UPDATES

ഇത്രയ്ക്ക് ചീപ്പാണോ ഈ സമൂഹം? സദാചാര കേരളം പിന്നോട്ട് നടക്കുമ്പോൾ…

തങ്ങള്‍ക്കില്ലാത്ത പ്രണയവും ലൈംഗികതയും മറ്റുള്ളവര്‍ക്കെന്തിന് എന്നാണ് സദാചാര മലയാളിയുടെ പൊതുമനോഭാവം.

തിരുവനന്തപുരം മ്യൂസിയം പൊലീസ് ഒരു യുവാവിനേയും യുവതിയേയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ കൊണ്ടുപോയി. പിന്നീട് രണ്ട് പേരോടും പൊയ്‌ക്കോളാന്‍ പറഞ്ഞു. എന്തെങ്കിലും നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനല്ല. മ്യൂസിയം വളപ്പിലെ ഒരു ബഞ്ചില്‍ അടുത്തിരുന്ന് തോളില്‍ കയ്യിട്ട് സംസാരിച്ചതിനാണ്. ഒരു കാര്യവുമില്ലാതെ രണ്ട് പേരെ കുറ്റവാളികളെ പോലെ പൊലീസ് സ്‌റ്റേഷനിലേയ്ക്ക് കൊണ്ടു പോയി അവരുടെ രക്ഷിതാക്കളെ വിളിച്ച് വരുത്തിയ ശേഷം പൊയ്‌ക്കോളാന്‍ പറഞ്ഞിരിക്കുന്നു. ഇത് എന്തിനായിരുന്നു എന്ന് ആലോചിച്ച് സാമാന്യബോധമുള്ളവര്‍ പകച്ച് പോവും. പൊലീസുകാരല്ലാത്ത സദാചാര പൊലീസുകാരുടെ ഉപദ്രവത്തില്‍ നിന്ന് ആളുകളെ രക്ഷിക്കേണ്ട പൊലീസുകാരും ആ പണി തുടങ്ങിയിരിക്കുന്നു. സദാചാര പൊലീസുകാരുടെ ശല്യം അസഹ്യമായിരിക്കുന്നതിന് ഇടയിലാണ് ഒറിജിനല്‍ പൊലീസുകാരുടെ ഈ സദാചാര സംരക്ഷണം. നേരത്തെ തന്നെ സദാചാര പൊലീസുകാരോടുള്ള അനുഭാവം കേരള പൊലീസ് പലപ്പോഴും തെളിയിച്ചിട്ടുള്ളതാണ്. യുവാവിനേയും യുവതിയേയും സ്‌റ്റേഷനിലേയ്ക്ക് വിളിപ്പിച്ച വനിതാ പൊലീസുകാരികളുടെ അവസ്ഥ വീഡിയോയില്‍ കാണുമ്പോള്‍ ചിരി വരുമെങ്കിലും ഇത്തരം മാനസികാവസ്ഥ ചിരിച്ച് തള്ളാവുന്ന ഒന്നല്ല.

