UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കള്ളപ്പണക്കാരോടെന്ന പേരില്‍ നിരപരാധികളില്‍ നിന്നും പണം പിടിച്ചെടുക്കുകയല്ലേ സര്‍ക്കാര്‍

നടാഷ സറിന്‍, ലോറന്‍സ് എച്ച് സമ്മേഴ്‌സ്

യുഎസ് സാഹചര്യത്തില്‍ 100 ഡോളര്‍ നോട്ടുകളും യൂറോപ്യന്‍ സാഹചര്യത്തില്‍ 500 യൂറോ നോട്ടുകളും(ബിന്‍ ലാദന്‍ എന്നറിയപ്പെടുന്ന) നിരോധിക്കണമെന്ന് ഞങ്ങളില്‍ ഒരാള്‍ (ലാറി) ദീര്‍ഘകാലമായി വാദിച്ചുവരുന്നു. 500 യൂറോ നോട്ടുകള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കാനുള്ള യൂറോപ്യന്‍ വാണിജ്യ ബാങ്കിന്റെ തീരുമാനം വന്നതിന് ശേഷം, 100 ഡോളര്‍ നോട്ടുകളെ കുറിച്ചും പ്രത്യേകിച്ചും വിനാശകരമായ 1000 സ്വിസ് ഫ്രാങ്ക് നോട്ടുകളെ കുറിച്ചുമാവും ഇനിയുള്ള ചര്‍ച്ചകളെന്നാണ് ഞങ്ങള്‍ അനുമാനിച്ചിരുന്നത്. 

പ്രചാരണത്തിലുണ്ടായിരുന്ന 500, 1000 രൂപ നോട്ടുകള്‍ നിരോധിക്കാനുള്ള ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാടകീയ നടപടി മറ്റുള്ളവരെ പോലെ ഞങ്ങളെയും അത്ഭുതപ്പെടുത്തി. കഴിഞ്ഞ കുറച്ച് ദശകങ്ങള്‍ക്കിടയില്‍ ലോത്താകെ പണനയത്തില്‍ സംഭവിച്ചിട്ടുള്ള ദൂരവ്യാപകമായ മാറ്റമാണെന്ന് ഉറപ്പിക്കാം. 

ആദ്യമായി, യഥാക്രമം 7.34ഉം 14.68ഉം ഡോളര്‍ മൂല്യം കല്‍പിച്ചിട്ടുള്ള വ്യാപക പ്രചാരത്തിലുള്ള നോട്ടുകളില്‍ ഇത് വലിയ ആഘാതം സൃഷ്ടിക്കും. യുഎസിന്റെ 15 ഡോളറിന് ഇന്ത്യയിലുള്ള മൂല്യത്തിന് തതുല്യമാണ് യുഎസിലെ 100 ഡോളര്‍ എന്ന് വിശേഷിപ്പിക്കാവുന്ന തരത്തില്‍ യുഎസിനെക്കാള്‍ ഇന്ത്യ ദരിദ്രമാണെന്ന വാദം ഉയര്‍ന്നേക്കാമെങ്കിലും, വരുമാന വിതരണത്തില്‍ മേല്‍ത്തട്ടിലുള്ള അമേരിക്കന്‍ പൗരന്മാരില്‍ ഒരുശതമാനം പോലും പ്രതിവാരം 100 ഡോളര്‍ നോട്ടുകള്‍ കൈകാര്യം ചെയ്യുന്നില്ലെന്നതും 500 രൂപ നോട്ടുകള്‍ ഇന്ത്യയില്‍ വളരെ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു എന്നതുമാണ് യാഥാര്‍ത്ഥ്യം. 

