UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അയോധ്യയില്‍ മൂന്ന് നൂറ്റാണ്ട് പഴക്കമുള്ള മുസ്ലീം പള്ളി ഹിന്ദുക്കള്‍ പുനര്‍നിര്‍മ്മിക്കുന്നു

Avatar

അഴിമുഖം പ്രതിനിധി

അയോധ്യയില്‍ തകര്‍ന്നു തുടങ്ങിയ ഒരു മുസ്ലീം പള്ളി ഹിന്ദുക്കള്‍ പുനര്‍ നിര്‍മ്മിക്കാനൊരുങ്ങുകയാണ്. അയോദ്ധ്യയിലെ ഹനുമാഗര്‍ഹി മന്ദിരത്തിന്റെ ഉടമസ്ഥതയിലുള്ള വസ്തുവിലാണ് 300 വര്‍ഷം പഴക്കമുള്ള പള്ളി പുനര്‍നിര്‍മ്മക്കുന്നത്. പള്ളി അപകടാവസ്ഥയിലായതിനാല്‍ പ്രാദേശിക ഭരണകൂടം പ്രവേശനം നിഷേധിച്ചതിനു പിന്നാലെയാണ് മസ്ജിദ് പുതുക്കിപ്പണിയാന്‍ വസ്തുവിന്റെ ഉടമസ്ഥരായ ക്ഷേത്രം അധികാരികള്‍ തന്നെ രംഗത്ത് വന്നത്. ക്ഷേത്രം അധികാരികള്‍ പള്ളിയുടെ നിര്‍മ്മാണം ഏറ്റെടുക്കുകയും ഒപ്പം പരിസരത്ത് നിസ്‌ക്കരിക്കാന്‍ സൗകര്യം ഒരുക്കുകയും ചെയ്തിട്ടുണ്ട്.

ഇവിടെ നിസ്‌കരിക്കാന്‍ എത്തുന്ന വിശ്വാസികളുടെ എണ്ണം കുറയുകയും അറ്റകുറ്റ പണികളൊന്നും നടക്കാതായ കെട്ടിടം ഉപേക്ഷിക്കപ്പെട്ട് നാശോന്മുഖം ആവുകയും ചെയ്തപ്പോഴാണ് അയോധ്യ മുന്‍സിപ്പില്‍ ബോര്‍ഡ് അപകട സാദ്ധ്യത കണക്കിലെടുത്ത് പൊതുജനങ്ങള്‍ക്ക് പള്ളിയിലേക്ക് പ്രവേശനം നിഷേധിച്ചത്. തുടര്‍ന്ന് ഒരു കൂട്ടം മുസ്ലീം ചെറുപ്പക്കാര്‍ ഹനുമാന്‍ ഗാര്‍ഹിയിലെ അധികാരികളുമായി പള്ളി പുനര്‍നിര്‍മ്മിക്കാനുള്ള സാദ്ധ്യതകള്‍ ചര്‍ച്ച ചെയ്തു.

ഇവരുടെ അപേക്ഷ പരിഗണിച്ചാണ് ക്ഷേത്ര അധികാരികള്‍ പള്ളി പുതുക്കി പണിയാന്‍ അനുവാദം നല്‍കിയത്. പള്ളിയും ഈശ്വരന്റെ ഭവനമാണ് എന്നു കരുതുന്നതുകൊണ്ടാണ് മുസ്ലീമുകള്‍ക്ക് പള്ളി പുതുക്കി പണിയാനും നിസ്‌കരിക്കാനും അനുവാദം നല്കിയതെന്ന് ക്ഷേത്ര പ്രധാനിയായ മഹന്ത് ഗ്യാന്‍ദാസ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഔറംഗസേബിന്റെ സൈനികമേധാവിയുടെ ഖബറിടവും പുതുക്കി പണിയാന്‍ തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി.

പതിനേഴാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസേബിന്റെ പ്രത്യേക നിര്‍ദ്ദേശത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സൈനിക മേധാവികളിലൊരാളാണ് ഈ പള്ളി നിര്‍മ്മച്ചതെന്ന് കരുതുന്നു. നവാബ് ഷൂജാ ഉദ് ദൗള 1765-ല്‍ അര്‍ഗാറ എന്ന ഈ പ്രദേശം പള്ളിയില്‍ നമാസ് തുടരാന്‍ അനുവദിക്കണമെന്ന നിബന്ധനയില്‍ ഹനുമാന്‍ഗാര്‍ഹി ക്ഷേത്രത്തിന് സംഭാവനയായി നല്‍കുകയായിരുന്നു. ചരിത്രകാരന്‍ റോഷന്‍താഖ്വിയുടെ വാക്കുകള്‍ അനുസരിച്ച് 1764ല്‍ ബക്സാര്‍ യുദ്ധത്തിന് ശേഷം അവധ് നവാബായ ഷൂജാ ഉദ് ദൗള തന്റെ പ്രദേശത്തിന്റെ തലസ്ഥാനം ഫൈസാബാദില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി സ്ഥാപിച്ചു.

നവാബ് ലഖ്നൗവിലേക്ക് എത്തിയതിന് പിന്നാലെ ക്ഷേത്രം പണിയാന്‍ സ്ഥലം വേണമെന്ന ആവശ്യവുമായി ഒരു സംഘം പൂജാരിമാര്‍ അദ്ദേഹത്തെ കാണുകയും അഭ്യര്‍ത്ഥന മാനിച്ച് നവാബ് അവര്‍ക്ക് 4 ബിഗ (108900 സ്വകയര്‍ ഫീറ്റ്) ഭുമി നല്‍ക്കുകയും ചെയ്തു. പിന്നീട് ഔറംഗസേബിന്റെ കാലത്ത് പണികഴിപ്പിച്ച മസ്ജിദ് ഉള്‍പ്പെടുന്ന ഭൂമി ഹനുമര്‍ഗര്‍ഹി ക്ഷേത്രം പണിയാന്‍ നവാബ് വിട്ടുകൊടുക്കുകയായിരുന്നെന്നാണ് ചരിത്രകാരന്മാരുടെ വാദം. പള്ളിയോട് ചേര്‍ന്ന് ഖബറടക്കിയ സൈനിക മേധാവിയുടെ പേരോ വിവരങ്ങളോ ചരിത്രകാരന്മാര്‍ക്ക് ലഭ്യമല്ല.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