കണ്‍ട്രോള്‍ റൂമില്‍ പരാതി കിട്ടിയതിനെ തുടര്‍ന്നാണത്രേ മ്യൂസിയം പൊലീസ് ഈ ചെറുപ്പക്കാരെ കസ്റ്റഡിയിലെടുത്തത്. ഉമ്മ വച്ചു എന്നാണ് പൊലീസിന്റെ ആരോപണം. ആദ്യം കെട്ടിപ്പിടിച്ചിരുന്നു എന്നാണ് പൊലീസുകാര്‍ പറയുന്നത്. ഉമ്മ വച്ചു എന്ന ആരോപണത്തിലേയ്ക്ക് എത്തുന്നത് തന്നെ രസകരമാണ്. എന്തിനാണ് ഞങ്ങളെ സ്‌റ്റേഷനിലേയ്ക്ക് കൊണ്ടുപോകുന്നത് എന്ന യുവാവിന്റേയും യുവതിയുടേയും ചോദ്യത്തിന് മുന്നില്‍ വനിതാ പൊലീസുകാര്‍ നിന്ന് വിയര്‍ക്കുകയാണ്. ഞങ്ങള്‍ ഉമ്മ വച്ചോ എന്ന് രണ്ട് മൂന്ന് തവണ ആവര്‍ത്തിച്ച് ചെറുപ്പക്കാരന്‍ ചോദിക്കുന്നുണ്ട്. അപ്പോഴാണ് പൊലീസുകാരിക്ക് അവരെ കസ്റ്റഡിയിലെടുക്കാനുള്ള കാരണം കിട്ടുന്നത്. ആ… അതെ… ഉമ്മ വച്ചത് കൊണ്ടാണല്ലോ എന്ന് അവര്‍ പറയുന്നു. നിങ്ങള്‍ക്ക് രക്ഷിതാക്കളില്ലേ അച്ഛനില്ലേ അവരെ വിവരമറിയിക്കും എന്നൊക്കെയാണ് പറയുന്നത്. എനിക്ക് 23 വയസായി എന്ന് പെണ്‍കുട്ടി പറയുന്നു. അവസാനം സ്റ്റേഷനില്‍ കൊണ്ടുപോയി രക്ഷിതാക്കളെ വിളിച്ച് വരുത്തുകയും അവര്‍ക്ക് പ്രായപൂര്‍ത്തിയായിട്ടുണ്ടെന്ന് സാക്ഷ്യപ്പെടുത്തി ഇതില്‍ ഇടപെടാതെ പോവുകയും ചെയ്യുന്നു. അങ്ങനെ പൊലീസുകാര്‍ ഇളിഭ്യരാവുന്നു. കേരള പൊലീസിന്റെ ഈ ദയനീയാവസ്ഥ കണ്ടാല്‍ ആര്‍ക്കും സഹതാപം തോന്നും. ആര്‍ട്ടിസ്റ്റ് ബേബിയോട് ക്രിസ്പിന്‍ ചോദിച്ചത് പോലൊരു ചോദ്യമാണ് ചോദിക്കാനുള്ളത്: ഇത്രയ്ക്ക് ചീപ്പാണോ ഈ കേരള പൊലീസ്?.

എറണാകുളം മറൈന്‍ ഡ്രൈവില്‍ ബഞ്ചില്‍ അടുത്തിരുന്ന കമിതാക്കള്‍ക്ക് വനിതാ പൊലീസുകാരി പ്രണയവിരുദ്ധ ഉപദേശം നല്‍കുന്ന ചിത്രം ആവേശത്തോടെ പ്രസിദ്ധീകരിച്ച ജനയുഗം പത്രത്തിനേയും കേരള പൊലീസിനേയും സോഷ്യല്‍ മീഡിയ ട്രോളി കൊന്നതിന് പിന്നാലെയാണ് തിരുവനന്തപുരത്തെ സംഭവം. ലോകചരിത്രത്തിലാദ്യമായി പ്രേമിക്കുന്നതിന്റെ അപകടം സ്‌കൂളില്‍ കുട്ടികളെ പഠിപ്പിച്ച് ചരിത്രം സൃഷ്ടിക്കാന്‍ കേരള സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടയിലാണ് മ്യൂസിയം പൊലീസിന്റെ ഈ കലാപരിപാടി. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറാണ് ഈ മഹത്തായ നിര്‍ദ്ദേശം നല്‍കിയത്. ഇങ്ങനെ സര്‍ക്കാരും പൊലീസും സംഘടനകളും ചേര്‍ന്ന് കേരളത്തിന്റെ സദാചാരം ആരും കൊത്തിക്കൊണ്ട് പോകാതെ കാത്ത് സംരക്ഷിച്ചു കൊണ്ടിരിക്കുകയാണ്.

