UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മക്കള്‍ക്ക് അമ്മമാരെ ഓര്‍ക്കാന്‍ ഒരു ദിവസം; ഇതു നല്ലൊരു തമാശയാണ്

Avatar

മരണശേഷം എന്റെ ശരീരം ഞാന്‍ മെഡിക്കല്‍ കോളേജിന് പഠിക്കാന്‍ വിട്ടുകൊടുത്തിരിക്കുകയാണ്. എനിക്കതിന് എന്റെതായ കാരണങ്ങളുണ്ട്. മക്കള്‍ക്ക് മാതാപിതാക്കള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതും ചെയ്യേണ്ടതും അവര്‍ ജീവിച്ചിരിക്കുമ്പോഴാണ്. മരിച്ചു മണ്ണടിഞ്ഞിട്ടു എന്തു ചെയ്തിട്ടെന്തു കാര്യം?

ആചാരങ്ങളുടെ പേരുപറഞ്ഞ് എന്തൊക്കെ കോലാഹലങ്ങളാണ് ഉണ്ടാക്കുന്നത്. ഞാന്‍ മരിക്കുമ്പോള്‍ ഇങ്ങനെയൊന്നും ഉണ്ടാവരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. മക്കളുരുട്ടി വയ്ക്കുന്ന പിണ്ഡത്തിനല്ല എന്റെ ആത്മാവിന് ശാന്തി നല്‍കാന്‍ കഴിയുന്നത്. അവര്‍ ഇപ്പോള്‍ എന്നോട് ചെയ്യുന്നതെന്തോ ആ സ്‌നേഹവും കരുതലുമാണ് ഞാന്‍ അനുഭവിക്കുന്ന ശാന്തി. ഈ ചിന്തകളാണ് മരണശേഷം എന്റെ ശരീരം മെഡിക്കല്‍ കോളേജിന് പഠിക്കാന്‍ വിട്ടുകൊടുക്കണമെന്ന തീരുമാനത്തിലെന്നെ എത്തിച്ചത്.

മൂക്കിന്‍ തുമ്പിലേക്ക് ഇറങ്ങിയ കണ്ണട വിരല്‍ തുമ്പു കൊണ്ട് തള്ളി വീണ്ടും മുകളിലേക്ക് വച്ചുകൊണ്ട് ഓമനയമ്മ പറയുന്നു.

ഒരു കമ്യൂണിസ്റ്റ്കാരിയായും കമ്യൂണിസ്റ്റിന്റെ ഭാര്യയായും പിന്നെ അഞ്ചു മക്കളുടെ അമ്മയായും ജീവിതത്തിന്റെ വ്യത്യസ്ഥ ഘട്ടങ്ങള്‍ പിന്നീട്ട ഒരു സ്ത്രീയുടെ കഥ…(തയ്യാറാക്കിയത് ഉണ്ണി കൃഷ്ണന്‍ വി )

