UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മദര്‍ തെരേസയെ വാഴ്ത്താം, പുകഴ്ത്താം; പക്ഷെ, വിമര്‍ശിക്കരുത്

അനുമോദനമാകാമെങ്കില്‍ വിമര്‍ശനവും ആകാം. പുകഴ്ത്താമെങ്കില്‍ ഇകഴ്ത്താം. കൈയ്യടിക്കാമെങ്കില്‍ കൂവുകയും ആകാം. ഇതെല്ലാം ജനാധിപത്യത്തില്‍ സര്‍വ്വസാധാരണം. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും ഇതിനപവാദമല്ല. അവരത് ജനാധിപത്യത്തിന്റെ രീതിയായിത്തന്നെ എടുത്തുകൊള്ളും.

പക്ഷെ, മതനേതാക്കളുടെ കാര്യത്തില്‍ ഈ ജനാധിപത്യം പാടില്ല. അവരൊക്കെ വിമര്‍ശനങ്ങള്‍ക്ക് അതീതരാണ്. പുകഴ്ത്തലും വാഴ്ത്തലും എത്ര വേണമെങ്കിലും ആകാം. പ്രസാദിയ്ക്കും. മതത്തില്‍ തുല്യതയില്ല. സമന്മാരില്ല. ഒരാള്‍ മറ്റൊരാള്‍ക്കു താഴെ. അല്ലെങ്കില്‍ മുകളില്‍. ആത്മാവും പരമാത്മാവും ഒന്നാണെന്നു പറയുമ്പോഴും നീയും ഞാനും ഒന്നാണെന്നു പറയുമ്പോഴും പ്രപഞ്ചം തന്നെ ഞാനാണെന്നറിയുമ്പോഴും  ഞാന്‍ നിന്റെ വിമര്‍ശനത്തിനതീതനാണ് എന്ന് ഓരോ പുണ്യാത്മാവും കരുതുന്നു. ഇതാണ് മതത്തിന്റെ നുണ. മതനേതാക്കളുടേയും.

മദര്‍തെരേസയെ വാഴ്ത്താം. പുകഴ്ത്താം. പക്ഷെ, വിമര്‍ശിച്ചുകൂടാ. അതു തെറ്റാണ്. അപലപനീയമാണ്. വിമര്‍ശിക്കുന്നത് മോഹന്‍ ഭഗവത്താണെങ്കില്‍, അതില്‍ hidden agenda ഉണ്ടെന്നത്  തീര്‍ച്ചയാണത്രെ. തിരിച്ചും അങ്ങനെ തന്നെ. മോഹന്‍ ഭഗവതിന് ആരേയും വിമര്‍ശിയ്ക്കാം. മോഹന്‍ ഭഗവതിനെ ആര്‍ക്കും വിമര്‍ശിച്ചുകൂടാ. രാഷ്ട്രീയ സ്വയം സേവക് സംഘ് എന്നാല്‍ ഹിന്ദുത്വ സ്വയം സേവക്‌ സംഘ് ആണെന്ന് പറഞ്ഞുകൂടാ. ഹിന്ദുത്വ സ്വയം സേവക് സംഘ് എന്നാല്‍ ബ്രാഹ്മണ്യ സ്വയം സേവക് സംഘ് ആണെന്ന് പറഞ്ഞുകൂടാ. 

ഭഗവത് പറഞ്ഞത് മദര്‍ തെരേസയുടെ സാമൂഹ്യപ്രവര്‍ത്തനത്തില്‍ പോലും മിഷനറിയുടെ മതപരിവര്‍ത്തനത്തിന്റെ ലക്ഷ്യമുണ്ടായിരുന്നു എന്നാണ്. എന്തിനാണ് അതിന്‍മേല്‍ ഇത്രയേറെ വിമര്‍ശനം ഉണ്ടായത് എന്ന് മനസ്സിലാകുന്നില്ല. മിഷണറിമാരുടെ ലക്ഷ്യം മതപരിവര്‍ത്തനം തന്നെയാണ്. അതിനവര്‍ പല മാര്‍ഗ്ഗങ്ങള്‍ തിരഞ്ഞെടുക്കുന്നു. തെരേസ സാമൂഹ്യപ്രവര്‍ത്തനം തിരഞ്ഞെടുത്തു. സാമൂഹ്യപ്രവര്‍ത്തനം തെരേസയുടെ ലക്ഷ്യമാണെന്ന് കരുതുന്നിടത്താണ് പിശക്. അത് ഒരു ഉപകരണം മാത്രം. ലോകത്ത് ജീവിക്കുന്ന ഒരു ക്രിസ്ത്യാനിയ്ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ പുണ്യകര്‍മ്മം മറ്റൊരാളിനെക്കൂടെ ക്രിസ്തുമത വിശ്വാസത്തിലേക്ക്  എത്തിക്കുക എന്നതാണെന്ന് ഏതു ക്രിസ്ത്യാനിയ്ക്കാണ് അറിഞ്ഞുകൂടാത്തത്?

