UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഞങ്ങളുടെ ചുണ്ടുകള്‍ ആരെയാണ് മുറിപ്പെടുത്തുന്നത്?

Avatar

അനു കെ ആന്‍റണി, വൈഖരി ആര്യാട്ട് 

 

ഏറെ ശ്രദ്ധയാകര്‍ഷിച്ച ചുംബന സമരം നവംബര്‍ രണ്ടാം തീയതി കേരളത്തില്‍ നടക്കാനിരിക്കെ ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ഒരുകൂട്ടം വിദ്യാര്‍ഥികള്‍ ഒന്നുചേര്‍ന്ന് ചുംബന സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് സമാന്തരമായ ഒരു അനൗപചാരിക അക്കാദമിക് ചര്‍ച്ച നടത്താന്‍ തീരുമാനിച്ചു. ഇതെഴുതുന്നവര്‍ അടക്കമുള്ള ഏതാനും വിദ്യാര്‍ഥിനികള്‍ തമ്മില്‍ നടന്ന തികച്ചും അനൌപചാരികമായ സൌഹൃദ സംഭാഷണങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞ ആശയമായിരുന്നു അത്. അക്കാദമിക ചര്‍ച്ച ഉദ്ദേശിച്ചതിലും ഭംഗിയായി നടക്കുകയും ഒരു സാംസ്‌കാരിക പ്രതിഷേധത്തിലേക്ക് ഉയരുകയും ചെയ്തു. ഈ സംഭവവുമായി ബന്ധപ്പെട്ട് ഫോട്ടോകള്‍ ആസ്പദമാക്കി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും മറ്റും സഹപാഠികള്‍ വേട്ടയാടപ്പെടുന്ന സാഹചര്യത്തില്‍, ഹൈദരാബാദ് സര്‍വകലാശാലയില്‍ എന്താണ് സംഘടിപ്പിച്ചത്, മാധ്യമങ്ങളുടെ നിരുത്തരവാദിത്വപരമായ ഇടപെടലുകള്‍ ഈ ഉദ്യമത്തെ എങ്ങനെയാണ് തരംതാഴ്ത്തി ചിത്രീകരിച്ചത്, ഇതിനോടനുബന്ധമായി ഹൈദരാബാദ് സര്‍വകലാശാലയില്‍ ഇപ്പോള്‍ നടക്കുന്ന സമരങ്ങള്‍ എന്തെല്ലാമാണ് അഭിമുഖീകരിക്കുന്നത് എന്നിവ വിശദീകരിക്കാന്‍, സദാചാര പോലിസിങ്ങിനെതിരെ വിദ്യാര്‍ഥികള്‍ സംഘടിച്ച ഈ കൂട്ടായ്മയുടെ സംഘാടകര്‍ എന്ന നിലയില്‍ താത്പര്യപ്പെടുന്നു.

 

1. തുടക്കം
ദിവസങ്ങളോളം ചുംബന സമരവുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയയ്ക്ക് അകത്തും പുറത്തുമായ ചര്‍ച്ചകള്‍ ശ്രദ്ധിക്കുകയും പങ്കെടുക്കുകയും ചെയ്തതിന്റെ വെളിച്ചത്തിലാണ് ഇങ്ങനെ ഒരു ആശയം ഉരുത്തിരിഞ്ഞത്. സമാനമനസ്‌കരായ ഒരു കൂട്ടം ആളുകളെ കണ്ടെത്താനായപ്പോള്‍ മുന്നോട്ട് പോകാന്‍ തീരുമാനിച്ചു. അതിന്‍പ്രകാരം ഒക്ടോബര്‍ 31-ന് വെള്ളിയാഴ്ച ഞങ്ങള്‍ ചില പ്രൊഫസര്‍മാരെ കാണുകയും സംസാരിക്കുകയും ചെയ്തു. സമയം കുറവായതിനാല്‍ ഒരു ഫേസ് ബുക്ക് ഇവന്‍റ്  പേജ് ക്രിയേറ്റ് ചെയ്ത് ആളുകളെ ക്ഷണിക്കാന്‍ തീരുമാനിച്ചു. ഈ തീരുമാനം അനുസരിച്ച് അരുന്ധതി എന്ന എം.എ വിദ്യാര്‍ഥിനി വെള്ളിയാഴ്ച രാത്രി തന്നെ UoH In Solidarity എന്ന പേരില്‍ ഇവന്റ് പേജ് ഉണ്ടാക്കി വിദ്യാര്‍ഥികളെ ക്ഷണിക്കുകയും ചെയ്തു. ഇവെന്റ്‌റ് പേജില്‍ നല്കിയിരുന്ന വിശദീകരണം ഇപ്രകാരമായിരുന്നു.

”In solidarity with the ചുംബനസമരം Kiss Of Love protest that is going to be held in Kerala on November 2nd, we, the academic community of University of Hyderabad is initiating a space for academic discussions regarding various narratives of moral policing in India and different aspects of the kiss of love protest on 2nd of November, 5pm at University of Hyderabad. All are welcome here by”.