യൂറോപ്യന്‍ വാണിജ്യ ബാങ്ക് ഇപ്പോള്‍ എടുത്തിരിക്കുന്ന നടപടിയോ അല്ലെങ്കില്‍ യുഎസിന് വേണ്ടി നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന നടപടിയോ പുതിയ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളുടെ നിര്‍മ്മാണം അവസാനിപ്പിക്കും എന്നതാണ് രണ്ടാമത്തെതും ഏറ്റവും അടിസ്ഥാനപരവുമായ കാര്യം. അതുവരെ സാധുവായിരുന്ന നോട്ടുകള്‍ ഒറ്റ രാത്രികൊണ്ട് അസാധുവായി പ്രഖ്യാപിക്കാനുള്ള തീരുമാനം എടുക്കുന്നതിനെ കുറിച്ച് അവരൊന്നും ചിന്തിച്ചിട്ടുകൂടി ഉണ്ടാവില്ല. ഇപ്പോള്‍ കൈവശം വച്ചിരിക്കുന്ന നോട്ടുകള്‍ ഉടനടി വിലയില്ലാത്താകാനുള്ള സാധ്യതയാണ് ഇന്ത്യയില്‍ ഇത്രയും ആശങ്കയും അസ്വസ്ഥതയും സൃഷ്ടിക്കുന്നത്. ചെറുകിട, ഇടത്തരം കടകളില്‍ (കൂടുതലും പണം വഴി ഇടപാടുകള്‍ നടത്തുന്നത്) തിരക്ക് കുറയുകയും തങ്ങളുടെ കൈയിലുള്ള നോട്ടുകള്‍ മാറി സാധുവയാ നോട്ടുകള്‍ നേടിയെടുക്കാം എന്ന പ്രതീക്ഷയില്‍ സാധാരണ ഇന്ത്യക്കാര്‍ക്ക് ബാങ്കുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കേണ്ടി വന്ന അവസ്ഥയും കഴിഞ്ഞയാഴ്ച സംജാതമായി. 

അഴിമതിയിലൂടെയോ നിയമവിരുദ്ധമായ മാര്‍ഗ്ഗങ്ങളിലൂടെയോ സമ്പന്നരായവരാണ് ഇന്ത്യയില്‍ വലിയ രീതിയില്‍ പണം സൂക്ഷിക്കുന്നതെന്നാണ് ഞങ്ങള്‍ മനസിലാക്കിയിട്ടുള്ളത്. അത് കൈപ്പിടിയിലൊതുക്കാനുള്ള പ്രലോഭനം മനസിലാക്കാന്‍ സാധിക്കും. മാത്രമല്ല, നിയമവിധേയമായി പണം സമ്പാദിച്ചവര്‍ക്ക് അത് മാറി പുതിയ നോട്ടുകള്‍ കൈക്കലാക്കുന്നതിനായി മുന്നോട്ടു വരുന്നതില്‍ ഭയപ്പെടേണ്ടതില്ലെന്നുള്ള വാദങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. 

ഒരു നിരപരാധിയെ ശിക്ഷിക്കുന്നതിനേക്കാള്‍ ആയിരം അപരാധികള്‍ രക്ഷപ്പെടുന്നതാണ് കൂടുതല്‍ മെച്ചമെന്ന് ചിന്തിക്കുന്നവരാണ് ഭൂരിപക്ഷം സ്വതന്ത്രസമൂഹങ്ങളും. അതേ തരത്തില്‍, തങ്ങളുടെ പണം മാറ്റിയെടുക്കാന്‍ സാധിക്കാത്ത അപൂര്‍വം നിരപരാധികളില്‍ നിന്നുപോലും സര്‍ക്കാര്‍ പണം പിടിച്ചെടുക്കുകയാണെങ്കില്‍ അത് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. കൂടാതെ, ഇന്ത്യയില്‍ നിരവധി കാലമായി നിലനില്‍ക്കുന്ന വ്യാപാര രീതികള്‍ പരിശോധിക്കുമ്പോള്‍ നിയമവിരുദ്ധം, അഴിമതി തുടങ്ങിയവയുടെ നിര്‍വചനം ഒരു തുറന്ന ചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ടി വരും. 