അതുകൊണ്ടുതന്നെ അതിന്‍മേല്‍ ഒരു ചര്‍ച്ചയുടെ ആവശ്യമില്ല. സൂര്യന്‍ ഉദിക്കുന്നത് – ഉദിയ്ക്കുന്നുണ്ടെങ്കില്‍ – അത് കിഴക്കുതന്നെ. ചര്‍ച്ച വേണ്ടത്, വാസ്തവത്തില്‍ തെരേസ ചെയ്ത സാമൂഹ്യപ്രവര്‍ത്തനത്തെക്കുറിച്ചാണ്.

ആതുരസേവനം ആയിരുന്നു തെരേസയുടെ  കര്‍മ്മമേഖല. അതിനുവേണ്ടി തിരഞ്ഞെടുത്തത്  കല്‍ക്കട്ടയിലെ തെരുവുകളും. പതിനെട്ടാമത്തെ വയസ്സില്‍, 1929 ജനുവരി ആറാം തീയതിയാണ് തെരേസ Order of Loreto യുടെ കന്യാസ്ത്രീയായി കല്‍ക്കട്ടയില്‍ എത്തിയത്. പിന്നീടാണ്‌ Missionaries of Charity സ്ഥാപിച്ചത്. 68 വര്‍ഷങ്ങള്‍ക്കുശേഷം ലോകത്തിലെ മഹദ്‌വ്യക്തികള്‍ കല്‍ക്കട്ടയില്‍ ഒത്തുകൂടി. അത് നൊബേല്‍ ജേതാവായ തെരേസയുടെ മരണാനന്തരചടങ്ങുകളില്‍ പങ്കെടുക്കാന്‍ വേണ്ടിയായിരുന്നു. മരിക്കുന്ന സമയത്ത് 123 രാജ്യങ്ങളിലായി 600 സ്ഥാപനങ്ങള്‍ Missionaries of Charity യുടെ കീഴില്‍ ഉണ്ടായിരുന്നു.

തെരേസ ചെയ്ത ആതുരസേവനങ്ങള്‍ എന്തായിരുന്നു? എന്തായിരുന്നു അവയുടെ സ്വഭാവം? എവിടെ നിന്നാണ് ഇത്രയേറെ പണം തെരേസയ്ക്ക് ലഭിച്ചത്? ആ പണം എന്തു ചെയ്തു? തെരേസ യഥാര്‍ത്ഥത്തില്‍ സ്‌നേഹിച്ചത് ദരിദ്രരെയായിരുന്നോ? അതോ ദാരിദ്ര്യത്തെയായിരുന്നോ? വേദനിയ്ക്കുന്നവരെ കണ്ടെത്തിയ തെരേസയുടെ കരങ്ങള്‍ അവരുടെ വേദനയ്ക്കു പരിഹാരം കണ്ടെത്തിയോ? തെരേസ കണ്ടെത്തിയ അശരണരും പീഢിതരുമായ മനുഷ്യര്‍ ശാന്തരായാണോ മരിച്ചത്? ഇത്തരം നൂറുനൂറു ചോദ്യങ്ങള്‍, എന്തുകൊണ്ടോ നമ്മുടെ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ല.

