UPDATES

മദര്‍: ശ്രേഷ്ഠജീവിതത്തിന്റെ നാള്‍വഴികള്‍

ദിവ്യ രഞ്ജിത്

1910-ല്‍ അല്‍ബേനിയയില്‍ ജനിച്ച ആഗ്‌നസ് എന്ന പെണ്‍കുട്ടി പിന്നീട് ഇന്ത്യയുടെ ഭാഗമായി മാറുകയായിരുന്നു. ഇന്ത്യയിലെ പാവപ്പെട്ടവരുടെയും അനാഥരുടെയും രോഗികളുടെയും ഇടയില്‍ പ്രവര്‍ത്തിച്ച മദര്‍ തെരേസ, താന്‍ ജന്മം കൊണ്ട് അല്‍ബേനിയനും പൗരത്വം കൊണ്ട് ഇന്ത്യനും ജീവിതം കൊണ്ട് കത്തോലിക്കാ സന്യാസിനിയുമാണെന്നു പറയുമായിരുന്നു.

 

ഇന്ത്യയില്‍ ചാരിറ്റി നടത്തി വന്നിരുന്ന ഒരു പുരോഹിതനില്‍ നിന്നുമാണ് കുഞ്ഞ് ആഗ്‌നസ് ഇന്ത്യയെ കുറിച്ചു അറിയാനിടയായത്. ബാല്യകാലത്തു തന്നെ സേവനപ്രവര്‍ത്തനങ്ങളെക്കുറിച്ച് കഥകള്‍ കേള്‍ക്കാന്‍ താല്പര്യം പ്രകടിപ്പിച്ചിരുന്ന ആഗ്‌നസ്, ബംഗാളിനെക്കുറിച്ച് അറിയുകയും അവിടുത്തെ ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. 18-മത്തെ  വയസ്സില്‍ വീട് വിട്ട മദര്‍, ലൊറേറ്റോ സന്യാസ സമൂഹത്തില്‍ നിന്നും ഇംഗ്ലീഷ് പഠിച്ചു; അധ്യാപികയായി ഇന്ത്യയിലേക്ക് അയക്കപെട്ടു. അങ്ങനെ ഇന്ത്യയിലേക്ക് വരാനുള്ള ആഗ്രഹം പൂവണിഞ്ഞു.

 

കൊല്‍ക്കത്തയില്‍ എത്തിയ ശേഷം, തനിക്കു ചുറ്റും കണ്ട ദരിദ്രജീവിതങ്ങള്‍ അവരെ അസ്വസ്ഥയാക്കാന്‍ തുടങ്ങി. 1943-ലുണ്ടായ ഭക്ഷ്യ ക്ഷാമവും, 1946-ലെ ഹിന്ദു – മുസ്ലിം സംഘര്‍ങ്ങളുമാണ് ഒരു വിധത്തില്‍ ജീവിതത്തിലെ സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ അവരെ പ്രേരിപ്പിച്ചതെന്ന് പറയാം. അനേകം പട്ടിണിയും മരണങ്ങളും നേരിട്ടു കണ്ട അവര്‍ തെരുവിലിറങ്ങി ജനങ്ങള്‍ക്കിടയില്‍ ജീവിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ദൈവവിളിക്കുള്ളിലെ ദൈവവിളി എന്നാണവര്‍ ഇതിനെ വിശേഷിപ്പിച്ചത്. 1948 മുതല്‍ ലൊറേറ്റോ സഭയുടെ വേഷങ്ങളുപേക്ഷിച്ച്, കൊല്‍ക്കത്ത നഗരസഭയില്‍ ഓട വൃത്തിയാക്കിയിരുന്ന ജീവനക്കാരുടെ വേഷമായ നീല വരയുള്ള വെള്ള കോട്ടണ്‍ സാരി സ്വീകരിച്ചു. ആതുര സേവനത്തിന്റെ കാലഘട്ടത്തിന് അവിടെ തുടക്കമായി.

