UPDATES

ട്രെന്‍ഡിങ്ങ്

ആ സദാചാര പോലീസിംഗിൽ പതറാതെ പ്രതികരിച്ച നിങ്ങൾക്കൊരു സല്യൂട്ട്

പോലീസുമായി ഇവര്‍ സംസാരിക്കുന്നതിന്റെ വീഡിയോയാണ് ലൈവായി ഫേസ്ബുക്കിലിട്ടത്

ആണും പെണ്ണും ഒരുമിച്ചിരിക്കുന്നത് ഗുരുതരമായ സദാചാരലംഘനമായി കാണുന്നവരാണു തിരുവനന്തപുരത്തെ പൊലീസുകാര്‍ എന്ന പരാതി നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. മ്യൂസിയത്തിലും കനകക്കുന്നിലും ആണും പെണ്ണും ഒരുമിച്ചിരിക്കുന്നതു കണ്ടാല്‍ പൊലീസിന്റെ കണ്ണില്‍ അവര്‍ ക്രൈം ചെയ്തവരാണ്. പരസ്യമായി കരണത്തടിക്കാന്‍ വരെ പൊലീസ് തയ്യാറായിട്ടുണ്ട്. സ്ത്രീകളുടെ സംരക്ഷണത്തിനായി എന്ന പേരില്‍ രൂപീകരിച്ച പിങ്ക് പൊലീസിലെ അംഗങ്ങളുടെ പ്രധാനജോലി കനകക്കുന്നിലും മറ്റും വന്നിരിക്കുന്ന ആണിനെയും പെണ്ണിനേയും ഓടിച്ചുവിടുകയെന്നതാണ്. ഉപദേശം, ഭീഷണി, മര്‍ദ്ദനം എന്നീ നയങ്ങളിലൂടെയാണു പൊലീസ് തങ്ങള്‍ക്കു മുന്നില്‍ നടക്കുന്ന ‘നിയമലഘംഘന’ങ്ങളെ കൈകാര്യം ചെയ്യുന്നത്്. തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ പകല്‍ സമയത്ത് ഒരുമിച്ച നിന്ന പ്രായപൂര്‍ത്തിയായ ഒരു യുവാവിനെയും യുവതിയെയും അവിടുത്തെ സെക്യൂരിറ്റി ഓഫിസര്‍ സദാചാരഭീഷണി മുഴക്കിയതുപോലും തന്റെ കൈയില്‍ പിങ്ക് പൊലീസിന്റെ നമ്പര്‍ ഉണ്ടെന്നു കാണിച്ചായിരുന്നു.

പലപ്പോഴും പൊലീസിന്റെ വിരട്ടലില്‍ പേടിച്ചു പോകുന്നവരോ, അതല്ലെങ്കില്‍ ഒരു പ്രശ്‌നമാക്കേണ്ടതില്ലല്ലോ എന്ന വിചാരത്തില്‍ അവരെ അനുസരിക്കുന്നവരോ ആണ് കൂടുതല്‍ പേരും. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തരായ ഒരു യുവാവും യുവതിയുമാണ് പൊലീസിന്റെ ‘ സദാചാര ഡ്യൂട്ടി’ യെ സമൂഹത്തിനു മുന്നില്‍ തുറന്നു കാണിക്കാന്‍ ധൈര്യപ്പെട്ടത്. അതിനവര്‍ക്ക് സല്യൂട്ടി.

മ്യൂസിയം പാര്‍ക്കില്‍ തോളില്‍ കൈയിട്ടിരുന്നെന്ന് ആരോപിച്ചാണ് രണ്ടു വനിത പോലീസുകാര്‍ യുവാവിനെയും യുവതിയെയും തടഞ്ഞുവച്ചത്. അനാശ്യാസ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടെന്നായിരുന്നു പൊലീസ് കണ്ടെത്തിയ കുറ്റം. എന്നാല്‍ മറ്റുള്ളവരെ പോലെ പൊലീസിന്റെ വിരട്ടലില്‍ വീണുപോകാന്‍ ആ യുവതിയുവാക്കള്‍ തയ്യാറായില്ല. പൊലീസ് പറഞ്ഞ നിയമത്തെ അവര്‍ ശക്തമായി എതിര്‍ത്തു. മാത്രമല്ല എന്താണോ അവിടെ നടന്നത് അത് ഫേസ്ബുക്ക് ലൈവിലൂടെ ഇവര്‍ പുറംലോകത്തെ അറിയിക്കുകയും ചെയ്തു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