തിരുവനന്തപുരം പട്ടത്തെ ചാരക്കുഴിയിലായിരുന്നു ജനനം. പറയ്‌ക്കോട്ടു കോണത്തു പുത്തന്‍ വീട്ടില്‍ രാമന്‍ പിള്ളയുടെയും ഗൗരിക്കുട്ടിയമ്മയുടെയും അഞ്ചുമക്കളില്‍ ഏറ്റവും ഇളയവള്‍. രണ്ടാണും മൂന്നു പെണ്ണുമായിരുന്നു. അച്ഛന്‍ രാജാവിന്റെ പടയാളിയായിരുന്നു. ഒമ്പതു രൂപ ശമ്പളക്കാനായിരുന്ന അച്ഛനെക്കൊണ്ട് ഒരു കുടുംബത്തെ മുഴുവന്‍ നോക്കാന്‍ പറ്റാതെ വന്നപ്പോഴാണ് മൂത്ത അണ്ണന്‍ പട്ടാളത്തില്‍ ചേരുന്നത്. കുട്ടപ്പന്‍ നായരെന്നായിരുന്നു അണ്ണന്റെ പേര്. കുടുംബത്തോടു വല്ലാത്ത സ്‌നേഹമായിരുന്നു അണ്ണന്. മൂത്ത ചേച്ചിയുടെ കല്യാണത്തിന് പണം തികയാതെ വന്നപ്പോള്‍ അണ്ണനൊരു സാഹസം കാണിച്ചു. വിമാനത്തില്‍ നിന്ന പാരച്യൂട്ട് അണിഞ്ഞ് താഴെക്കു ചാടുന്നവര്‍ക്ക് കുറച്ച് തുക സമ്മാനമായും കിട്ടുമെന്നു കേട്ടപ്പോള്‍ അണ്ണന്‍ ചാടി. അനിയത്തീടെ കല്യാണം എങ്ങനെ നടത്തുമെന്നറിയാതെ വിഷമിച്ചിരുന്ന അണ്ണന്റെ മുന്നില്‍ തെളിഞ്ഞുവന്ന വഴിയായിരുന്നു ഇത്. അവരഞ്ചാറാളുകളാണ് അന്ന് പാരച്യൂട്ടില്‍ താഴെക്കു ചാടിയത്. അണ്ണനൊപ്പം ചാടിയവരില്‍ ഒന്നുരണ്ടുപേര്‍ താഴെവീണ് മരിച്ചു. പക്ഷെ അണ്ണന് ഒന്നും പറ്റിയില്ല. അന്ന് കിട്ടിയ കാശുകൊണ്ടാണ് അണ്ണന്‍ എന്റെ ചേച്ചീടെ കല്യാണം നടത്തിയത്. അണ്ണനെ എല്ലാവര്‍ക്കും ഭയമായിരുന്നു. അണ്ണന്റെ അടുത്തുപോലും ചെന്നു നില്‍ക്കില്ലായിരുന്നു ഞങ്ങള്‍. എന്തെങ്കിലും തെറ്റു കാണിച്ചാല്‍ നല്ല അടിയാണ് ശിക്ഷ. പക്ഷേ മനസ്സു മുഴുവന്‍ സ്‌നേഹമായിരുന്നു അണ്ണന് ഞങ്ങളോട്. ഞങ്ങളെല്ലാം കഴിച്ചാലെ അണ്ണന്‍ കഴിക്കുവുള്ളായിരുന്നു.

പട്ടാളത്തില്‍ നിന്ന് 15 വര്‍ഷത്തെ സര്‍വീസ് കഴിഞ്ഞ് അണ്ണന്‍ നാട്ടിലെത്തി. പിന്നെ സജീവമായി കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അണ്ണന്റെ അടുത്ത കൂട്ടുകാരനായിരുന്നു ടി വി തോമസ്. പഴയ ട്രാന്‍സ്‌പോര്‍ട്ട് സമരത്തില്‍ അണ്ണന് പ്രധാന റോളുണ്ടായിരുന്നു. അണ്ണനാണ് എന്നിലും ഒരു കമ്യൂണിസ്റ്റിനെ വളര്‍ത്തിയത്.

കമ്യൂണിസത്തെ കുറിച്ച് ഞാന്‍ അറിയുന്നതും വായിക്കുന്നതുമൊക്കെ അണ്ണന്റെ കൈയില്‍ നിന്നായിരുന്നു. രാജസേവകനായിരുന്നൊരാളുടെ കുടുംബമായിരുന്നുവെങ്കിലും കമ്യൂണിസം ആ വീട്ടില്‍ ഒരു വികാരമായി മാറിയിരുന്നു. നാട്ടിലെ എല്ലാ കാര്യങ്ങളിലും ഇടപെടുമായിരുന്നു. മരണമായാലും കല്യാണമായാലും മറ്റെന്തു ചടങ്ങുകള്‍ നടന്നാലും എല്ലാത്തിനും എല്ലാവരും ഒരുമിച്ചുണ്ടാകും. ജാതിയും മതവും നോക്കാതെ എല്ലാവരേയും സഹായിച്ചു.

