UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നീലക്കരയുള്ള വെള്ള പരുത്തി സാരി ചുറ്റിയ ആ ചെറിയ രൂപം – ഒരോര്‍മ

Avatar

പ്രിയ സോളമന്‍

രണ്ടു പതിറ്റാണ്ടുകള്‍ക്കു മുമ്പു നടന്ന ആ കൂടിക്കാഴ്ച്ചയുടെ വിശദാംശങ്ങള്‍ ഓര്‍മകളില്‍ മങ്ങിത്തുടങ്ങിയിരിക്കുന്നു. പക്ഷേ ആ പ്രത്യേക നിമിഷം ഇപ്പോഴും മറന്നിട്ടില്ല. ഒക്ടോബര്‍ അവസാനത്തിലാണ്; ക്രൂരമായ വേനലിന്റെ നിന്നും കഷ്ടിച്ച് പുറത്തുകടന്ന, പൊടിയില്‍ കുളിച്ച നഗരത്തില്‍ ശൈത്യം അതിഥിവേഷത്തില്‍ എത്തിനോക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ മഞ്ഞപ്പൂക്കളുള്ള ഒരു കുപ്പായമാണ് ഇട്ടിരുന്നതെന്ന് മങ്ങിത്തുടങ്ങിയ ഈ ഛായചിത്രം ഓര്‍മിപ്പിക്കുന്നു. 

അതിരാവിലെയുള്ള ഒരു യാത്രയായിരുന്നു. അപ്പൂപ്പനും അമ്മൂമ്മയും അമ്മായിമാരും അവരുടെ കുട്ടികളും. ഞങ്ങളെല്ലാം വലിയ സന്തോഷത്തിലായിരുന്നു; ഞങ്ങള്‍ മദര്‍ തെരേസയെ കാണാന്‍ പോവുകയാണ്! 

വരണ്ട യമുനാ നദിക്കും തിക്കും തിരക്കും നിറഞ്ഞ ബസ് ടെര്‍മിനലിനും ഏതാനും വാര അകലെയുള്ള പഴയ ഡല്‍ഹിയിലെ രണ്ടുനിലക്കെട്ടിടത്തിന് മുന്നിലെ മുറ്റത്ത് ഞങ്ങളെല്ലാം നിന്നു. വേറെയും നിരവധി പേരുണ്ട്. മിഷണറീസ് ഓഫ് ചാരിറ്റി നടത്തുന്ന പല അനാഥാലയങ്ങളില്‍ ഒന്നാണത്. ഡല്‍ഹിയിലെത്തുമ്പോള്‍ മദര്‍ താമസിച്ചിരുന്നതും സന്ദര്‍ശകരെ കണ്ടിരുന്നതും ഇവിടെയായിരുന്നു.

ഞങ്ങള്‍ കെട്ടിടത്തിന് പുറത്തുള്ള ഒരു മരത്തിന് കീഴില്‍ കാത്തുനിന്നു. മദര്‍ ഉടനെ വരുമെന്ന്‍ പ്രസന്നവദയായ ഒരു കന്യാസ്ത്രീ ഞങ്ങളോടു പറഞ്ഞു. അതാ, ഒരു വൃദ്ധയായ സ്ത്രീ, ഉയരം കുറഞ്ഞ്, വാര്‍ധക്യം ബാധിച്ച ഒരു സ്ത്രീ; നിഷ്‌കളങ്കവും വിശുദ്ധവുമായ ഒരു പുഞ്ചിരിയോടെ നടന്നുവരുന്നു!

അവരുടെ സാന്നിധ്യം അഗാധവും അപാരവുമായിരുന്നു.

വളരെ പതുക്കെയാണ് നടന്നത്. നീലക്കരയുള്ള വെള്ള പരുത്തി സാരി ചുറ്റിയ ദുര്‍ബലമായ ഒരു ചെറിയ രൂപം. പ്രകാശം പരത്തുന്ന, ദയാഭരിതമായ മിഴികള്‍. ഞങ്ങളോരോരുത്തരേയും അവര്‍ അനുഗ്രഹിച്ചു. ‘ദൈവം നിന്നെ അനുഗ്രഹിക്കട്ടെ കുഞ്ഞേ,’ കയ്യിലെ ജപമാലയില്‍ പിടിച്ചുകൊണ്ട് അവര്‍ പറഞ്ഞു.