എന്നാല്‍, തെരേസയെക്കുറിച്ച്, അവരുടെ കര്‍മ്മമണ്ഡലത്തെക്കുറിച്ച്, അവരുടെ പ്രവര്‍ത്തന രീതികളെക്കുറിച്ച് ഒക്കെ വിദേശരാജ്യങ്ങളില്‍ ഗൗരവമാര്‍ന്ന ഗവേഷണങ്ങളും പഠനങ്ങളും അപഗ്രഥനങ്ങളും നടക്കുന്നു. ഈ ലേഖനം ആ പഠനങ്ങളെ ആധാരമാക്കിയുള്ളതാണ്. ലോകപ്രശസ്തമായ Stern മാഗസിന്‍ (ജര്‍മ്മനി) Daily Mirror ദിനപത്രം (ബ്രിട്ടന്‍) ലോകപ്രശസ്ത മെഡിക്കല്‍ ജേര്‍ണലായThe Lancet (ലണ്ടന്‍, ന്യൂയോര്‍ക്ക്) എന്നീ പ്രസിദ്ധീകരണങ്ങളും മോണ്‍ട്രിയല്‍ സര്‍വ്വകലാശാല മനശാസ്ത്രവിഭാഗത്തിലെ Prof. Serge Larivee യും Prof. Genevieve Chernard ഉം ചേര്‍ന്ന് നടത്തിയ പഠനവും Christopher Hitchensഎന്ന ലോകപ്രശസ്ത പത്രപ്രവര്‍ത്തകന്റെ  The Missionary Position എന്ന പുസ്തകവുമാണ് ഞാന്‍ ഈ ലേഖനത്തിന് ഉപയോഗിക്കുന്നത്. ഇവയുടെ അടിസ്ഥാനത്തില്‍ തെരേസയുടെ ആതുരസേവനം അത്ര മെച്ചമായിരുന്നില്ല. പണത്തിന്റെ സ്രോതസ്സും കണക്കുകളും ഉപയോഗവും സുതാര്യമല്ലായിരുന്നു. വേദനിയ്ക്കുന്നവര്‍ തെരേസയുടെ ഗൃഹങ്ങളില്‍ കൂടുതല്‍ വേദനിച്ചു. തെരേസ ദരിദ്രരെ സ്‌നേഹിച്ചിരുന്നില്ല. സ്‌നേഹിച്ചത് ദാരിദ്ര്യത്തെയായിരുന്നു. ആരുടെ വേദനയും തെരേസയുടെ കരളലിയിപ്പിച്ചില്ല. വേദനകള്‍ തെരേസയെ സന്തോഷിപ്പിച്ചതേയുള്ളു. ആതുര സേവനം ഒരിക്കലും തെരേസയുടെ ലക്ഷ്യമായിരുന്നില്ല. വേദനിയ്ക്കുന്നവരെ വേദനിയ്ക്കാന്‍ വിട്ടുകൊടുത്ത തെരേസ സ്വന്തം രോഗശമനത്തിനായി ലോകത്തിലെ ഏറ്റവും മികച്ച ആശുപത്രിയില്‍ ചികിത്സ തേടി.

തെരേസയും വേദനയും
* വേദന സുന്ദരമാണെന്ന് തെരേസ വിശ്വസിച്ചിരുന്നു. അവരുടെ വിശ്വാസം അവര്‍ പ്രചരിപ്പിച്ചു. ”മരിക്കാനുള്ള ഗൃഹങ്ങള്‍” എന്നാണ് തെരേസയുടെ പല ഗൃഹങ്ങളേയും അവിടെ സന്ദര്‍ശിച്ച ഡോക്ടര്‍മാര്‍ വിശേഷിപ്പിച്ചിരുന്നത്.  വൃത്തിഹീനമായ ചുറ്റുപാടില്‍, മരുന്നോ വേദന സംഹാരികളോ ഇല്ലാതെ, വേണ്ടത്ര ആഹാരം,  വേണ്ട പരിചരണം ഇല്ലാതെ, അന്തേവാസികള്‍ മരണം കാത്തുകിടക്കുന്നു. ”ദരിദ്രര്‍ സ്വന്തം ദാരിദ്ര്യത്തോട് വേദനയോടെ സമരസപ്പെടുന്നതും അവര്‍ ക്രിസ്തുവിനെപ്പോലെ വേദനിയ്ക്കുന്നതും കാണുന്നതില്‍ സൗന്ദര്യമുണ്ട്.” എന്ന് തെരേസ പറഞ്ഞതായി Christopher Hitchens രേഖപ്പെടുത്തുന്നു.