പതിനാറു വയസ്സുള്ളപ്പോഴായിരുന്നു എന്റെ കല്യാണം. നെടുമങ്ങാട് വേങ്കാടായിരുന്നു എന്നെ കല്യാണം കഴിച്ചു കൊണ്ടുപോയത്. ബാലകൃഷ്ണന്‍ നായരെന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. അണ്ണനെ പോലെ തന്നെ നല്ലൊരു കമ്യൂണിസ്റ്റ്. പത്തുവര്‍ഷം പട്ടാളത്തിലായിരുന്നു. പിന്നീട് തിരുവന്തപുരത്തെ എഞ്ചിനീയറിംഗ് കോളേജില്‍ ജോലി നോക്കുകയായിരുന്നു. അടിയന്തിരാവസ്ഥയിലെ രക്തസാക്ഷി രാജനെ അദ്ദേഹത്തിന് അറിയാമായിരുന്നു. ഒരുദിവസം അവനെയും കൂട്ടി വീട്ടില്‍ വന്നിട്ടുണ്ട്. നല്ലൊരു കമ്യൂണിസ്റ്റായിരുന്നു രാജന്‍, അവന്‍ നക്‌സലൈറ്റൊന്നുമായിരുന്നില്ല.

ജോലിയും പാര്‍ട്ടി പ്രവര്‍ത്തനവുമായി ഭര്‍ത്താവ് തിരക്കിലാകുമ്പോള്‍ പുസ്‌കങ്ങളായിരുന്നു എന്റെ കൂട്ടുകാര്‍. നോവലുകളും ആനുകാലികങ്ങളുമെല്ലാം വായിച്ചു. ചിമ്മിനി വിളക്കിന്റെ വെട്ടത്തില്‍ പുസ്തകങ്ങളുമായി ഇരിക്കുമ്പോള്‍ ഞാന്‍ ഒറ്റയ്ക്കല്ലെന്നായിരുന്നു വിശ്വാസം. ആ വായന ഇന്നും തുടരുന്നുണ്ട്, പക്ഷെ പഴയപോലെ വയ്യ, പ്രായം കണ്ണിന്റെ കാഴ്ച്ചയെ മറയ്ക്കുന്നുണ്ട്.

