UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ക്ഷമിക്കണം സര്‍, സദാചാരം തുരുമ്പെടുത്ത ഒരു കത്തിയല്ല, പിരിഞ്ഞ പാലാണ്

ആണും പെണ്ണും രണ്ട് വ്യക്തികളായിത്തന്നെ പരസ്പരം ആശയസംവേദനം നടത്താന്‍ കഴിവുള്ളവരാണെന്ന് ഒരിക്കലും മനസ്സിലാക്കപ്പെടാതെ പോകുന്നതാണ് ഇവരുടെ പ്രശ്‌നം.

Avatar

Ashok K N

അനു വാര്യര്‍

തുരുമ്പു പിടിച്ച കത്തിയെന്ന് സദാചാരത്തെ ആരെങ്കിലും വിളിക്കുന്നുവെങ്കില്‍ അത് തിരുത്തുക. മുറിവേല്‍പ്പിച്ച് പഴുത്തുപുഴുത്ത് ചീയാന്‍ ഇടയാക്കുമെങ്കിലും അതൊരു തുരുമ്പിച്ച കത്തിയാവില്ല. കാരണം ഒരു കത്തിക്ക് ഉന്നം വക്കാനാവുന്ന ഇരകള്‍ക്ക് പരിമിതിയുണ്ട്. ഒരു വലിയ സമൂഹത്തെയാകെ ഇരയാക്കാനൊന്നും അതിന് കഴിവില്ല. സദാചാരത്തിന്റെ കാര്യം അങ്ങനെയല്ല.

പൊതുസമൂഹം നിര്‍മിച്ചുനല്‍കുന്ന റെഡിമെയ്ഡ് മൂല്യങ്ങളോട് കലഹിച്ച് സ്വന്തം നിലപാട് സ്വീകരിക്കാന്‍ ധൈര്യം കാണിക്കുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്ന ഒരു സുഹൃത്ത് കഴിഞ്ഞദിവസം ഒരു ലൈംഗിക വ്യാപാരക്കേസിലെ പ്രതികളായി രാഹുല്‍ പശുപാലനും ഭാര്യ രശ്മിയും അറസ്റ്റിലായെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ ഫേസ്ബുക്കിലിട്ട പോസ്റ്റ് എന്നെ ശരിക്കും ഞെട്ടിച്ചുകളഞ്ഞു. കിസ് ഓഫ് ലൗവിനെ അനുകൂലിച്ചവരൊക്കെ തലയില്‍ മുണ്ടിട്ടോ എന്നതായിരുന്നു ചോദ്യം.

കിസ് ഓഫ് ലൗവോ മറ്റേതെങ്കിലും സമരമോ ഒന്നോ രണ്ടോ വ്യക്തികളുടെ സംഭാവനയായി ഉണ്ടായി വരില്ലെന്ന് വളരെ നന്നായി അറിയാവുന്ന ഒരാളിന്റെ മനസില്‍ നിന്നും വന്നതായിരുന്നു ആ ചോദ്യം എന്നതുകൊണ്ടാണ് അതെന്നെ ഞെട്ടിച്ചത്. ആ സമരത്തെ അനുകൂലിക്കാനോ എതിര്‍ക്കാനോ ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്. അത് വ്യക്തികളോടുള്ള എതിര്‍പ്പ് മൂലമോ ആ സമരം മുന്നോട്ടുവക്കുന്ന ആശയത്തോടുള്ള എതിര്‍പ്പ് മൂലമോ ആവാം. തികച്ചും വ്യക്തിപരമായ വീക്ഷണങ്ങളുടെ ഫലമാവാം അത്. പക്ഷേ ഒരു സമരത്തില്‍ പങ്കെടുത്ത ഒന്നോരണ്ടോ ആളുകള്‍ (വാദത്തിനുവേണ്ടി അതിന് നേതൃത്വം നല്‍കിയവരെന്നുതന്നെ സമ്മതിക്കാം) ആ സമരം മുന്നോട്ടുവച്ച ആശയത്തിന് നേര്‍വിപരീതമായ ഒരു കുറ്റം ചെയ്തുവെന്നാരോപിച്ച് അറസ്റ്റിലായാല്‍ അത് ആ വ്യക്തികളുടെ വിശ്വാസ്യതയെയല്ലേ തകര്‍ക്കേണ്ടത്? സമരത്തിന്റെയും അത് മുന്നോട്ടുവച്ച ആശയത്തിന്റെയും വിശ്വാസ്യതയെയല്ലല്ലോ! സമരം വ്യക്തമായും ആശയത്തെ മുന്‍നിര്‍ത്തിയുള്ളതായിരുന്നു. ആ ആശയത്തിന് പ്രസക്തിയുള്ളിടത്തോളം സമരത്തില്‍ പങ്കെടുത്ത എല്ലാവരും അതില്‍ നിന്ന് പിന്മാറിയാല്‍പോലും സമരം രേഖപ്പെടുത്തപ്പെടുന്ന ഇടം അങ്ങനെതന്നെ തുടരും. പിന്മാറ്റം വ്യക്തികളുടേത് മാത്രമാണ്, ആശയങ്ങളുടേതല്ല.