(”കേരളത്തില്‍ നവംബര്‍ രണ്ടിന് നടക്കാനിരിക്കുന്ന ചുംബന സമരത്തോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട്, ഞങ്ങള്‍ ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ അക്കാദമിക് സമൂഹം ഇന്ത്യയിലെ സദാചാര പോലീസിംഗിന്റെ വിവിധ അനുഭവങ്ങള്‍, ചുംബന സമരത്തിന്റെ വിവിധ തലങ്ങള്‍ തുടങ്ങിയവ അന്നേ ദിവസം അഞ്ചു മണിക്ക് യൂണിവേഴ്‌സിറ്റി കാമ്പസില്‍ ചര്‍ച്ച ചെയ്യുന്നു. ഏവരെയും ഇതിലേക്ക് സ്വാഗതം ചെയ്യുന്നു”)

 

 

ക്യാമ്പസിലെ മലയാളികള്‍ അല്ലാത്ത സമൂഹത്തിനായി ചുംബന സമരത്തിന്റെ പശ്ചാത്തലം ഇംഗ്ലീഷില്‍ മറ്റൊരു പോസ്റ്റിലൂടെ വിശദീകരിക്കുകയും ചെയ്യുകയും ചെയ്തു. ഹൈദരാബാദ് സര്‍വകലാശാല പോലെ പ്രശസ്തമായ ഒരു അക്കാദമിക സ്ഥാപനത്തില്‍ പ്രസക്തമായ ചില ചോദ്യങ്ങള്‍ ഉന്നയിക്കേണ്ടതിന്റെ ആവശ്യകത നിലനില്‍ക്കുന്നതിനാല്‍ തന്നെയാണ് ഈ സാഹചര്യത്തില്‍ ഇത്തരം ഒരു അക്കാദമിക ചര്‍ച്ചയ്ക്ക് വേദിയൊരുക്കാന്‍ തീരുമാനിച്ചത്.

 

1. Questions of gaze and surveillance

2. Question of consent and the definitions of ‘immoral’.

3. The definition of obscenity by law and by public.

4. The mode of protest – Who determines the mode to protest? What could be the mode of protest? What are the allowed modes for protests? How a particular mode does become a legitimate mode?

5. Who are protesting? Whose is this protest? Does this protest address the whole community of Kerala irrespective of class and caste or is it limited to a particular class?

6. Question of agency and ownership of a female body

7. Is there any anti-Muslim sentiment behind this particular attack? If so, why is it being omitted from discussions in the public?

 

ചര്‍ച്ചയ്ക്ക് ദിശ നല്കാനായി ഈ ചോദ്യങ്ങളെ ആസ്പദമാക്കി സദാചാര പോലീസിംഗിന്റെ വിവിധ തലങ്ങള്‍ ലിസ്റ്റ് ചെയ്യാന്‍ ശ്രമിക്കുകയും കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ക്കായി ഇവന്റ് പേജില്‍ ഈ ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. പേജിനു ലഭിച്ച പ്രതികരണം അത്ഭുതം ജനിപ്പിച്ചു. സാധാരണഗതിയില്‍ ജെന്‍ഡര്‍ വിഷയങ്ങളില്‍ നിസംഗത പുലര്‍ത്തുന്ന ഇതേ ക്യാമ്പസില്‍ നിന്നും ഇരുന്നൂറിനു മീതെ വിദ്യാര്‍ഥിനികള്‍ ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ സന്നദ്ധത അറിയിച്ചിരിക്കുന്നതായി കാണുകയും ചെയ്തു. പരിപാടിക്ക് ശേഷം ഒരു വെളുത്ത വലിയ പേപ്പറില്‍ ‘OUR LIPS DONT SCAR’ എന്നെഴുതി അതില്‍ പരിപാടിയില്‍ പങ്കെടുക്കുന്നവരുടെയെല്ലാം ചുണ്ടുകള്‍ പ്രതീകാത്മകമായി പതിപ്പിക്കാന്‍ തീരുമാനിച്ചു. അതിനായി ചുവന്ന ലിപ്സ്റ്റിക്കും കരുതിയിരുന്നു. 

 

 

അതിനിടെ കേരളത്തിലെ ചുംബന സമരത്തിന്റെ ഒഫീഷ്യല്‍ പേജില്‍ സ്വച്ഛഭാരത് അഭിയാന്‍ എന്ന കേന്ദ്ര സര്‍ക്കാര്‍ സംരംഭത്തെ പിന്തുണയ്ക്കുന്ന മട്ടിലുള്ള ഒരു പോസ്റ്റ് വന്നത്, മോഡി സര്‍ക്കാരിനെ വിമര്‍ശനമാത്മകമായി നോക്കിക്കാണുന്ന സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. ഇത് ഇവന്റ് പേജില്‍ ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ ചുംബന സമരത്തിന്റെ സംഘാടകരില്‍ നിന്നും ഞങ്ങള്‍ വിശദീകരണം തേടിയിരുന്നു. കിട്ടിയ മറുപടി തൃപ്തികരം എന്ന് തോന്നാഞ്ഞതിനാല്‍ പരിപാടി തുടങ്ങാന്‍ രണ്ടു മണിക്കൂര്‍ ശേഷിക്കെ വിദ്യാര്‍ഥികളുടെ അഭിപ്രായം കണക്കിലെടുത്ത് പരിപാടിയുടെ പേര് UoH Against Moral Policing എന്ന് മാറ്റുകയും മോറല്‍ പോലീസിംഗിന് എതിരായ കൂട്ടായ്മ എന്ന ആദ്യത്തെ ലക്ഷ്യത്തില്‍ തന്നെ ഉറച്ചു നില്‍ക്കുന്നതായി അറിയിക്കുകയും ചെയ്തു. കേരളത്തിലെ ചുംബന സമരത്തോട് വിയോജിപ്പുള്ളവരും എന്നാല്‍ സദാചാര പോലിസിങ്ങിനെതിരെ സംസാരിക്കാനും ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താല്പര്യം ഉള്ളവരുമായ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ക്കും ഇത് സ്വീകാര്യമായിരുന്നു.