ഒരു നക്‌സെലെറ്റിനെ ഞാന്‍ ആദ്യമായി കാണുന്നത് വെള്ളത്തൂവല്‍ സ്റ്റീഫനെ ആണ്. ഒരു ദിവസം അണ്ണന്‍ ഞങ്ങളുടെ വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നു. ബസിറങ്ങി കുറെ നടക്കണം വീട്ടിലേക്ക്. അണ്ണന്‍ ഇങ്ങേരുമായി ഈ ദൂരമത്രയും നടന്നാണ് വീട്ടിലെത്തുന്നത്. ഞാന്‍ മാത്രമാണ് വീട്ടില്‍. ഭര്‍ത്താവ് ജോലി സ്ഥാലത്താണ്. മുഖമൊക്കെ പൊള്ളിയിരിക്കുന്ന ഒരു മനുഷ്യന്‍. എനിക്ക് പെട്ടെന്ന് ആളെ പിടികിട്ടി. പത്രത്തിലൊക്കെ പടം കണ്ടിട്ടുണ്ട്. കുറച്ചു ദിവസം ഇയാള്‍ ഇവിടെ ഒളിവില്‍ കഴിയാന്‍ വന്നതാണ്, അണ്ണന്‍ പറഞ്ഞു. തിരിച്ചെന്തെങ്കിലും പറയാന്‍ എനിക്ക് ഭയമായിരുന്നു. ഭര്‍ത്താവ് വന്നപ്പോള്‍ ഞാന്‍ കാര്യം പറഞ്ഞു. അതിനെന്താ ഇവിടെ താമസിക്കട്ടെ, നീ അയാളുടെ കാര്യം നല്ലോണം നോക്കിക്കോളണം; അതായിരുന്നു അദ്ദേഹത്തിന് പറയാനുണ്ടായിരുന്നു. അണ്ണനും എന്റെ ഭര്‍ത്താവിനുമൊക്കെ ഒരേ സ്വഭാവം തന്നെയായിരുന്നു. അത്രയ്ക്ക് അടിയുറച്ച കമ്യൂണിസ്റ്റുകാരനായിരുന്നു. കുറച്ച് ദിവസം സ്റ്റീഫന്‍ വീട്ടിലുണ്ടായിരുന്നു. ഇവിടെ നിന്ന് പോയി രണ്ടുമൂന്നു ദിവസം കഴിഞ്ഞ് അറസ്റ്റിലായി. ഒരു ദിവസം പാാതിരാത്രി കതകില്‍ മുട്ടുകേട്ട് ഞാന്‍ തുറക്കുമ്പോള്‍ ആജാനുബാഹുക്കളായ കുറെ പൊലീസുകാരും കൂടെ കുടിച്ച് ലെക്കില്ലാതെ അണ്ണനും. ഈ സമയതത്തും വീട്ടില്‍ ഞാന്‍ തനിച്ചാണ്. സ്റ്റീഫനെ അറസ്റ്റ് ചെയ്തു, അണ്ണനെയും പൊലീസ് പിടിച്ചു. ഇവിടെ സ്റ്റീഫനെ ഒളിച്ചു താമസിപ്പിച്ചോ? ഒരു പൊലീസുകാരന്‍ അലറി. മനസ്സില്‍ പേടിയുണ്ടെങ്കിലും ഞാന്‍ ധൈര്യം കാണിച്ചു കൊണ്ട് പറഞ്ഞു- ഇവിടെ ആരേയും താമസിപ്പിച്ചിട്ടില്ല, എനിക്ക് അങ്ങനെയൊരാളെ അറിയത്തുമില്ല. പൊലീസ് വീടുമുഴുവന്‍ കേറി പരിശോധിച്ചിട്ടാണ് അന്ന് പോയത്. ഭര്‍ത്താവ് വന്നപ്പോള്‍ ഇക്കാര്യം ഞാന്‍ പറഞ്ഞു. പതിവുപോലെ ഒരു ചിരിമാത്രമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. 

ഈ സംഭവങ്ങളൊക്കെ എന്നിലൊരു ശക്തയായ സ്ത്രീയെ പരുവപ്പെടുത്തുകയായിരുന്നു.

ഞാന്‍ പരിചയപ്പെട്ട സ്റ്റീഫന്‍ ഒരു നല്ല മനുഷ്യനായിരുന്നു. നക്‌സെലൈറ്റെന്നാല്‍ തോക്കും ബോംബുമായി നടക്കുന്ന തീവ്രവാദിയല്ലെന്ന് ഞാന്‍ മനസ്സിലാക്കുന്നത് സ്റ്റീഫനിലൂടെയാണ്.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഞാനൊരു അമ്മയാകുന്നു
ഒരു സ്ത്രീ പൂര്‍ണത കൈവരിക്കുന്നത് അമ്മയാകുന്നതോടെയാണ്. അഞ്ചു കുട്ടികളായിരുന്നു എനിക്ക്. 18 വയസ്സ് തികയുന്നതിനു മുന്‍പേ തന്നെ ഞാന്‍ പ്രസവിച്ചു. വീട്ടില്‍ തന്നെ. സുഖപ്രസവമായിരുന്നു. ആശുപത്രിയിലും പോയില്ല എങ്ങും പോയില്ല. എന്റെ ഭര്‍ത്താവിനോട് ഞാന്‍ മാസം തികയാറായി, ആരുമില്ല ഒരു സഹായത്തിനു എന്ന് പറയുമ്പോള്‍ അദ്ദേഹം പറയുന്നത്, നീ വിഷമിക്കണ്ട നിന്റെ പ്രസവം ഞാനുള്ളപ്പോഴേ നടക്കൂ എന്നാണ്.

