UPDATES

കേരളം

ചുരിദാര്‍ ധരിക്കുന്നതും ഫേസ്ബുക്കില്‍ ഫോട്ടോ ഇടുന്നതും അഴിഞ്ഞാട്ടമോ? ചോദിക്കുന്നത് ഒരു അധ്യാപികയാണ്

എനിക്കെതിരെ ഉള്ള ഏറ്റവും വലിയ ആരോപണം ഞാന്‍ സ്‌കൂളിനെ ഇകഴ്ത്തിക്കൊണ്ട് ഫെയ്‌സബുക്കില്‍ പോസ്റ്റ് ചെയ്തു എന്നതാണ്

രാകേഷ് നായര്‍

വാദങ്ങളും പ്രതിവാദങ്ങളും നിരന്തരം നിറഞ്ഞു നില്‍ക്കുമ്പോഴും സമൂഹം സ്ത്രീക്ക് ചുറ്റും കെട്ടിയിരിക്കുന്ന വേലികള്‍ ഇളക്കം തട്ടാതെ നിലനില്‍ക്കുന്നു എന്നതാണ് വാസ്തവം. സോഷ്യല്‍ കോഡുകളുടെ ലംഘനത്തിന് സ്ത്രീകള്‍ ശ്രമിച്ചുകൂട. അങ്ങിനെ ചെയ്താല്‍ അവള്‍ക്കെതിരെ കല്ലെടുക്കാനും ക്രൂശിക്കാനും സജ്ജരായി നിയമ സംവിധാനങ്ങളുടെ പിന്തുണയോടെ പുരുഷകേന്ദ്രീകൃത വ്യവസ്ഥ കാത്തു നില്‍ക്കുന്നു എന്നതാണ് ഇപ്പോഴും തുടരുന്ന യാഥാര്‍ത്ഥ്യം.  സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നത് പുരുഷന്മാരെ കാണാത്തതു കാണാന്‍ തോന്നിപ്പിക്കുമെന്ന ഗാനഗന്ധവര്‍വന്റെ ഓര്‍മ്മപ്പെടുത്തലിന്റെ അലയിളക്കങ്ങള്‍ അടങ്ങും മുന്നേതന്നെയാണ് അധ്യാപികമാര്‍ ചൂരിദാര്‍ പോലുള്ള പാശ്ചാത്യ വസ്ത്രങ്ങള്‍(?) ധരിച്ച് സ്‌കൂളില്‍ വന്നാല്‍, അത് കുട്ടികളെ വഴിതെറ്റിക്കുമെന്ന അഭിപ്രായം ഉണ്ടായിരിക്കുന്നത്. ഫേസ്ബുക്കില്‍ പുരുഷ സൗഹൃദങ്ങള്‍ ഉണ്ടാക്കുന്നതും, പുരുഷന്മാര്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്യുന്നതും, ആണ്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം പുറത്തുപോകുന്നതും സദാചാര ലംഘനമാണെന്ന കണ്ടെത്തലുകളും ഈ കൂട്ടത്തിലുണ്ട്. പരസ്യമായ അപമാനിക്കപ്പെട്ട സ്ത്രീത്വത്തിന്റെ മുറിവ് നിയമപാലകര്‍ കൂടി കുത്തി വലുതാക്കിയിരിക്കുന്നു എന്നതാണ് തൃശ്ശൂരിലെ പാഞ്ഞാള്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മലയാളം അധ്യാപിക ഷീജയ്ക്കും ഏതാനും സഹപ്രവര്‍ത്തകര്‍ക്കും നേരിടേണ്ടി വന്ന ദുരവസ്ഥയെ കൂടുതല്‍ തീവ്രമാക്കുന്നത്. സ്‌കൂള്‍ പിടിഎ അംഗത്തിന്റെ ആക്ഷേപങ്ങളും അതിനെത്തുടര്‍ന്നുണ്ടായ ദുരനുഭവങ്ങളും അധ്യാപിക ഷീജ സി കെ വിവരിക്കുന്നു.

