സാജന്റെ ആത്മഹത്യയ്ക്ക് ശേഷം കാര്യങ്ങളില്‍ ചെറിയ മാറ്റമുണ്ടാകുന്നുവെന്ന് വ്യവസായി
‘ഒരു മാസം കൂടി കഴിഞ്ഞാല്‍ ഞാന്‍ ലൈസന്‍സിന്റെ കടലാസുകള്‍ നല്‍കിയിട്ട് ഒരു വര്‍ഷം തികയും. ഇക്കാലയളവില്‍ അമ്പതു തവണയെങ്കിലും ചുരുങ്ങിയത് നഗരസഭയുടെ ഓഫീസില്‍ കയറിയിറങ്ങിയിട്ടുണ്ട്. അമ്പതു തവണ എന്നു പറയുന്നത് മിനിമം ആണ്. അതിലുമധികമായിരിക്കും. സാജന്‍ പാറയിലിന് അനുഭവിക്കേണ്ടിവന്നതിനേക്കാള്‍ ബുദ്ധിമുട്ടുകള്‍ ഞാനൊറ്റയ്ക്ക് അനുഭവിച്ചിട്ടുണ്ടെന്ന് ഒരര്‍ത്ഥത്തില്‍ പറയാം. എന്റെ ലൈസന്‍സ് വരെ റദ്ദാക്കാന്‍ അവര്‍ക്കു പറ്റുമായിരുന്നു. അങ്ങനെ വന്നാല്‍ ഞാനും ആത്മഹത്യ ചെയ്യേണ്ടിവന്നേനെ.’ തളിപ്പറമ്പ് അഞ്ചാം പീടികയില്‍ മലബാര്‍ ഹോളോബ്രിക്സ് എന്ന സ്ഥാപനം നടത്തുന്ന കെ.പി. രമേശന്‍ സംസാരിച്ചു തുടങ്ങിയതിങ്ങനെയാണ്. സാജന്റെ മരണത്തിലുള്ള വേദന പങ്കുവച്ചും, സാജനുമായുണ്ടായിരുന്ന പരിചയം ഓര്‍ത്തെടുത്തും, സാജന്റെ വിധി തന്നെ തനിക്കുമുണ്ടാകുമായിരുന്നുവെന്നതിന്റെ ഞെട്ടല്‍ അറിയിച്ചും രമേശന്‍ സംസാരിച്ചതത്രയും ആന്തൂര്‍ എന്ന നഗരസഭയുടെ പരിധിയില്‍ നടക്കുന്ന ക്രമക്കേടുകളെക്കുറിച്ചാണ്. ഒന്നോ രണ്ടോ വ്യവസായികളല്ല ആന്തൂരില്‍ സ്ഥാപനം തുടങ്ങാനും മുന്നോട്ടു കൊണ്ടുപോകാനും ശ്രമിച്ച് ബുദ്ധിമുട്ടിയിട്ടുള്ളത്. സാജന്‍ പാറയിലിന്റെ ആത്മഹത്യയ്ക്കു ശേഷം ആന്തൂരില്‍ മാത്രം നഗരസഭയ്ക്കെതിരെ ഉയര്‍ന്നിട്ടുള്ള പരാതികളുടെ എണ്ണം പരിശോധിച്ചാല്‍ അതു തിരിച്ചറിയാനുമാകും.