2. സംഭവിച്ചത്
പരിപാടി ആരംഭിക്കുന്നതിനു ഏകദേശം ഒന്നര മണിക്കൂര്‍ മുന്‍പ്, BJYM പ്രവര്‍ത്തകര്‍ പരിപാടി തടയാന്‍ തീരുമാനമെടുത്ത് സംഘടിച്ചിരിക്കുന്നതായി ”ഈനാടു” എന്ന തെലുങ്ക് പത്രത്തിന്റെ ലേഖകന്‍ എസ്.എഫ്.ഐ എച്.സി.യു യൂനിറ്റ് പ്രസിഡന്റ് സഞ്ജയ് എന്ന വിദ്യാര്‍ത്ഥിയെ അറിയിച്ചു. സഞ്ജയ് സംഘാടകരേയും, സെക്യൂരിറ്റിയെയും ഡി. എസ് .ഡബ്ലിയു വിനെയും വിവരം ധരിപ്പിച്ചു. നാലരയ്ക്ക് തൊട്ടടുത്ത ടൌണില് നിന്നും തിരികെ യൂണിവേഴ്‌സിറ്റിയിലേക്ക് വരികയായിരുന്ന Donepudi Ravi Teja എന്ന വിദ്യാര്‍ഥി മെയിന്‍ ഗേറ്റിനു സമീപം വലിയ കൂട്ടമായി BJYM പ്രവര്‍ത്തകര്‍ കൂടി നിന്ന് സംസാരിക്കുന്നത് കണ്ടപ്പോള്‍ സെക്യൂരിറ്റിയെ വിവരം ധരിപ്പിച്ചശേഷം ആരെയും അകത്തേക്ക് കടത്തി വിടരുത് എന്നും അഭ്യര്‍ഥിച്ചു. അഞ്ചുമണിക്ക് പരിപാടി നടക്കേണ്ടുന്ന ഇടത്തേക്ക് എത്തുമ്പോള്‍ തന്നെ ഞങ്ങള്‍ക്ക് മെയിന്‍ ഗേറ്റില്‍ നിന്നും മുദ്രാവാക്യങ്ങള്‍ കേള്‍ക്കാമായിരുന്നു. 5.40ന് കൂട്ടമായി ഉച്ചത്തില് കൈയ്യടിച്ചു കൊണ്ട് പരിപാടി ആരംഭിക്കുകയും, അരുന്ധതി സ്വാഗതം ചെയ്തു സംസാരിക്കുകയും ചെയ്തു. പശ്ചാത്തലവും, ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്ന വിഷയങ്ങളും പ്രിയ, അഭിരാമി എന്നിവര്‍ അവതരിപ്പിക്കേ എബിവിപി ബി.ജെ.വൈ.എം പ്രവര്‍ത്തകര്‍ എച് സി യു students union Joint Secretaryയുടെ നേതൃത്വത്തില്‍ മുദ്രാവാക്യത്തോടെ കൊടികള്‍ വീശിയും മറ്റും തള്ളിക്കയറാന്‍ ശ്രമിച്ചു. പോലീസും വാര്‍ത്താമാധ്യമങ്ങളും അവര്‍ക്കൊപ്പം എത്തിയിരുന്നു. പിന്നെ ക്യാമ്പസ് കണ്ടത് അഭൂതപൂര്‍വയ ഒരുതരം പ്രതിഷേധം ആയിരുന്നു. എബിവിപി പ്രവര്‍ത്തകര്‍ക്ക് നേരെ വിദ്യാര്‍ഥികള്‍ ഗോ ബാക്ക് മുദ്രാവാക്യങ്ങള്‍ വിളിക്കെ അരുന്ധതിയും ബിലാലും ചുംബിച്ചു കൊണ്ട് പ്രതിഷേധം രേഖപ്പെടുത്തി. ഈ പ്രതിഷേധത്തെ കൈയ്യടിച്ചു സ്വീകരിച്ച വിദ്യാര്‍ഥി സമൂഹം ആണ്‍- പെണ്‍ ഭേദമന്യേ സാംസ്‌കാരിക പ്രതിഷേധം എന്ന നിലയില്‍ ചുവന്ന ലിപ്‌സ്റ്റിക് അണിയുകയും പരസ്പരം ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തു. അധ്യാപകരും ഇതിനു സാക്ഷികള്‍ ആയിരുന്നു.

