UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മദര്‍ തെരേസ കല്ലെറിയപ്പെടുമ്പോള്‍

Avatar

വിദ്യാഭൂഷണ്‍ റാവത്ത്
(വിവര്‍ത്തനം: ബച്ചു മാഹി)

മദര്‍ തെരേസയുടെ ആത്മീയതയോടോ ദൈവരാജ്യത്തോടോ മതിപ്പില്ലെങ്കിലും തന്റെ വിശ്വാസം പ്രചരിപ്പിക്കാന്‍ അവര്‍ക്ക് എല്ലാ സ്വാതന്ത്ര്യവും ഉണ്ടെന്നതില്‍ തര്‍ക്കമില്ല. തോക്കോ വടിയോ കൊണ്ടല്ലല്ലോ അവരത് ചെയ്തത്. പാവങ്ങളില്‍ പാവങ്ങളെ അവര്‍ ‘രാജ്യ’ത്തിലേക്ക് കൊണ്ട് വന്നു. ഗുരുക്കളും തന്ത്രിമാരും നിങ്ങള്‍ക്കൊപ്പം ഇരിക്കണമെങ്കില്‍ ആദ്യം ജാതി ചോദിക്കുന്ന, തൊട്ടുകൂടായ്മ അക്ഷരാര്‍ഥത്തില്‍ നിലനില്‍ക്കുന്ന ഒരു രാജ്യത്ത് മദറിന്റെ സ്‌നേഹമെന്നത് വിസ്മയകരമാം വിധം വ്യത്യസ്തമായിരുന്നു. നാം തൊടാന്‍ അറക്കുന്ന, വെറുക്കുന്ന ചില ജനവിഭാഗങ്ങളെപ്പോലും അവര്‍ സ്‌നേഹിച്ചു.

പുരോഹിതരെയും സംഘികളെയും എന്തിന് യുക്തിവാദികളെപ്പോലും എടുത്താല്‍, അങ്ങനെ ചെയ്യുന്നതായിട്ട് മറ്റാരുണ്ട് വേറെ? അസമത്വം വാഴുന്ന നമ്മുടെ ലോകത്ത് ഒരു വൈകാരിക സ്പര്‍ശം ജനങ്ങള്‍ക്ക് ആവശ്യമുണ്ട്; അവരുടെ വേദനകളും വേവലാതികളും ഇറക്കി വയ്ക്കുന്ന ഒരത്താണി. നമ്മില്‍ എത്ര പേര്‍ക്ക് കഴിയും അതിന്? ഔന്നത്യമുള്ളവനെ മാത്രം ആദരിക്കുകയും പതിതനെ ചവിട്ടിയരയ്ക്കുകയും ചെയ്യുന്ന നിര്‍ദ്ദയമായ ഒരു സമൂഹത്തില്‍, അംബേദ്കര്‍ അഭിപ്രായപ്പെട്ടത് പോലെ, നാം ഒറ്റപ്പെടലിന്റെ ക്ലേശം സഹിക്കുന്നു. മദറിന്റെ വിശ്വാസത്തെ ഞാന്‍ വരിക്കുന്നില്ല. എന്നാല്‍ അവരില്‍ കുറ്റം കാണുന്നവര്‍ക്ക് എന്തുകൊണ്ട് അവര്‍ ചെയ്തത് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല? പതിതര്‍ക്കും സ്‌നേഹവും സാന്ത്വനവും ലഭിക്കാന്‍ അവകാശമുണ്ട്. ‘മതമുക്ത’മായ കാരുണ്യവൃത്തികളും മാനുഷിക ഇടപെടലുകളും താഴെത്തട്ടിലാണ് ആവശ്യമെന്ന് വലിയ വായില്‍ മതേതരത്വം പറയുന്നവരും ചിന്തിക്കേണ്ടതുണ്ട്. 

ബ്രാഹ്മണ പൗരോഹിത്യത്തിന് സര്‍വ്വാധിപത്യം കല്‍പിക്കുന്ന വ്യവസ്ഥയില്‍ വാര്‍ത്തെടുക്കപ്പെട്ട ഹിന്ദുത്വസംഘങ്ങള്‍ ആകട്ടെ, വെറുപ്പിന്റെ ഭാഷ മാത്രം സംസാരിക്കുന്നവര്‍ ആണ്. സ്‌നേഹം അവര്‍ക്ക് അന്യമായ വികാരമാണ്. ഹിന്ദുത്വ സ്‌നേഹത്തിന്റെ ഭാഷയല്ല, ഭീതിയുടെയും ഭീകരതയുടെയും ഭാഷയാണ് സംസാരിക്കാറ്. മദറിന്റെ സ്‌നേഹത്തിലേക്ക്, അതവരുടെ വിശ്വാസമോ അജ്ഞതയുടെ ആഘോഷമോ ആകട്ടെ, പോകണമോ എന്നത് ജനങ്ങള്‍ തീരുമാനിച്ചോട്ടെ. അനാഥരെയും അശരണരെയും ‘അജ്ഞത ആഘോഷിക്കുന്ന’വരുടെ കരങ്ങളിലേക്ക് വിട്ടുകൊടുത്ത് യുക്തിവാദികളും മാനവികവാദികളും മതേതരരും നാഗരിക മധ്യവര്‍ഗ്ഗത്തിന്റെ വിരുന്നുമുറി ചര്‍ച്ചകളില്‍ അഭിരമിക്കുമ്പോള്‍, മതജീവിതം നയിക്കുന്നവരാണ് പലപ്പോഴും എന്തെങ്കിലും ചെയ്യുന്നത്. ഇവിടെ മദറിന്റെ മതാത്മകത ചോദ്യം ചെയ്ത് രംഗത്തുള്ളത് മാനവികവാദികളോ യുക്തിവാദികളോ അല്ല, വിദ്വേഷത്തിന്റെ പ്രചാരകര്‍ ആയ സംഘപരിവാര്‍ ആണെന്നത് ഒരു ഐറണി ആണ്. മതേതരത്വം എന്നത് നമ്മുടെ ജീവിതരീതി ആകേണ്ടതുണ്ട്; സാമൂഹ്യ മുന്നേറ്റങ്ങളുടെയും ജനകീയ ഇടപെടലുകളുടെയും ഭാഗമാകേണ്ടതുണ്ട്. അത് കേവലം സൈദ്ധാന്തിക തലത്തില്‍ മാത്രം ഒതുങ്ങി നിന്നാല്‍ നമ്മുടെ മുന്നേറ്റങ്ങള്‍ ഒക്കെയും, വെറുപ്പും പരനിന്ദയും മാത്രം ഇന്ധനമാക്കുന്ന, യാതൊരു സംവാദ സാദ്ധ്യതകളും ഉള്‍ക്കൊള്ളാത്ത വലത് വൈതാളികരുടെ കരങ്ങളില്‍ അവസാനിക്കുമെന്ന് ഞാന്‍ ഭയക്കുന്നു.

(ഡല്‍ഹി സ്വദേശിയാണ് ലേഖകന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