തൃശ്ശൂര്‍ ജില്ലയിലെ പഞ്ഞാള്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒരു മാതൃകാ സര്‍ക്കാര്‍ സ്‌കൂളാണ്. എല്‍ കെ ജി മുതല്‍ പ്ലസ്ടു വരെ ഇവിടെ ക്ലാസുകളുണ്ട്. ഈ സ്‌കൂളിന്റെ ഉന്നമനത്തിനും പഠനനിലവാരവും കാത്തു സൂക്ഷിക്കുന്നതിലും അധ്യാപകര്‍ വഹിക്കുന്ന പങ്ക് അഭിമാനകരമാണ്. അവരിലൊരാളാണ് ഞാനും എന്ന് വിശ്വസിക്കുന്നു. എന്റെ കര്‍മമ്മത്തില്‍ യാതൊരു വിധത്തിലുള്ള വീഴ്ചയും വരുത്താതെ കുട്ടികളുടെ വിദ്യാഭ്യാസപരവും മാനസികപരവുമായ വളര്‍ച്ചയ്ക്കും എന്നാല്‍ കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുന്നുണ്ട്. എന്നാല്‍ വ്യക്തിവൈരാഗ്യത്തിന്റെ പുറത്ത് ഒരധ്യാപിക എന്നനിലയിലും സ്ത്രീ എന്ന നിലയിലും അവഹേളനം ഏറ്റുവാങ്ങേണ്ടി വന്നതിലുള്ള മാനസികാഘാതത്തില്‍ നിന്ന് ഇപ്പോഴും മുക്തയാകാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞമാസം 26 ആം തീയതി നടന്ന പിടിഎ ജനറല്‍ബോഡി യോഗത്തിലാണ് തികച്ചും അപമാനകരമായ രീതിയിലുള്ള ആരോപണങ്ങള്‍ക്ക് ഞാനും എന്റെ സഹപ്രവര്‍ത്തകരും ഇരകളായത്. അതിനു പിന്നിലെ രാഷ്ട്രീയത്തെക്കുറിച്ച് പുറകെ പറയാം. ആദ്യം ഞങ്ങള്‍ക്കെതിരെ വന്ന ആരോപണങ്ങളെ ഒന്നു പരിശോധിക്കാം.

പാശ്ചാത്യവേഷം ധരിച്ചെത്തുന്ന അധ്യാപികമാര്‍
പിടിഎ എക്‌സിക്യൂട്ടീവ് അംഗവും പ്രാദേശിക സിപി ഐ എം നേതാവുമായ പ്രദീപ് എന്ന വ്യക്തിയാണ് ഞങ്ങളുടെ സദാചാരമൂല്യങ്ങളെക്കുറിച്ച് സംശാലുവായത്. അദ്ദേഹത്തിന്റെ പ്രധാന ആരോപണം ഞങ്ങള്‍ പാശ്ചാത്യവേഷം ധരിച്ചെത്തുന്നു എന്നതാണ്. സാരിയോ ചുരിദാറാണോ ആണ് എല്ലാ ടീച്ചര്‍മാരും ധരിക്കുന്നത്. ഇതില്‍ ഏതാണ് പാശ്ചാത്യ വസ്ത്രം എന്ന് മനസ്സിലാകുന്നില്ല. ചുരിദാര്‍ ആണ് അദ്ദേഹം ഉദ്ദേശിക്കുന്നതെങ്കില്‍, അതെങ്ങനെ പുരുഷന്മാരെ വശീകരിക്കുന്നതും കുട്ടികളെ വഴിതെറ്റിക്കുന്നതുമാകും? സാരിയേക്കാള്‍ സ്ത്രീയുടെ ശരീരഭാഗങ്ങള്‍ മറയ്ക്കാന്‍ ഉപകരിക്കുന്ന വസ്ത്രമാണല്ലോ ചുരിദാര്‍. സ്‌കൂള്‍ അദ്ധ്യാപികമാര്‍ക്ക് ചുരിദാര്‍ ധരിക്കാമെന്ന് സര്‍ക്കാരും അനുവദിച്ചുണ്ടല്ലോ? പിന്നെ ഏതുവഴിക്കാണ് അദ്ദഹത്തിന് ഞങ്ങളുടെ വസ്ത്രധാരണം ആഭാസകരമായി തോന്നുന്നത്? ചുരിദാറോ സാരിയോ ധരിക്കുന്ന സ്ത്രീകള്‍ പുരുഷന്മാരെ പ്രലോഭിക്കാനാണ് ശ്രമിക്കുന്നതെന്ന വാദത്തിലെ യുക്തി തിരക്കിപ്പോയാല്‍ ഓരോ കുടുംബത്തിലും ഈ ‘പ്രലോഭന’ങ്ങള്‍ ഉണ്ടാവില്ലേ! കപട സദാചാരത്തിന്റെ കണ്ണടവച്ച് ചുറ്റുപാടുകളെ നോക്കുന്നവര്‍ക്കാണ് എല്ലാം മഞ്ഞയായി തോന്നുന്നത്.