കോടികള്‍ വ്യവസായ സംരംഭങ്ങളില്‍ നിക്ഷേപിക്കുന്ന വന്‍കിട ബിസിനസ്സുകാര്‍ മുതല്‍ വീടിനു നമ്പറിടാന്‍ നഗരസഭയില്‍ പോയിട്ടുള്ള സാധാരണക്കാര്‍ വരെ ആന്തൂര്‍ നഗരസഭയുടെ മെല്ലെപ്പോക്ക് നയത്തിന്റെ കയ്പ്പറിഞ്ഞിട്ടുള്ളവരാണ്. ആന്തൂരില്‍ കാര്യങ്ങള്‍ നടക്കുന്നത് വ്യക്തമായ ആസൂത്രണമില്ലാതെയാണ് എന്നതു മുതല്‍. ചെയര്‍മാന്‍ പൊതുവേ കര്‍ക്കശക്കാരിയാണ് എന്നതുവരെ എത്തിനില്‍ക്കുന്നു ഇവര്‍ക്ക് മുന്നോട്ടുവയ്ക്കാനുള്ള പരാതികള്‍. പലപ്പോഴും വ്യവസായികള്‍ക്ക് വിനയാകുന്നത് കാര്യങ്ങള്‍ അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകുന്ന ഉദ്യോഗസ്ഥവൃന്ദവും രേഖകള്‍ എങ്ങിനെ പരിശോധിക്കണമെന്നു പോലും വ്യക്തതയില്ലാത്ത അധികൃതരുമാണ് എന്നതാണ് വാസ്തവം. കാരണമെന്തായാലും, വ്യവസായികളോടുള്ള ആന്തൂര്‍ നഗരസഭയുടെ നിലപാടില്‍ കാര്യമായ തിരുത്തലുകള്‍ ഇനിയെങ്കിലും വേണമെന്ന ആവശ്യം പൊതുവേ ശക്തമാണ്. ഇന്നല്ലെങ്കില്‍ നാളെ കടലാസ്സുകള്‍ ശരിയാകും എന്നു വിശ്വസിച്ച് കാത്തിരുന്നിരുന്നവര്‍ പോലും സാജന്‍ പാറയിലിന്റെ മരണത്തോടെ നീതിയാവശ്യപ്പെട്ട് മുന്നോട്ടു വന്നിട്ടുണ്ട്. അക്കൂട്ടത്തിലൊരാളാണ് രമേശും.
2018 ആഗസ്ത് മുതലാണ് രമേശന്റെ പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. നിലവില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ഇന്റര്‍ലോക്ക് സ്ഥാപനത്തിനൊപ്പം, ആന്തൂര്‍ മുനിസിപ്പാലിറ്റിയുടെ പരിധിയില്‍ത്തന്നെയാണ് രമേശന്‍ രണ്ടാമതൊരു സ്ഥാപനവും വിലയ്ക്കു വാങ്ങാന്‍ തീരുമാനിച്ചത്. കുറേക്കാലമായി പ്രവര്‍ത്തിക്കുന്ന, നൂറോളം തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ സ്ഥാപനത്തിനൊപ്പം രണ്ടാമത്തേതും വിജയകരമായി മുന്നോട്ടു നീക്കാനാകുമെന്ന് രമേശന് ഉറപ്പുമുണ്ടായിരുന്നു. ഇന്റര്‍ലോക്ക് മാന്യൂഫാക്ചറിംഗ് ലൈസന്‍സ് ആദ്യമേ ഉണ്ടായിരുന്ന സ്ഥാപനമാണ് രമേശന്‍ വാങ്ങിയത്. ലൈസന്‍സുള്ള സ്ഥാപനം വാങ്ങിയാല്‍ ആ ലൈസന്‍സ് തന്റെ പേരിലേക്ക് മാറ്റാന്‍ സാധിക്കുമോയെന്ന് നേരത്തേ സെക്രട്ടറിയേയും ചെയര്‍മാനേയും കണ്ട് അന്വേഷിച്ചിരുന്നതായും രമേശ് പറയുന്നുണ്ട്. ‘യാതൊരു കാരണവശാലും