കഷ്ടി 17 വയസുണ്ടായിരുന്ന ഞാന്‍ മദറിനു മേലെ ഒരു ഗോപുരം പോലെയായിരുന്നു നിന്നതെന്ന് ആ ചിത്രം രസകരമായി ഓര്‍മ്മിപ്പിക്കുന്നു. 

ഞങ്ങളോരോരുത്തര്‍ക്കും ബൈബിള്‍ വാക്യങ്ങള്‍ എഴുതിയ ഓരോ ചീട്ടുകള്‍ തന്നു. എനിക്കു കിട്ടിയതിന്റെ നിറം മഞ്ഞയായിരുന്നു. 

കുറച്ചു വര്‍ഷങ്ങള്‍ക്കുശേഷം ഞാനവിടെ വീണ്ടും ചെന്നു. മദറിനെ കാണാനായിരുന്നില്ല, അവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍. 1997 സെപ്റ്റംബര്‍ 5നു മദര്‍ മരിച്ചു. 

സ്‌നേഹം ഒരു ക്രിയാപദമാണ്! അവരത് ഞങ്ങള്‍ക്കു കാണിച്ചുതന്നു. എല്ലാവര്‍ക്കും അവര്‍ അമ്മയായിരുന്നു. കന്യാസ്ത്രീകള്‍ നവജാതശിശുക്കളെ നോക്കുന്നത് മനോഹരമായ കാഴ്ചയായിരുന്നു. കുഞ്ഞുങ്ങള്‍ അമ്മയുടെ മുലക്കണ്ണുകള്‍ക്കായി തപ്പുമ്പോള്‍ അവര്‍ കുഞ്ഞുകുപ്പികളില്‍ അവരെ പാലൂട്ടി. ചെറിയ ചുണ്ടുകള്‍ പിളര്‍ത്തി അവര്‍ കരഞ്ഞപ്പോള്‍ കുഞ്ഞുശരീരങ്ങളെ ചേര്‍ത്തുപിടിച്ച് ചെവികളില്‍ സാന്ത്വനത്തിന്റെ മന്ത്രങ്ങള്‍ അടക്കം പറഞ്ഞു. ഇന്നാ കുഞ്ഞുങ്ങളില്‍ പലരും കുടുംബങ്ങളെ കണ്ടെത്തി; സ്‌നേഹത്തെയും പ്രതീക്ഷയേയും കണ്ടെത്തി.

‘ലോകസമാധാനത്തെ വളര്‍ത്താന്‍ എനിക്കെന്താണ് ചെയ്യാനാവുക? വീട്ടില്‍ പോയി നിങ്ങളുടെ കുടുംബത്തെ സ്‌നേഹിക്കുക’- മദര്‍ തെരെസ. 

അത്രയ്ക്കും ലളിതമാണ്. 

മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിന് ഒരു ദിവസം മുമ്പ് ആ സ്ഥലം ഒന്നുകൂടി സന്ദര്‍ശിക്കാന്‍ ഞാന്‍ തീരുമാനിച്ചു. 

വാസ്തവത്തില്‍ ഞാന്‍ കരുതിയത് അവിടെ ആള്‍ത്തിരക്കും സുരക്ഷയും മദറിന്റെ വിശുദ്ധപ്രഖ്യാപനത്തിനെക്കുറിച്ചുള്ള ആഘോഷവുമായിരിക്കും എന്നാണ്.

എന്നാല്‍ ചുറ്റുമുള്ള ധനിക ഗൃഹങ്ങള്‍ക്കിടയില്‍ ആര്‍ഭാടരഹിതമായ അവിടം അത്തരമൊരു അടയാളവും കാണിച്ചില്ല. 

എന്നത്തേയും പോലെ ശാന്തമായിരുന്നു അവിടം. 

നവജാത ശിശുക്കളുടെയും കുഞ്ഞുങ്ങളുടെയും വിഭാഗം മാറ്റിയിരിക്കുന്നു. കുടുംബങ്ങള്‍ ഉപേക്ഷിച്ച എട്ട് വയസുവരെയുള്ള പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികള്‍ക്കായി അവിടെ ഒരു സംരക്ഷണഗൃഹമുണ്ട്.

