UPDATES

വിദേശം

സ്വവര്‍ഗ ദമ്പതികളുടെ കുട്ടികളെ മാമോദീസ മുക്കില്ല; സഭ വിടാന്‍ വിശ്വാസികള്‍

Avatar

ജസ്റ്റിന്‍ ഡബ്‌ളിയുഎം മോയെര്‍
(വാഷിങ്ടണ്‍ പോസ്റ്റ്)

യുഎസില്‍ ആറുമില്യണിലധികം മോര്‍മോണുകളുണ്ട്. ഇവരില്‍ 1,500 പേര്‍ മോര്‍മോണ്‍ വിശ്വാസം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. സ്വവര്‍ഗദമ്പതികളുടെ കുട്ടികളെ മേലില്‍ മോര്‍മോണുകളായി ജ്ഞാനസ്‌നാനപ്പെടുത്തില്ല എന്ന സഭയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് കൂട്ടരാജി. (1820ല്‍ ജോസഫ് സ്മിത്ത് ആരംഭിച്ച ലേറ്റര്‍ ഡേ സെയ്ന്റ് മൂവ്‌മെന്റിന്റെ ഭാഗമായ ക്രിസ്ത്യന്‍ വിഭാഗമാണ് മോര്‍മോണ്‍.)

മാര്‍ക്ക് നോഗ്ലെയാണ് പ്രതിഷേധരാജി സംഘടിപ്പിക്കുന്നത്. രാജിക്കത്തുകള്‍ ഒപ്പിട്ട് ആരാധനാലയം ചുറ്റി പ്രദക്ഷിണം നടത്തി തൊട്ടുമുന്‍പിലുള്ള മെയില്‍ബോക്‌സിലിടാനാണ് സംഘം പദ്ധതിയിടുന്നത്. ‘അതിശയകരമായ പിന്തുണയാണ് ആളുകള്‍ തന്നത് ‘, നോഗ്‌ളെ സിഎന്‍എന്നോടു പറഞ്ഞു. ‘എനിക്ക് മൂന്നുമണിക്കൂറോളം അവരോടൊപ്പം ചെലവഴിക്കേണ്ടിവന്നു. ചില ആളുകള്‍ ഒന്നരമണിക്കൂറോളം ഇതിനായി ക്യൂ നിന്നു’.

ഫേസ്ബുക്ക് ഉപയോഗിച്ച് ”മോര്‍മോണിസത്തില്‍ നിന്നുള്ള കൂട്ടരാജി’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.

‘ഈ ആരാധനാസമൂഹത്തിനുവേണ്ടി ഞാന്‍ എത്രയോ ത്യാഗം സഹിച്ചു. എന്നിട്ട് എനിക്കു കിട്ടുന്ന പ്രതിഫലമാണോ ഇത്?’, സ്വവര്‍ഗാനുരാഗിയായ മകളുണ്ടെന്നു പറഞ്ഞ ഒരാള്‍ ഫേസ്ബുക്കില്‍ എഴുതി. ‘സ്വയം തിരഞ്ഞെടുത്ത ജീവിതരീതിയല്ല എന്റെ മകളുടേത്. എന്നിട്ടും അവളെപ്പറ്റിയുള്ള മുന്‍വിധിയും വിവേചനവും കൂടിവരുന്നു. ഇനി എനിക്കു നിശബ്ദത പാലിക്കാനാവില്ല. വിശ്വാസികളെ മുറിപ്പെടുത്തേണ്ടിവരുന്നതില്‍ വിഷമമുണ്ട്. പക്ഷേ ഇതു പറയാതെവയ്യ.’