മറ്റൊരാരോപണം ഫെയ്‌സ്ബുക്കിലെ ഞങ്ങളുടെ സാന്നിധ്യമാണ്. സോഷ്യല്‍ മീഡിയയില്‍ സ്ത്രീകള്‍ പങ്കാളികളാകാന്‍ പാടില്ലെന്ന് പറയുമ്പോള്‍, ഇത് ഏതാണ് രാജ്യം? ലോകത്തിലെ എറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യ തന്നെയല്ലേ, ഇറാഖോ സിറിയയോ ഒന്നുമല്ലല്ലോ?സോഷ്യല്‍ മീഡിയയില്‍ സജീവമായി നില്‍ക്കുന്ന ഒരു പ്ലാറ്റ് ഫോമാണ് ഫെയ്‌സ്ബുക്ക്. അവിടെ സ്ത്രീകള്‍ക്കും ഒരു പ്രാധാന്യം കിട്ടുന്നതില്‍ ആര്‍ക്കാണ് കണ്ണുകടി. സ്വന്തം വീക്ഷണങ്ങളും വിമര്‍ശനങ്ങളും പ്രകടപ്പിക്കാന്‍ സാധിക്കുന്ന മാധ്യമം എന്നതാണ് ഫെയ്‌സ്ബുക്കിന് ഞാന്‍ പ്രഥമദൃശ്യാ കാണുന്ന പ്രാധാന്യം. അതിനുശേഷമാണ് അതൊരു സൗഹൃദലോകം ആണെന്ന വിചാരം വരുന്നത്. ഒരു സ്ത്രീ, അവളുടെ സൗഹൃദങ്ങള്‍ തിരഞ്ഞെടുക്കാന്‍ സമൂഹത്തിന്റെ സദാചാര മാനുവലുകള്‍ മറിച്ചുനോക്കണമെന്ന് പറയുന്നത് അവകാശ ധ്വംസനമാണ്. ഒരു സ്ത്രീക്ക് പുരുഷ സുഹൃത്തുക്കള്‍ പാടില്ലെന്ന് പറയുന്നതിലെ അടിമത്വം എത്ര നീചമാണ്. ഞാന്‍ (എന്റെ പേരെടുത്ത് അദ്ദേഹം പറഞ്ഞില്ലെങ്കിലും, പറഞ്ഞകാര്യങ്ങള്‍ വച്ച് ഉന്നം ഞാന്‍ തന്നെയാണെന്ന് വ്യക്തമായിരുന്നു). പുരുഷന്മാര്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോകള്‍ പോസ്റ്റു ചെയ്യുന്നു, ആണുങ്ങളുടെ തോളില്‍ കയ്യിട്ടു നില്‍ക്കുന്നതരം ഫോട്ടോകള്‍ ഇടുന്നു എന്നൊക്കെയാണ് ആരോപണം. പ്രലോഭനീയമായ വസ്ത്രങ്ങള്‍ ധരിച്ച ഫോട്ടോസാണ് പോസ്റ്റ് ചെയ്യുന്നത്- ആരോപണങ്ങള്‍ അങ്ങിനെ നീണ്ടുപോവുകയാണ്. ശരിയാണ്, പുരുഷന്മാരുടെ തോളില്‍ കൈയിട്ടു നില്‍ക്കുന്ന ഫോട്ടോ ഞാന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്റെ സഹോദരങ്ങളുടെ തോളിലാണ് ഞാന്‍ കയ്യിട്ടു നില്‍ക്കുന്നത്. അതില്‍ എന്താണ് തെറ്റ്? ഇനിയവര്‍ എന്റെ സഹോദരങ്ങളല്ലെങ്കില്‍ കൂടി, ഒരു സുഹൃത്തിന്റെ തോളില്‍ മറ്റൊരു സുഹൃത്ത് കൈവച്ചാല്‍, അവര്‍ ആണും പെണ്ണുമാകുന്നിടത്ത് കൊടിയ അപരാധം വന്നുഭവിക്കുന്നതെങ്ങിനെയാണ്? സഭ്യമല്ലാത്തൊരു ഫോട്ടോ, അതും ഫെയ്‌സബുക്ക് പോലൊരു മീഡിയത്തില്‍ പോസറ്റ് ചെയ്യാന്‍ മാത്രം ബുദ്ധിശൂന്യയാണോ ഞാന്‍. എന്റെ ഭര്‍ത്താവും മറ്റുകുടുംബാംഗങ്ങളുമെല്ലാം ഇതേ മീഡിയത്തില്‍ സജീവമായിട്ടുണ്ട്. അവരെയൊന്നും ഓര്‍ക്കാതെ ഞാന്‍ എനിക്ക് തോന്നിയ ഫോട്ടോകള്‍ ഇടുമെന്നാണോ? എത്ര വിലകുറഞ്ഞ ആരോപണങ്ങളാണ് ഉയര്‍ത്തിയത്?