 

 

പ്രതിഷേധത്തിന് ശേഷം വീണ്ടും പരിപാടിയുമായി മുന്നോട്ടു പോകാന്‍ സംഘാടകര്‍ തീരുമാനിച്ചു. ചുറ്റും ഉയരുന്ന മുദ്രാവാക്യങ്ങള്‍ വകവയ്ക്കാതെ നിലത്തിരുന്നു കൊണ്ട് വിദ്യാര്‍ഥികള്‍ വീണ്ടും ചര്‍ച്ച തുടര്‍ന്നു. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം, ചുംബനസമരം എന്തുകൊണ്ട് കേരളത്തിന്റെതു മാത്രം ആകുന്നില്ല എന്ന് വിവിധ സംസ്ഥാനങ്ങളിലെ മോറല്‍ പോലീസിംഗ്, ഇന്ത്യയില്‍ ഉടലെടുക്കുന്ന ബലാത്സംഗ സംസ്‌കാരം എന്നിവ ചൂണ്ടിക്കാണിച്ച് വൈഖരി സംസാരിക്കുകയും ചെയ്തു. ശേഷം ധീരജ്, മൃദുല എന്നിവര്‍ ഒക്ടോവിയ പാസിന്റെയും മാധവിക്കുട്ടിയുടെയും കവിതകള്‍ ചൊല്ലി. എന്റെ ചുംബനത്തിലെ ലൈംഗികത ഞാനാണ് തീരുമാനിക്കുന്നത്, കാഴ്ച്ചക്കാരല്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് ധീരജ് സഹോദരന്‍ ദയാലിന്റെ ചുണ്ടില്‍ ചുംബിച്ചു. വിദ്യാര്‍ഥി സമൂഹം കരഘോഷത്തോടെ ആ പ്രഖ്യാപനം സ്വീകരിച്ചു. വിദ്യാര്‍ഥികള്‍ ഓരോരുത്തരായി അനുഭവങ്ങളും, നിരീക്ഷണങ്ങളും അഭിപ്രായങ്ങളും പങ്കുവച്ചു. വളരെ ക്രിയാത്മകമായ ഒരു ചര്‍ച്ചയായിരുന്നു അത്. ചര്‍ച്ച പുരോഗമിക്കെ പലതവണ എ ബി വി പി-ബി ജെ വൈ എം പ്രവര്‍ത്തകര്‍ ഇടയില്‍ ചാടിവീണ് പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിച്ചു. അപ്പോഴൊക്കെയും വിദ്യാര്‍ഥി സമൂഹം പോലീസിനൊപ്പം ചേര്‍ന്ന് അവരെ തള്ളി പുറത്താക്കുകയും ചര്‍ച്ച തുടരുകയും ചെയ്തു.

സംസ്‌കാരത്തിന്റെ ബ്രാന്‍ഡ് അംബാസിഡമാരായി സ്വയം പ്രഖ്യാപിച്ചു വന്ന സംഘികള്‍ ഉപയോഗിച്ച ഭാഷ അത്യന്തം മോശമായിരുന്നു. പോരാതെ BJYM പ്രവര്‍ത്തകരില്‍പ്പെട്ട ഒരു മുതിര്‍ന്ന സ്ത്രീ പെണ്‍കുട്ടികളുടെ മുഖത്ത് അടിക്കാനും ശ്രമിച്ചു. പോലീസ് ആകട്ടെ, 20- ഓളം വരുന്ന ബി ജെ വൈ എം – എ ബി വി പി പ്രവര്‍ത്തകരെ പിരിച്ചു വിടാന്‍ ശ്രമിക്കാതെ 300-ല്‍ അധികം വരുന്ന വിദ്യാര്‍ത്ഥികളോട് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടു കൊണ്ടേയിരിക്കുകയായിരുന്നു. അവരുടെ കണ്ണില്‍ ഞങ്ങള്‍ അനാവശ്യമായി പ്രശ്‌നങ്ങളെ വിളിച്ചു വരുത്തിയവര്‍ ആയിരുന്നു. അക്രമികളെ പിടിച്ചു മാറ്റാന്‍ ആവശ്യപ്പെടുമ്പോള്‍ ‘Why are you inviting troubles’, ‘Dont be adamant’ എന്നാണ് പോലീസുകാര്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നത്. ഇതിലൊന്നും ഒരു പരിധിയില്‍ കവിഞ്ഞു പ്രകോപിതരാവാതെ HCUവിലെ വിദ്യാര്‍ഥി സമൂഹം പക്വതയോടെ ചര്‍ച്ച തുടര്‍ന്നു. ചര്‍ച്ചയ്ക്ക് ശേഷം പരസ്പരം കെട്ടിപ്പിടിച്ചും, ചുംബിച്ചും സന്തോഷം രേഖപ്പെടുത്തി വിദ്യാര്‍ഥികള്‍ പിരിഞ്ഞു പോവുകയും ചെയ്തു.