ടെന്‍ഷന്‍ വേണ്ട, ധൈര്യമായി വാങ്ങിച്ചോളൂ’ എന്ന വാക്കു കേട്ട് വില്‍പ്പനക്കരാറുമായി മുന്നോട്ടുപോയ രമേശന് പക്ഷേ, പിന്നീടുണ്ടായത് അത്ര സുഖകരമായ അനുഭവങ്ങളല്ല. ഇന്റര്‍ലോക്ക് ടൈല്‍സ് ആന്‍ഡ് മാന്യൂഫാക്ചറേഴ്സ് അസോസിയേഷന്റെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റു കൂടിയായ രമേശന്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നത് ഇങ്ങനെയാണ്:
‘സ്ഥാപനം വാങ്ങിയ ശേഷം ലൈസന്‍സ് മാറ്റാന്‍ ചെന്നപ്പോഴാണ്, മാറ്റിത്തരാന്‍ സാധിക്കില്ലെന്ന് പറയുന്നത്. ഒരു പുതിയ സ്ഥാപനം തുടങ്ങുമ്പോള്‍ സ്വീകരിക്കേണ്ട നടപടികള്‍ എന്താണോ, അതേ ക്രമങ്ങള്‍ പിന്തുടരണമെന്നും സെക്രട്ടറി നിലപാടെടുത്തു. ലൈസന്‍സ് ശരിയാക്കാനായി അവര്‍ പറഞ്ഞ എല്ലാ മാറ്റങ്ങളും ഞാന്‍ നടപ്പില്‍ വരുത്തി. ഓരോന്നായി സര്‍ട്ടിഫിക്കറ്റുകള്‍ ശരിയാക്കാന്‍ പറഞ്ഞയച്ചപ്പോള്‍ ഏറ്റവും പെട്ടെന്നു തന്നെ അവയെല്ലാം എത്തിച്ചു. ഇപ്പോള്‍ പതിനൊന്നു മാസമായി. എന്നിട്ടും ലൈസന്‍സിന് ഒരനക്കവുമില്ല. ഫയലുകള്‍ ഓരോ ടേബിളിലും ആവശ്യമില്ലാതെ തട്ടിക്കളിക്കുകയാണ്. ഉത്തരവാദിത്ത ബോധമില്ലാതെയാണ് ഉദ്യോസ്ഥര്‍ ജോലിചെയ്യുന്നത്. ഉദ്യോഗസ്ഥരുടെ ധാര്‍ഷ്ട്യം സഹിക്കാന്‍ പറ്റില്ല. ആന്തൂരില്‍ നടക്കുന്ന പ്രശ്നങ്ങള്‍ക്കെല്ലാം കാരണം ശ്യാമള ടീച്ചറാണെന്ന് പക്ഷേ ഞാന്‍ പറയില്ല. അവര്‍ പറയുന്നത് ഉദ്യോഗസ്ഥര്‍ കേള്‍ക്കണ്ടേ. ഇത്രയും കാലത്തിനിടെ ചുരുങ്ങിയത് അമ്പതു തവണയെങ്കിലും കയറിയിറങ്ങിക്കാണും ഓഫീസില്‍. ഒരുതരത്തില്‍ പറഞ്ഞാല്‍ സാജന് ഉണ്ടയതിനേക്കാള്‍ വലിയ ദുരനുഭവമാണ് എനിക്കുണ്ടായത്. റവന്യൂ സ്റ്റാമ്പ് അടിക്കാന്‍ വേണ്ടി മാത്രം എത്രയോ കാലം ഫയല്‍ നിരക്കി നീക്കി കളിച്ചു. ഇന്നു വാ, നാളെ വാ എന്നിങ്ങനെ പറഞ്ഞു കൊണ്ടിരിക്കും. കാര്യം മാത്രം നടക്കില്ല. എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത് എന്നും മനസ്സിലാകില്ല. നമ്മള്‍ സഹികെട്ട് എന്തെങ്കിലും ചോദിച്ചാല്‍, അതു വേറെ പ്രശ്നമായി. ‘എന്നാല്‍പ്പിന്നെ ലൈസന്‍സ് വാങ്ങിക്കുന്നത് കാണട്ടെ’ എന്നാണ് പിന്നത്തെ നിലപാട്. അപ്പോള്‍ നമുക്കും സ്വാഭാവികമായി പേടി വരും.’