ഇതിലും കൂടിയ തെറ്റ് ഞാന്‍ ചെയ്യുന്നത്, അവധിക്കാലങ്ങളില്‍ ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പം വിനോദസഞ്ചാരത്തിന് പോകുന്നതാണ്. ആ യാത്രകളുടെ ഫോട്ടോകളും ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യാന്‍ എനിക്ക് മടിയില്ല പോലും. സ്‌കൂള്‍ വെക്കേഷനുകളില്‍ ഞങ്ങള്‍ കുടുംബസുഹൃത്തുക്കള്‍ എല്ലാവരും ചേര്‍ന്ന് കേരളത്തിന് പുറത്തേക്ക് യാത്ര പോവുകയും ആ യാത്രകളില്‍ ഫോട്ടോകള്‍ എടുക്കുകയും അതില്‍ ചിലത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യാറുമുണ്ട്- ഇതില്‍ ഏതാണ് തെറ്റ് എന്ന് എനിക്ക് മനസ്സിലായിട്ടില്ല.

ഇനി വരുന്നത് പൊതുയിടങ്ങളില്‍ നടത്തുന്ന അഴിഞ്ഞാട്ടത്തെക്കുറിച്ചാണ്. ഈ സ്‌കൂളിലെ ചില അണ്‍-പെണ്‍ അദ്ധ്യാപകര്‍ ജോലി സമയം കഴിഞ്ഞ് വീട്ടില്‍ പോകാതെ നദീ തീരത്തും റെയില്‍വേ സ്‌റ്റേഷനുകളിലും കറങ്ങി നടക്കുന്നുവത്രേ! എത്രവലിയ പാപം! ഇവിടെയും അദ്ദേഹം ആരുടെയും പേരെടുത്തു പറയുന്നില്ലെങ്കിലും ഇരകള്‍ ഞങ്ങള്‍ തന്നെയാണെന്ന് സുവ്യക്തം. ഇടയ്ക്ക് ക്ലാസ് സമയം കഴിഞ്ഞ് ഞങ്ങള്‍ ഏതാനും അദ്ധ്യാപകര്‍, ആണും പെണ്ണുമുണ്ട്, ഭാരതപ്പുഴയുടെ തീരത്തോ, പഴയ കലാമണ്ഡലത്തിന്റെ അരികിലോ പോയി ഇരിക്കാറുണ്ട്. അതൊരു റിലാക്‌സേഷനാണ്. അല്ലാതെ, സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം നടത്താനല്ല.