കേന്ദ്രത്തിന്റെ മേധാവിയായ കന്യാസ്ത്രീ വിശുദ്ധ പ്രഖ്യാപന ചടങ്ങിനായി റോമിലാണ്. മറ്റുള്ളവര്‍ പ്രമേഹം മൂര്‍ച്ഛിച്ച് ആശുപത്രിയിലായ പ്രായമായ ഒരു കന്യാസ്ത്രീയെ പരിചരിക്കുന്ന തിരക്കിലാണ്. 

ഞാന്‍ കടന്നുകയറിയതുപോലെ എനിക്കുതോണി. 

ഒടുവില്‍ ഒരു കന്യാസ്ത്രീയോട് ഞാന്‍ സംസാരിച്ചു. 

എന്തു തോന്നുന്നു എന്നു ഞാന്‍ തോന്നിച്ചു. 

‘ഞങ്ങളെ സംബന്ധിച്ച് അവരെന്നും വിശുദ്ധയാണ്. ജീവിച്ചിരുന്നപ്പോള്‍ അവരൊരു ജീവിക്കുന്ന വിശുദ്ധയായിരുന്നു.’

ആഘോഷങ്ങളെക്കുറിച്ചവര്‍ പറഞ്ഞു, ‘ഒരു പ്രത്യേക നന്ദിപ്രകാശന പ്രാര്‍ത്ഥനയുണ്ടാകും. മറ്റെല്ലാവരെയും പോലെ ഞങ്ങളും ഇത് ടെലിവിഷനില്‍ കാണും.’

മടങ്ങാന്‍ നില്‍ക്കവേ, ഒരു കന്യാസ്ത്രീ കുഞ്ഞുങ്ങളോടൊപ്പം കളിക്കുകയും ചിരിക്കുകയും ചെയ്യുന്നത് ഞാന്‍ കണ്ടു. നിറയെ കുട്ടികളുള്ള മറ്റൊരു വീടുപോലെ അത് തോന്നിച്ചു. അതവരുടെ വീടാണ്. 

അരമണിക്കൂറിന് ശേഷം തിരക്കുപിടിച്ച ആ ശനിയാഴ്ച്ച വൈകുന്നേരം ജന്‍പഥിലെ മാക്‌ഡൊണാള്‍ഡ് ലഘുഭക്ഷണശാലയില്‍ ഒരു കാപ്പി കുടിക്കാനായി ഞാന്‍ നിന്നു. ഇക്കഴിഞ്ഞ ജൂണില്‍ തെരുവിലെ കുട്ടികള്‍ക്ക് പ്രവേശനം നിഷേധിച്ച ശിവ് സാഗര്‍ ഭക്ഷണശാലയുടെ തൊട്ടടുത്തായിരുന്നു അത്. ആനന്ദം നിറഞ്ഞ മുഖങ്ങളോടെ കീറിയ കുപ്പായമിട്ട് ഓടിക്കളിക്കുന്ന തെരുവില്‍ ജീവിക്കുന്ന രണ്ടു കൊച്ചു പെണ്‍കുട്ടികളെ ഞാന്‍ കണ്ടു. അവര്‍ വെള്ളം ചോദിക്കുന്നു. കാവല്‍ക്കാരനും ജീവനക്കാര്‍ക്കും പരിചിതരെപ്പോലെ തോന്നിച്ചു. കടയിലെ പയ്യന്മാര്‍ അവര്‍ക്കോരോ ഗ്ലാസ് വെള്ളം കൊടുത്തു.

ചിലര്‍ക്ക് അവരുടെ സാന്നിധ്യം അസ്വസ്ഥത ഉണ്ടാക്കുന്നതായി എനിക്കു തോന്നി. അറപ്പെന്നാണ് പറയേണ്ടത്. 

ഞാന്‍ തൊട്ടുമുമ്പ് വന്ന വീടിനെക്കുറിച്ച് അപ്പോള്‍ ഓര്‍ത്തു.

 

‘ഒരു വിളിക്കുത്തരം പറയാന്‍ ധൈര്യം വേണം, നിങ്ങളുടേതെല്ലാം നല്‍കാന്‍ ധൈര്യം വേണം, നിങ്ങളുടെ കീര്‍ത്തി അപായപ്പെടുത്താന്‍ ധൈര്യം വേണം…’

 

(ഡല്‍ഹിയില്‍ ജേര്‍ണലിസ്റ്റായ പ്രിയ അഴിമുഖം സ്ഥാപകാംഗമാണ്) 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