ഇന്റര്‍ലോക്ക് രംഗത്തെ സംരംഭകരുടെ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നയാളെന്ന നിലയില്‍, മറ്റു പഞ്ചായത്തുകളില്‍ ഇത്തരം കേസുകള്‍ എത്ര പെട്ടന്നാണ് നടന്നുപോകുന്നതെന്നും രമേശനറിയാം. അതുകൊണ്ടു തന്നെ ആന്തൂരില്‍ തനിക്കു നേരിടേണ്ടിവന്ന അവകാശലംഘനങ്ങളെക്കുറിച്ചും രമേശന്‍ സംസാരിക്കുന്നുണ്ട്. ആദ്യം അപേക്ഷ കൊടുത്തപ്പോള്‍ ഒപ്പം സമര്‍പ്പിച്ചിരുന്ന കണ്‍സെന്റ് സര്‍ട്ടിഫിക്കറ്റ് വീണ്ടും ആവശ്യപ്പെടുന്നതു മുതല്‍, ആദ്യത്തെ സ്ഥാപനത്തിന്റെ ലൈസന്‍സ് പുതുക്കല്‍ തടഞ്ഞുവച്ചതു വരെ അനവധി പ്രശ്നങ്ങള്‍ രമേശന് പിന്നേയും നേരിടേണ്ടി വന്നു. സാജന്റെ മരണത്തിനു ശേഷവും പതിവു ശൈലി കൈവിടാതിരുന്ന ഉദ്യോഗസ്ഥര്‍ ആദ്യത്തെ സ്ഥാപനത്തിന്റെ ലൈസന്‍സും തടഞ്ഞുവയ്ക്കും എന്ന ഘട്ടത്തിലാണ് എല്ലാം തുറന്നു പറയാന്‍ തീരുമാനിച്ചതെന്ന് രമേശന്‍ പറയുന്നു. ‘രണ്ടാമത്തെ ലൈസന്‍സിന്റെ പ്രശ്നം നിലനില്‍ക്കുമ്പോഴാണ് ആദ്യത്തെ സ്ഥാപനത്തിന്റെ ലൈസന്‍സ് പുതുക്കാനായി വീണ്ടും ഓഫീസില്‍ പോകുന്നത്. ഉദ്യോഗസ്ഥരെ വണ്ടിയെടുത്തു കൂട്ടിക്കൊണ്ടു പോയൊക്കെയാണ് സ്ഥലം കാണിച്ചത്. ആ ലൈസന്‍സിന്റെ കാര്യവും സംശയത്തിലായി. ഒരു പേപ്പറില്‍പ്പോലും പ്രശ്നമില്ല. പതിനെട്ടോളം സ്ത്രീകള്‍ ജോലി ചെയ്യുന്ന സ്ഥാപനമാണ്. പാര്‍ട്ടി വഴി ശ്രമിച്ചുനോക്കി, എന്നിട്ടും രക്ഷയില്ല. ലൈസന്‍സിനു പ്രശ്നമുണ്ടാക്കാതിരിക്കാന്‍ ഭയപ്പാടോടെ തൊഴുതു നിന്നിട്ടൊക്കെയുണ്ട്. ഇതുപോലെ ഇനിയും പ്രശ്നങ്ങള്‍ എത്രയോ ഉണ്ട്. ആരും പുറത്തു പറയില്ല. ഞാനും പറയില്ലായിരുന്നു. സാജന്റെ വിഷയത്തോടെയാണ് എനിക്കും ധൈര്യമായത്. ഇല്ലെങ്കില്‍ എന്റെ ലൈസന്‍സും കട്ടു ചെയ്യില്ലേ. ഞാനും ആത്മഹത്യ ചെയ്യേണ്ടിവരില്ലേ. ഈ പ്രതിസന്ധിയ്ക്കിടയിലും ഒന്നര ലക്ഷം രൂപയാണ് ആഴ്ചയില്‍ ശമ്പളം മാത്രം കൊടുത്തു കൊണ്ടിരിക്കുന്നത്. പെട്ടന്ന് ഇതു നിന്നു പോയാല്‍ ഞാനും നൂറോളം കുടുംബങ്ങളുമാണ് കഷ്ടപ്പെടുക. ശനിയാഴ്ച എനിക്ക് ശമ്പളം കൊടുക്കാന്‍ സാധിക്കാതിരുന്നാല്‍ തലകറങ്ങി വീണുപോകുന്നവരാണ് അവിടെ ജോലിചെയ്യുന്നത്. അത്രയും കഷ്ടപ്പെടുന്നവരാണ്. സാജന്‍ മരിച്ചതിനു മൂന്നു ദിവസങ്ങള്‍ക്കു ശേഷം പേപ്പറിന്റെ കാര്യമന്വേഷിക്കാന്‍ ചെന്നപ്പോഴും മോശം