* ”അശരണര്‍ക്കുവേണ്ടിയുള്ള ഗൃഹങ്ങള്‍ അവയുടെ ദുരന്തപൂര്‍ണ്ണമായ അന്തരീക്ഷം കൊണ്ട് നിങ്ങളെ ഞെട്ടിക്കും.” എന്നാണ്Lancetന്റെഎഡിറ്റര്‍  Robin Fox (1994) രേഖപ്പെടുത്തിയിരിക്കുന്നത്. കടുത്ത ക്ഷയരോഗികളെ മറ്റുള്ളവരില്‍ നിന്ന് മാറ്റി പാര്‍പ്പിച്ചിരുന്നില്ല. ഉപയോഗിക്കുന്നതിന് മുമ്പ് സിറിഞ്ച് തിളച്ച വെള്ളത്തില്‍ മുക്കി അണുവിമുക്തമാക്കിയിരുന്നില്ല. വേദന കൊണ്ട് പുളയുന്നവര്‍ക്ക് പോലും വേദനസംഹാര ഗുളികകള്‍ നല്‍കിയിരുന്നില്ല. ”ക്രിസ്തുവിനെപ്പോലെ വേദന അനുഭവിക്കാന്‍ കഴിയുക എന്നതാണ് ഒരാള്‍ക്ക് ലഭിക്കാവുന്ന ഏറ്റവും പുണ്യമായ സമ്മാനം” എന്ന് തെരേസ വേദനിപ്പിയ്ക്കുന്നവരെ ഓര്‍മ്മപ്പെടുത്തുമായിരുന്നു. ഒരിയ്ക്കല്‍ വേദനകൊണ്ട് പുളയുന്ന ഒരാളെ തെരേസ ആശ്വസിപ്പിച്ചത് ഇങ്ങനെയായിരുന്നു: ”നിങ്ങള്‍ വേദനിയ്ക്കുന്നു എന്നതിനര്‍ത്ഥം. ക്രിസ്തു നിങ്ങളെ ചുംബിക്കുന്നുവെന്നാണ്.” പൊട്ടിത്തെറിച്ചുകൊണ്ട് അയാള്‍ തെരേസയോട് ഇങ്ങനെ പറഞ്ഞു: ”എങ്കില്‍ നിങ്ങളുടെ ക്രിസ്തുവിനോട് എന്നെ ചുംബിയ്ക്കുന്നത് നിര്‍ത്താന്‍ പറയൂ.”

* “Organized form of neglected assistance” എന്നാണ് The Guardian എന്ന ബ്രിട്ടീഷ് പത്രം തെരേസയുടെ ആതുരസേവനത്തെ വിശേഷിപ്പിച്ചത്. Jack preger എന്ന ഡോക്ടര്‍ കുറച്ചുനാള്‍  തെരേസയുടെ ആതുരാലയത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. ജാക്ക് ഇങ്ങനെ കുറിക്കുന്നു: “If one wants to give love, understanding and care, one use sterile needles. Many of the dying in these centers do not have to be dying in a strictly medcial sense.”

* അനാഥര്‍ക്കു കൊടുത്തിരുന്ന വൈദ്യ പരിരക്ഷയും ഇത്രതന്നെ പരിതാപകരമായിരുന്നു. തെരേസയുടെ സ്ഥാപനങ്ങളില്‍ നിന്ന് കുട്ടികളെ ദത്തെടുക്കാന്‍ പോകുന്ന ജര്‍മ്മന്‍കാരോട്  Pro Infante എന്ന സ്ഥാപനത്തിന്റെ തലവന്‍ ന്യൂസ് ലെറ്ററിലൂടെ ഇങ്ങനെ ഉപദേശിച്ചു: ”കുട്ടികളുടെ വാക്‌സിനേഷന്റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. കാലഹരണപ്പെട്ടതും മോശമായ സ്ഥലത്ത് സൂക്ഷിക്കുക വഴി ഉപയോഗശൂന്യമായതുമായ വാക്‌സിനാണ് പലപ്പോഴും അവിടെ ഉപയോഗിക്കുന്നത്.”

* ഇത്തരം വിമര്‍ശനങ്ങള്‍ ഒന്നൊന്നായി വന്നപ്പോള്‍ തെരേസയുടെ ഗൃഹത്തിനു മുന്നില്‍ അവരുടെ നിര്‍ദ്ദേശപ്രകാരം ഇങ്ങനെ ഒരു ബോര്‍ഡ് തൂക്കി: “Tell them we are not here for work. We are here for Jesus. We are religious above all else. We are not social workers, no teachers, no doctors. We are nuns.”

* വേദനയെ ക്രിസ്തുവിന്റെ ചുംബനമായി കണ്ട തെരേസ പക്ഷെ, സ്വന്തം കാര്യത്തില്‍ വ്യത്യസ്തമായ നിലപാടാണ് എടുത്തത്. രോഗംവന്നപ്പോള്‍ തെരേസയെ അഡ്മിറ്റ് ചെയ്തത് ഏറ്റവും ആധുനിക സൗകര്യങ്ങളുള്ള കാലിഫോര്‍ണിയയിലെ Scripps Clinic and Research Foundation-ല്‍ ആയിരുന്നു. അവിടെ തെരേസയ്ക്ക് Palliative Care കൊടുത്തിരുന്നതായി ഔദ്യോഗിക രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. (Christopher Hitchens)

തെരേസയും പണമിടപാടുകളും
* 1980 വരെ മാത്രം തെരേസ 100 മില്യണ്‍ ഡോളര്‍ സമാഹരിച്ചിരുന്നു. ഇതില്‍ വലിയൊരു ഭാഗം ആതുരസേവന സദനങ്ങളുടെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചു. എന്നാല്‍, യഥാര്‍ത്ഥ ലക്ഷ്യമായ ആതുരസേവനത്തിന് ഉപയോഗിച്ചതാകട്ടെ, വെറും 5 ശതമാനം മാത്രം. (Prof. Larviee). 

