UPDATES

സ്വാമി സംവിദാനന്ദ്

കാഴ്ചപ്പാട്

സ്വാമി സംവിദാനന്ദ്

ന്യൂസ് അപ്ഡേറ്റ്സ്

അവര്‍ പതിതരുടെ കണ്ണീരൊപ്പുമ്പോള്‍ സന്യാസി(നി)കളേ, നിങ്ങളെവിടെയായിരുന്നു?

മദർ തെരേസയുടെ കല്‍ക്കട്ടയിലെ പ്രസ്ഥാനത്തിൽ പോയിട്ടുണ്ട്. രാമകൃഷ്ണ മിഷനും വിവേകാനന്ദ സ്വാമിയും ലോകം കീഴടക്കിയ ഓർമ്മയിലാണ് കല്‍ക്കട്ടയിൽ പോയതെങ്കിലും അവിടെ അവരുടെ പ്രസ്ഥാനം ചെയ്യുന്ന സേവന പ്രവർത്തനങ്ങളെ മദർതെരേസ ചെയ്യുന്നതുമായി താരതമ്യപ്പെടുത്തുവാന്‍ വയ്യാതെ അത്ഭുതപ്പെട്ടിട്ടുണ്ട്. ആദ്ധ്യാത്മികതയെന്നാൽ മാനവ സേവയാണെന്നും മാനവസേവ തന്നെയാണ്‌ മാധവ (ഈശ്വര) സേവയെന്നും സന്യാസിമാരുൾപ്പടെയുള്ള സകല ഭക്തന്മാരും ഉറക്കെപറയുമ്പോൾ ഇന്ത്യയിൽ നിന്നും അത്തരമൊന്നായ് ലോകത്തിനു മുന്നിൽ ഉയർത്തിക്കാട്ടാനുള്ള ആദ്യ നാമങ്ങളിലൊന്ന് മദർ തെരേസയാണ്‌. 

വിവേകാനന്ദ സ്വാമിയും രാമകൃഷ്ണ പരമഹംസരുമൊക്കെ ആദ്ധ്യാത്മിക സിംഹങ്ങളെന്ന് വാഴ്ത്തുന്ന നാട്ടിൽ കഷ്ടപ്പെടുന്നവരെ സഹായിക്കാൻ വന്ന അമ്മയ്ക്ക് ആവശ്യത്തിലധികം ആൾക്കാരെ അവിടെ കണ്ടെത്താൻ കഴിഞ്ഞു. കാരണം അന്നും ഇന്നും കല്‍ക്കട്ടയുടെ തെരുവുകളിൽ കല്‍ക്കട്ടയുടെ ജീസസ്സുമാർ അന്നത്തിനായ് പിച്ചതെണ്ടുന്നുണ്ടായിരുന്നു. പെൺകുട്ടികൾ പാലങ്ങൾക്കും, പീടിക വരാന്തയിലും, സോനഗച്ചിയിലൊന്നുമല്ലാതെ ഇരുളിന്റെ മറവിൽ വിലകുറഞ്ഞ മേക്കപ്പ് തേച്ച ശരീരത്തിലേക്ക് പുരുഷഭാരം കൈയ്യേല്ക്കുന്നുണ്ട്. മദർ തെരേസ തെരുവിലാണ് പ്രവർത്തിച്ചത്.  തീർച്ചയായും അതിൽ കുറച്ചു പേരെ സ്വന്തം മതത്തിലേക്ക് എത്തിക്കുവാനും അവരുടെ സല്‍ക്കർമ്മങ്ങൾക്ക് കഴിഞ്ഞു. ചോദ്യമിതാണ്; ആ സമയത്ത് ഇതേ ആൾക്കൂട്ടങ്ങൾ ഹിന്ദുക്കളിലും ഉണ്ടായിരുന്നു. കുഷ്ഠരോഗികളും ദരിദ്രരും ചേരികളിൽ ഉണ്ടായിരുന്നു. നിങ്ങളെന്തേ അവരെ കാണാതെ പോയി? മദർ തെരേസ ചെയ്ത അതെ പ്രവൃത്തി ചെയ്യാൻ ഇന്ത്യയിലെ ഒരു സന്യാസിയും സന്യാസിനിയും എന്തേ തയ്യാറായില്ല?