ഇപ്പോള്‍ വീണ്ടും സദാചാരഗുരുക്കന്മാര്‍ തിടമ്പുമേറ്റി രംഗത്തിറങ്ങിയിരിക്കുകയാണ്. കേരളസംസ്‌കാരത്തെ പാശ്ചാത്യവത്കരിക്കുന്നെന്നും Open Sexനു വേണ്ടി വാദിക്കുന്നു എന്നുമൊക്കെയാണ് നവസമരങ്ങള്‍ക്കായി പിന്തുണ പ്രഖ്യാപിച്ചവരെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ അവരുയര്‍ത്തുന്ന ആരോപണങ്ങള്‍. കേരളത്തിന്റെ സംസ്‌കാരത്തില്‍ അവര്‍ ഇപ്പറയുന്ന സദാചാരങ്ങളൊക്കെ കടന്നുവരുന്നത് വിക്ടോറിയന്‍ സദാചാരമൂല്യങ്ങളുടെ വാഴ്ത്തുകളായാണെന്നും ലൈംഗിക സ്വാതന്ത്ര്യം ഒരു ന്യൂനപക്ഷത്തിനെങ്കിലും നന്നായി ഉണ്ടായിരുന്ന നാടാണ് കേരളമെന്ന ചരിത്രസത്യം എത്ര ഉപ്പുകൂട്ടിയായാലും അവര്‍ വിഴുങ്ങില്ല. ആ സ്വാതന്ത്ര്യം അനുവദിക്കപ്പെടാതിരുന്നവരുടെ കഥയാകട്ടെ കൂടുതലും വര്‍ണവര്‍ഗപരമായ വേര്‍തിരിവുകളുടേതാണെന്നുകൂടി ഈ സദാചാരപ്രസംഗികള്‍ ഓര്‍ക്കേണ്ടതുണ്ട്.

ഇവര്‍ വാദിക്കുന്ന സദാചാരം എന്താണ്. രഹസ്യമായി പെഡോഫീലുകളുടെ ആശയപ്രചാരണത്തിനും പെണ്ണെന്നാല്‍ കിടക്കയില്‍ മാത്രം ഉപയോഗിക്കേണ്ട സാധനം എന്ന പുരുഷ മേധാവിത്വ/ഫാസിസ്റ്റ് തത്വത്തിനും പിന്തുണ പ്രഖ്യാപിക്കുകയും ഏതൊരു സോഷ്യല്‍ മീഡിയയിലും പെണ്ണിനെ ലൈംഗിക വസ്തുവായി മാത്രം കണ്ട് ലൈംഗികച്ചുവ തുളുമ്പുന്ന കമന്റുകളും പോസ്റ്റുകളും വലിച്ചുവാരിയിടുകയും ചെയ്ത ശേഷം അതിന് തൊട്ടടുത്ത പോസ്റ്റില്‍ ലൈംഗികത അതിപാപമാണെന്ന് ലിബറല്‍ മനുഷ്യരെ ഉദ്‌ബോധിപ്പിക്കുക. രഹസ്യമായി ഏതൊരു പെണ്ണിനെയും ഒളിഞ്ഞുനോട്ടത്തിലൂടെ പ്രാപിക്കുകയും പെണ്ണില്‍ ശരീരം മാത്രമാണുള്ളതെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യുക. നിങ്ങള്‍ക്കുമില്ലേ അമ്മയും പെങ്ങന്മാരുമെന്ന ക്ലാസിക്ക് ചോദ്യം അവനവനോട് ചോദിക്കാതിരിക്കുകയും അതേസമയം തന്നെ നിങ്ങളുടെ അമ്മയോ പെങ്ങളോ ഭാര്യയോ ആയിരുന്നെങ്കിലോ എന്ന് മറുചോദ്യം ഉയര്‍ത്തുകയും ചെയ്യുക. ആണും പെണ്ണും ഒന്നിച്ചിരിക്കുക എന്നാല്‍ മുട്ടിയുരുമ്മലാണെന്നും ലൈംഗികാകര്‍ഷണമല്ലാതെ ഈ രണ്ട് വര്‍ഗങ്ങള്‍ക്കുമിടയില്‍ മറ്റൊന്നുമുണ്ടാവില്ലെന്നും സ്വയം വിശ്വസിപ്പിക്കുന്നത് പോരാഞ്ഞ് തന്നത്താന്‍ നാണംകെടുത്താന്‍ അത് ഉറക്കെ പറഞ്ഞുകൊണ്ടേയിരിക്കുക. ആണും പെണ്ണും രണ്ട് വ്യക്തികളായിത്തന്നെ പരസ്പരം ആശയസംവേദനം നടത്താന്‍ കഴിവുള്ളവരാണെന്ന് ഒരിക്കലും മനസ്സിലാക്കപ്പെടാതെ പോകുന്നതാണ് ഇവരുടെ പ്രശ്‌നം. അതിന് കാരണമാകുന്നത് പെണ്ണെന്നാല്‍ ഭോഗിക്കപ്പെടേണ്ടവള്‍ മാത്രമാണെന്ന് ലഭിച്ചുപോയ സദാചാര വിദ്യാഭ്യാസവും മാധ്യമ പ്രസംഗങ്ങളും കൂടിയാണ്.