പോലീസുമായി ഇവര്‍ സംസാരിക്കുന്നതിന്റെ വീഡിയോയാണ് ലൈവായി ഫേസ്ബുക്കിലിട്ടത്. യുവതിയും യുവാവും തോളില്‍ കയ്യിട്ടിരുന്നതിനെ കെട്ടിപിടിച്ചിരിക്കുകയായിരുന്നു എന്നാണു പൊലീസ് പറഞ്ഞത്. തോളില്‍ കൂടി കയ്യിട്ടിരുന്നാല്‍ അത് കെട്ടിപ്പിടിച്ചിരിക്കാലകുമോ എന്നും തോളില്‍ കൈയിട്ടിരുന്നാല്‍ അതെങ്ങനെ അനാശ്യാസമാകുമെന്നുമുള്ള യുവാവിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ വന്നപ്പോള്‍ അവര്‍ രണ്ടുപേരും ചുംബിച്ചതായി പൊലീസിന്റെ കുറ്റം. ചുംബിച്ചിട്ടുണ്ടെങ്കില്‍ സിസിടിവി ദൃശ്യങ്ങള്‍ നോക്കി പരിശോധിക്കാം എന്നു യുവാവു പറയുന്നതോടെ അതിനും വനിത പൊലീസിന് ഉത്തരമില്ലാതായി.

അതേസമയം എന്ത് നിയമത്തിന്റെ പേരിലാണ് തങ്ങളെ കസ്റ്റഡിയിലെടുക്കുന്നതെന്ന യുവാവിന്റെ ചോദ്യത്തിന് മ്യൂസിയത്തിലെ നിയമം ഇതാണെന്ന് പോലീസ് മറുപടി പറയുന്നു.

അതേസമയം യുവതിയും യുവാവും മ്യൂസിയം പരിസരത്ത് ശരിയല്ലാത്ത രീതിയില്‍ ഇടപഴകുന്നത് മ്യൂസിയം സെക്യൂരിറ്റിയുടെ ശ്രദ്ധയില്‍പ്പെട്ടെന്നും ഇത് ചോദ്യം ചെയ്തപ്പോള്‍ അവര്‍ക്ക് നേരെ തട്ടിക്കയറിയതോടെ സെക്യൂരിറ്റി ജീവനക്കാര്‍ തങ്ങളെ വിവരം അറിയിക്കുകയായിരുന്നെന്നാണ് പോലീസിന്റെ വാദം.

തുടര്‍ന്ന് ഇരുവരെയും പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുവന്നു. അവിടെ നിന്നും പെണ്‍കുട്ടിയുടെ പിതാവിനെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തിരുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയായ മകളെ അവളുടെ ഇഷ്ടത്തിന് വിട്ടിരിക്കുകയാണെന്നും അവളുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്തേണ്ട കാര്യം ആര്‍ക്കുമില്ലെന്നാണ് പിതാവ് പോലീസിനോട് പറഞ്ഞത്.

സ്ത്രീ സുരക്ഷ ഉറപ്പിക്കുന്നതിന് ആണിനെയും പെണ്ണിനെയും ഒരുമിച്ചിരുത്തരുതെന്നു ധരിച്ചുവച്ചിരിക്കുന്ന പൊലീസാണ് ഈ സമൂഹത്തിന്റെ ക്രമസമാധാന നില നിയന്ത്രിക്കുന്നതെങ്കില്‍ ഓരോ വ്യക്തിയും അവരുടെ കണ്ണില്‍ കുറ്റവാളികളാണ്. പൗരന്റെ സ്വാതന്ത്ര്യത്തെ മാനിക്കാതെ കേവലം ഒരു ഫണറ്റിക്കിന്റെ നിലവാരത്തിലേക്കു താഴ്ന്നു നാട്ടില്‍ സുരക്ഷ ഉറപ്പാക്കാന്‍ നടക്കുന്ന പൊലീസിനെതിരേ ശക്തിയോടെ പ്രതികരിച്ച ആ യുവാവിനും യുവതിക്കും ഒരിക്കല്‍ ക്യൂടി അഭിവാദനങ്ങള്‍…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