മദർ തെരേസ ഇതേ സേവനം ചെയ്ത കാലയളവിൽ ഇന്ത്യൻ സന്യാസിമാർ വിദേശങ്ങളിൽ വലിയ ആശ്രമങ്ങൾ പടുത്തുയർത്തുകയായിരുന്നു. ഹിന്ദുമതത്തിലേക്ക് ആളെ ചേർക്കുകയായിരുന്നു. മഹർഷി മഹേഷ് യോഗി, പ്രഭുപാദർ, സ്വാമി രാമ, സ്വാമി മുക്താനന്ദ അങ്ങനെയെത്രയെത്ര ആൾക്കാർ. അവർക്കൊക്കെ മദറിന്റെ സ്ഥാപനത്തിനുള്ളതിനേക്കാള്‍ പണം കൈവശമുണ്ടായിരുന്നു. അവരെന്തു ചെയ്തു എന്നറിയാനും കൗതുകമില്ലെ? 92- ലധികം റോൾസ് റോയ്സ് കാറുണ്ടായിരുന്ന ഓഷോയും റോൾസ് റോയ്സ് കാറിൽ ഇന്ത്യയിൽ സഞ്ചരിച്ച പരമ ഹംസ യോഗാനന്ദനും മാത്രമാവരുത് സന്യാസി എന്ന നിലയിൽ ഭാരതത്തിൽ നിന്നും ലോകം അറിയേണ്ടത്. ആദ്ധ്യാത്മിക രംഗത്ത് സേവന തല്പരർ കൂടിയുണ്ടാവണം എന്നോർമ്മിപ്പിക്കാൻ മദർ തെരേസ കൂടിയിരിക്കട്ടെ. 

മദറിനു നേരെയുള്ള പ്രധാന ആരോപണം വന്നത് വിദേശത്ത് നിന്നുതന്നെയാണ്. ഹെയ്തിയിൽ നിന്നും വന്ന സംഭാവനയുമായി ബന്ധപ്പെട്ട്. എന്തായാലും നന്മ ചെയ്യുന്നവർക്ക് നേരെ ഒത്തിരി വിമർശനങ്ങൾ ഉണ്ടാവും. അത്തരം വിമർശനങ്ങൾക്ക് മദറും ഇരയാവുമ്പോൾ തീർച്ചയായും അത് നല്ലതിനാണെന്ന് കരുതാം. കാരണം ഒരു സുപ്രഭാതത്തിൽ ഒരാളുടെ വിമർശനം ഒന്നുകൊണ്ട് മാത്രം മദർ ചെയ്ത ആയിരക്കണക്കിന് കാരുണ്യ പ്രവൃത്തികളിലേക്ക് ഒന്നുകൂടി കണ്ണോടിക്കാനായി. തീർച്ചയായും ഒരു പ്രസ്ഥാനമെന്ന നിലയിൽ മിഷണറീസ് ഓഫ് ചാരിറ്റീസ് മതപരിവർത്തനത്തിനു പ്രോത്സാഹനം നല്കുന്നുണ്ടാവും. ഹരേകൃഷ്ണ പ്രസ്ഥാനം നൂറ് കണക്കിന് ക്രിസ്ത്യാനികളെ ഹിന്ദുക്കളാക്കി കൊണ്ടിരിക്കുന്നു. അതിന്റെ എത്രയോ മടങ്ങ് ഉത്തരേന്ത്യയിൽ ക്രിസ്ത്യൻ മിഷണറിമാർ മതപരിവർത്തനം ചെയ്യുന്നുണ്ട്. എനിക്ക് നേരിട്ട് പരിചയമുള്ള പ്രദേശങ്ങളിൽ കാഷായ വേഷത്തിൽ ക്രിസ്ത്യൻ മിഷണറിമാർ യേശുബാബ എന്ന പേരിൽ മത പരിവർത്തനം മാത്രം ലക്ഷ്യമിട്ട് സാമൂഹ്യ സേവനം ചെയ്യുന്നത് അന്നും ഇന്നും കാണുന്നുണ്ട്. അതില്ലാതാവാൻ ഒരേ ഒരു മാർഗ്ഗം എതിർക്കുന്നവർ സമാന സ്വഭാവത്തിലുള്ള സാമൂഹ്യ സേവനങ്ങളിലൂടെ പാവപ്പെട്ട ജനങ്ങൾക്ക് അത്താണിയാവുക എന്നുള്ളതാണ്. 