* തെരേസയ്ക്ക് വന്‍തുകകള്‍ സംഭാവന നല്‍കിയ പലരും സമൂഹത്തോട് തിന്മ ചെയ്തവരായിരുന്നു. അവരില്‍ ഒരാളായിരുന്നു ഹെയ്തി (Haiti) രാജ്യം കൊള്ളയടിച്ചു മുടിച്ച സ്വേച്ഛാധിപതി Jean-Claude Duvalier. മറ്റൊരാള്‍ അല്‍ബേനിയയിലെ കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപതിയും ക്രൂരനുമായ Enver Hoxha. എന്നാല്‍ ഇവയില്‍ നിന്നൊക്കെ വ്യത്യസ്തവും ഹീനവുമായിരുന്നു അമേരിക്കയിലെ Lincoln Savings and Loan Association ന്റെ ചെയര്‍മാനായിരുന്ന  Charles Keating ല്‍ നിന്നുള്ള സഹായം. റിട്ടയര്‍ ചെയ്ത,  ഇടത്തരക്കാരായ, അമേരിക്കക്കാരുടെ സമ്പാദ്യം അപഹരിച്ചതിന് – ഏകദേശം 160 മില്യണ്‍ ഡോളര്‍ – ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ അന്വേഷണം നേരിട്ടുകൊണ്ടിരുന്നKeating ല്‍ നിന്ന്  ഒരു മില്യണ്‍ ഡോളര്‍ തെരേസ സംഭാവനയായി സ്വീകരിച്ചു. Keating ന്റെ വിചാരണ വേളയില്‍ Keting ഒരു നല്ല മനുഷ്യനാണെന്നും, യേശു ചെയ്യുമായിരുന്ന മാതിരി ജഡ്ജി Keating നോട് അനുകമ്പ കാണിക്കണമെന്നും കാണിച്ച് തെരേസ ജഡ്ജിനു നേരിട്ട് കത്തെഴുതി. പക്ഷേ ജഡ്ജി യേശുവിനെപ്പോലെ ക്ഷമിച്ചില്ല, Keating നെ പത്തുകൊല്ലം തടവിനു ശിക്ഷിച്ചു. മാത്രമല്ല, സാധാരണക്കാരായ മനുഷ്യരുടെ  കൈയ്യില്‍ നിന്ന് തട്ടിയെടുത്ത പണമാണ് സംഭാവനയായി  Keating തെരേസയ്ക്ക് നല്‍കിയതെന്നും, അതു കൊണ്ടുതന്നെ ആ പണം അതിന്റെ ഉടമസ്ഥര്‍ക്ക് തിരിച്ചു നല്‍കണമെന്നും ആവശ്യപ്പെട്ട്  ഡപ്യൂട്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി തെരേസയ്ക്ക് കത്തയച്ചു. കത്തിന് തെരേസ മറുപടി അയച്ചില്ല.

