്ഷി പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.


ഇവര്‍ക്കു പിന്തുണയുമായി രാജ്യത്തിനകത്തും പുറത്തുമുള്ള കലാകാരന്‍മാര്‍ രംഗത്തു വന്നിരിക്കുകയാണ്. ബിനാലെ സപ്പോര്‍ട്ടേഴ്സ് ഫോറം, പീപ്പിള്‍ എഗൈനിസ്റ്റ് ഫാസിസം എന്നിവരുടെ പിന്തുണയും ഇവര്‍ക്കുണ്ട്. പിന്തുണ പ്രഖ്യാപിച്ച് തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജിലെ വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രകടനം നടത്തിയിരുന്നു.

പ്രതിഷേധ പ്രകടനത്തിന് ഇവര്‍ നല്‍കിയിരിക്കുന്ന പേരാണ് പോസ്റ്റ്‌ കാര്‍ണിവല്‍.  ഹൈക്കോടതി പരിസരത്തു നിന്നും കമ്മീഷണര്‍ ഓഫീസിലേക്ക് ഇന്നു നടക്കുന്ന പ്രകടനത്തില്‍ പ്രതിഷേധസൂചകമായി ശില്പങ്ങള്‍, തത്സമയ ചിത്രരചന എന്നിങ്ങനെ നിരവധി കലാ പ്രകടനങ്ങള്‍ അന്നുണ്ടാവുമെന്ന് കലാകക്ഷി അംഗങ്ങള്‍ പറയുന്നു. മര്‍ദ്ദനമേറ്റ കലാകാരന്മാര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് 50 ലധികം കലാകാരന്മാര്‍ ആര്‍ട്ട് വര്‍ക്കേഴ്സ് എന്ന യൂണിഫോം അണിഞ്ഞ് പ്രകടനത്തില്‍ പങ്കെടുക്കും. കൂടാതെ മനുഷ്യാവകാശ കമ്മീഷനു സമര്‍പ്പിക്കാനായി ഒപ്പുശേഖരണവും ഇതോടൊപ്പം നടക്കും. തുടര്‍ന്ന് കെഎസ്ഇബി ഡബ്ല്യൂ എഫ് ഹാളില്‍ മനുഷ്യസംഗമവും അവലോകന യോഗവും നടക്കും.

‘എക്കാലത്തും സമൂഹത്തിലെ മൂല്യച്യുതികള്‍ സാധരണക്കാരനെക്കാള്‍ മുന്‍പ് തിരിച്ചറിയാനും അതിനെതിരെ പ്രതികരിക്കുവാനും കഴിയുന്നത്‌ കലാകാരന്മാര്‍ക്കാണ്. സമൂഹത്തിലെ അനാചാരങ്ങള്‍ക്കെതിരെ പൊരുതാനുള്ള ആയുധമായി കലാകാരന്മാര്‍ കലയെ ഉപയോഗിച്ചിട്ടുമുണ്ട്. ഇത്തരം ഇടപെടലുകള്‍ ചെറുക്കപ്പെടേണ്ടതു തന്നെയാണ്. കലാകക്ഷി ചെയ്യുന്നതും അതു തന്നെ’- കലാകക്ഷിയിലെ കലാകാരനായ കെ എല്‍ ലിയോണ്‍ അഭിപ്രായപ്പെടുന്നു. 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