UPDATES

പി സുജാതന്‍

കാഴ്ചപ്പാട്

പി സുജാതന്‍

ന്യൂസ് അപ്ഡേറ്റ്സ്

മാതൃഭാഷയെ കൊന്നു മറുഭാഷ പഠിക്കുന്നവര്‍ അഥവാ മലയാളിയെ കാത്തിരിക്കുന്ന മഹാദുരന്തം

ഒരു ടെലിവിഷന്‍ ചാനലിലെ രാഷ്ട്രീയ ചര്‍ച്ച കഴിഞ്ഞിറങ്ങിയപ്പോള്‍ തിരുവനന്തപുരത്തുനിന്ന് എന്‍.ആര്‍.എസ്. ബാബുസാര്‍ വിളിച്ചു ‘ടി.വി അവതാരകന്‍ താങ്കളെ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എന്ന് പരിചയപ്പെടുത്തുന്നതുകേട്ടു. എന്തിനും മുതിര്‍ന്ന ആള്‍ എന്നാണോ സാരം?’ അവതാരകനേക്കാള്‍ ഏതാനും വര്‍ഷം മുമ്പ് ജനിച്ചതുകൊണ്ട് സീനിയര്‍ ജേര്‍ണലിസ്റ്റ് എന്ന് വിചാരിച്ച് പരിഭാഷപ്പെടുത്തി പറഞ്ഞതാകാം. അങ്ങനെങ്കില്‍ ‘സീനിയര്‍’ എന്നങ്ങ് വിശേഷിപ്പിച്ചാല്‍ പോരെ? എന്തിന് ‘മുതിര്‍ന്ന’ എന്ന് വിളിച്ച് അപമാനിക്കണം?

സീനിയര്‍, ജൂനിയര്‍ തരംതിരിവ് എല്ലാ തൊഴിലിലും ഉണ്ട്. സീനിയര്‍ ലായേഴ്‌സ് സീനിയര്‍ സയന്റിസ്റ്റ്, സീനിയര്‍ ലീഡര്‍ എന്നുവേണ്ട സീനിയര്‍ മാന്ത്രികന്‍ വരെയുണ്ട്. അവരവരുടെ പണിയില്‍ പരിചയവും പ്രാഗല്‍ഭ്യവും ഏറിയവരെന്ന് വിചാരിച്ചാകാം ഈ വിശേഷണം. എന്നാല്‍ സീനിയറെ മുതിര്‍ന്ന എന്ന് മലയാള പരിഭാഷയില്‍ അവതരിപ്പിക്കുമ്പോള്‍ ഭാഷശ്രേഷ്ഠമാകുമെങ്കിലും അര്‍ത്ഥം അനര്‍ത്ഥമുണ്ടാക്കും. പരിഭാഷകള്‍ പാളം തെറ്റുന്ന കാലമാണിത്.