ആദ്യത്തെ കുഞ്ഞിന് ഒന്നര വയസ്സായപ്പോള്‍ അടുത്ത പ്രസവം. മൂത്തമോനെ തോളിലിട്ടു കൊണ്ടാണ് ജോലികള്‍ ചെയ്തിരുന്നത്. അങ്ങനെ ജോലിക്കിടയിലാണ് എനിക്കു വയ്യാതെ വന്നത്. എന്റെ അമ്മാവിയമ്മയോട് ഞാന്‍ പറഞ്ഞു ഒരു പായെടുത്തു മുറിയിലിടാന്‍. അവിടെ കിടന്ന് രണ്ടാമത്തെ പ്രസവം. എന്റെ ഏറ്റവും ഇളയ മകനെമാത്രമാണ് ഞാന്‍ ആശുപത്രിയില്‍ പോയി പ്രസവിച്ചത്. മറ്റുനാലും വീട്ടില്‍ തന്നെയായിരുന്നു. പണ്ട് പ്രസവം കഴിഞാല്‍ ഇഞ്ചി നീരില്‍ കുറച്ചു പഞ്ചസാര ഇട്ടു കലക്കിത്തരും. അത് കഴിയുമ്പോള്‍ മൂന്നു നേരം തുമ്പയുടെ ചാറു തരും. മൂന്നു ദിവസവും തുടര്‍ച്ചയായി കുടിക്കണം. അത് കഴിഞ്ഞാല്‍ പിന്നെ പേറ്റു മരുന്ന് എന്ന ഒരു കൂട്ടുണ്ട്. എല്ലാ നാടന്‍മരുന്നുകളും കൂടി ഇടിച്ചു പിഴിഞ്ഞുതരും. 

ഇന്നതൊന്നുമല്ലല്ലോ! പ്രസവശുശ്രൂഷ, വിശ്രമം എന്നിങ്ങനെ കുറേ നടപടികളുണ്ടിപ്പോള്‍. ആദ്യ മാസം മുതല്‍ മരുന്ന് കഴിച്ചു തുടങ്ങും, വിശ്രമവും. നമുക്കൊക്കെ വിശ്രമം എന്താണെന്നറിയാന്‍ പോലുമുള്ള അവസരം കിടിയിട്ടില്ല. ഇപ്പൊ പ്രസവിക്കാന്‍ വിശ്രമം, അത് കഴിഞ്ഞാലുള്ള വിശ്രമം എന്നിങ്ങനെ വിശ്രമം മാത്രമേ ഉള്ളൂ. പോരാത്തതിന് സിസേറിയനും. സുഖപ്രസവം എന്താണെന്നു ആര്‍ക്കും ഇപ്പോള്‍ അറിയില്ല. 

മക്കളുണ്ടാകുന്നതോടെ ഒരു സ്ത്രീയുടെ ജീവിതം മാറുകയാണ്. അതുവരെ അവള്‍ ജീവിച്ചതുപോലെയല്ല പിന്നീടങ്ങോട്ട്. എത്ര കഷ്ട്പ്പാടുണ്ടായാലും മക്കള്‍ക്ക് വേണ്ടി അമ്മയത് സഹിക്കും. മക്കളെ സംരക്ഷിക്കുന്ന ചുമതല അമ്മമാരുടെതാണ്. അതൊരു ഭാരമോ, പങ്കിട്ടുകൊടുക്കേണ്ടതോ അല്ല. സ്വന്തം കാര്യം നോക്കാന്‍ നമുക്ക് സമയം കാണില്ല. നമ്മുടെ ജീവിതം വേറൊരവസ്ഥയിലേക്ക് മാറുകയാണ്.