സദാചാര പൊലീസിംഗിനെതിരെ ചുംബന സമരം നടന്ന നാടാണിത്. പൊതുസ്ഥലത്ത് ഉമ്മ വയ്ക്കാനുള്ള ആഗ്രഹം കൊണ്ട് ആരെങ്കിലും നടത്തിയ സമരമായിരുന്നില്ല അത്. കേരളത്തിന്റെ രോഗാതുരമായ സദാചാര പൊലീസിംഗ് മാനസികാവസ്ഥയോടുള്ള പ്രതീകാത്മക പ്രതിഷേധമായിരുന്നു അത്. നിര്‍ഭാഗ്യവശാല്‍ അതേ ചര്‍ച്ചകളാണ് നമുക്ക് ഇപ്പോഴും തുടരേണ്ടി വരുന്നത്. ചുംബന സമരം നടക്കുമ്പോഴും അതില്‍ സ്ത്രീകള്‍ അടക്കമുള്ളവരെ കായികമായി ആക്രമിക്കാന്‍ ശ്രമിച്ച സദാചാര, വര്‍ഗീയ കോമാളികള്‍ക്കും അക്രമികള്‍ക്കും അനുകൂലമായിരുന്നു പൊലീസിന്റെ സമീപനം. ലൈംഗിക ചൂഷണത്തിനോ പീഡനത്തിനോ ഇരയായി എന്ന് ഒരു പെണ്‍കുട്ടി പരാതി നല്‍കിയാല്‍ അവളെ പരമാവധി ആ പരാതിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുക എന്നതാണ് കേരളത്തിലെ മിക്ക പൊലീസ് സ്റ്റേഷനുകളിലേയും രീതി. അങ്ങനെയുള്ളവര്‍ക്കാണ് പെണ്‍കുട്ടികളുടെ സുരക്ഷയുടെ ലേബലൊട്ടിച്ച് ഈ സദാചാര കുരു പൊട്ടുന്നത് എന്നതാണ് ശ്രദ്ധേയം. പൊതുസ്ഥലത്ത് ആരെങ്കിലും ഒന്ന് ഉമ്മ വച്ചാല്‍ അവരെ പിടിച്ച് ജയിലിലിടാനുള്ള വകുപ്പ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലില്ല. ഉമ്മ അല്ലെങ്കില്‍ ചുംബനം ഒരു അശ്ലീലമായ കാര്യവുമല്ല. എന്നാല്‍ കേരളം പുറകോട്ട് ആഞ്ഞ് നടക്കുകയാണ്. ഈ നടത്തം തുടങ്ങിയിട്ട് കുറച്ച് കാലമായി.

ബലാത്സംഗം ചെയ്യുന്നവരെ കഴുവേറ്റണം, വെടി വച്ച് കൊല്ലണം, സൗദി മോഡല്‍ ശിക്ഷ നടപ്പാക്കണം എന്നൊക്കെ ആക്രോശിക്കുന്ന വര്‍ഗമാണ് സ്വതന്ത്രമായ ഇടപെടലുകളേയും മനുഷ്യന്റെ സ്‌നേഹപ്രകടനങ്ങളേയും സ്വാഭാവിക സൗഹൃദങ്ങളേയുമൊക്കെ ഭയപ്പെടുന്നത്. പൊതുസ്ഥലത്ത് പോലും വ്യക്തികള്‍ക്കുള്ള സ്വകാര്യതയെ ബഹുമാനിക്കാന്‍ എന്നാണ് മലയാളി പഠിക്കുക? തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐ നടത്തിയ സദാചാര പൊലീസിംഗ് വ്യാപക പ്രതിഷേധം ഉയര്‍ത്തിയ സംഭവമാണ്. “രണ്ട് പേര്‍ ചുംബിക്കുമ്പോള്‍ ലോകം മാറുന്നു” എന്ന ഒക്ടേവിയോ പാസിന്റെ കവിത വായിക്കാത്തവരല്ല എസ്എഫ്‌ഐക്കാര്‍. “വസന്തം ചെറി മരങ്ങളുമായി ചെയ്യുന്നത് എനിക്ക് നീയുമായി” എന്ന പാബ്ലോ നെരൂദയുടെ വരികള്‍ കോളെജിന്റെ മതിലുകളില്‍ ചുവന്ന അക്ഷരങ്ങളില്‍ എഴുതി വയ്ക്കുന്നവരുമാണ് അവര്‍. ആരെങ്കിലും ആരെയെങ്കിലും ചുംബിച്ചതിന് പോലുമല്ല യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികളെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. എന്നാല്‍ ആ തെറ്റ് സമ്മതിച്ച് അത് തിരുത്താനും ഉത്തരവാദികള്‍ക്കെതിരെ നടപടി എടുക്കാനുമല്ല എസ്എഫ്ഐ ശ്രമിച്ചത്. പകരം അക്രമം നടത്തിയവരെ ന്യായീകരിക്കാനാണ്. ചാനല്‍ ചര്‍ച്ചയില്‍ ആക്രമണത്തിന് ഇരയായ പെണ്‍കുട്ടികള്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് മുന്നില്‍ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസ്‌ വെള്ളം കുടിക്കുന്നതും പരസ്പരബന്ധമില്ലാതെ എന്തൊക്കെയോ പറയുന്നതും കണ്ടു. സംഘപരിവാറിന്‍റെ അധിനിവേശ കാലത്ത് പൊലീസും നിയമ വ്യവസ്ഥിതിയും പ്രതിരോധം ഉയര്‍ത്തേണ്ട പുരോഗമന സംഘടനകളും എല്ലാം സംഘപരിവാര്‍ നിലവാരത്തില്‍ പെരുമാറിയാല്‍ എങ്ങനെയുണ്ടാകും? നിര്‍ഭാഗ്യവശാല്‍ പലപ്പോഴും അങ്ങനെയാണ് കേരളത്തില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നത്. സദാചാര പൊലീസുകാര്‍ യുവാവിനെ മര്‍ദ്ദിച്ച് കൊന്ന നിരവധി സംഭവങ്ങൾ കേരളത്തിലുണ്ടായിട്ടുണ്ട്.

എന്താണ് ഈ സമൂഹത്തിന്റെ അസുഖം? ആരോഗ്യകരമായ സ്ത്രീ പുരുഷ ബന്ധങ്ങള്‍ വളര്‍ന്ന് വരുന്നതില്‍ ആര്‍ക്കാണ് ഇത്ര അസ്വസ്ഥത? കേരളത്തിന് എന്താണ് സംഭവിക്കുന്നത് എന്നത് ഗൗരവതരമായി ആലോചിക്കേണ്ടതുണ്ട്. സ്‌കൂളുകളില്‍ പ്രേമത്തിന്റെ അപകടത്തെ കുറിച്ച് കുട്ടികള്‍ക്ക് ക്ലാസെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിച്ചതില്‍ അത്ഭുതപ്പെടേണ്ടതില്ല. ‘അവിശുദ്ധ’മായ പ്രേമത്തിന്റെ അപകടങ്ങളെ കുറിച്ചുള്ള ക്ലാസുകള്‍ തന്നെയാണ് വിശുദ്ധ കുടുംബങ്ങളില്‍ നിന്ന് വരുന്ന അദ്ധ്യാപകര്‍ കേരളത്തിലെ സ്‌കൂളുകളില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. രണ്ടാം ക്ലാസ് മുതല്‍ ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും വേര്‍തിരിച്ച് ഇരുത്തുന്ന സംസ്കാരമാണ് നമുക്കുള്ളത്. ഇവിടെ തന്നെ തെറ്റുകള്‍ തുടങ്ങുന്നു. നഴ്‌സറി ക്ലാസുകളിലോ ഒന്നാം ക്ലാസിലോ സദാചാര പൊലീസിംഗ് ആവശ്യമില്ല എന്ന് അവര്‍ക്ക് തോന്നിയത് തന്നെ ഭാഗ്യം. പ്ലസ്ടു ക്ലാസുകളില്‍ ഒരു ആണ്‍കുട്ടിയോടൊപ്പം കൂടുതല്‍ നേരം സംസാരിക്കുകയോ ഒരുമിച്ച് നടക്കുകയോ ചെയ്തതിന്റെ പേരില്‍ പെണ്‍കുട്ടികളെ വിളിച്ച് വരുത്തി ഭീഷണിപ്പെടുത്തുന്ന അദ്ധ്യാപകരെ നമുക്ക് ചുറ്റും കാണാം. എച്ച്‌ഐവി ബോധവത്കരണ ക്ലാസില്‍ സുരക്ഷിതമായ ലൈംഗികബന്ധത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ എഴുന്നേറ്റ് പോകുന്ന വനിതാ അദ്ധ്യാപകരില്‍ നിന്ന് തുടങ്ങുന്നു ഈ സദാചാര പൊലീസിംഗിന്റെ ദുരന്തം. സ്‌കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം അനിവാര്യമാണ് എന്ന് പറയുമ്പോള്‍ അതില്ലാത്തത് കൊണ്ട് ഇപ്പൊ ഇവിടെ എന്താണ് പ്രശ്‌നം എന്ന് ചോദിക്കുന്ന അദ്ധ്യാപകരും നമുക്ക് ചുറ്റുമുണ്ട്.

ഇന്ത്യയില്‍ സദാചാര പൊലീസിംഗ് ഏറ്റവും ശക്തമായ നഗരങ്ങള്‍ ഉള്ളത് കേരളത്തിലായിരിക്കും. കേരളത്തേക്കാളും മറ്റ് പല കാര്യങ്ങളിലും ഏറെ പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ നഗര പ്രദേശങ്ങളിലെങ്കിലും സ്വതന്ത്രമായ സ്ത്രീപുരുഷ ബന്ധങ്ങള്‍ സജീവമാണ്. വൈകുന്നേരവും രാത്രിയിലും പോലും കൊല്‍ക്കത്ത പോലെയുള്ള ഇന്ത്യയിലെ മറ്റ് നഗരങ്ങളില്‍ കാണുന്നത് പോലെ ഒരു ആണിനും പെണ്ണിനും ഒരുമിച്ചിരുന്ന് സംസാരിക്കാന്‍ തിരുവനന്തപുരത്തോ കൊച്ചിയിലോ ഏറെ ബുദ്ധിമുട്ടായിരിക്കും. നിങ്ങളെ ചോദ്യം ചെയ്യാന്‍ നൂറ് പേരുണ്ടാവും. അത് ചിലപ്പോള്‍ പൊലീസുകാരാകാം. പലപ്പോഴും സദാചാര പൊലീസുകാരും. നിങ്ങള്‍ക്ക് ഒരു പ്രശ്‌നം വരുമ്പോള്‍ ചിലപ്പോള്‍ ആരും സഹായിക്കാനില്ലാത്ത അവസ്ഥയുണ്ടായേക്കാം. എന്നാല്‍ സദാചാരം സംരക്ഷിക്കാന്‍ ജാഗരൂകരായി എല്ലായ്‌പ്പോഴും കേരളത്തിലെ നഗരങ്ങളില്‍ സദാചാര പൊലീസുകാരോ ഒറിജിനല്‍ പൊലീസുകാരോ ഉണ്ടാവും. തങ്ങള്‍ക്കില്ലാത്ത പ്രണയവും ലൈംഗികതയും മറ്റുള്ളവര്‍ക്കെന്തിന് എന്നാണ് സദാചാര മലയാളിയുടെ പൊതുമനോഭാവം.

മ്യൂസിയം പൊലീസിന്‍റെ സദാചാര സംരക്ഷണം ഇങ്ങനെ -വീഡിയോ:

സുജയ് രാധാകൃഷ്ണന്‍

സുജയ് രാധാകൃഷ്ണന്‍

സബ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