* തെരേസയുടെ സ്ഥാപനത്തിന്റെ ആസ്തിയെക്കുറിച്ച് വ്യക്തമായ രൂപമില്ല. ചാരിറ്റി സംഘടനകള്‍ തങ്ങളുടെ കണക്കുകള്‍ പ്രസിദ്ധീകരിക്കണമെന്നാണ് ഇന്ത്യന്‍ നിയമം. എന്നാല്‍, ഈ കണക്കുകള്‍ ലഭ്യമല്ല. കണക്കുകള്‍ ആവശ്യപ്പെട്ടുകൊണ്ട് Stern മാസിക ഇന്ത്യയിലെ ധനമന്ത്രാലയത്തിന് അയച്ച കത്തിന് അതൊക്കെ ‘Classified Information’ ആണെന്ന മറുപടിയാണ് ലഭിച്ചത്. ജര്‍മ്മനിയില്‍ സംഘടനയ്ക്ക്  6 ശാഖകള്‍ ഉണ്ട്. ഒന്നിന്റേയും കണക്കുകള്‍ ലഭ്യമല്ല.””It is nobody’s business how much money we have” എന്നാണ് ജര്‍മ്മനിയിലെ തെരേസ സ്ഥാപനങ്ങളുടെ തലവന്‍ Stern മാസികയോട് പറഞ്ഞത്. ഏറ്റവും കൂടുതല്‍ സംഭാവന ലഭിയ്ക്കുന്ന സ്ഥാപനങ്ങളില്‍ ഒന്ന്‍ ന്യൂയോര്‍ക്കിലെ Holey Ghost എന്ന തെരേസാ സ്ഥാപനമാണ്. ഒമ്പതര വര്‍ഷം സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ച സൂസന്‍ ഷീല്‍ഡ്‌സ് പറയുന്നത് ഇങ്ങനെയാണ്: ”ദിവസത്തിന്റെ നല്ലൊരു ഭാഗവും സംഭാവന അയച്ചുതന്നവര്‍ക്ക് നന്ദി രേഖപ്പെടുത്താനും ചെക്കുകള്‍ ബാങ്കിലെത്തിയ്ക്കാനുമാണ് ഉപയോഗിക്കുന്നത്. എല്ലാ രാത്രിയും 25 പേര്‍ മണിക്കൂറുകളോളം ഇതിനുവേണ്ടി പണിയെടുക്കുന്നു. ചെക്കുകളിലെ തുക അഞ്ചു ഡോളര്‍ മുതല്‍ ഒരു ലക്ഷം ഡോളര്‍ വരെ ആകാം. ക്രിസ്തുമസ് കാലത്തില്‍ സംഭാവനകള്‍ നിയന്ത്രണാതീതമാകും. 50000 ഡോളറിന്റെ സംഭാവനകള്‍ ധാരാളം. ഒരു വര്‍ഷം ഈ തുക 50 മില്യ ഡോളര്‍ വരെ എത്തി. അതൊക്കെ ന്യയോര്‍ക്കിലെ ബാങ്കിലാണ് നിക്ഷേപിച്ചത്.” ഒരു ഏകദേശ കണക്കനുസരിച്ച്  പ്രതിവര്‍ഷം 100 മില്യ ഡോളര്‍ തെരേസയുടെ  സ്ഥാപനങ്ങള്‍ക്ക്, ലോകത്താകമാനമായി, ലഭിച്ചിരുന്നു. അങ്ങനെ എത്രയോ വര്‍ഷങ്ങളില്‍! (STERN) 

* എന്നാല്‍ ഈ പണത്തിന്റെ ചിലവിനെക്കുറിച്ച് യാതൊരു കണക്കും ലഭ്യമല്ല. ചില കണക്കുകള്‍ എങ്കിലും ലഭ്യമായത് ഇംഗ്ലണ്ടില്‍ മാത്രമാണ്. അതനുസരിച്ച് വരവിന്റെ ഏഴ് ശതമാനം  മാത്രമാണ് ചെലവ്. ബാക്കി പണമോ? ഇംഗ്ലണ്ടിലെ ശാഖകളുടെ ചുമതലയുള്ള സിസ്റ്ററിന്റെ മറുപടി ഇതാണ്:””Sorry, We can’t tell you that.” ഈ പണത്തിന്റെ നിയന്ത്രണം വാസ്തവത്തില്‍, വത്തിക്കാന്‍ ബാങ്കിലാണ്. ഈ കണക്കുകളാകട്ടെ, ദൈവത്തിനുപോലും ലഭ്യമല്ല.


ക്രിസ്റ്റഫെര്‍ ഹിച്ചന്‍സ്

തെരേസയും ദാരിദ്ര്യവും അടിമചങ്ങലയും
* Missionaries of Charity യുടെ ആകെ സമ്പാദ്യം ഒരു ബില്യ ഡോളറിലേറെ വരും.UNICEF ഇന്ത്യയില്‍ ആകെ ചെലവിടുന്ന തുകയുടെ മൂന്നിരട്ടി. എന്നാല്‍, ഈ പണം ഒരിക്കലും ദരിദ്രരുടെ ദാരിദ്ര്യം മാറ്റാന്‍ വേണ്ടി ഉപയോഗിച്ചിരുന്നില്ല. തെരേസ സ്‌നേഹിച്ചിരുന്നത് ദാരിദ്ര്യത്തെയാണ്. ദരിദ്രരെ അല്ല. ദരിദ്രരുടെയും വേദനിയ്ക്കുന്നവരുടെയും കഷ്ടതകള്‍ കാണുമ്പോള്‍ തെരേസ അവരിലൂടെ ക്രിസ്തുവിനെ കാണുകയായിരുന്നു. ഇന്ത്യയെ നടുക്കിയ പ്രകൃതിദുരന്തങ്ങളോ ഭോപ്പാല്‍ ദുരന്തമോ ഉണ്ടായപ്പോഴും തെരേസ ദുരിതമനുഭവിക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം എത്തിച്ചില്ല. പകരം അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് ചെയ്തത്‌ (STERN)