ഇതെല്ലാം കൊടിയ പാപമാകുന്നത് ഞാന്‍ അല്ലെങ്കില്‍ എന്റെ സഹപ്രവര്‍ത്തകര്‍ അധ്യാപകരാകുന്നതിടത്താണ്. സോഷ്യല്‍ മോറാലിറ്റി അധ്യാപകരോളം കാത്തുസൂക്ഷിക്കേണ്ടവര്‍ വേറാരുമില്ല! അധ്യാപകന്റെ ധര്‍മ്മം എന്താണെന്ന് നല്ലതുപോലെ മനസ്സിലാക്കുന്നതാണ് ഞങ്ങളല്ലാവരും തന്നെ. മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ നിന്ന് എന്ത് ഇമ്മോറാലിറ്റിയാണ് ഞാനുള്‍പ്പെടുന്ന അധ്യാപകരുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്? സ്‌കൂളിനെക്കുറിച്ചോ അവിടുത്തെ അധ്യാപകരെക്കുറിച്ചോ രക്ഷിതാക്കള്‍ക്ക് പരാതികളുണ്ടാകുന്നതില്‍ യാതൊരു അസ്വഭാവികതയുമില്ല, പലയിടത്തും നടക്കുന്നതുമാണ്. എന്നാല്‍ ആ പരാതികള്‍ വ്യക്തിഹത്യയുടെ സ്വഭാവത്തില്‍ പരസ്യമായി ഉന്നയിക്കുന്നത് മ്ലേഛമാണ്. എതിര്‍ക്കപ്പെടേണ്ടതാണ്. സദാചാരത്തിന്റെ പേരു പറഞ്ഞ് സ്ത്രീകളെ അപമാനിക്കുന്നതാണ് ഏറ്റവുംവലിയ സാമൂഹികപാതകം എന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെയാണ് ഇതിനെ പ്രതികരിക്കാനും നിമയമപരമായി നേരിടാനും ഞാനും എന്റെ സഹപ്രവര്‍ത്തകരും തീരുമാനിച്ചത്.

അനങ്ങാ പാവയായ ഹെഡ്മിസ്ട്രസ്
തൊഴിലിടങ്ങളില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് ആദ്യം സമീപിക്കേണ്ടത് ആ സ്ഥാപനത്തിന്റെ മേലധികാരിയേയാണ് എന്ന മുറ അനുസരിച്ചാണ് ഈ വിഷയത്തില്‍ ഉചിതമായ നടപടി കൈക്കൊള്ളണം എന്ന ആവിശ്യവുമായി ഞങ്ങള്‍  ഹെഡ്മിസ്ട്രസ് എം എന്‍ ഉമയെ കാണാനെത്തുന്നത്. തികച്ചും നിര്‍ഭാഗ്യകരമായ സമീപനമാണ് ആ മേലധികാരിയില്‍ നിന്ന് ഉണ്ടായത്. ഈ വിഷയം വലുതാക്കണ്ട എന്ന നിലപാടായിരുന്നു അവര്‍ക്ക്. മാത്രമല്ല, ഞങ്ങള്‍ ഏതാനും പേര്‍ക്കല്ലെ പരാതിയുള്ളൂ, എല്ലാവരും ഇതില്‍ പങ്കാളികളല്ലോ എന്നാണ് ടീച്ചര്‍ ന്യായം പറഞ്ഞത്. ഒരാള്‍ക്ക് നേരെയാണ് ഇത്തരം ആക്ഷേപം ഉണ്ടായതെങ്കില്‍പ്പോലും നടപടി എടുക്കേണ്ട ആളാണ്, ഈ തൊടുന്യായം വിളമ്പിയത്. ടീച്ചര്‍ക്ക് നടപടിയെടുക്കാന്‍ വയ്യെങ്കില്‍ വനിതാ കമ്മീഷനെ സമീപിപ്പിക്കുമെന്നും അങ്ങോട്ടുള്ള പരാതിയെങ്കിലും ഒന്നു ഫോര്‍വേഡ് ചെയ്യണമെന്നും പറഞ്ഞു നോക്കി. അവിടെയും അനുകൂലമായ മറുപടി ഉണ്ടായില്ല. നിവൃത്തിയില്ലാതെ വന്നപ്പോള്‍ ചെയ്യണ്ടതെല്ലാം ഞങ്ങള്‍ തനിയെ ചെയ്തു.ഹെഡ്മിസ്ട്രസ് എന്തുകൊണ്ടാണ് ഇങ്ങിനെ പെരുമാറുന്നതെന്നും ഇതിനു പിന്നിലുള്ള രാഷ്ട്രീയം എന്താണെന്നും ഞങ്ങള്‍ക്ക വ്യക്തമായി അറിയാമായിരുന്നു.