 

 

ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ആദ്യ ഘട്ടത്തില്‍ താന്‍ സംരക്ഷിക്കുന്നവര്‍ക്ക് ഭക്ഷണം നല്കാന്‍ പലപ്പോഴും മറ്റുള്ളവരുടെ മുമ്പില്‍ അവര്‍ക്കു യാചിക്കേണ്ടി വന്നു. കടുത്ത ഒറ്റപെടലുകളുടെ ആ നാളുകളെ, ഇരുണ്ട രാത്രികള്‍ എന്നായിരുന്നു അവര്‍ വിശേഷിപ്പിച്ചത്. പക്ഷെ വിശക്കുന്നവരെയും നഗ്‌നരെയും ഭവനരഹിതരെയും അന്ധരെയും രോഗികളെയുമൊന്നും കണ്ടില്ലെന്നു നടിക്കാന്‍ അവര്‍ക്കായില്ല. അങ്ങനെ 1950 ഒക്ടോബര് 7-നു മിഷണറീസ് ഓഫ് ചാരിറ്റി രൂപീകൃതമായി. 13 അംഗങ്ങളുമായി തുടങ്ങിയ മിഷണറീസ് ഓഫ് ചാരിറ്റിയില്‍ 1990 ആയപ്പോഴേക്കും ഏതാണ്ട് 4000 അംഗങ്ങള്‍ ഉണ്ടായിരുന്നു.

 

1952-ല്‍ നിര്‍മല്‍ ഹൃദയ എന്ന അശരണര്‍ക്കായുള്ള ആദ്യ ഭവനം ആരംഭിച്ചു. പിന്നീട് കുഷ്ഠരോഗികള്‍ക്കു മാത്രമായി ശാന്തിനഗര്‍ സ്ഥാപിതമായി. 1955 ആയപ്പോഴേക്കും ചേരികളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെ ശിശുഭവന്‍ രൂപീകൃതമായി.

 

ജീവിതത്തിലുടനീളം വിവാദങ്ങള്‍ അവരെ വിട്ടൊഴിഞ്ഞിരുന്നില്ല. മരണശേഷവും അതു തുടര്‍ന്നു എന്നും പറയാം. മനുഷ്യ സേവനത്തിന്റെ പേരില്‍ മതംമാറ്റം നടത്തുന്നു എന്നതായിരുന്നു തുടക്കത്തില്‍ നേരിട്ട വിവാദം. അതു പിന്നീട് സംഘര്‍ഷങ്ങള്‍ക്കും അവരെ വധിക്കാനുള്ള ശ്രമത്തിലേക്കും വരെ എത്തപ്പെട്ടു. ഇന്ദിരാ ഗാന്ധിയുമായുണ്ടായ ബന്ധവും അടിയന്തിരാവസ്ഥയെ അനുകൂലിച്ചതും വീണ്ടും വിവാദങ്ങളുണ്ടാക്കി. മിഷണറീസ് ഓഫ് ചാരിറ്റിയുടെ ആശ്രമങ്ങളില്‍ മോശം ചികിത്സാരീതിയാണ് പിന്തുടരുന്നെന്ന മറ്റൊരു വിവാദവും ഉണ്ടായി. ഭ്രൂണഹത്യയോടും ഗര്‍ഭ നിരോധനോത്തോടും ഉണ്ടായിരുന്ന കടുത്ത എതിര്‍പ്പ് അവര്‍ക്കു പ്രതിസന്ധികളുണ്ടാക്കി. രാഷ്ട്രീയ നേതാക്കളുമായുണ്ടായിരുന്ന ബന്ധങ്ങളും കണക്കില്ലാത്ത ധനസ്രോതസ്സുകളും ചോദ്യം ചെയ്യപ്പെട്ടു. അവസാനം 2003-ല്‍ വാഴ്ത്തപ്പെട്ടവളായി ഉയര്‍ത്തപ്പെട്ടതിനെ ചൊല്ലി ഉണ്ടായ എതിര്‍പ്പ് വരെ എത്തി നില്‍ക്കുന്നു വിവാദങ്ങള്‍.

 

1962 പദ്മശ്രീയും 1972-ല്‍ ഭാരതരത്‌നയും നല്‍കി രാജ്യം അവരെ ആദരിച്ചു. 1979-ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കി ലോകവും അവരെ ആദരിച്ചു. 1997-ല്‍ സെപ്റ്റംബര്‍ അഞ്ചിന് കര്‍മ്മനിരതമായ ആ ശ്രേഷ്ഠ ജീവിതത്തിനു പരിസമാപ്തിയായി. ഇപ്പോള്‍ വിശുദ്ധ പദവിയും. 

 

(ദിവ്യ മൈസൂരില്‍ ഓണ്‍ലൈന്‍ വഴി ടെറകോട്ട ബിസിനസ് ചെയ്യുന്നു)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