ഈ സദാചാരത്തിനെതിരെ യുദ്ധം ചെയ്യേണ്ടത് അനിവാര്യമാകുന്നതിന് ഒരു വലിയ കാരണം ഇത് പിരിഞ്ഞുപോയ പാലാണ് എന്നതാണ്. സ്വയം പാഴായി എന്നതുമാത്രമല്ല പിരിഞ്ഞ പാലിന്റെ ദോഷം. അത് ചെന്നുചേരുന്നിടങ്ങളെയെല്ലാം മലീമസമാക്കും എന്നതുകൂടിയാണ്. ഈ സദാചാരപ്പാലാണ് നമ്മുടെ വരുംതലമുറയിലേക്ക് പകര്‍ക്കപ്പെടുന്നതെങ്കില്‍ അവര്‍ ഇതിലും അപകടകരമായാണ് കേടാവുകയോ പാഴാവുകയോ ചെയ്യുക.

ഒരു ക്ലാസ് മുറിയിലൊക്കെ ഇരിക്കാം, പക്ഷേ വെവ്വേറെ കസേരകളോ മേശകളോ വേണം എന്ന് വാദിക്കുന്ന പിരിഞ്ഞ പാലുകള്‍ അടുത്ത തലമുറയിലേക്ക് പകര്‍ത്തപ്പെടുമ്പോഴേക്കും ആണും പെണ്ണും പരസ്പരം കാണുകപോലും ചെയ്യരുത് എന്നതിലേക്ക് വളരുമെന്നുറപ്പാണ്. ലൈംഗികത മാത്രമാണ് ആണിനും പെണ്ണിനുമിടക്ക് ഉണ്ടാകാനിടയുള്ള ഒരെയൊരു സംഗതി എന്ന ധാരണയെ വളര്‍ത്തിവിടുന്നവര്‍ അടുത്ത തലമുറയെക്കൂടി ചിന്തിക്കാന്‍ അനുവദിക്കാതിരിക്കുകയാണ് ചെയ്യുന്നത്.

കുടിച്ചുതീര്‍ക്കാനാവില്ല, ഈ പിരിഞ്ഞ പാലിനെ… എടുത്ത് കുപ്പയിലെറിയുകയേ നിവൃത്തിയുള്ളൂ. അതിന് ഇനിയും വൈകിയാല്‍ നമ്മുടെ കുട്ടികളെ പെഡോഫൈലുകള്‍ക്ക് എറിഞ്ഞുകൊടുക്കുകയല്ല, പെഡോഫൈലുകളാക്കിത്തീര്‍ക്കുകയാവും നാം ചെയ്യുക.

(ലേഖകന്‍ ദുബായ് ഖലീജ് ടൈംസ് ദിനപത്രത്തിലെ ഓണ്‍ലൈന്‍ കോപ്പി എഡിറ്ററായി ജോലി ചെയ്യുന്നു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