 

3. മാധ്യമങ്ങളുടെ പ്രതികരണം
വാര്‍ത്താ മാധ്യമങ്ങളുടെ അത്യന്തം നിരുത്തരവാദിത്തപരവും തരംതാണതുമായ ഇടപെടലിനെ കുറിച്ച് എഴുതാതെ നിവൃത്തിയില്ല. ചുംബിച്ചു കൊണ്ട് ഉച്ചത്തില്‍ വിളിച്ചു പറയാന്‍ ശ്രമിച്ച ആശയങ്ങളെയും സദാചാരത്തിന്റെ അപനിര്‍മിതിയെയും തീര്‍ത്തൂം മനസിലാക്കാതെ, അര്‍ത്ഥങ്ങളെ വളച്ചൊടിച്ച് അശ്ലീലവത്കരിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തത്. സംഘാടകരില്‍ ആരും തന്നെ മാധ്യമങ്ങളെ ക്ഷണിച്ചിരുന്നില്ല. ബി ജെ വൈ എം- എ ബി വി പി പ്രവര്‍ത്തകരുടെ കൂടെ അകത്തു കടന്ന മാധ്യമ പ്രവര്‍ത്തകര്‍ ആകട്ടെ, രണ്ടു മണിക്കൂറോളം നീണ്ടു നിന്ന ചര്‍ച്ചകള്‍ മുഴുവന്‍ ഒഴിവാക്കി അഞ്ചു മിനിറ്റില്‍ താഴെ മാത്രം സമയം നീണ്ടുനിന്ന ചുംബന പ്രതിഷേധത്തിലേക്ക് ക്യാമറ കണ്ണുകള്‍ തുറന്നു വച്ചു. തെലുങ്ക് മാധ്യമങ്ങളിലെ വാര്‍ത്തകള്‍ കണ്ട വിദ്യാര്‍ഥികള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടി. ലിപ്സ്റ്റിക് പുരട്ടിയതും അല്ലാത്തതും ആയ ചുണ്ടുകളുടെ ക്ലോസ് അപ്പ് ഷോട്ടുകളും ചുംബനദൃശ്യങ്ങളും മാത്രമാണ് വാര്‍ത്താമാധ്യമങ്ങളില്‍ കണ്ടത്. ചര്‍ച്ചയ്ക്ക് ശേഷം വ്യക്തിഗത സംഭാഷണങ്ങളില്‍ ഏര്‍പ്പെട്ടു നിന്ന കുട്ടികളുടെ അരികില്‍ ചെന്ന് പരസ്പരം ചുംബിക്കാന്‍ ആവശ്യപ്പെടുന്ന മാധ്യമ ഫോട്ടോഗ്രാഫര്‍മാര്‍ ധാരാളം ഉണ്ടായിരുന്നു. വിദ്യാര്‍ഥികള്‍ പലരും അമ്പരപ്പോടെയും പരിഹാസത്തോടെയും പ്രതികരിച്ചു.

 

ഞങ്ങളോട് ഉന്നയിച്ച ചോദ്യങ്ങള്‍ പലതും ചുംബനത്തെ സംബന്ധിച്ചതായിരുന്നു. ‘ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയില് മലയാളി വിദ്യാര്‍ഥികള്‍ ചുംബിച്ചു, എ ബി വി പി ക്കാര്‍ എതിര്‍ത്തു’ എന്ന മട്ടിലാണ് വാര്‍ത്തകള്‍ വന്നത്. രണ്ടു മണിക്കൂറില്‍ ഏറെ നീണ്ടു നിന്ന അക്കാദമിക് ശ്രമത്തെ വെറും ചുംബന ആഘോഷത്തിലേക്ക് ചുരുക്കി അവതരിപ്പിച്ചതിന് പിന്നിലെ മാധ്യമ താല്പര്യങ്ങള്‍ അപലപനീയമാണ്. ചുംബനത്തില്‍ ഏര്‍പ്പെട്ട വിദ്യാര്‍ഥിളില്‍ പെണ്‍കുട്ടികളുടെ ചിത്രങ്ങളും വീഡിയോയും മാത്രം നാല്‍കാനും പ്രചരിപ്പിക്കാനും കാണിച്ച ഉത്സാഹം വാര്‍ത്തകള്‍ ആര്‍ക്ക് വേണ്ടി, എന്തിനു വേണ്ടി സൃഷ്ടിക്കപ്പെടുന്നു എന്നത് വ്യക്തമാക്കുന്നു. സദാചാര പോലീസിനെതിരെ അണിനിരന്ന ഞങ്ങളുടെ സമരോദ്ദേശത്തെ തന്നെ അവഹേളിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തത്. ദേശീയ മാധ്യമങ്ങള്‍ ഗൌരവത്തോടെയും മാധ്യമനീതിയ്ക്ക് അനുസരിച്ചും വാര്‍ത്ത നല്കാന്‍ ശ്രമിച്ചിരുന്നു എങ്കില്‍ പോലും തെറ്റായ വസ്തുതകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. പോലീസ് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു മുതലായ തെറ്റായ വാര്‍ത്തകള്‍ ദേശീയ മാധ്യമങ്ങളിലും വന്നിരുന്നു. ചില തെലുഗു മാധ്യമങ്ങള്‍ ആവട്ടെ ഇവിടെ നടന്നത് കേരളത്തിലെ ഏതോ ചുംബന ഫെസ്റ്റിവല്‍ ആണെന്ന് വരെ റിപ്പോര്‍ട്ട് നല്കി.