ആരും വെറുതെ മതം മാറുന്നതല്ല. ആർക്കും വേണ്ടാത്തവരെ ശ്രദ്ധിക്കാൻ ആളുവരുമ്പോൾ അതിനെ കൈയ്യേല്ക്കുന്നതാണ്. യൂറോപ്പിൽ ദരിദ്രരൊന്നുമല്ല ഹിന്ദുമതം സ്വീകരിക്കുന്നത്. ഇന്ത്യയിൽ ധനികരൊന്നുമല്ല ക്രിസ്തുമതവും സ്വീകരിക്കുന്നത്. അപ്പോൾ നല്ലത് ചെയ്യുന്നവർക്കൊപ്പം പോകാൻ ആളുണ്ടാവുക സ്വാഭാവികമാണ്. കാലാന്തരത്തിൽ വിമർശനവും പ്രശംസയും വരുന്നതും ക്ഷമയോടെ കാണുക. നല്ലതേ നിലനില്‍ക്കൂ. നല്ല വാക്കും നല്ല പ്രവൃത്തിയും. കാലം മദർ തെരേസയെ വിലയിരുത്തുക അവർ മാനസാന്തരം നടത്തി ക്രിസ്തുമതത്തിൽ ചേർത്തവരെ അളന്നായിരിക്കില്ല. സ്വയം മെഴുകുതിരിയായ് ഉരുകി അവശർക്കും അശരണർക്കും രോഗികൾക്കും അത്താണിയായ പാവങ്ങളുടെ അമ്മയായിട്ട് തന്നെയായിരിക്കും. അതിനു മുകളിൽ കറ പതിപ്പിക്കാൻ നിലവിൽ ഒരു ശക്തിക്കും സാദ്ധ്യമാവില്ല. കാരണം അവർ പിൻപറ്റി വന്നത് ആദ്ധ്യാത്മിക മൂല്യങ്ങളാണ്. അപര നിരാസത്തിന്റെതല്ല. അപരനുവേണ്ടി അഹർ നിശം പ്രവൃത്തി ചെയ്യുന്നതിന്റെതാണ്. ഭാരത സന്യാസിമാർ മറന്നിരുന്ന സേവന പ്രവൃത്തികളെ ഇങ്ങനെ ചെയ്യണം എന്നോർമ്മിപ്പിക്കാനുള്ള പുനരവതാരമായി മാത്രം മദർ തെരെസയെ കരുതിയാൽ മതി.

സ്വാമി സംവിദാനന്ദ്

സ്വാമി സംവിദാനന്ദ്

ഹരിദ്വാര്‍ അഭേദഗംഗാമയ്യാ ആശ്രമത്തിന്റെ മഹന്ത്. തൃപ്പൂണിത്തുറ സംസ്‌കൃത കോളേജ്, കാശി, ഹരിദ്വാര്‍, ഋഷികേശ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ദൈവത്തോറ്റം, അഭയാര്‍ത്ഥിപ്പൂക്കള്‍ എന്നീ രണ്ട് ചൊല്‍ക്കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മഞ്ഞുതാമര എന്ന പേരില്‍ 2006 മുതല്‍ കവിതാ ബ്ളോഗ് ഉണ്ട്.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