ഭാഷാ പ്രേമം മൂത്ത് എല്ലാം മലയാളീകരിക്കണമെന്ന വാശി ചിലര്‍ക്കുണ്ട്. സ്വിച്ച്, ബഞ്ച്, സ്റ്റൂള്‍ തുടങ്ങിയ നാമപദങ്ങള്‍ക്ക് പച്ച മലയാളമുണ്ടാക്കാനിറങ്ങിയ ഭാഷാ പണ്ഡിതന്മാര്‍ കോമാളികളായി മാറിയ അനുഭവം മറന്നുകൂട. ഭരണവും പഠനവും വിജ്ഞാന നിര്‍മ്മാണവും മാതൃഭാഷയില്‍ വേണമെന്ന് വാദിക്കുന്നതിന്റെ അര്‍ത്ഥം വേറെയാണ്. നേയ്ക്കഡ് ഗോഡ് എന്ന പ്രയോഗത്തിന് ഉടുതുണിയില്ലാത്ത ഉടയതമ്പുരാന്‍ എന്ന് എം. ഗോവിന്ദന്‍ ചമച്ച പരിഭാഷ ഉയര്‍ത്തിവിട്ട പരിഹാസം മലയാള സാഹിത്യ പ്രണയികള്‍ മറന്നിട്ടില്ല. മാതൃഭാഷയിലൂടെ പഠനവും ഭരണവും എന്നതിന്റ പൊരുള്‍ ഇതല്ല. ജനാധിപത്യാവകാശവും പൂര്‍ണ്ണതയും കൈവരിക്കാനുള്ള മഹത്തായ ഉദ്യമമാണത്. എല്ലാ ഭാഷയ്ക്കും അതാതിന്റെ മഹിമയുണ്ട്. എന്നാല്‍ മാതൃഭാഷയിലൂടെ വേണം പ്രധാനപ്പെട്ട വിനിമയങ്ങള്‍ നടക്കാന്‍. ഭാഷയുടെ ജനകീയതയും സംസ്‌കാരത്തിന്റെ വളര്‍ച്ചയും ജനാധിപത്യാവകാശത്തിന്റെ നിലനില്‍പ്പും ഉറപ്പാക്കാന്‍ വേണ്ടിയാണത്. ജനങ്ങളെ ചൂഷണം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ തൊഴിലിന്റെയും വ്യാപാര വിനിമയത്തിന്റെയും കാര്യം പറഞ്ഞ് ബഹുഭൂരിപക്ഷം പേരും ഉപയോഗിക്കുന്ന മാതൃഭാഷയില്‍ കുട്ടികള്‍ പഠനം നടത്തുന്നതു പോലും തടസ്സപ്പെടുത്തും. എല്ലാ കാര്യങ്ങളും നാട്ടുകാര്‍ അറിയേണ്ടെന്ന് കരുതുന്ന ദുഷ്ടമായ ഒരു സ്ഥാപിത താല്‍പ്പര്യം മാതൃഭാഷയുടെ വളര്‍ച്ചയ്‌ക്കെതിരെ ഭരണ തലങ്ങളില്‍ തേരട്ടയെപ്പോലെ അള്ളിപ്പിടിച്ചിരിപ്പുണ്ട്. ജനങ്ങള്‍ വ്യാപരിക്കുന്ന ഇടങ്ങളിലെല്ലാം മാതൃഭാഷയ്ക്ക് പ്രാമുഖ്യം ഉണ്ടായിരിക്കണമെന്ന് അനുശാസിക്കേണ്ട ജനാധിപത്യ ഭരണകൂടം ഇക്കാര്യത്തില്‍ സദാ ഉദാസീനഭാവം പുലര്‍ത്തുകയാണ്. ഭാഷയുടെ പ്രാചീനത പറഞ്ഞ് ശ്രേഷ്ഠപദവി നേടിയെടുക്കാന്‍ കാട്ടിയ ഉത്സാഹം മലയാളം വളര്‍ത്താന്‍ ആരും കാണിക്കുന്നില്ല. സംഘടനയുണ്ടാക്കി സത്യാഗ്രഹം നടത്തി വളര്‍ത്തേണ്ടതാണോ മാതൃഭാഷ?

ജീവിതത്തിന്റെ എല്ലാ വ്യാപാരപ്രക്രിയകളും മാതൃഭാഷയില്‍ വേണമെന്ന് ആഗ്രഹിച്ചാല്‍ മലയാളം താനെ വികസിക്കും. പുതിയ പദാവലികളും മനോഹരമായ പരിഭാഷകളും അന്യഭാഷാപദസ്വീകരണവും വഴിയാണ് ഭാഷ വളരേണ്ടത്. വിജ്ഞാന നിര്‍മ്മാണങ്ങള്‍ക്ക് മാതൃഭാഷയെ ഉപയുക്തമാക്കുന്നതില്‍ മലയാളം സര്‍വ്വകലാശാലയ്ക്ക് വലിയ പങ്കുവഹിക്കാനുണ്ട്. ലോകത്തുണ്ടാകുന്ന ഏത് വൈജ്ഞാനിക ഭാവങ്ങള്‍ക്കും മലയാളം വഴങ്ങണം. ബോധനങ്ങള്‍ കര്‍ശനമായും മാതൃഭാഷയില്‍ വേണം. പ്രധാന വിനിമയങ്ങളും ഭരണകാര്യങ്ങളും മലയാളത്തില്‍ നടക്കണം. കോടതിയില്‍ മാതൃഭാഷ കല്‍ശനമാക്കണമെന്ന് കേരളമുണ്ടായകാലം മുതല്‍ പറയുന്നുണ്ടെങ്കിലും ഒരു ചെറു ചലനം പോലും ഇതുവരെ നടന്നിട്ടില്ല. നിയമഗ്രന്ഥങ്ങളെല്ലാം ആംഗലേയ ഭാഷയിലായിപ്പോയതുകൊണ്ടോ ഹൈക്കോടതിയില്‍ വല്ലപ്പോഴും മലയാളികളല്ലാത്തവര്‍ ചീഫ് ജസ്റ്റീസ് ആയി എത്തുന്നതുകൊണ്ടോ അല്ല കാര്യം നടക്കാത്തത്. കോടതി നടപടികള്‍ മാതൃഭാഷയിലൂടെ അയത്‌ന ലളിതമാകുന്നതും സാധാരണക്കാര്‍ കാര്യങ്ങള്‍ യഥേഷ്ടം ഗ്രഹിക്കുന്നതും അതുവഴി നീതിന്യായങ്ങളുടെ നടത്തിപ്പില്‍ ഒരു ജനകീയ വിപ്ലവം ഉണ്ടാകുന്നതും ഇവിടെ ആരും ഇഷ്ടപ്പെടുന്നില്ലെന്നതാണ് വാസ്തവം.