അനുഭവമാണുണ്ടായത്. രണ്ടാമത്തെ ലൈസന്‍സിന്റെ പ്രശ്നം തീരുമാനമാകാറായപ്പോള്‍ ആരോഗ്യവകുപ്പിലെ ഒരുദ്യോഗസ്ഥന്‍ ഓടിവന്ന് അതു കൊടുക്കരുത്, ഇയാളുടെ ആദ്യത്തെ സ്ഥാപനത്തിന്റെ ലൈസന്‍സ് ഇതുവരെ പുതുക്കിയിട്ടില്ല എന്നു പറഞ്ഞ് തടയുക വരെ ചെയ്തു. അത്രയുമായപ്പോഴാണ് എന്റെ അനുഭവം തുറന്നു പറയണം എന്നു തോന്നിയത്’
ആന്തൂരിലെ ക്രമക്കേടുകള്‍ക്കു കാരണം ചെയര്‍മാനല്ലെന്നും, തന്നോട് വളരെ കാര്യമായാണ് ചെയര്‍മാന്‍ പെരുമാറിയിട്ടുള്ളതെന്നും രമേശന്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും, എല്ലാവര്‍ക്കും അതേ അഭിപ്രായമല്ല ഉള്ളത്. സാജന്റെ അനുഭവം ഒറ്റപ്പെട്ടതല്ല എന്ന് ആദ്യം സമൂഹമാധ്യമങ്ങള്‍ വഴി തുറന്നു പറഞ്ഞ ആന്തൂരിലെ വനിതാസംരംഭക സോഹിതയ്ക്ക് മോശം അനുഭവമുണ്ടായിട്ടുള്ളത് ചെയര്‍മാന്‍ കെ.പി ശ്യാമളയില്‍ നിന്നാണ്. വ്യവസായ സ്ഥാപനം കോയമ്പത്തൂരോ ബോംബെയിലോ തുടങ്ങിയാല്‍ പോരേ എന്ന ചോദ്യം പോലും സോഹിതയ്ക്ക് നേരിടേണ്ടി വന്നതായി സമൂഹമാധ്യമങ്ങളില്‍ കുറിപ്പുകളും പ്രചരിച്ചിരുന്നു. വന്‍കിട വ്യവസായികളും പണച്ചാക്കുകളും ഭരിക്കുന്ന ബിസിനസ്സ് ലോകത്തേക്ക് സ്വന്തം പ്രയത്നത്തിലൂടെ കടന്നുചെല്ലാനാഗ്രഹിച്ച ഒരു വനിതാ സംരംഭകയോട് ആന്തൂര്‍ നഗരസഭ ചെയ്തത് വളരെ ക്രൂരമായ പലതുമായിരുന്നു. തന്നോടു മാത്രമല്ല, ആന്തൂരില്‍ എന്തു ചെറിയ ആവശ്യത്തിന് നഗരസഭയിലെത്തുന്നവരോടും ചെയര്‍മാന്റെ പെരുമാറ്റം മോശമാണെന്ന് സോഹിത പറയുന്നു. ഇപ്പോള്‍ കിന്‍ഫ്രയില്‍ രണ്ടാമത് പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ള നാച്ചുറല്‍ കണ്‍സ്യൂമാറ്റിക്സിന്റെ ആരംഭദശയിലെ പ്രതിബന്ധങ്ങളെക്കുറിച്ച് സോഹിത തന്നെ വിവരിക്കുന്നു:
‘ഡിഷ് വാഷ്, ഹെയര്‍വാഷ്, ഫ്ളോര്‍ വാഷ് എന്നിവയുണ്ടാക്കുന്ന സ്ഥാപനമാണ് ഞാന്‍ 2015ല്‍ തുടങ്ങിയത്. ഞാന്‍ തന്നെ ഉണ്ടാക്കി മാര്‍ക്കറ്റ് ചെയ്യുകയായിരുന്നു പതിവ്. അന്ന് തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിലായിരുന്നു സ്ഥാപനം. അക്കാലത്ത് ഒരു കുഴപ്പവുമില്ലാതെ മുന്നോട്ടു പോയതാണ്. ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് ആന്തൂരിലേക്ക് മാറിയത്. ലൈസന്‍സും കാര്യങ്ങളുമെല്ലാം ആന്തൂരിലേക്ക് വന്നപ്പോള്‍ ഓരോരോ പ്രശ്നങ്ങളുണ്ടാകാന്‍ തുടങ്ങിയ. ലൈസന്‍സ് പുതുക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ വലിയ പ്രശ്നമായിരുന്നു. അതിനും മുന്നെ ഇന്‍സ്പെക്ഷനു വന്നപ്പോഴും എന്നോടു പറഞ്ഞത് സ്ഥാപനത്തെക്കുറിച്ച് നാട്ടുകാര്‍ക്ക് പരാതിയുണ്ടെന്നാണ്. മലിന ജലം പുറത്തേക്ക് ഒഴുകുന്നു എന്നെല്ലാം കാരണം പറഞ്ഞു അന്ന്. ഇതിന് ഒരു സാധ്യതയുമില്ലെന്ന് ഞാനും പറഞ്ഞു. ഈ പ്രശ്നം നിലനില്‍ക്കുമ്പോഴാണ് ലൈസന്‍സ് പുതുക്കേണ്ട സമയമായത്. അപ്പോഴാണ് പുതുക്കിത്തരില്ല എന്ന് അവര്‍ പറയുന്നതും. എല്ലാ പേപ്പറുകളും ക്ലിയറാണ്. എന്നിട്ടും പുതുക്കിക്കിട്ടിയില്ല. ജില്ലാ സെക്രട്ടറിക്കും സംസ്ഥാന സെക്രട്ടറിയ്ക്കും ഒക്കെ കത്തയച്ചു നോക്കി. അവരൊക്കെ ശ്രമിച്ചിട്ടും കാര്യമുണ്ടായില്ല. എത്രയായാലും നാട്ടുകാര്‍ക്ക് പ്രശ്നമുണ്ടെന്ന് പരാതിയുണ്ടെങ്കില്‍ പിന്നെ ഒന്നും ചെയ്യാനാകില്ലല്ലോ. ഈ പറയുന്നതു പോലെ നാട്ടുകാരാരും പരാതി എന്നോടു നേരിട്ടു പറഞ്ഞിട്ടില്ല. ആര്‍ക്കു സംശയമുണ്ടെങ്കിലും അകത്തു കയറി പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാം എന്നായിരുന്നു എന്റെ നിലപാട്. അവര്‍ പരിസ്ഥിതിയിലെ ഒരു സാറിനെ കൊണ്ടുവരികയും ചെയ്തു. അവര്‍ക്കും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. ഒടുവില്‍ വെള്ളപ്പേപ്പറില്‍ നാല്‍പ്പതു പേരുടെ ഒപ്പ് ഇവര്‍ തന്നെ ഇരുന്ന് ഒന്നിച്ചിട്ടിട്ടാണ് കൊണ്ടുപോയി കൊടുക്കുന്നത്. ശ്യാമളട്ടീച്ചര്‍ക്കു മാത്രമായിരുന്നു പ്രശ്നം. ബാക്കിയെല്ലാവരും പിന്തുണയാണ് തന്നിട്ടുള്ളത്. ഇവരാണെങ്കില്‍, വാശി തീര്‍ക്കുന്ന പോലെയാണ്. അത് എന്നോടു മാത്രമല്ല, സാധാരണ വീടിന്റെ നമ്പര്‍ ഇടാന്‍ പോയാല്‍പ്പോലും ഇതാണ് അവസ്ഥ.’
ഒടുവില്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ തളിപ്പറമ്പില്‍ വച്ചു നടന്ന യോഗത്തില്‍ വ്യാപാരി വ്യവസായി സമിതിയുടെ നേതാക്കളടക്കം സോഹിതയ്ക്ക് അല്പം സമയം അനുവദിക്കണമെന്നു നിലപാടെടുത്തിരുന്നു. എന്നിട്ടും മൂന്നു മാസത്തിനകം സ്ഥാപനം നില്‍ക്കുന്നിടത്തു നിന്നും മാറ്റണം എന്ന നിര്‍ദ്ദേശമാണ് ലഭിച്ചത്. മൂന്നു മാസത്തിനിടെ ഒരു സ്ഥാപനം മുഴുവന്‍ മാറ്റുക എന്ന വെല്ലുവിളിക്കൊപ്പം മറ്റൊരു അപകടവും സോഹിതയെ കാത്തിരുന്നിരുന്നു. ‘ഇരുപത്തിയഞ്ചു