UPDATES

ട്രെന്‍ഡിങ്ങ്

നിര്‍ത്താന്‍ പറ സഖാവേ, അല്ലെങ്കില്‍ ജനങ്ങള്‍ക്ക് അപഹാസ്യമാകുന്നത് താങ്കളുടെ രാഷ്ട്രീയമാകും

ശിവസേനക്കാര്‍ അഴിഞ്ഞാടുമ്പോള്‍ അകമ്പടി സേവിക്കാന്‍ പോലീസിന് തോന്നുന്നത് ഒരു മനോഭാവമാണ്.

നടപടിയെടുക്കാന്‍ വൈകിയാല്‍ പോലീസിനെതിരെ നടപടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സന്തോഷം, സഖാവെ.

പക്ഷേ, ഇടതുപക്ഷ ഭരണം വരുമ്പോള്‍ ഒറ്റക്കാര്യമേ ആഗ്രഹിച്ചിരുന്നുള്ളൂ, ഒന്നും ശരിയായില്ലെങ്കിലും പോലീസ് ശരിയാകണേ എന്ന്. ഭരണകൂടത്തിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെയും ജനപക്ഷതയുടെയും സ്പന്ദമാപിനിയാണ് പോലീസ്. പോലീസ് ശരിയായില്ലെങ്കില്‍ ഒറ്റര്‍ത്ഥമേയുള്ളൂ. സര്‍ക്കാര്‍ ശരിയല്ല.

പോലീസ് ഭരിക്കുന്നവര്‍ക്കനുസരിച്ച് മാറുന്ന ദ്രാവകമാണ്. കേരള പോലീസ് കരുണാകരന്റെ പോലീസ് ആയത് അങ്ങനെയാണ്. ഒറ്റപ്പെട്ട സംഭവങ്ങളുണ്ടാകും; പക്ഷേ അനീതികളെ ചെറുക്കുന്നതില്‍ നിരന്തരമായി പരാജയപ്പെടുന്ന പോലീസ്, അഗ്രസീവ്-റൈറ്റ് വിങ്-ആന്റി പീപ്പിള്‍-പേര്‍വേര്‍ട്ട്-മോറല്‍ ഹൂളിഗന്‍ നിലപാടാണ് തങ്ങള്‍ക്കുള്ളതെന്ന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡുവരെ തുറന്ന് പ്രഖ്യാപിക്കുന്ന പോലീസ്, സോഷ്യല്‍ കമ്മിറ്റ്മെന്റ് പൂജ്യമാണെന്ന് പറയിപ്പിക്കുന്ന പോലീസ്… ഇതാണ് പുതിയ ആഭ്യന്തരമന്ത്രിക്ക് കീഴില്‍ പത്ത് മാസത്തിന് ശേഷവുമെങ്കില്‍, നിരാശയോടെ പറയട്ടേ, ഒന്നും ശരിയായിട്ടില്ല.

പ്രിയ സഖാവെ, ഒരു സ്ത്രീയോട് ചെയ്യാവുന്ന ക്രൂരതയൊക്കെ ചെയ്ത് ഇല്ലാതാക്കിയ ഒരു പെണ്‍കുട്ടിയുടെ കൊലക്കേസും ആ സ്ത്രീശരീരത്തിനോട് പ്രവര്‍ത്തിച്ച ക്രൂരതയും തിരഞ്ഞെടുപ്പില്‍ പോലും ചര്‍ച്ചയായത് കണ്ട് അധികാരത്തിലേറിയ സര്‍ക്കാരാണിത്. പെരുമ്പാവൂരില്‍ കേസൊതുക്കാന്‍ നോക്കിയ പോലീസിനെ പഴിപറഞ്ഞ് അധികാരത്തിലെത്തി നിയമങ്ങള്‍ കര്‍ക്കശമാക്കിയിട്ടും വാളയാറില്‍ തൂങ്ങിയാടി നിന്ന ഒരു പതിമൂന്നുകാരി അതിക്രൂരതയ്ക്ക് ഇരയായിട്ടുണ്ടെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് മറച്ചുവയ്ക്കാന്‍ ധൈര്യം വന്ന ഉദ്യോഗസ്ഥര്‍ പോലീസില്‍ തുടരുന്നുണ്ടെങ്കില്‍ എന്തിനാണ് സഖാവേ ആഭ്യന്തര മന്ത്രി?

സംഭവം നടന്ന് 50 ദിവസത്തിന് ശേഷം പതിനൊന്നു വയസുള്ള മറ്റൊരു കുഞ്ഞു കൂടി അതേ ഉമ്മറത്ത് തൂങ്ങി നില്‍ക്കുമ്പോള്‍, ആ കുഞ്ഞും അതിക്രൂരതകള്‍ക്ക് വിധേയയാട്ടുണ്ടെന്നറിയുമ്പോള്‍ പുതിയ അന്വേഷണ സംഘം അന്വേഷിക്കുമെന്ന് പറഞ്ഞ് ഒഴിയുന്ന ഡിജിപിയാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍, പഴയ എസ്.ഐയെ മാറ്റിയത് ശിക്ഷയായിട്ടല്ല എന്ന് ഉറപ്പിച്ച് പറയാന്‍ അയാള്‍ക്ക് കഴിയുന്നുണ്ടെങ്കില്‍ കഷ്ടമാണ് സഖാവേ കാര്യങ്ങള്‍.

ശിവസേനക്കാര്‍ അഴിഞ്ഞാടുമ്പോള്‍ അകമ്പടി സേവിക്കാന്‍ പോലീസിന് തോന്നുന്നത് ഒരു മനോഭാവമാണ്. ഒരു സസ്പെന്‍ഷനും ക്യാമ്പിലേയ്ക്ക് പത്ത് സ്ഥലം മാറ്റവും പോലീസുകാര്‍ക്ക് പുല്ലാണത്. കാവിയാണ്, കാക്കിയല്ല യൂണിഫോമിന്റെ നിറമെന്ന് തുടര്‍ച്ചയായി പ്രഖ്യാപിക്കുന്നത് പിണറായി വിജയന്റെ പോലീസാണോ ലോക്നാഥ് ബെഹ്രയുടെ പോലീസാണോ എന്ന് ജനങ്ങളോട് പറയണം. ലോക്നാഥ് ബെഹ്രയുടെ പോലീസാണെങ്കില്‍ പണ്ട് അടിയന്തിരാവസ്ഥ കാലത്ത് തന്നതിലും ക്രൂരമായ പ്രഹരമാണ് സഖാവെ അവര്‍ അങ്ങേക്ക് തന്നുകൊണ്ടിരിക്കുന്നത്. നിര്‍ത്താന്‍ പറ സഖാവെ, അല്ലെങ്കില്‍ ജനങ്ങള്‍ക്ക് അപഹാസ്യമാകുന്നത് താങ്കളുടെ രാഷ്ട്രീയമാകും.

ഡിവൈഎഫ്ഐയുടെ സ്നേഹ ഇരിപ്പിന്, ശാസ്ത്രസാഹിത്യ പരിഷത് യുവസമിതിയുടെ തെരുവ് നാടകത്തിന്, ചുംബന സമരത്തിന്, മറ്റ് പ്രതിഷേധങ്ങള്‍ക്ക് പിന്തുണ.

(ശ്രീജിത് ഫേസ്ബുക്കില്‍ എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ശ്രീജിത് ദിവാകരന്‍

ശ്രീജിത് ദിവാകരന്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