ഹൈക്കോടതിയിലെ ഒരു പ്രമുഖ അഭിഭാഷകന്റെ പേര് ഉപയോഗിച്ച് പ്രചരിക്കുന്ന ഒരു തമാശ ഓര്‍മ്മ വരുന്നു. വാദപ്രതിവാദങ്ങള്‍ക്കിടയില്‍ കാടുകയറി വാചാലനായി മാറിയ അഭിഭാഷകനെ ന്യായാധിപന്‍ കൂടെക്കൂടെ ഇടപെട്ട് മിതത്വം പാലിക്കാന്‍ പറഞ്ഞു. ഒടുവില്‍ ലോപോയിന്റ് വിസ്മരിച്ച് പറഞ്ഞ വാചകങ്ങള്‍ മാത്രം കോടതി ഹാളില്‍ മുഴങ്ങി. കേസ് തോറ്റു. ജഡ്ജി അഭിഭാഷകനെ കണക്കറ്റ് ശകാരിക്കുകയും ചെയ്തു. ശകാരവാക്കുകള്‍ ശുദ്ധ മലയാളത്തില്‍ ഉയര്‍ന്നപ്പോള്‍ വക്കീല്‍ ജഡ്ജിയുടെ സമീപത്തേക്ക് നീങ്ങിച്ചെന്ന് ”മി ലോഡ്, ദയവായി ഇംഗ്ലീഷില്‍ ശകാരിക്ക്. എന്റെ കക്ഷികള്‍ പുറത്തുണ്ട്. അവര്‍ മനസ്സിലാക്കണ്ട.” എന്ന് അഭ്യര്‍ത്ഥിച്ചു എന്നാണ് കഥ. സംഭവം സത്യമായാലും അല്ലെങ്കിലും കക്ഷികളൊന്നും കോടതി നടപടികള്‍ കൃത്യമായി മനസ്സിലാക്കരുതെന്ന് ആഗ്രഹിക്കുന്നവരാണ് നീതിന്യായങ്ങളുടെ നടത്തിപ്പുകാര്‍. പ്രഥമ വിവര റിപ്പോര്‍ട്ട് മുതല്‍ കുറ്റപത്രം വരെ ഇംഗ്ലീഷില്‍ എഴുതിയാലും മലയാളത്തില്‍ എഴുതിയാലും കക്ഷികള്‍ക്ക് നേരിട്ടുവായിച്ചു ഗ്രഹിക്കാവുന്ന ലളിതമായ ഭാഷയാകരുതെന്ന് പൊലീസ് മുതല്‍ ന്യായാധിപന്‍ വരെ ആഗ്രഹിക്കുന്നുണ്ട്. കുറ്റപത്രം മലയാളത്തില്‍ സമര്‍പ്പിക്കപ്പെട്ടാലും വിധിന്യായം മലയാളത്തില്‍ എഴുതാന്‍ ജഡ്ജിമാര്‍ കൂട്ടാക്കുന്നില്ല. പ്രതികള്‍ക്കും വാദികള്‍ക്കും എളുപ്പം ഗ്രഹിക്കാവുന്ന മാതൃഭാഷയില്‍ കോടതി നടപടികള്‍ മാറേണ്ടതാണ്. ന്യായമായ ഈ ആവശ്യത്തിനുവേണ്ടി നമ്മുടെ നാട്ടില്‍ ഒരു സമരവും നടക്കുന്നില്ല.