‘നിങ്ങള്‍ ഒരു സഭയില്‍ അംഗമായിരിക്കുമ്പോള്‍ അവരുടെ തീരുമാനങ്ങള്‍ അംഗീകരിക്കുന്നുവെന്നാണ് അര്‍ത്ഥം. അവരുടെ നിയമങ്ങളെ പിന്താങ്ങുന്നുവെന്നും’, ബ്രെന്നര്‍ സെല്ലര്‍ ന്യൂയോര്‍ക്ക് ടൈംസിനോടു പറഞ്ഞു. സ്വവര്‍ഗാനുരാഗിയായ സെല്ലറുടെ ഭര്‍ത്താവും മോര്‍മോണ്‍ വിശ്വാസിയാണ്. ‘ സഭ ഞങ്ങളെ പിന്താങ്ങാത്തതിനാല്‍ ഞങ്ങളും അവരെ പിന്താങ്ങുന്നില്ല’.

‘കുട്ടികളെയാണ് ഈ നയമാറ്റം ബാധിക്കുക എന്നത് ആളുകളെ ഖിന്നരാക്കുന്നു. പല ആളുകളും സഭയുടെ പ്രവര്‍ത്തനങ്ങളില്‍ ഇപ്പോള്‍ത്തന്നെ അതൃപ്തരാണ്. ഇത് അവസാനത്തെ പ്രശ്‌നമാണെന്നു മാത്രം’.

കൂട്ടരാജിക്കു തൊട്ടുമുന്‍പ് മോര്‍മോണ്‍സഭ നിലപാട് വിശദീകരിച്ച് പ്രശ്‌നം ലഘൂകരിക്കാന്‍ ശ്രമിച്ചു. ‘എല്ലാ കുട്ടികളും അതീവ ബഹുമാനത്തോടെയും സ്‌നേഹത്തോടെയും പരിഗണിക്കപ്പെടേണ്ടവരാണ്’, സഭ പ്രസിഡന്റ് തോമസ് മോണ്‍സണും സഹായികളായ ഹെന്റി ബി ഐറിങ്, ഡൈറ്റര്‍ എഫ് യുഷ്‌ഡോര്‍ഫ് എന്നിവര്‍ പറഞ്ഞു. ‘എല്ലാ കുട്ടികള്‍ക്കും സഭാ യോഗങ്ങളിലും സഭാ പരിപാടികളിലും പങ്കെടുക്കാം. പുരോഹിതരില്‍നിന്ന് ആത്മീയ വഴികാട്ടലും ആശിര്‍വാദവും അവര്‍ക്കു ലഭിക്കും. എന്നാല്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും ക്ഷേമം മുന്‍കണ്ട് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. പുതിയ സഭാ നിയമങ്ങളനുസരിച്ച് സ്വവര്‍ഗവിവാഹം പാപമാണ്.’

കുട്ടികളുടെ നന്മയ്ക്കുവേണ്ടിയാണ് സഭ പ്രവര്‍ത്തിക്കുന്നതെന്നു കാണിച്ച് മറ്റൊരു പ്രസ്താവനയും പുറത്തുവന്നു.

സ്വവര്‍ഗവിവാഹങ്ങള്‍ യുഎസ് ഉള്‍പ്പെടെ പല രാജ്യങ്ങളിലും നിയമാനുസൃതമായിക്കഴിഞ്ഞതിനാലാണ് സഭ ഇക്കാര്യത്തെ കൂടുതല്‍ കൃത്യതയോടെ നിര്‍വചിക്കുന്നതെന്ന് സഭയുടെ പ്രസ് ഓഫിസ് മാനേജിങ് ഡയറക്ടര്‍ മൈക്കല്‍ ഒട്ടേഴ്‌സന്‍ പറഞ്ഞു.