* സ്ഥാപനങ്ങളിലേക്കു വരുന്ന സംഭാവനകളുടെ സ്രോതസ്സ് രേഖാമൂലവും നേരിട്ടും STERN മാസികയുടെ പത്രപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിട്ടും സഭ കൊടുത്തില്ല. സഭയുടെ പ്രവര്‍ത്തനങ്ങളില്‍ മനംനൊന്ത് സഭവിട്ടുപോയ സൂസന്‍ ഷീല്‍ഡ്‌സ് ഒരു സംഭവം ഓര്‍ക്കുന്നു: ”പണം ദുരുപയോഗിയ്ക്കുകയല്ലായിരുന്നു. എത്യോപ്യയില്‍ കടുത്ത ക്ഷാമം വന്നപ്പോള്‍ എത്യോപ്യയിലെ ദരിദ്രര്‍ക്കുവേണ്ടി എന്ന് രേഖപ്പെടുത്തിയ ധാരാളം ചെക്കുകള്‍ വന്നിരുന്നു. ചെക്കുകള്‍ എല്ലാം എത്യോപ്യയിലേക്ക് അയയ്ക്കട്ടെ എന്ന് ഞാന്‍ എന്റെ സുപ്പീരിയറോട് ചോദിച്ചു. എന്നാല്‍, നമ്മള്‍ ആഫ്രിക്കയിലേക്ക് പണം അയക്കാറില്ല എന്ന മറുപടിയാണ് കിട്ടിയത്.”

* വരുമാനം രഹസ്യമാണ്, ചിലവ് ഗൂഢവും. എന്തെങ്കിലും കാര്യത്തിന് വലിയ തുക മുടക്കിയതായി കാണുന്നില്ല. സ്ഥാപനങ്ങള്‍ ഒക്കെ തീരെ ചെറിയവയാണ്. പലതിലും അടിസ്ഥാന സൗകര്യങ്ങള്‍ പോലും കുറവാണ്. അതിനുള്ളില്‍ എന്തെങ്കിലും ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്നതിന് തെളിവില്ല. എന്നാല്‍, പണമായിട്ടും മരുന്നായിട്ടും വസ്ത്രമായിട്ടും ധാരാളം  സഹായങ്ങള്‍ സ്ഥാപനങ്ങളില്‍ മുറതെറ്റാതെ എത്തുന്നു. ഇതൊക്കെ ഏതെങ്കിലും ദരിദ്രര്‍ക്ക് കൊടുത്തതായി അറിയില്ല. കല്‍ക്കട്ട തെരുവുകളില്‍ ‘അമ്മയുടെ ഷര്‍ട്ടുകള്‍’, ‘ അമ്മയുടെ ട്രൌസറുകള്‍’ എന്ന്‍ വിളിച്ചുപറഞ്ഞുകൊണ്ട്  വഴിവാണിഭക്കാര്‍ തുണിത്തരങ്ങള്‍ വില്‍ക്കുന്നു. (STERN)

* ഒന്നിനുവേണ്ടിയും പണം മുടക്കാതിരിയ്ക്കുക എന്നത് തന്റെ ജന്മാവകാശമായി തെരേസ കണ്ടിരുന്നു. ഒരിയ്ക്കല്‍ തന്റെ കൂടെയുള്ള കന്യാസ്ത്രീകള്‍ക്കായി തെരേസ ആഹാരം വാങ്ങി. ലണ്ടനില്‍ വച്ചായിരുു സംഭവം. കടക്കാരന്‍ 500 ബ്രി’ീഷ് പൗണ്ടിന്റെ ബില്ല് കൊടുത്തപ്പോള്‍ പൊതുവേ ശാന്തയും സൗമ്യയുമായ തെരേസ അയാളോട് ഉറക്കെ കയര്‍ത്തു:  ”ഇത് ദൈവത്തിനു വേണ്ടിയുള്ള ശുശ്രൂഷയാണ്.” എന്ന്‍ തെരേസ പറഞ്ഞു. പണം കൊടുക്കാന്‍ തയ്യാറായതുമില്ല. ഇതുകണ്ടുകൊണ്ടിരു ഒരു വ്യവസായി പണം കൊടുത്ത് പ്രശ്‌നം ഒതുക്കി. തെരേസ അയാള്‍ക്ക് ദൈവത്തിന്റെ പേരില്‍ നന്ദി പറഞ്ഞു. (STERN)