ഹിതകരമല്ലാത്ത വിധിന്യായമുണ്ടായാല്‍ ജഡ്ജിയെ അപഹസിച്ച് പ്രകടനം നടത്തുന്നവര്‍ മുഖ്യധാരാ രാഷ്ട്രീയരംഗത്തുണ്ട്. ജനങ്ങളില്‍ ബഹുഭൂരിപക്ഷത്തന്റെയും വ്യവഹാരഭാഷയില്‍ കോടതി നടപടികള്‍ വേണമെന്ന് അവര്‍പോലും ആവശ്യപ്പെടുന്നില്ല. വിധിപ്പകര്‍പ്പ് പരിഭാഷപ്പെടുത്തിക്കിട്ടാന്‍ തര്‍ജ്ജമ ജോലിക്കാരെ കോടതിയില്‍ നിയമിക്കണമെന്നാണ് ഇക്കാര്യത്തെപ്പറ്റി ഈയിടെ വായനക്കാരുടെ പംക്തിയില്‍ കത്തെഴുതിയ മാന്യന്‍ പോലും പറയുന്നത്. ന്യായാധിപന്‍ മാതൃഭാഷയില്‍ വിധിന്യായം എഴുതിയാല്‍ പരിഭാഷകന്റെ ആവശ്യം തന്നെ ഉദിക്കുന്നില്ല. ആര്‍ക്കുവേണ്ടിയാണ് കോടതികളില്‍ ഇംഗ്ലീഷ് ഭാഷയും ബ്രിട്ടീഷ് കീഴ്‌വഴക്കങ്ങളും നിലനിറുത്തിയിരിക്കുന്നത്? ഉഷ്ണമേഖലാ പ്രദേശത്ത് വായുകടക്കാത്ത കറുത്ത മേല്‍കുപ്പായവും ടൈംയും കോട്ടും വേഷം. ‘റോയല്‍റ്റി ഈസ് ദ മാസ്റ്റര്‍, കിംഗ് ക്യാന്‍ ഡു നോ റോംഗ് ‘ എന്ന് ബ്രിട്ടീഷ് കീഴ്‌വഴക്കത്തെ മാനിക്കുന്ന രീതികള്‍. വക്കീല്‍ ഇപ്പോഴും ജഡ്ജിയെ ‘മി ലോഡ്’ എന്ന് വിളിക്കുന്ന കോളനി വാഴ്ചയുടെ അവശേഷിപ്പ്. ഇതെല്ലാം കാലത്തിനും ദേശത്തിനും ഇണങ്ങും വിധം മാറണമെന്ന് ജനാധിപത്യഭരണകൂടങ്ങള്‍ക്ക് ആഗ്രഹമില്ല. ജനങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കിലും നടക്കുന്നില്ല. നമ്മുടെ പരിസരം തികഞ്ഞ കാപട്യങ്ങളുടേതാണ്.