 

വസ്തുതാപരമായ തെറ്റുകളുടെ കാര്യത്തില്‍ തെലുഗു മാധ്യമങ്ങള്‍ മാത്രമല്ല, മലയാള മാധ്യമങ്ങളും ഒട്ടും പിന്നിലായിരുന്നില്ല. നടി അരുന്ധതിയുടെ നേതൃത്വത്തില്‍ നടന്ന ചുംബന സമരം എന്ന് തുടങ്ങി ഇത് എസ്.എഫ്.ഐ നേതൃത്വം നല്കിയ സമരമായിരുന്നു എന്നുവരെ വാര്‍ത്തകള്‍ വന്നു. യഥാര്‍ത്ഥത്തില്‍ ഇത് യാതൊരു പൊളിറ്റിക്കല്‍ പാര്‍ട്ടിയുടെയും ബാനര്‍ ഉപയോഗിക്കാത്ത വിദ്യാര്‍ഥി കൂട്ടായ്മയാണ്. ഈ കൂട്ടായ്മയില്‍ വിവിധ പൊളിറ്റിക്കല്‍ പാര്‍ട്ടി അംഗങ്ങളുണ്ട്. സ്റ്റുഡന്റ്‌സ് യൂണിയന്‍ ,SFI, BSF, NSUI അടക്കം വിവിധ പാര്‍ട്ടികള്‍ ഈ കൂട്ടായ്മയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട്. ജെന്‍ഡര്‍ വിഷയങ്ങള്‍ സ്വതവേ രാഷ്ട്രീയ വിഷയങ്ങള്‍ ആയതിനാലും, അതിന് പൊതു മാനങ്ങള്‍ ഉള്ളതിനാലും അതൊരു പൊളിറ്റിക്കല്‍ പാര്‍ട്ടിയുടെയും പ്രത്യേക വിഷയമായി സംവരണം ചെയ്യാന്‍ കഴിയില്ല; മാത്രവുമല്ല വിവിധ രാഷ്ട്രീയ ആശയങ്ങളുമായി സംവദിക്കാനും ഈ പ്രത്യേക വിഷയത്തിന് കഴിയും. അതിനാല്‍ ഈ കളക്റ്റീവ് സ്വതന്ത്രമായി തന്നെയാണ് നിലനിന്നതും നിലനില്ക്കുന്നതും. രാഷ്ട്രീയം എന്നാല്‍ പാര്‍ട്ടി രാഷ്ട്രീയം എന്ന ധാരണ വച്ച് പുലര്‍ത്തുന്നതിനാലും മറുഭാഗത്ത് വലതുപക്ഷ വിദ്യാര്‍ഥി സംഘടന ആയതിനാലും ആവണം ഈ ശ്രമം SFI-യുടെ മുകളിലേക്ക് ചാര്‍ത്തി കൊടുക്കാന്‍ മാധ്യമ പക്ഷത്തു നിന്നും മറ്റും ബോധപൂര്‍വമോ അല്ലാത്തതോ ആയ ശ്രമം ഉണ്ടായത്.

 

പരിപാടിയുടെ സംഘാടകര്‍ എന്ന നിലയില്‍ ഇതൊരു SFI നേതൃത്വത്തില്‍ നടന്ന പരിപാടി അല്ല എന്ന കാര്യം വ്യക്തമാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. മാത്രവുമല്ല ഇത് എസ് എഫ് ഐ നേതൃത്വത്തില്‍ നടന്നതാണെന്ന ആരോപണങ്ങള്‍ നിഷ്പക്ഷമായി സദാചാര പോലീസിനെതിരെ അണിനിരന്ന, ഒരു പാര്‍ട്ടിയുടെയും ചട്ടക്കൂടുകള്‍ക്കുള്ളില്‍ ഒതുങ്ങാത്ത, ശക്തമായ വ്യക്തിഗത രാഷ്ട്രീയ അഭിപ്രായങ്ങള്‍ ഉള്ള ഒരു കൂട്ടം വിദ്യാര്‍ത്ഥികളുടെ തെളിച്ചമുള്ള ശബ്ദങ്ങളേയാണ് നിശബ്ദമാക്കുന്നത്. അത്തരത്തിലുള്ള ആരോപണങ്ങളെ ശക്തമായി തള്ളിക്കളയാനും കൂടി ഈ കുറിപ്പ് ഉദ്ദേശിക്കുന്നു. മാധ്യമങ്ങള്‍ പല വിദ്യാര്‍ഥികളുടെയും അഭിമുഖങ്ങള്‍ എടുത്തിരുന്നു. സദാചാര പോലിസിങ്ങിന് എതിരായ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ് അവ. സംഘാടകര്‍ ഇതുവരെയും ഔദ്യോഗികമായ പത്രസമ്മേളനം നടത്തിയിട്ടില്ല. ഇതിനോടനുബന്ധിച്ച സമരങ്ങളും ചര്‍ച്ചകളും ഇനിയും തീര്‍ന്നിട്ടില്ലാത്തതിനാലാണ് ഇത് നടത്താത്തത്. വരും ദിവസങ്ങളില്‍ ഔദ്യോഗിക പത്രസമ്മേളനം ആലോചനയില്‍ ഉള്ള ഒരു കാര്യപരിപാടിയാണ്.