പോലീസ് സ്‌റ്റേഷനിലെ സദാചാര ക്ലാസ്
സെപ്തംബര്‍ 30 നാണ് ചെറുതുരുത്തി പോലീസ് സ്‌റ്റേഷനില്‍ ഞങ്ങള്‍ പ്രദീപിനെതിരെ പരാതി കൊടുക്കുന്നത്. വൈകുന്നേരമാണ് ഈ പരാതി നല്‍കുന്നത്, അതിനാല്‍ പിറ്റേദിവസം 9 മണി കഴിഞ്ഞ് വരാന്‍ പറഞ്ഞു. പതിനെട്ട് അധ്യാപകരാണ് പരാതിയില്‍ ഒപ്പുവച്ചിരുന്നത്. പോലീസ് സ്‌റ്റേഷനില്‍ എല്ലാവരും കൂടി പോകേണ്ട എന്ന തീരുമാനത്താല്‍ നാലുപേരാണ്, രണ്ട് ആണ്‍ അധ്യാപകരും ബാക്കി പെണ്‍ അധ്യാപകരുമാണ് പോയത്. ഞാനും അതില്‍ ഉള്‍പ്പെട്ടിരുന്നു. സ്‌കൂളില്‍ നിന്ന് ഉച്ചവരെ ലീവ് എടുത്ത് ഞങ്ങള്‍ ഒമ്പത് മണിക്കുതന്നെ സ്റ്റേഷനിലെത്തി. കുറെനേരം കാത്തുനിന്നശേഷമാണ് എസ് ഐ വരുന്നത്(ചന്ദ്രന്‍ എന്ന പേരുള്ള ഇദ്ദേഹം യഥാര്‍ത്ഥത്തില്‍ എ എസ് ഐ ആണ്, എന്നാല്‍ ഞങ്ങളോട് പറഞ്ഞത് എസ് ഐ എന്നായിരുന്നു). പ്രദീപ് കൂടി വരട്ടെ എന്നായിരുന്നു അദ്ദഹം പറഞ്ഞത്. ഉച്ചയായിട്ടും പ്രദീപ് വരാത്തതിനെ തുടര്‍ന്ന്, ലീവ് ഇല്ലാത്തതിനാല്‍ ഞങ്ങള്‍ക്ക് സ്‌കൂളിലേക്ക് പോകണമെന്ന് പറഞ്ഞു. ഉടനെ എ എസ് ഐയുടെ സ്വഭാവം മാറി. അദ്ദേഹം ഞങ്ങള്‍ക്കു നേരെ ഒച്ചയെടുത്തു. കള്ളപ്പരാതി തന്നിട്ട് മുങ്ങാന്‍ നോക്കുകയാണെങ്കില്‍ എല്ലാത്തിനെയും പിടിച്ച് അകത്തിടുമെന്ന് പോലീസ് സ്‌റ്റൈല്‍ വിരട്ടല്‍.

ഒടുവില്‍ പ്രദീപ് വന്നു, കൂടെ നാലഞ്ചുപേരും. അദ്ദേഹത്തിന്റെ കൈയില്‍ ഒരു കൗണ്ടര്‍ പെറ്റീഷനുമുണ്ടായിരുന്നു. ആ പരാതിയുടെ കാതലും ഞങ്ങളുടെ വഴിവിട്ട സഞ്ചാരം തന്നെ. തെളിവിന് എന്റെ ഫെയ്‌സബുക്കില്‍ ഞാന്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു ഫോട്ടോ (എന്റെ കസിന്‍സിനോടൊപ്പം നില്‍ക്കുന്ന ഫോട്ടോ) ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുത്തു കൊണ്ടുവന്നിരുന്നു. പിന്നീടാണ് എ എസ് ഐ വക സദാചര ക്ലാസും അധ്യാപക ധര്‍മ്മം എന്താണെന്നതിനെക്കുറിച്ചുള്ള വിശദീകരണവും തുടങ്ങുന്നത്. അദ്ദേഹം ആദ്യം തന്നെ പറഞ്ഞത്- നിങ്ങളുടെ കൂട്ടത്തില്‍ ആരോ ഒരാള്‍ മോശക്കാരിയായിട്ടുണ്ട്. അതാണ് ഇത്തരമൊരു പരാതിയുമായി വരാന്‍ കാരണമെന്നാണ്! പിന്നീട് അദ്ദേഹത്തിന് അറിയേണ്ടത്- എന്താണ് അധ്യാപകധര്‍മ്മം എന്നതായിരുന്നു. അദ്ദേഹം തന്നെ അതിനെക്കുറിച്ച് ക്ലാസുമെടുത്തു. കൂട്ടത്തില്‍ മുല്ലനേഴിയെഴുതിയ ഒരു സിനിമാപ്പാട്ടിന്റെ രണ്ടുവരി- എണ്ണക്കറുപ്പ് പുറത്താണ്/ഉള്ളിന്റെയുള്ള് തുടുത്താണ്- പാടിക്കൊണ്ട് അതിലെ അശ്ലീലം എന്താണന്നും വിവരിച്ചു. ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന സിനിമയിലും നായികയും അവളുടെ രണ്ടുകൂട്ടുകാരും ഒരുമിച്ച് ഒരു കട്ടിലില്‍ കിടക്കുന്നതിലെ സദാചാര്യമൂല്യത്തെക്കുറിച്ചും അദ്ദേഹത്തിന് പറയാനുണ്ടായിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചു എന്ന പരാതിയില്‍ ഞങ്ങള്‍ പരാതിയില്‍ പരാമര്‍ശിച്ചിരുന്നതിനെക്കാള്‍ വലിയ അപമാനമാണ് നിയമപാലകരില്‍ നിന്നുണ്ടായത്. വേശ്യവൃത്തിക്ക് പിടിച്ചുകൊണ്ടുവന്നവരോടെന്നപോലെയാണ് ഞങ്ങളോട് അവര്‍ പെരുമാറിയയത്. ഇതിനിടയിലാണ് എനിക്ക് ബിപി കൂടിയതും ഞാന്‍ തല ചുറ്റി വീണതും.