ഇംഗ്ലീഷും ഹിന്ദിയും സംസ്‌കൃതഭാഷയും പഠിച്ച് ഉന്നത മണ്ഡലങ്ങളില്‍ ജീവിക്കുന്ന ധാരാളം പേരുണ്ട്. മലയാളത്തിലാണ് ബിരുദാനന്തര ബിരുദതലം വരെ ഇംഗ്ലീഷ് പഠിക്കുന്നത്. അങ്ങനെ പഠിച്ചിട്ടും ഇംഗ്ലീഷ്‌കാരെക്കാളും മെച്ചമായി മലയാളി ഇംഗ്ലീഷ് ഭാഷ പ്രയോഗിക്കുമെന്ന് പറയുന്നു. വെറുതെയാണ്. പരമ ദയനീയമാണ് നാടന്‍ ധ്വരമാരുടെ ഇംഗ്ലീഷ്. കേരളത്തിലെ ഒരു ഇംഗ്ലീഷ് പ്രൊഫസര്‍ തിരുവനന്തപുരത്ത് ഒരു പൊതുചടങ്ങില്‍ സ്വാഗതപ്രസംഗം നടത്തിയത് വിഖ്യാതസാഹിത്യകാരന്‍ വില്യം ഗോള്‍ഡിംഗ് കേള്‍ക്കാനിടയായി. തൊട്ടടുത്തിരുന്ന ആളിനോട് ഗോള്‍ഡിംഗ് ചോദിച്ചു ഏതു ഭാഷയിലാണ് പ്രൊഫസര്‍ പ്രസംഗിക്കുന്നത് എന്ന്. ചില വാക്കുകള്‍ ഇംഗ്ലീഷുമായി വളരെ സാമ്യമുള്ളപോലെ തോന്നുന്നെന്നും പറഞ്ഞു. മലയാളത്തിലെ പ്രശസ്തനായ കവിയും സാഹിത്യകാരനും ആയ ആ ഇംഗ്ലീഷ് പ്രൊഫസറുടെ ഇംഗ്ലീഷ് പ്രസംഗം ഇംഗ്ലീഷുകാരനായ ഒരു വിദേശ സാഹിത്യകാരന് അപരിചിതമായ ഏതോ ഭാഷയായി തോന്നി. അപ്പോള്‍ നമ്മളൊക്കെ ഇവിടെ നിത്യവും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഇംഗ്ലീഷിന്റെ നിലവാരം എത്ര ശോചനീയമായിരിക്കും? രക്ഷപ്പെടാന്‍ ഒരു മാര്‍ഗ്ഗം കണ്ടുപിടിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഇംഗ്ലീഷ് ആണ് നമ്മള്‍ കൈകാര്യം ചെയ്യുന്നത്. ബ്രിട്ടന്‍, അമേരിക്ക, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ ഉള്ളവരേക്കാള്‍ പതിന്മടങ്ങ് ആളുകള്‍ ഇന്ത്യന്‍ ഇംഗ്ലീഷ് ഉപയോഗിച്ച് ജീവിക്കുന്നു. അതു ശരിയാണ്. എങ്കിലും  ഇംഗ്ലണ്ടിലെ ഒരു ബാര്‍ബറുടെ ബാഷാപ്രയോഗ ചാതുരിപോലും കേരളത്തിലെ കലാശാലകളില്‍ പഠിപ്പിക്കുന്ന ഇംഗ്ലീഷ് അദ്ധ്യാപകനില്‍ നിന്ന് പ്രതീക്ഷിക്കേണ്ട. മാതൃഭാഷയെ കൊന്നിട്ട് ഒരു മറുഭാഷ പഠിക്കുന്നത് ആര്‍ക്കുവേണ്ടി?