* പ്രസ്ഥാനത്തിലെ ക്രിസ്ത്യാനികള്‍ കഷ്ടപ്പാടിലൂടെ മാത്രം വളരണമെന്ന്‍ തെരേസയ്ക്ക് നിര്‍ബന്ധമായിരുന്നു. ഇടുങ്ങിയ മുറികളില്‍ ഒരു കൊതുകുതിരി കത്തിയ്ക്കാന്‍ പോലും അനുവദിച്ചിരുന്നില്ല. വസ്ത്രം അലക്കാന്‍ വാഷിംഗ് മെഷീന്‍ ഇല്ലായിരുന്നു. മനിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന Livermore എന്ന കന്യാസ്ത്രീയ്ക്ക് സഭ വിട്ടുപോകേണ്ടിവന്നത് അലക്‌സ് എന്ന ദരിദ്രബാലനെ സഭയുടെ നിയമം ലംഘിച്ച് സഹായിച്ചുവെന്ന കുറ്റത്തിനാണ്. ”ശരി ചെയ്യുക എന്നതിനേക്കാള്‍ അനുസരിക്കുക എന്നതാണ് സഭയുടെ രീതി” എന്ന് Livermore പറയുന്നു. തെരേസ എപ്പോഴും ഉദ്ധരിച്ചിരുന്നത് പീറ്ററിന്റെ 2:18-23 വരെയുള്ള വാക്കുകളായിരുന്നു. അടിമകള്‍ അവരുടെ യജമാനന്‍മാരെ, അവര്‍ പറയുന്നത് നിന്ദ്യവും ബുദ്ധിമുട്ടുണ്ടാക്കുന്നതാണെങ്കില്‍ പോലും, എതിര്‍പ്പുകൂടാതെ അനുസരിക്കണം എന്നാണത്. തെരേസ ക്രിസ്തുവിന്റെ അടിമ. സഭയിലെ ക്രിസ്ത്യാനികള്‍ തെരേസയുടെ അടിമകള്‍. ദാരിദ്ര്യവും വേദനയും അതനുഭവിക്കുന്നവര്‍ക്കും, അവരെ അതനുഭവിക്കാന്‍ വിട്ടുകൊടുക്കുന്ന തെരേസയ്ക്കും  പുണ്യമാര്‍ഗ്ഗങ്ങളാണ്.

ഇത്തരം വസ്തുതകള്‍ ഒന്നും നമ്മള്‍ ഇന്ത്യക്കാര്‍ ചര്‍ച്ച ചെയ്യുന്നില്ല. നമ്മള്‍ വസ്തുതകള്‍ മനസ്സിലാക്കാതെ കൈകൂപ്പുന്നവരാണ്. വസ്തുതകള്‍ മനസ്സിലാക്കാതെ കല്ലെറിയുന്നവരാണ്. വസ്തുതകള്‍ മനസ്സിലാക്കാതെ പക്ഷം പിടിക്കുന്നവരാണ്. പക്ഷെ, വസ്തുതകള്‍ക്ക് നിറമില്ല. പക്ഷമില്ല. മതമില്ല, ദൈവവുമില്ല. ഒരു ക്രിസ്ത്യന്‍ മിഷണറിയായിട്ടും തെരേസയെക്കുറിച്ച് വസ്തുതപരമായ റിപ്പോര്‍ട്ടുകള്‍ എഴുതാനോ പഠനങ്ങള്‍ നടത്താനോ തയ്യാറായത് ക്രിസ്തുമത  വിശ്വാസികള്‍ തന്നെ. വസ്തുതകളാണ് അവരുടെ ഈശ്വരന്‍. അതുകൊണ്ടാണ് അവര്‍ക്ക്  മറ്റെന്തിനേക്കാളും – ഭൂമിയിലെ മാലാഖമാരെക്കാളും വാഴ്ത്തപ്പെട്ടവരേക്കാളും – ഏറെ വസ്തുതകളെ സ്‌നേഹിക്കാനും ബഹുമാനിക്കാനും  കഴിയുന്നത്.

എന്നാല്‍ നമ്മള്‍ ഇന്ത്യാക്കാര്‍ – സനാതനധര്‍മ്മക്കാര്‍, സത്യവും ധര്‍മ്മവും കണ്ടുപിടിച്ചവര്‍ – നമ്മള്‍ വസ്തുതകളെ ഭയപ്പെടുന്നു. നമ്മള്‍ ആത്മാവില്‍ കള്ളം നിറച്ചവരാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