UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചൂരല്‍വടിയുമായി ‘മര്യാദ’ പഠിപ്പിക്കാന്‍ ആരാണവരെ പറഞ്ഞുവിട്ടത്?

Avatar

ഷെറിന്‍ വര്‍ഗീസ്

സത്യത്തില്‍ നമ്മള്‍ ഭയക്കേണ്ടിയിരിക്കുന്നു. സദാചാരതീവ്രവാദികള്‍ ഈ ചെറുപ്പക്കാരുടെ മേല്‍ ഇനി അവരുടെ ‘നിയമം’ കൂടി നടത്തുമോയെന്ന്. അതുകൂടിയായാല്‍ എല്ലാം പൂര്‍ത്തിയായി.

ഈ ചെറുപ്പക്കാരുടെ മേല്‍ ആരോപിക്കപ്പെടുന്ന കുറ്റങ്ങള്‍ പ്രധാനമായും രണ്ടാണ്. ഒന്ന്; ഇവര്‍ അരാജകത്വം സൃഷ്ടിക്കുന്നു. രണ്ട്, കേരളത്തിന്റെ സംസ്‌കാരത്തെ തകര്‍ക്കുന്നു.

വട്ടമേശ സമ്മളേനത്തില്‍ പങ്കെടുക്കാന്‍  ഒറ്റമുണ്ടുമുടുത്ത് ഇംഗ്ലണ്ടില്‍ പോയ ഗാന്ധിയും അന്നത്തെ യഥാസ്ഥിതികരുടെ കണ്ണില്‍ അരാജകവാദിയായിരുന്നു. മാന്യമായി വസ്ത്രം ധരിക്കാത്ത അരാജകവാദി. ബ്രിട്ടീഷുകാര്‍ക്കു പുറമെ അന്നത്തെ ഇന്ത്യന്‍ യഥാസ്ഥിതികരും അദ്ദേഹത്തെ വിമര്‍ശിച്ചപ്പോള്‍, ഗാന്ധിജി തമാശരൂപേണ പറഞ്ഞു: എനിക്കുകൂടി വേണ്ട വസ്ത്രങ്ങള്‍ എലിസബത്ത് രാജ്ഞി ധരിച്ചിട്ടുണ്ട്.

അക്കാലത്ത് ഒരാള്‍ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമാകുന്നതുപോലും അരാജകവാദമായാണ് സമൂഹം കണ്ടിരുന്നത്.

1820 കളില്‍ കേരളത്തിലെ സ്ത്രീകള്‍ക്ക് മാറ് മറയ്ക്കാനുള്ള അവകാശത്തിനായി നടന്ന ചാന്നാര്‍ ലഹളയായിരുന്നു ആ കാലഘട്ടത്തിലെ യാഥാസ്ഥിതിക സമൂഹത്തെ അസ്വസ്ഥമാക്കിയ ഏറ്റവും വലിയ അരാജകത്വം സ്ത്രീകള്‍ മാറ് മറയ്ക്കുന്നത് അപകടകരമായ വൈദേശികവത്കരണമാണെന്നാണ് അവര്‍ പറഞ്ഞത്.

ഈ രാജ്യത്ത് സതി നിരോധിക്കണമെന്ന് പറഞ്ഞപ്പോഴും, സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം ലഭിക്കണമെന്ന് പറഞ്ഞപ്പോഴും, ശൈശവ വിവാഹം നിര്‍ത്തലാക്കണമെന്ന് പറഞ്ഞപ്പോഴും ക്ഷേത്രപ്രവേശന സമരം നടന്നപ്പോഴും പന്തിഭോജനം നടത്തിയപ്പോഴുമൊക്കെ ഈ യാഥാസ്ഥിതിക മതാന്ധ സമൂഹത്തിന്റെ ഉറഞ്ഞുതുള്ളല്‍ കാലം കണ്ടതാണ്.

രണ്ടാമത്, കുറച്ചുപേര്‍ പരസ്പരം ചുംബിച്ചാല്‍ അടര്‍ന്നു വീഴാന്‍ പോകുന്ന കേരള സംസ്‌കാരത്തെക്കുറിച്ചാണ്.

എന്താണ് കേരള സംസ്‌കാരം. അത് ഇതുവരെ നിര്‍വചിക്കപ്പെട്ടിട്ടുണ്ടോ?
സാരിയുടുത്ത സ്ത്രീയാണോ കേരള സംസ്‌കാരത്തിന്റെ മുഖം? എങ്കില്‍ സാരി നമ്മള്‍ പഞ്ചാബില്‍ നിന്ന് കടം കൊണ്ടതാണെന്നറിയണം. പപ്പടം നമുക്ക ലഭിച്ചത് മഹാരാഷ്ട്രയില്‍ നിന്നാണ്, ഇഡ്ഡലി തമിഴ്‌നാട്ടില്‍ നിന്നും അപ്പവും ഇടിയപ്പവും പുട്ടുമൊക്കെ പോര്‍ച്ചുഗീസില്‍ നിന്നും. അങ്ങനെ വരുമ്പോള്‍ ഏതൊരു സംസ്‌കാരത്തെയും പോലെ തികച്ചും ജൈവികമായ കൊടുക്കല്‍ വാങ്ങലുകളിലൂടെ രൂപപ്പെട്ടതാണ് നമ്മുടെ നാടിന്റെ സംസ്‌കാരവും.