കഷ്ടപ്പെടേണ്ടി വന്നേക്കാം ,പക്ഷേ അത് ഒരമ്മയുടെ ഭാഗ്യമാണ്.

എന്റെ അമ്മ ഒരിക്കല്‍ എന്നെ കാണാന്‍ വന്നപ്പോള്‍ മൂത്തയാളെ തോളിലിട്ടുകൊണ്ട് ഇളയകൊച്ചിനെ തൊട്ടിലാട്ടുകയായിരുന്നു ഞാന്‍. ഇതു കണ്ട് അമ്മയ്ക്ക വല്ലാത്ത വിഷമം. അമ്മ പറഞ്ഞു, നീ ഇങ്ങനെ കഷ്ടപ്പെടണ്ട മോളെ, മൂത്തവനെ ഞാന്‍ വളര്‍ത്താം, നിനക്കൊരു ആശ്വാസവും ആകും. എനിക്കത് സമ്മതിക്കാന്‍ കഴിഞ്ഞില്ല. ഒരമ്മയുടെ കര്‍ത്തവ്യമാണ് മക്കള്‍ക്ക് വേണ്ടി കഷ്ടപ്പെടുക എന്നത്. മക്കള്‍ അടുത്തില്ലാത്തതാണ് ഒരമ്മയുടെ ഏറ്റവും വലിയ സങ്കടം.

ഒരമ്മയുടെ ഏറ്റവും വലിയ സന്തോഷം നല്ല മക്കളെ കിട്ടുക എന്നുള്ളതാണ്. എന്റെ ഒന്നാമത്തെ മകനെക്കൊണ്ട് എനിക്കിത് വരെ വിഷമങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല .മൂത്ത മകനായത് കൊണ്ട് അവന്‍ ജീവിതത്തിന്റെ കഷ്ടതകള്‍ കണ്ടാണ് വളര്‍ന്നത്. രണ്ടാമത്തവനെക്കൊണ്ട് ഉണ്ടായ ദുഃഖം ഇന്നും തുടരുന്നു. അവന്‍ എന്റെ വയറ്റില്‍ കിടന്നതു തന്നെ സ്ഥാനം തെറ്റിയാണ്. അന്നു മുതല്‍ ദുഃഖം തരാന്‍ തുടങ്ങിയതാണ് അവന്‍. മദ്യപാനം, വിവാഹമോചനം എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങള്‍. മറ്റാരൊക്കെ മറന്നാലും മക്കളെ കുറിച്ചുള്ള ദുഖം ഒരമ്മയ്ക്കാന്‍ മറക്കാന്‍ കഴിയില്ല. 

ഒരമ്മയുടെ ഏറ്റവും വലിയ ദുഖവും എനിക്ക് അനുഭവിക്കേണ്ടി വന്നു. സ്വന്തം മകന്റെ മരണം. ഏറ്റവും ഇളയവന്‍ എന്നെ വിട്ടുപോയതിന്റെ ദുഖം എന്റെ മരണത്തോടെ മാത്രമേ മാറൂ. ഒരു അത്‌ലെറ്റ് ആയിരുന്ന അവന്‍ മത്സരരംഗത്തെ ഒരു പരാജയത്തെ തുടര്‍ന്ന് ജീവിതം അവസാനിപ്പിക്കുകയായിരുന്നു. 

