ഈ കേരളത്തില്‍ ഇത്രേയുള്ളോ ഒരു ആണിനും പെണ്ണിനും ഉള്ള സ്വാതന്ത്ര്യം? എതിര്‍ലിംഗത്തില്‍ പെട്ട രണ്ടുപേര്‍ ഒരുമിച്ചു നിന്നു സംസാരിച്ചാല്‍ കൊടിയ അപരാധമായി തീരുന്ന നിലയിലേക്ക് കേരളത്തിന്റെ സാമൂഹികാവസ്ഥ എത്തിച്ചേര്‍ന്നോ?
ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയും ഒരുമിച്ചിരിക്കുന്നതോ നില്‍ക്കുന്നതോ ക്രിമിനല്‍ കുറ്റമായി മാറിയിട്ടുണ്ടോ കേരളത്തില്‍? പലതും വായിച്ചു കേട്ടപ്പോള്‍ തോന്നിയിട്ടുള്ള ഈ സംശയം ഇന്ന് നേരിടേണ്ടി വന്ന അനുഭവത്തിലൂടെ വാസ്തവമാണെന്നു ബോധ്യപ്പെട്ടിരിക്കുകയാണ്.
സ്ത്രീയ്ക്കും പുരുഷനും തമ്മില്‍ പൊതുയിടങ്ങളില്‍ വച്ച് ഇടപഴകണമെങ്കില്‍ അവര്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ ആയിരിക്കണം എന്നും അല്ലാതെയുള്ളവര്‍ ‘മറ്റേ പണി’ ചെയ്യുന്നവര്‍ ആണെന്നും തീര്‍പ്പു കല്‍പ്പിക്കുകയാണ്. അത്തരമൊരു ദുരനുഭവത്തിനാണ് ഞാനും എന്റെ സുഹൃത്തും ഇരകളായത്.
ഇന്നുച്ച കഴിഞ്ഞ് മൂന്നു മണിയോടു കൂടി തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലില്‍ നില്‍ക്കുകയായിരുന്നു ഞാനും സുഹൃത്തും നിഷിദയും. അടുത്ത തിയേറ്റില്‍ കാടുപൂക്കുന്ന നേരം എന്ന സിനിമ കാണാനാണ് ഞങ്ങള്‍ എത്തിയത്. അടുത്ത ഷോ തുടങ്ങാനുള്ള സമയം ആകും വരെ ഇവിടെ ടെര്‍മിനലില്‍ ഇരിക്കാം എന്നതായിരുന്നു ലക്ഷ്യം. സീറ്റ് കിട്ടാത്തതുകൊണ്ട് ഞങ്ങള്‍ കുറച്ചു മാറി നിന്നു. പെട്ടെന്നാണ് ടെര്‍മിനിലെ സെക്യൂരിറ്റി ജീവനക്കാരന്‍ (കാക്കി യൂണിഫോമും ബ്ലാക് ബെല്‍റ്റ്, ബ്ലാക് ഷൂസ് എന്നിവ ധരിച്ചിരുന്ന അയാള്‍ പൊലീസ് ആണോ സെക്യൂരിറ്റി ജീവക്കാരനാണോ എന്നു സംശയം ഉണ്ട്) ഞങ്ങള്‍ക്കരികിലേക്ക് എത്തിയത്.
ഞങ്ങളെ രൂക്ഷമായി നോക്കി കൊണ്ട് ഒരു ചോദ്യം:
നിങ്ങള്‍ കല്യാണം കഴിച്ചതാണോ?
അല്ല, സുഹൃത്തുക്കള്‍ ആണെന്നു ഞാന്‍ മറുപടി പറഞ്ഞു.
എന്താ ഇവിടെ നില്‍ക്കുന്നത് എന്നായിരുന്നു അടുത്ത ചോദ്യം.
ഇരിക്കാന്‍ സീറ്റ് കിട്ടാത്തതുകൊണ്ടാണ് എന്നു മറുപടി കൊടുത്തു.
ഞങ്ങള്‍ തമ്മിലുള്ള ബന്ധം എന്താണെന്നു സുഹൃത്ത് നിഷിദയോടും അയാള്‍ തിരക്കി.
പിന്നീട് അയാളുടെ സംസാരത്തിന്റെ ടോണ്‍ മാറി. പരിഹാസവും ഭീഷണിയും കലര്‍ന്നു.
‘എടാ, ഇവിടെ നില്‍ക്കരുത്. ഇതുപോലെ ചെറുപ്പക്കാരായ ആണ്‍പിള്ളേരെയും പെണ്‍പിള്ളേരെയും ഒരുമിച്ചു നില്‍ക്കുന്നതു കണ്ടാല്‍ പിങ്ക് പൊലീസിനെ വിളിച്ചു പറയണം എന്നാ നിര്‍ദേശം’.
സത്യത്തില്‍ ഞങ്ങള്‍ രണ്ടുപേരും വാ പൊളിച്ചു നിന്നുപോയി.