മലയാളത്തിലെ ആദ്യത്തെ നായികാ പ്രാധാന്യമുള്ള നോവല്‍ എന്ന പ്രസിദ്ധികൂടി പേറുന്ന ഇന്ദുലേഖയില്‍ നമ്പൂതിരിപ്പാട് ഇന്ദുലേഖയോട് ചോദിക്കുന്നു- ‘ഇന്ദുലേഖയ്ക്ക് ഭ്രാന്തുണ്ടോ?’ ‘എന്ത് ഭ്രാന്ത് ?’ എന്ന് ഇന്ദുലേഖയുടെ ഉദ്വേഗത്തിന് നമ്പൂതിരിയുടെ വഷളന്‍ മറുപടി എന്തായിരുന്നുവെന്ന് നമുക്കറിയാം.

ഈ സാംസ്‌കാരിക തനിമയിലേക്കുള്ള തിരിച്ചുപോക്കാണോ നമ്മള്‍ ഉദ്ദേശിക്കുന്നത്?

ഇവിടെയിപ്പോള്‍ എന്താണ് പ്രശ്‌നം? ഞങ്ങള്‍ക്ക് പരസ്യമായി ചുംബിക്കാനുള്ള നിയമമുണ്ടാക്കണം എന്നതായിരുന്നോ ഈ ചെറുപ്പക്കാരുടെ ആവശ്യം?

വളരെ മികച്ച അക്കാദമിക് പശ്ചാത്തലവും നല്ല തൊഴില്‍ സാഹചര്യങ്ങളുമുള്ള ഇവര്‍ ഏതെങ്കിലും തരത്തിലുള്ള ശ്രദ്ധ പിടിച്ചുപറ്റുന്നതിനോ, ആരുടെയെങ്കിലും കൈയടി നേടുന്നതിനോ, ഇതൊന്നുമല്ലെങ്കില്‍ അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുവേണ്ടിയോ അല്ല മുന്നിട്ടിറങ്ങിയെന്നിരിക്കെ കാലത്തോട് കലഹിക്കാന്‍ ഇവരെ പ്രേരിപ്പിച്ചതെന്തെന്ന് സത്യസന്ധമായി ചിന്തിക്കാനെങ്കിലും നമ്മള്‍ തയ്യാറാകേണ്ട?

കോഴിക്കോട് ഒരു ഹോട്ടലില്‍ കമിതാക്കള്‍ തമ്മില്‍ എന്തു നടന്നുവെന്നതിലെ തര്‍ക്കങ്ങള്‍ ഒഴിവാക്കി, കേരളത്തില്‍ നിയമം കയ്യിലെടുക്കുന്ന സംഘങ്ങള്‍ ഉണ്ടോ എന്നല്ലേ നമ്മള്‍ ചിന്തിക്കേണ്ടത്. ഉണ്ട് എന്നാണ് അതിനുത്തരമെങ്കില്‍ ആ സംഘങ്ങള്‍ സൃഷ്ടിക്കുന്ന ആപത്ത് ചൂണ്ടിക്കാണിക്കുന്നതിനും അത് സമൂഹശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും വേണ്ടി തികച്ചും നിര്‍ദോഷവും കൗതുകകരവുമായ ഒരു സമരമാര്‍ഗം സ്വീകരിച്ചുവെന്ന തെറ്റല്ലേ ഈ സുഹൃത്തുക്കള്‍ ചെയ്തുള്ളൂ! അവര്‍ മുന്നോട്ടുവച്ച പ്രശ്‌നം അതിന്റെ എത്രമടങ്ങ് രൂക്ഷമാണ് എന്നത് കൊച്ചിയില്‍ നമ്മള്‍ കണ്ടുകഴിഞ്ഞു.

ജനാധിപത്യത്തിന്റെയും സംസ്‌കാരത്തിന്റെയും നിയമബോധത്തിന്റെയും സ്വഭാവശുദ്ധിപോലുമില്ലാത്തവര്‍ എന്തടിസ്ഥാനത്തിലാണ് സമരസ്ഥലത്ത് ചൂരല്‍വടിയുമായി എത്തിയത്?ആരാണ് ഈ സമൂഹത്തെ ‘മര്യാദ’ പഠിപ്പിക്കാനുള്ള അവകാശം അവര്‍ക്ക് നല്‍കിയത്?

ഉറക്കെ ചിന്തിക്കുകയും പ്രതികരിക്കുകയും ജാഗരൂകരാവുകയും ചെയ്തില്ലെങ്കില്‍ സ്‌പേസ് യുഗത്തിലേക്കല്ല, അതി പ്രാകൃത സംസ്‌കാരത്തിലേക്കാവും നമ്മള്‍ തിരിച്ചുപോവുന്നത്.

(യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

*Views are Personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