മാതൃത്വത്തിന്റെ വിലയറിയാത്തൊരു കാലം
കാലം മാറി, എല്ലാവരും മാറി. ഇന്ന് മാതൃത്വത്തിനുപോലും വിലയില്ലാണ്ടായിരിക്കുന്നു. പെണ്ണിന് പ്രസവിക്കാന്‍ താല്‍പര്യമില്ല. കല്യാണം കഴിക്കാന്‍പോലും ഇഷ്ടമല്ല. കുട്ടികളും മക്കളുമൊക്കെ ഭാരമായി തോന്നുന്നൊരു തലമുറയാണ് ഇപ്പോഴുള്ളത്. എല്ലാവര്‍ക്കും ലിവിംഗ് ടുഗദറാണ് വേണ്ടത്.പക്ഷെ ബന്ധങ്ങളുടെ വില ഇവര്‍ക്കാര്‍ക്കും അറിയില്ല. എന്റെ മൂത്തമോന്റെ ഒരു കൂട്ടുകാരന്‍ ഇതേപോലൊരു പെണ്ണുമായി കഴിയുകയായിരുന്നു. കുറെക്കാലം കല്യാണമൊന്നും കഴിക്കാതെ തന്നെ ജീവിച്ചു. ഒരു ദിവസം ആ പെണ്‍കൊച്ചിന് അസുഖമാണെന്നറിഞ്ഞപ്പോള്‍, അവള്‍ തന്നെ പറഞ്ഞു, നമുക്ക് കല്യാണം കഴിക്കണം, എനിക്കൊരു കൊച്ചുവേണമെന്ന്. ഇതാണ് ബന്ധം, പലപ്പോഴും നമുക്ക് തിരിച്ചറിവുകള്‍ വരുന്നത് വൈകിയാണ്. എല്ലാ ജീവിതത്തിനും ഒരൊടുക്കമുണ്ട്. അതറിയാതെയാണ് എല്ലാവവരും പായുന്നത്. വീഴാറാകുമ്പോഴാണ് ഒരു തുണയുണ്ടായിരുന്നെങ്കില്‍ എന്നോര്‍ക്കുന്നത്.

അമ്മമാര്‍ക്കൊരു ദിവസം!
മക്കള്‍ക്ക് അമ്മമാരെ ഓര്‍ക്കാന്‍ ഒരു ദിവസം; ഇതു നല്ലൊരു തമാശയാണ്. അപ്പോള്‍ ബാക്കി ദിവസമൊന്നും അമ്മമാരെ ഓര്‍ക്കുന്നില്ലെന്നാണോ? ഇന്നത്തെ കാലമല്ലേ, ശരിയായിരിക്കാം. പക്ഷെ, ഒരമ്മയ്ക്കും ഒരു നേരംപോലും സ്വന്തം മക്കളെ ഓര്‍ക്കാതിരിക്കാന്‍ പറ്റില്ല. അതാണ് മാതൃത്വം. ആര്‍ക്കും നിര്‍വചിക്കാന്‍ പറ്റാത്ത ഒന്നാണത്. അമ്മയെന്നാല്‍ ദൈവത്തേക്കള്‍ വലുതാണ്. ഏഴുമാസം തികഞ്ഞാല്‍ ഗര്‍ഭിണികള്‍ അമ്പലത്തില്‍ പോകരുതെന്നൊരു ആചാരമുണ്ട്. ഏഴ് മാസമെന്നാല്‍, കുഞ്ഞ് പൂര്‍ണവളര്‍ച്ചയെത്തുന്ന സമയം. ഈ സമയം അമ്പലത്തില്‍ ചെന്നാല്‍ ഭഗവാന്‍ വരെ ഇരിക്കുന്നിടത്തു നിന്ന് എഴുന്നേറ്റു നിന്ന് അവളെ തൊഴുമെന്നാണ് പറയുന്നത്. വെറുമൊരു ഐതിഹ്യമാണെങ്കിലും അതിലൊരു പൊരുളുണ്ട്, അമ്മയെന്ന പൊരുള്‍. എല്ലാ ദൈവങ്ങളെക്കാളും മുകളിലാണ് അമ്മയ്ക്ക് സ്ഥാനമെന്ന് മക്കള്‍ മനസ്സിലാക്കണം, ആ തിരിച്ചറിവുണ്ടാകട്ടെ എല്ലാവര്‍ക്കുമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

(അഴിമുഖം റിപ്പോര്‍ട്ടര്‍ ട്രയിനിയാണ് ഉണ്ണികൃഷ്ണന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