നീതി തേടിച്ചെല്ലാനുള്ളതാണ് പോലീസ് സ്‌റ്റേഷനുകള്‍, എന്നാല്‍ അവിടെ തന്നെ നമുക്ക് എതിരായി കാര്യങ്ങള്‍ സംഭവിക്കുകയാണെങ്കിലോ? പിന്നെ എവിടെയാണ് സാധാരണക്കാരന് സുരക്ഷ?  ഈ സമയത്ത് ഞങ്ങളുടെ കൂടെ നില്‍ക്കാന്‍ തയ്യാറായത് ഇവിടുത്തെ മാധ്യമങ്ങളാണ്. മാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്തതോടെ കാര്യം ഗൗരവമായി. ആ എ എസ് ഐയെ സ്ഥലം മാറ്റി. പക്ഷേ ഞങ്ങള്‍ക്കെതിരെ അപമാനകരമായ പ്രസ്താവന നടത്തിയ ആള്‍ ഇപ്പോഴും സുരക്ഷിതനാണ്. കേവലം ഒരു വ്യക്തിയെ ദ്രോഹിക്കാനല്ല,  വിഷം വമിച്ച സ്വന്തം വാക്കുകള്‍ പിന്‍വലിച്ച് , ഇനിയൊരിക്കലും ഒരു സ്ത്രീയേയും ഇത്തരത്തില്‍ അപമാനിക്കരുതെന്ന് അദ്ദേഹത്തിന് ബോധ്യം ഉണ്ടാകണം, ചെയ്ത തെറ്റില്‍ പശ്ചാത്തപിക്കണം- ഇത്രമാത്രമേ ഞങ്ങളും ലക്ഷ്യം വയ്ക്കുന്നുള്ളൂ. അതിനപ്പുറം  വൈരാഗ്യം ആരോടുമില്ല. സ്‌കൂളില്‍ തന്നെ തീര്‍ക്കാമായിരുന്ന വിഷയം ഇത്ര വലുതായത് ഞങ്ങളുടെ പിടിവാശി കൊണ്ടല്ല, വേണ്ട സമയത്ത് ഉചിതമായ നടപടിയെടുക്കാത്തവരുടെ കാര്യക്ഷമതയില്ലായ്മയോ, പക്ഷപാതപ്രവര്‍ത്തനങ്ങളോ ആണ്.