 

 

ഒപ്പം തന്നെ, കക്ഷി രാഷ്ട്രീയത്തിന്റെ ബാനര്‍ ഇല്ലാതെ ജനകീയ കൂട്ടായ്മയുടെ പേരില്‍ നടക്കുന്ന ഏതൊരു സമരത്തിനു നേരെയും ഭരണകൂടവും ഭരണകൂട മാധ്യമങ്ങളും സ്ഥിരമായി ഉയര്‍ത്തുന്ന ആരോപണം ഞങ്ങളുടെ സമരത്തിന്മേലും ചാര്‍ത്തിക്കണ്ടു. നിരോധിത സംഘടനകളുമായി ബന്ധം, മാവോയിസ്റ്റ് ബന്ധം എന്നൊക്കെ കോണ്‍സ്പിരസി തിയറികള്‍ അടിച്ചു വിടുന്ന ഇത്തരം മാധ്യമങ്ങളുടെ സ്ഥാപിത അജണ്ടകള്‍ വ്യക്തമാണ്. LGBTയെ സ്വവര്‍ഗാനുരാഗികളുടെ കൂട്ടായ്മ എന്ന് വരെ വിശേഷിപ്പിച്ച മാധ്യമ ബോധം ചിരിയുണര്‍ത്തുന്നു. ഈ വര്‍ഷം കൊച്ചിയില്‍ സംഘടിപ്പിച്ച ലൈംഗിക സ്വാഭിമാന യാത്ര വരെ ഫേസ് ബുക്ക് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ചില ‘നിരോധിത സംഘടന’കളുടെ ശ്രമഫലം ആണെന്ന് തട്ടി മൂളിക്കുന്നു.

 

2008 ജൂലൈ മുതല്‍ തൃശൂര്‍ നഗരം എല്ലാ വര്‍ഷവും സാക്ഷ്യം വഹിക്കുന്ന കാഴ്ചയാണ് പ്രൈഡ് മാര്‍ച്ച്. സ്വന്തം നഗരങ്ങളില്‍ നടക്കുന്നതെന്ത് എന്നുപോലും അറിയാത്ത ഇത്തരം മാധ്യമ മുതലാളിമാര്‍ ഉന്നയിക്കുന്ന ബാലിശമായ ആരോപണങ്ങള്‍ മറുപടി അര്‍ഹിക്കുന്നു പോലുമില്ല എന്നതാണ് ഞങ്ങളുടെ നിലപാട്. കൊച്ചിയില്‍ നടന്നതിന്റെ തൊട്ടുപിന്നാലെ ഹൈദരാബാദില്‍ നടന്നു എന്നതാണത്രേ ഇതിലെ ന്യായം. ഞങ്ങള്‍ പറയട്ടെ, ഈ പ്രതിഷേധം ഇന്ത്യയൊട്ടാകെ പടര്‍ന്നു പിടിക്കുകയാണ്. കൊച്ചിയില്‍ നിന്നും ഹൈദരാബാദിലേക്കും, മുംബൈയിലേക്കും പോണ്ടിച്ചേരിയിലേക്കും കൊല്ക്കുത്തയിലേക്കും ഡല്‍ഹിയിലേക്കും ഒരു പാര്‍ട്ടിയുടെയും ബാനര്‍ ഇല്ലാതെ ഈ മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങി. കണ്ണുകളും കാതുകളും തുറന്നുവയ്ക്കൂ, ഈ തെരുവുകളിലെ ആനന്ദത്തിന്റെ രാഷ്ട്രീയം കാണൂ!

 

On Protest
പരിപാടി നടന്നതിന് അടുത്ത ദിവസം വിദ്യാര്‍ഥികള്‍ പുറത്തു നിന്നുള്ള അക്രമികള്‍ കാമ്പസില്‍ കയറിയതിലും അതിനു വഴിവെച്ച സാഹചര്യങ്ങളിലും പ്രതിഷേധിച്ച് പ്രൊ വൈസ് ചാന്‍സ്ലര്‍ ചേംബറില്‍ സമരം നടത്തിയിരുന്നു. അക്രമികള്‍ക്കു ക്യാമ്പസിനകത്തെക്ക് കടക്കാന്‍ നേതൃത്വം നല്കിയ വിദ്യാര്‍ത്ഥികളില്‍ ഒരാളായ സ്റ്റുഡന്റ്‌സ് യുനിയന്‍ ജോയിന്റ് സെക്രട്ടറിക്കെതിരെ പദവി ദുരുപയോഗത്തിനു നടപടിയെടുക്കുക എന്ന ആവശ്യവും സമരത്തില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ അഡ്മിനിസ്ട്രേഷന്റെ നിലപാട് വിദ്യാര്‍ഥികള്‍ക്ക് എതിരായിരുന്നു. അഡ്മിനിസ്‌ട്രേഷന്‍ പോലീസിന് നല്കിയ ആദ്യ പരാതിയില്‍ പരസ്യ ചുംബന പ്രതിഷേധത്തിനെതിരെ അന്വേഷണം നടത്താനാണ് ആവശ്യപ്പെട്ടിരുന്നത്. മാത്രവുമല്ല ഈ പരാതിയില്‍ ബി ജെ വൈ എം -എ ബി വി പി അക്രമികള്‍ക്കെതിരെ പരാമര്‍ശം പോലും ഉണ്ടായിരുന്നില്ല. സെക്ഷ്വാലിറ്റി പഠനങ്ങളും ജെന്‍ഡര്‍ സ്റ്റഡീസ് വിഭാഗവും സജീവമായ ഒരു പ്രമുഖ സര്‍വകലാശാലയിലെ അധികാരികളുടെ നിലപാട് കൂട്ടായ്മയെയും വിദ്യാര്‍ഥി സമൂഹത്തെയും ഞെട്ടിച്ചു. ഇതില്‍ പ്രകോപിതരായി സംഘാടകരും വിദ്യാര്‍ത്ഥികളും തുടങ്ങിയ സമരം 14 മണിക്കൂര്‍ നീണ്ടു നിന്നു.