ധാര്‍മ്മികതയെയും ഫലപ്രാപ്തിയെയും കുറിച്ചുള്ള ചോദ്യങ്ങളും ഇവിടെ ഉയര്‍ന്നു വരുന്നുണ്ട്. തങ്ങള്‍ അനധികൃതമായി സമ്പാദിച്ചതിന്റെ വലിയൊരു ശതമാനം ആരും പണമായി സൂക്ഷിക്കില്ലെന്നും അതൊക്കെ ഇതിനകം തന്നെ വിദേശപണമായോ സ്വര്‍ണമായോ ബിറ്റ്‌കോയിനുകളായോ അല്ലെങ്കില്‍ സൂക്ഷിക്കാവുന്ന മറ്റേതെങ്കിലും രൂപത്തിലേക്കോ മാറിക്കാണുമെന്ന് ഞങ്ങള്‍ ശക്തമായി സംശയിക്കുന്നു. അതുകൊണ്ടുതന്നെ വലുതും പ്രശ്‌നധിഷ്ടിതവുമായവയെ അല്ല മറിച്ച് ചെറിയ മീനുകളെയാണ് ലക്ഷ്യം വച്ചിരിക്കുന്നത് എന്ന് പറയേണ്ടി വരും. 

അഴിമതിക്കെതിരെ ശക്തമായ നടപടികള്‍ എടുക്കാത്ത പക്ഷം പുതിയ പണപരിഷ്‌കരണം ദീര്‍ഘകാലത്തില്‍ എന്തെങ്കിലും ഗുണം ചെയ്യുമോ എന്ന കാര്യത്തിലും ഞങ്ങള്‍ക്ക് സംശയമുണ്ട്. ചെറിയ ചില ക്രമീകരണങ്ങള്‍ വരുത്തിക്കൊണ്ടാണെങ്കിലും അഴിമതി തുടരുക തന്നെ ചെയ്യും. 

ഇതൊക്കെയാണെങ്കിലും യുഎസിലും യൂറോപ്പിലും ലോകത്തെമ്പാടും വലിയ മൂല്യമുള്ള നോട്ടുകള്‍ ഇറക്കരുതെന്ന ഞങ്ങളുടെ നിര്‍ദ്ദേശത്തെ തടയുന്നതിന് ഈ ഇന്ത്യന്‍ അനുഭവം പര്യാപ്തമല്ലെന്ന് വ്യക്താമാക്കട്ടെ. ഉണ്ടാക്കുന്ന ഗുണത്തെക്കാള്‍ വളരെ വലിയ ചിലവ് വരുമെന്നതിനാല്‍ തന്നെ നിലവില്‍ പ്രചാരത്തിലുള്ള നോട്ടുകള്‍ പിന്‍വലിക്കുക എന്ന ആശയത്തോട് ഞങ്ങള്‍ക്ക് മുമ്പും താത്പര്യമില്ലായിരുന്നു. ഇന്ത്യയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന അരാജകത്വവും അതുമൂലം സര്‍ക്കാരിലുണ്ടാവുന്ന വിശ്വാസനഷ്ടവും ഞങ്ങളുടെ ഈ നിലപാടിനെ ന്യായീകരിക്കുന്നു.

(ലോറന്‍സ് എച് സമ്മേഴ്‌സ്- ചാള്‍സ് ഡബ്ല്യു എലിയട്ട് സര്‍വകലാശാല പ്രൊഫസറും ഹേവാര്‍ഡ് സര്‍വകലാശാല പ്രസിഡന്റ് എമിറിറ്റസുമായ ലോറന്‍സ് എച് സമ്മേഴ്‌സ് ബില്‍ ക്ലിന്റണ്‍ പ്രസിഡന്റായിരുന്ന കാലത്ത് ട്രഷറി സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ബറാക് ഒബാമയുടെ കാലത്ത് ദേശീയ സാമ്പത്തിക സമിതിയുടെ പ്രസിഡന്റായും ലോറന്‍സ് സമ്മേഴ്‌സ് പ്രവര്‍ത്തിച്ചിട്ടുണ്ട്)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