UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഏതെങ്കിലും ഒരമ്മ മക്കളെ ആത്മഹത്യയിലേക്ക് തള്ളിവിടുമോ?

Avatar

അമ്മമാരുടെ ദിനത്തില്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്ക് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന്റെ തുറന്ന കത്ത്. വിദ്യാര്‍ത്ഥികളെ ‘കുട്ടികള്‍’ എന്നു വിശേഷിപ്പിച്ച മന്ത്രിയുടെ മന്ത്രാലയം സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടികള്‍ തുടരുന്നതിനെ ചോദ്യം ചെയ്താണു കത്ത്.

ഫെബ്രുവരി ഒന്‍പതിനു ക്യാംപസില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ ഉന്നതതല അന്വേഷണ കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ശിക്ഷാനടപടികള്‍ക്കു വിധേയരാക്കുന്നതിനെതിരെ ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല നിരാഹാര സമരത്തിലാണ്. പക്ഷപാതപരവും പ്രോട്ടോക്കോള്‍ പാലിക്കാത്തതുമാണ് എന്നാരോപിച്ച് വിദ്യാര്‍ത്ഥി യൂണിയനുകളും ടീച്ചേഴ്‌സ് അസോസിയേഷനുകളും നേരത്തെ തന്നെ കമ്മിറ്റിയെ അംഗീകരിക്കില്ലെന്ന് അറിയിച്ചിരുന്നു. നിരാഹാരസമരത്തില്‍ പങ്കെടുത്തുവരികയായിരുന്ന കനയ്യ കുമാര്‍ ആരോഗ്യനില വഷളായതിനെത്തുടര്‍ന്നാണ് പിന്മാറാന്‍ നിര്‍ബന്ധിതനായത്.

കത്തിന്റെ പൂര്‍ണരൂപം താഴെ:

എല്ലാ സര്‍വകലാശാലാ വിദ്യാര്‍ത്ഥികളുടെയും സ്വയം പ്രഖ്യാപിത അമ്മയായ സ്മൃതി ഇറാനി ജി,

വിദ്യാര്‍ത്ഥികളായ ഞങ്ങളില്‍നിന്ന് വളരെ സന്തോഷകരമായ മദേഴ്‌സ് ഡേ ആശംസകള്‍. താങ്കളുടെ സ്‌നേഹത്തിന്റെ തണലില്‍ ഞങ്ങള്‍ കുട്ടികള്‍ പഠനത്തില്‍ ശ്രദ്ധിക്കാന്‍ ശ്രമിക്കുകയാണ്. താങ്കളുമായുള്ള ബന്ധം കൊണ്ട് വിശപ്പു സഹിച്ചും പൊലീസിന്റെ തല്ലുകൊണ്ടും പഠിക്കേണ്ടതെങ്ങനെയെന്ന് ഞങ്ങള്‍ പഠിച്ചു കഴിഞ്ഞു. മുകളിലുള്ള ചിത്രം അയച്ചുതന്ന സുഹൃത്ത് ഒരു ചോദ്യം ചോദിച്ചു: ‘മോദിജിയുടെ ഭരണത്തില്‍ നമ്മുടെ അമ്മമാര്‍ക്കു പുറമെ ഗോ മാതാ, ഭാരത് മാതാ, ഗംഗാ മാതാ, സ്മൃതി മാതാ എന്നിവരും ഉണ്ടായിട്ടും എങ്ങനെയാണ് രോഹിത് വെമുലയ്ക്കു ജീവന്‍ നഷ്ടപ്പെട്ടത്?’ എനിക്ക് ഉത്തരമുണ്ടായിരുന്നില്ല. അതിനാല്‍ ഞാന്‍ താങ്കളോടു ചോദിക്കുന്നു.

രോഹിതും സുഹൃത്തുക്കളും ശിക്ഷിക്കപ്പെടുന്നു എന്നുറപ്പാക്കാന്‍ ഒന്നല്ല, നിരവധി കത്തുകള്‍ സ്മൃതി മാതായുടെ മന്ത്രാലയം അയച്ചതായും താങ്കളുടെ മന്ത്രാലയത്തിന്റെ നടപടികൊണ്ട് രോഹിതിന് ഏഴുമാസത്തെ ഫെലോഷിപ്പ് ലഭിച്ചില്ലെന്നും ഇതേ ദേശദ്രോഹി പറഞ്ഞു. ഇന്ത്യയെപ്പോലെ മഹത്തായ ഒരു രാജ്യത്ത് എങ്ങനെയാണ് അമ്മയ്ക്ക് സ്വന്തം കുഞ്ഞിനെ ആത്മഹത്യയ്ക്കു നിര്‍ബന്ധിക്കാന്‍ കഴിയുക? സ്വന്തം കുട്ടികള്‍ക്കെതിരെയുള്ള വ്യാജ വിഡിയോകളും ഏകപക്ഷീയമായ കമ്മിറ്റി റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലുള്ള ശിക്ഷാനടപടികളും അംഗീകരിക്കാന്‍ കഴിയുക? 11 ദിവസം വിശപ്പുസഹിച്ചശേഷമാണ് താങ്കളുടെ കുട്ടികള്‍ ഈ ചോദ്യങ്ങള്‍ ചോദിക്കുന്നത്. സമയം കിട്ടുമ്പോള്‍ ദയവായി ഉത്തരം തരിക. മുകളിലെ ചിത്രം അയച്ചുതന്ന സുഹൃത്ത് താങ്കളെ ദേശദ്രോഹികളുടെ ദേശദ്രോഹിയായ അമ്മ എന്നാണു വിശേഷിപ്പിച്ചത്. താങ്കളുടെ യുക്തിഭദ്രമായ മറുപടി ഈ ആരോപണങ്ങള്‍ തെറ്റാണെന്നു തെളിയിക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.

എന്താണു ശരി, എന്താണു തെറ്റ് എന്നു തിരിച്ചറിയാന്‍, അനീതിക്കെതിരെ ശബ്ദമുയര്‍ത്താന്‍ മക്കളെ പഠിപ്പിക്കുക അമ്മയുടെ കടമയാണ്. അതുകൊണ്ടുതന്നെ ഇന്ന് ജെഎന്‍യുവിലെ നിരവധി അമ്മമാര്‍ വിദ്യാര്‍ത്ഥികളുടെ നിരാഹാര സമരത്തില്‍ പങ്കെടുക്കുന്നു. സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് ആവേശം പകരാനും. ഈ അമ്മമാരില്‍ 80 വയസുകാരിയും വീല്‍ചെയറില്‍ മാത്രം ചലിക്കാന്‍ സാധിക്കുന്നവരുമായ ഒരു അമ്മയും ഉണ്ടാകും. ഞങ്ങള്‍ താങ്കള്‍ക്കുവേണ്ടിയും കാത്തിരിക്കും.

മറുപടി പ്രതീക്ഷിച്ച്

കനയ്യ കുമാര്‍,

ജെഎന്‍യു

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