 

 

വിദ്യാര്‍ത്ഥിനികള്‍ തുടക്കം കുറിച്ച ഈ സംരഭത്തെയും പ്രതിഷേധങ്ങള്‍ക്കുള്ള അവകാശത്തെയും പിന്തുണച്ചു നടന്ന സമരം ഹൈദരാബാദ് സര്‍വകലാശാല സമീപകാലത്ത് കണ്ടിട്ടുള്ളത്തില്‍ വച്ചേറ്റവും ആവേശോജ്ജ്വലമായ ഒന്നായിരുന്നു. അധ്യാപകരും അഡ്മിനിസ്ട്രേഷന്റെ നിലപാടിനെ ശക്തമായി വിമര്‍ശിച്ചു. മുന്നോട്ടു വെച്ച ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിരിഞ്ഞു പോകാന്‍ വിസമ്മതിച്ച വിദ്യാര്‍ഥികള്‍ പരാതി പുന:പരിശോധിക്കാം എന്ന ഉറപ്പിന്മേലും പുതിയ പരാതിയുടെ പകര്‍പ്പ് കൂട്ടായ്മയില്‍ നിന്നുള്ള വിദ്യാര്‍ഥി പ്രതിനിധികളെ കാണിച്ചിരിക്കും എന്നുള്ള ഉറപ്പിന്മേലും താല്കാലികമായി സമരം അവസാനിപ്പിച്ചു. പുതിയ പരാതി ലഭിക്കാനിരിക്കെ, സ്ഥലത്തില്ലാതിരുന്ന വൈസ് ചാന്‍സലര്‍ ഫോണിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ യാതൊരുനടപടികളും ഉണ്ടാകില്ലെന്ന് ഉറപ്പു നല്കിയിട്ടുണ്ട്. 

 

ഭാവി
ഞങ്ങള്‍ ചെയ്തതിലെ ശരി യൂണിവേഴ്‌സിറ്റി അധികൃതരെ ബോധ്യപ്പെടുത്താന്‍ വേണ്ടി ഒരാഴ്ചയായി ചിലവഴിച്ച ഊര്‍ജം ചില്ലറയല്ല. നാം ജീവിക്കുന്ന കാലഘട്ടത്തെക്കുറിച്ചുള്ള ശക്തമായ ഓര്‍മപ്പെടുത്തല്‍ തന്നെയാണ് ഈ പരിപാടിയും, അതിനു ലഭിച്ച പ്രതികരണവും, അതിന്റെ പേരില്‍ നേരിടുന്ന പ്രതിസന്ധികളും. ഈ പരിപാടി അതുകൊണ്ട് തന്നെ ലക്ഷ്യം കണ്ടതായി ഞങ്ങള്‍ വിശ്വസിക്കുന്നു. സാംസ്‌കാരിക ഫാഷിസത്തിന്റെ ഭാഷയില്‍ അടക്കിയിരുത്താന്‍, അനുസരണ പഠിപ്പിക്കാന്‍ ആളുകള്‍ കച്ചകെട്ടി ഇറങ്ങുന്നതിനാല്‍ തന്നെ ഈ അക്കാദമിക് സംരംഭം ഇനിയും മുന്നോട്ടു പോകേണ്ടതുണ്ട്. ഇതൊരു സ്ഥിരം ചര്‍ച്ചാ വേദിയായി ഞങ്ങള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. കക്ഷിരാഷ്ട്രീയ ഭേദമന്യേ ഞങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ക്രിയാത്മകമായി ചര്‍ച്ചാ വേദിയുടെ ഭാഗമായി തീര്‍ന്ന പ്രഫസര്‍മാരും വിദ്യാര്‍ഥികളും ഈ കൂട്ടായ്മയുടെ ഊര്‍ജ്ജമാണ്. ഇവിടെ ഇപ്പോള്‍ ഞങ്ങളും നിങ്ങളുമില്ല. അടിച്ചമര്‍ത്തലും പ്രതിരോധവുമേയുള്ളൂ. ഈ പ്രതിരോധത്തിന്റെ ഭാഗമാകാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നു. നമ്മുടെ സമരം തുടരുന്നു.

(ചിത്രങ്ങള്‍: മോഹന്‍ കുഞ്ഞികൃഷ്ണപിള്ള, ഫാസില്‍ എന്‍.സി)

 

(HCU-വില്‍ ഗവേഷക വിദ്യാര്‍ഥികളാണ് ലേഖകര്‍)

 

*Views are personal

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