ഈയിടെ ഒരു ട്രെയിന്‍ യാത്രാവേളയില്‍ നേരിട്ട ഒരനുഭവം കുറിക്കട്ടെ. യാചകരെ നിരോധിച്ചിട്ടുണ്ടെങ്കിലും ട്രെയിനില്‍ നിരനിരയായി അവര്‍ പാട്ടുപാടി വരുന്നു. പാടാതെ വരുന്നവരും ഉണ്ട്. ‘അമ്മേ, കൈയില്ലാത്തവന് വല്ലതും തരണേ’ എന്ന് കേണ് അപേക്ഷിച്ച് എത്തിയ ദീനമുഖത്തേക്ക് യാത്രക്കാര്‍ നോക്കാന്‍ മടിച്ചു. ചിലര്‍ അയാള്‍ക്ക് നാണയത്തുട്ടുകള്‍ ഇട്ടുകൊടുത്തു. അല്‍പ്പം കഴിഞ്ഞ് മറ്റൊരാള്‍ വന്നു. മുഷിഞ്ഞ വേഷം. താടിയും മുടിയും വളര്‍ന്ന് അലങ്കോലമായി കിടക്കുന്നു. തിളങ്ങുന്ന ഉണ്ടക്കണ്ണുകള്‍. ശുദ്ധമായ ഇംഗ്ലീഷ് ഭാഷയില്‍ യാചിക്കുന്നു. യാത്രക്കാരെല്ലാം അയാളെ ശ്രദ്ധിച്ചു. അതുവരെ ആര്‍ക്കും ചില്ലിക്കാശ് ഭിക്ഷ നല്‍കാതെ കുനിഞ്ഞിരുന്നവര്‍ പോലും പത്തുരൂപ നോട്ട് എടുത്ത് വീശി. മാതൃഭാഷയില്‍ യാചിച്ചവരേക്കാള്‍ ദീനാനുകമ്പതോന്നിക്കുന്ന യാതൊന്നും ഇംഗ്ലീഷ് യാചകനില്‍ ഞാന്‍ കണ്ടില്ല. എങ്കിലും അയാളുടെ പിരിവ് പത്തിരട്ടിയായിട്ടുണ്ടാകണം. യാത്രക്കാരുടെ മനോഭാവത്തില്‍ എനിക്ക് വലിയ കൗതുകവും ആശ്ചര്യവും തോന്നി. ഭിക്ഷ നല്‍കുന്നതില്‍ ഭാഷാ വിവേചനമെന്ന് പറഞ്ഞാല്‍ പോര. ഇംഗ്ലീഷ് സംസാരിക്കുന്ന യാചകന്‍ പൊതു അനുകമ്പ മറ്റുള്ളവരേക്കാള്‍ നേടി. ഭിക്ഷാടനം ഒരുവന്‍ വ്യാപാരമാണെന്ന് കേട്ടിരിക്കുന്നു. അനുകമ്പയുണര്‍ത്താന്‍ ദയനീയ രൂപങ്ങളെ ഉണ്ടാക്കി ഇറക്കുന്ന മാഫിയ സംഘങ്ങള്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടത്രേ. ഇംഗ്ലീഷ് ഭാഷയില്‍ യാചിച്ചാല്‍ പിരിവ് നന്നാകുമെങ്കില്‍ എല്ലാ ഭിക്ഷക്കാരും സ്‌പോക്കണ്‍ ഇംഗ്ലീഷ് വശമാക്കും.

മാതൃഭാഷ മറന്ന് അന്യഭാഷ പഠിക്കുന്നതും പറയുന്നതും മലയാളിയുടെ പൊങ്ങച്ചമാണ്. ഇംഗ്ലീഷ് ഉപയോഗിക്കുന്നതാണ് മേന്മയെന്ന് വെറുതെ കരുതുന്നു. നമ്മുടെ സര്‍വകലാശാലകള്‍ പോലും ഒരിക്കല്‍ മാതൃഭാഷയേക്കാള്‍ പ്രാധാന്യം വിദേശഭാഷ പഠിക്കുന്നവര്‍ക്കു നല്‍കിയിരുന്നു. മലയാളം രണ്ടാം ഭാഷയായി പഠിക്കുന്നവര്‍ എത്ര മെച്ചമായി പരീക്ഷ എഴുതിയാലും ഉയര്‍ന്ന മാര്‍ക്ക് നല്‍കില്ല. പകരം ഫ്രഞ്ച്, ലാറ്റിന്‍, ജര്‍മ്മന്‍, റഷ്യന്‍ ഭാഷകള്‍ രണ്ടാം ഭാഷയായി സ്വീകരിച്ച് പ്രാഥമിക പാഠങ്ങള്‍ ഗ്രഹിച്ച് പരീക്ഷ എഴുതിയാല്‍ ഉയര്‍ന്ന സ്‌കോര്‍ നേടാം. സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ മാര്‍ക്ക് മോഹിച്ച് മാതൃഭാഷ വിട്ട് വിദേശഭാഷ പഠിക്കാന്‍ നിര്‍ബന്ധിതരായി. ജീവിതത്തില്‍ ഒരിക്കല്‍ പോലും ഫ്രഞ്ചും ലാറ്റിനും ആവശ്യമായി വരാത്തവര്‍ മാര്‍ക്ക് മോഹിച്ച് ആ ഭാഷ പഠിച്ചിട്ടുണ്ട്. സര്‍വകലാശാലയുടെ പഠനനയം രൂപീകരിച്ചവര്‍ മാതൃഭാഷയ്ക്ക് നല്‍കിയ പ്രോത്സാഹനം ഇത്തരത്തിലായിരുന്നു. തലതിരിഞ്ഞ ഈ സമീപനം സര്‍വകലാശാലകളുടെ ബുദ്ധി കേന്ദ്രങ്ങള്‍ ഉപേക്ഷിച്ചിട്ടുണ്ടാകില്ല.