‘പ്രാദേശിക നേതൃത്വമെടുക്കുന്ന തീരുമാനങ്ങളില്‍ സമാനത നിലനിര്‍ത്താന്‍ കൃത്യമായൊരു നിര്‍ദേശം ആവശ്യമായിരുന്നു. സ്വവര്‍ഗദമ്പതികളുടെ കുട്ടികളുടെ കാര്യത്തില്‍ സഭയ്ക്ക് ആശങ്കയുണ്ട്; അവര്‍ പങ്കാളികളില്‍ ഒരാള്‍ക്കു ജനിച്ചവരായാലും ദത്തെടുക്കപ്പെട്ടവരായാലും വൈദ്യസഹായത്തോടെ ജനിച്ചവരായാലും. ഇത്തരം ദമ്പതികളില്‍ വളരെക്കുറിച്ചുപേരേ കുട്ടികളെ സഭയില്‍ അംഗങ്ങളാക്കാറുള്ളൂ. എങ്കിലും കുട്ടികളെ സഭാപ്രവര്‍ത്തനങ്ങള്‍ക്കും വീട്ടിലെ അന്തരീക്ഷത്തിനുമിടയില്‍പ്പെടുത്തി പ്രതിസന്ധിയിലാക്കാന്‍ സഭ ആഗ്രഹിക്കുന്നില്ല’.

മോര്‍മോണ്‍ സഭയില്‍നിന്ന് പുറത്തുപോകുക എന്നത് ആരാധനയില്‍നിന്നു വിട്ടുനില്‍ക്കുന്നതുപോലെ എളുപ്പമല്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു; പ്രത്യേകിച്ച് സഭാകാര്യങ്ങളില്‍ കാര്യമായി ബന്ധം പുലര്‍ത്തുന്നവര്‍ക്ക്.

‘മോര്‍മോണ്‍ സഭയില്‍നിന്ന് നിങ്ങളുടെ പേര് നീക്കുകയെന്നത് വളരെ വികാരനിര്‍ഭരമായ ഒരു കാര്യമായേക്കാം, ‘ മോര്‍മോണ്‍റെസിഗ്നേഷന്‍.കോം എന്ന വെബ്‌സൈറ്റ് പറയുന്നു. ‘അത് നിങ്ങളുടെ കുടുംബത്തെയും ജോലിയെയും സുഹൃത്തുക്കളെയും പങ്കാളിയെയും ബാധിക്കാം. ഏതെങ്കിലും മോര്‍മോണ്‍ ചര്‍ച്ച് യൂണിവേഴ്‌സിറ്റിയിലാണ് നിങ്ങളെങ്കില്‍ ഇതോടെ നിങ്ങള്‍ പുറത്താക്കപ്പെടാം. സഭ വിട്ടതിനാല്‍ ഡിപ്‌ളോമ ലഭിക്കാത്ത നിരവധിപേരുണ്ട്. മോര്‍മോണ്‍ സഭ മാപ്പുനല്‍കുന്നില്ല, ഒരിക്കലും ഒന്നും മറക്കുന്നുമില്ല’.

സഭയില്‍നിന്നു രാജിവയ്ക്കുന്നതിന്റെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കാത്തവര്‍ വേട്ടയാടപ്പെടുമെന്നും സഭ അവരെ ഏതുവിധവും തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുമെന്നും മുന്നറിയിപ്പുണ്ട്.

നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയാല്‍പ്പോലും അംഗങ്ങളെ തിരിച്ചുപിടിക്കാന്‍ സഭ ശ്രമിക്കുമെന്നും വെബ്‌സൈറ്റ് പറയുന്നു. ‘മോര്‍മോണുകളാണ് നിങ്ങളുടെ അയല്‍വാസികളെങ്കില്‍ അവര്‍ നിങ്ങളെ തിരിച്ചുവിളിക്കാന്‍ ശ്രമിക്കും. നിങ്ങളുടെ പേര് നീക്കം ചെയ്തുകഴിഞ്ഞശേഷവും 14മില്യണ്‍ വരുന്ന മോര്‍മോണുകളിലൊരാളായി നിങ്ങള്‍ തുടരും; 110 വയസാകുന്നതുവരെ’!

മോര്‍മോണ്‍ സഭ വിട്ടുപോകാനൊരുങ്ങുന്നവരെ പരാമര്‍ശിച്ച് പ്രസിഡന്റ് മോണ്‍സണ്‍ നടത്തിയ ട്വീറ്റ് ഇങ്ങനെ പറയുന്നു:  ‘ഈ ലോകത്തും പരലോകത്തും നിങ്ങളുടെ സന്തോഷം ഇല്ലാതാക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