പിന്നീട് അയാള്‍ എന്റെ ഷര്‍ട്ടിന്റെ കോളറില്‍ കുത്തിപ്പിടിച്ചുകൊണ്ട് പറയുകയാണ്: ‘പിന്നെ, ആദ്യം ഇങ്ങനെ മര്യാദയ്ക്ക് പറയും. മൊട കാണിച്ചാല്‍ പിടിച്ചു പിങ്ക് പൊലീസിനെ ഏല്‍പ്പിക്കും’. ഇതു പറയുന്നതിനൊപ്പം അയാള്‍ ഫോണ്‍ എടുത്ത് പിങ്ക് പൊലീസ് എന്നു സേവ് ചെയ്തിരിക്കുന്ന ഒരു നമ്പറും കാണിച്ചു.
അയാള്‍ പറഞ്ഞതു കേട്ട് ഭയന്നിട്ടില്ല. എങ്കിലും ഞങ്ങള്‍ മാറി നിന്നു. ഒരുപാട് കഷ്ടപ്പാടുകളും തടസ്സങ്ങളും നേരിട്ടാണ് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ അഡ്മിഷന്‍ ശരിയായിരിക്കുന്നത്. ഒന്നു രണ്ടു മാസങ്ങള്‍ക്കുള്ളില്‍ ലണ്ടനിലേക്കു പോവുകയും വേണം. അതിനിടയില്‍ ഒരു ചെറിയ കേസ് എങ്കിലും എന്റെ മേല്‍ വീണാല്‍ സ്വപ്‌നങ്ങള്‍ എല്ലാം തകരും.
പക്ഷേ ആ സെക്യൂരിറ്റി ജീവനക്കാരന്റെ പെരുമാറ്റം, വാക്കുകളിലെ ധാര്‍ഷ്ട്യം, ഭീഷണിപ്പെടുത്തല്‍ ഇതെല്ലാം എന്നെ വല്ലാതെ അപമാനിതനാക്കി. ഈ കേരളത്തില്‍ ഇത്രേയുള്ളോ ഒരു ആണിനും പെണ്ണിനും ഉള്ള സ്വാതന്ത്ര്യം? എതിര്‍ലിംഗത്തില്‍ പെട്ട രണ്ടുപേര്‍ ഒരുമിച്ചു നിന്നു സംസാരിച്ചാല്‍ കൊടിയ അപരാധമായി തീരുന്ന നിലയിലേക്ക് കേരളത്തിന്റെ സാമൂഹികാവസ്ഥ എത്തിച്ചേര്‍ന്നോ?
എന്റെ അറിവ് ശരിയാണെങ്കില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പു വരുത്തുന്നിതിനായി ഏര്‍പ്പെടുത്തിയ സംവിധാനമാണ് പിങ്ക് പൊലീസ്. ആ സെക്യൂരിറ്റി ജീവനക്കാരന്റെ വാക്കുകള്‍ പ്രകാരമാണെങ്കില്‍ സദാചാര സംരക്ഷണമാണ് പിങ്ക് പൊലീസിന്റെ ഉത്തരവാദിത്വം എന്നും തോന്നിപ്പോകും. തിരുവനന്തപുരത്തു തന്നെ കനകക്കുന്നിലും മ്യൂസിയത്തിലും പിങ്ക് പൊലീസ് ഇത്തരം ‘സദാചാര സംരക്ഷണം’ നടത്തിയതിന്റെ വാര്‍ത്തകള്‍ കേട്ടിട്ടുള്ളതുമാണ്. പൊലീസ് എന്നാല്‍ ആരാണ്? പൗരന്റെ സംരക്ഷകരോ അതോ അധികാരം കാണിച്ച് അവരെ ഭയപ്പെടുത്തുന്നവരോ? മതമൗലികവാദികളുടെ സദാചാര ഭീഷണിയേക്കാള്‍ ഭയക്കേണ്ടത് ഇപ്പോള്‍ പൊലീസിനെ ആണെന്നു വന്നിരിക്കുകയാണ്. കേരളത്തില്‍ ഈ പ്രവണത വര്‍ദ്ധിച്ചു വരുന്നത് നമ്മുടെ സംസ്‌കാരത്തിന് എത്രമേല്‍ കളങ്കമാണെന്നു ചിന്തിക്കുക.
ബസ് സ്റ്റാന്‍ഡിലോ റെയില്‍വേ സ്‌റ്റേഷനിലോ റോഡരികിലോ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചു നിന്നെന്നോ സംസാരിച്ചെന്നോ വരാം. അവിടെയെല്ലാം ഭീഷണിയുടെ സ്വരവുമായി എത്തുന്നത് ആരായാലും മത ഭ്രാന്തന്‍ ആയാലും പൊലീസ് ആയാലും അവര്‍ ഈ നാടിനു കളങ്കമാണ്. നിങ്ങളുടെ കണ്ണുകളില്‍ തിമിരം ബാധിച്ചിരിക്കുന്നതുകൊണ്ട് എല്ലായിടവും ഇരുട്ട് ആണെന്നു ധരിക്കരുത്…
(ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ അഡ്മിഷന്‍ കിട്ടിയ കേരളത്തില്‍ നിന്നുള്ള ആദ്യത്തെ ആദിവാസി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിയാണ് കാസര്‍ഗോഡ് കോളിച്ചാല്‍ സ്വദേശിയായ ബിനേഷ് ബാലന്‍)
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)