സ്‌കൂളിനെ അപമാനിക്കുന്ന പോസ്റ്റ്
എനിക്കെതിരെ ഉള്ള ഏറ്റവും വലിയ ആരോപണം ഞാന്‍ സ്‌കൂളിനെ ഇകഴ്ത്തിക്കൊണ്ട് ഫെയ്‌സബുക്കില്‍ പോസ്റ്റ് ചെയ്തു എന്നതാണ്. ഒരു വര്‍ഷത്തിനു മുമ്പ് സ്‌കൂള്‍ യുവജനോത്സവസമയത്ത് കുറച്ച് കുട്ടികള്‍ സിനിമാറ്റിക് ഡാന്‍സ് കളിച്ചു. സ്‌കൂളുകളില്‍ സിനിമാറ്റിക് ഡാന്‍സ് നിരോധിച്ചുകൊണ്ട് ഉത്തരവുള്ളപ്പോഴാണ് ഇത്. ലുങ്കി ഡാന്‍സാണ് ആ കുട്ടികള്‍ സ്‌റ്റേജില്‍ നടത്തിയത്. ഇതിനെ പരാമര്‍ശിച്ച് പിറ്റേദിവസം ഫെയ്‌സ്ബുക്കില്‍ ഞാനൊരു പോസ്റ്റ് ഇട്ടിരുന്നു. നാടന്‍കലകളെ പ്രോത്സാഹിപ്പിക്കാനാണോ ഇത്തരം ലുങ്കി ഡാന്‍സുകളെന്നും ഇനിയും ഇതുപോലെ എന്തെക്കൊ കാണണമെന്നുമൊക്കെ, ഒരു വിമര്‍ശന ശൈലിയിലായിരുന്നു ആ പോസ്റ്റ്. ഇതാണ് സ്‌കൂളിനെ നാണം കെടുത്തുന്ന തരത്തില്‍ എന്നില്‍ നിന്നുണ്ടായ പ്രവര്‍ത്തി! ഫെയ്‌സ്ബുക്ക് എന്ന പൊതുസദസ്സില്‍ ഞാന്‍ എന്റെ അഭിപ്രായം പറഞ്ഞതാണ് കുറ്റമായത്. ഇതിനെതിരെ അന്നത്തെ ഹെഡ്മിസ്ട്രസിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ സ്‌കൂളിന് പുറത്തുള്ള അധ്യാപകരുടെ വ്യക്തിസ്വാതന്ത്രത്തില്‍ ഇടപെടാനാകില്ലെന്നായിരുന്നു എച്ച് എമ്മിന്റെ നിലപാട്. ഇതിനുള്ള പ്രതികാരം പലരുടെയും മനസ്സിലുണ്ടായിരുന്നു. സ്‌കൂളിലെ ചില പ്രവണതകളെയും എനിക്ക് ചോദ്യം ചെയ്യേണ്ടി വന്നിട്ടുണ്ട്. ഒമ്പതില്‍ നിന്ന് പത്തിലേക്ക് കുട്ടികളെ അരിപ്പവച്ച് അരിച്ചാണ് ജയിപ്പിക്കുന്നത്. നൂറുശതമാനം വിജയം തന്നെ ലക്ഷ്യം. ജയിക്കുന്നവര്‍ ജയിക്കട്ടെ, തോല്‍ക്കുന്നവര്‍ തോല്‍ക്കട്ടെ എല്ലാവരെയും പരീക്ഷയെഴുതിക്കണം എന്നതായിരുന്നു എന്റെ ആവശ്യം. മൂന്നും നാലും വര്‍ഷം ഒമ്പതില്‍ കുടുങ്ങിക്കിടക്കുന്ന പിന്നാക്ക ജാതിക്കാരയ കുട്ടികള്‍ ആ സ്‌കൂളിലുണ്ട്. ഇതൊക്കെ ഏതുതരം വിദ്യാഭ്യാസമാണ്? ഇതിനെ ചോദ്യം ചെയ്തത് ഞാന്‍ കാണിച്ച അപരാധമായി. ഇതിനെല്ലാം മുകളില്‍ മറ്റൊന്നുകൂടി എന്റെ അവിവേകങ്ങളുടെ ഗണത്തില്‍ ഉണ്ട്. ആ സ്‌കൂളിലെ ഒരു വമ്പനെ ഞാന്‍ എതിര്‍ത്തു.

പാഞ്ഞാള്‍ സ്‌കൂളിള്‍ ഉണ്ടായ വിഷയവുമായി ബന്ധപ്പെട്ട് ഷീജ ടീച്ചര്‍ പരാമര്‍ശിച്ചിക്കുന്ന പ്രധാന അധ്യാപിക, പ്രദീപ് (പി ടി എ അംഗം), യൂസഫ് (അദ്ധ്യാപകന്‍) എന്നിവരോടും അഴിമുഖം സംസാരിച്ചിരുന്നു. അവര്‍ക്ക് ഈ വിഷയത്തില്‍ പറയാനുള്ള കാര്യങ്ങള്‍ നാളെ.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