ജീവിതത്തിന്റെ നാനാ മേഖലകളില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സ്വാധീനിച്ചുകഴിഞ്ഞു. അപ്പോള്‍ പ്രാദേശിക ഭാഷാഭേദങ്ങളില്‍ വൈകാരികമായി തൂങ്ങിക്കിടക്കുന്നത് വികാസത്തിന് വിലങ്ങുതടിയാകും. ലോകമെങ്ങുമുള്ളവര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ വേണം വിവരങ്ങള്‍ വിനിമയം ചെയ്യാന്‍. ഇംഗ്ലീഷ് ആണ് അത്തരത്തിലുള്ള ലഘു വിനിമയ ഭാഷ. ഇങ്ങനെ വാദിക്കുന്നവരെ നമുക്ക് ചുറ്റും ധാരാളം കാണാം. ശരിയാണ്. എന്നാല്‍ ഐ.ടി തന്നെ ഒരു വിനിമയ ഭാഷയാണെന്ന വസ്തുത അത്തരക്കാര്‍ അറിഞ്ഞിട്ടില്ല. മനുഷ്യകുലത്തിന്റെ നാലാം തലമുറയില്‍പ്പെട്ട വിനിമയ ഭാഷയാണ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി. ശബ്ദം, ലിഖിതം, ആംഗ്യം എന്നീ മൂന്ന് പൂര്‍വ തലമുറയിലെ ആശയവിനിമയോപാധികളുടെയും സമന്വയത്തിലൂടെ വികസിച്ച ഐ.ടി പരമ്പരാഗത ഭാഷാ സങ്കല്‍പങ്ങളെ മുഴുവന്‍ അട്ടിമറിച്ചു. എല്ലാ പ്രാദേശിക ഭാഷകളും അതിനു വഴങ്ങി. അതിവേഗം വികസിക്കുന്ന യൗവനയുക്തമായ സാങ്കേതിക ഭാഷയില്‍ ലോകത്തിലെ സര്‍വ ഭാഷകളും മന്ത്രിക്കുന്നുണ്ട്. മലയാളവും ഐ.ടിക്ക് അന്യമല്ല.

അറിവ് സ്വാംശീകരിക്കേണ്ടതും വിനിമയ വിധേയമാക്കേണ്ടതും മാതൃഭാഷയിലൂടെ വേണം. അല്ലെങ്കില്‍ മനോരോഗികളുടെ ഒരു തലമുറ വളര്‍ന്നു വരും. കൃത്രിമ ജീവിതവും ആഴമില്ലാത്ത ആശയങ്ങളും കൊണ്ട് ജന്മനാട്ടില്‍ അന്യരായിത്തീരും. ആംഗ്ലോ ഇന്ത്യന്‍ വംശത്തിന് കേരളത്തില്‍ സംഭവിച്ച ദുരന്തം മലയാളം മറക്കുന്ന മലയാളിയെ കാത്തിരിക്കുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പി സുജാതന്‍

പി സുജാതന്‍

കേരള പത്രപ്രവര്ത്തലന രംഗത്തെ പ്രമുഖ വ്യക്തിത്വമായ പി സുജാതന്‍ അറിയപ്പെടുന്ന രാഷ്ട്രീയ നിരീക്ഷകനും കാര്ട്ടൂ ണിസ്റ്റുമാണ്. കേരള കൌമുദി, കലാകൌമുദി, വീക്ഷണം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ജോലിചെയ്തിട്ടുണ്ട്. കലാകൌമുദിയില്‍ എഴുതിയ രാഷ്ട്രീയ ലേഖനങ്ങള്‍ ഏറെ ശ്രദ്ധേയം.

More Posts

Follow Author:
TwitterFacebookLinkedInGoogle PlusYouTube

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