ലക്ഷം രൂപയുടെ ലോണ്‍ പാസ്സായതില്‍, അഞ്ചു ലക്ഷം എടുത്തിട്ടാണ് പത്തു ലക്ഷത്തിന്റെ മുതല്‍മുടക്കില്‍ ഇതു തുടങ്ങിയിരുന്നത്. കിന്‍ഫ്രയിലേക്ക് മാറുമ്പോഴേക്കും ലോണ്‍ ടോപ്അപ്പ് ചെയ്തു തരാമെന്നു മാനേജര്‍ പറഞ്ഞിരുന്നതുമാണ്. പക്ഷേ ഇങ്ങനെയൊരു പ്രശ്നം വന്നതോടെ ബാങ്കും പണം തരാന്‍ മടിച്ചു. അടച്ചുപൂട്ടിയ സ്ഥാപനത്തിന് ലോണ്‍ തരാന്‍ പറ്റില്ലെന്ന് അവരും പറഞ്ഞു. അതൊക്കെ വലിയ സമ്മര്‍ദ്ദമാണ് ഉണ്ടാക്കിയത്. ഒടുവില്‍ സ്വന്തം കൈയില്‍ നിന്നും വീണ്ടും പൈസ എടുത്തിട്ടാണ് നാലു മാസത്തിനു മുന്‍പ് വീണ്ടും പ്രവര്‍ത്തനമാരംഭിച്ചത്. ചെറിയ രീതീയില്‍ പുനരാരംഭിച്ചിട്ടേയുള്ളൂ. അതിനുള്ള മൂലധനമേ ഇപ്പോള്‍ കൈയിലുള്ളൂ.’ പതിയെപ്പതിയെയാണെങ്കിലും, കിന്‍ഫ്രയില്‍ നാച്ചുറല്‍ കണ്‍സ്യൂമാറ്റിക്സ് വീണ്ടും പ്രവര്‍ത്തനം പഴയരീതിയിലേക്ക് കൊണ്ടുവന്നു കൊണ്ടിരിക്കുന്നു.
സ്ഥാപനം ഈയിടെ വീണ്ടും ആരംഭിക്കാനായതിന്റെ ആശ്വാസത്തിലാണ് കണ്ണപുരത്തെ വീട്ടില്‍ നിന്നും സോഹിത സംസാരിച്ചതെങ്കില്‍, രമേശന്‍ ഇപ്പോഴും ലൈസന്‍സിന്റെ തടസ്സം നീങ്ങാന്‍ പാര്‍ട്ടി ഓഫീസിലടക്കം പരാതികളുമായി കയറിയിറങ്ങുകയാണ്. സാജന്റെ ആത്മഹത്യയ്ക്കു ശേഷവും കുലുങ്ങാതിരുന്ന നഗരസഭ കാര്യാലയം ഇക്കഴിഞ്ഞ ദിവസങ്ങളിലായി കാര്യങ്ങള്‍ അല്പം വേഗതയിലാക്കിയിട്ടുണ്ടെന്ന് രമേശന്‍ പ്രത്യാശയോടെ ചൂണ്ടിക്കാട്ടുന്നുണ്ട്. വ്യവസായികള്‍ക്കെല്ലാം പരാതി മാത്രം പങ്കുവയ്ക്കാനുള്ള ആന്തൂര്‍ നഗരസഭയില്‍ സ്ഥാപനങ്ങള്‍ ആരംഭിച്ച് കഷ്ടത്തിലായവരില്‍ ചുരുക്കം ചിലര്‍ മാത്രമേ ഇപ്പോഴും വിഷയം പരസ്യമായി ഉന്നയിച്ചിട്ടുള്ളൂ എന്നും ഇവര്‍ പറയുന്നുണ്ട്. നഗരസഭ ചെയര്‍മാന്‍ ആവശ്യപ്പെട്ട സംഭാവന നല്‍കാതിരുന്നതിനാല്‍ തന്റെ കരാര്‍ സംരംഭം തകര്‍ക്കപ്പെട്ടു എന്നാരോപിക്കുന്ന ചൊവ്വയിലെ വിനോദ് മുതല്‍ ഒക്യൂപന്‍സി സര്‍ട്ടിഫിക്കറ്റിനായി കാത്തുകിടക്കുന്ന കെട്ടിട ഉടമകള്‍ വരെ പരാതികളുമായി രംഗത്തെത്തിയിട്ടുണ്ട്. അവകാശപ്പെടുന്നയത്ര സംരംഭക സൗഹൃദനയം കേരളത്തിനുണ്ടോ എന്ന ചോദ്യം കൂടി ഈ ഘട്ടത്തില്‍ ഉയര്‍ന്നിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍, ആന്തൂര്‍ മോഡല്‍ ഇനി ആവര്‍ത്തിക്കപ്പെടില്ല എന്ന വിശ്വാസം ഇവര്‍ക്കെല്ലാമുണ്ടുതാനും.