UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സര്‍ക്കുലറില്‍ ആശയക്കുഴപ്പമില്ല; വാഹനങ്ങളുടെ രൂപമാറ്റം ഉടമകളുടെ ഇഷ്ടത്തിന് അനുവദിക്കില്ല

അഴിമുഖം പ്രതിനിധി

വാഹനങ്ങളുടെ രൂപം ഉടമകളുടെ ഇഷ്ട്ടത്തിനു മാറ്റാന്‍ അനുവദിക്കുന്നില്ലെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ടോമിന്‍ തച്ചങ്കരി പറഞ്ഞു. മോട്ടോര്‍ വാഹന വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ വാഹനങ്ങളുടെ രൂപമാറ്റം അനുവദിക്കുന്നതായി മാധ്യമ വാര്‍ത്ത പുറത്തു വന്നതോടെ ആശയക്കുഴപ്പം രൂക്ഷമായിരുന്നു. കാരണം ഹൈക്കോടതി വിധിയില്‍ വാഹനങ്ങളുടെ രൂപമാറ്റം അംഗീകരിക്കുന്നില്ല. ഈ പശ്ചാത്തലത്തിലാണ് തച്ചങ്കരി ‘അഴിമുഖത്തോട്’ സംസാരിച്ചത്.

1988 മുതല്‍, മോട്ടോര്‍ വാഹന നിയമത്തില്‍ ആര്‍.സി. ബുക്കില്‍ നിര്‍ദ്ദേശിച്ചിട്ടില്ലാത്ത രീതിയില്‍ വാഹനങ്ങളുടെ രൂപഘടനയിലും എന്‍ജിനിലും മാറ്റം വരുത്തുന്നതിനെ നിരോധിച്ചുകൊണ്ടുള്ള സെക്ഷന്‍ 52 പ്രാബല്യത്തിലുള്ളതാണ്. എന്നാല്‍ വര്‍ഷങ്ങളായി ഇതു കൃത്യമായി പാലിക്കപ്പെട്ടിരുന്നില്ല. പലരും സ്വന്തം ഇഷ്ടത്തിനും ഭാവനയ്ക്കും അനുസരിച്ച് വാഹനങ്ങള്‍ രൂപമാറ്റം വരുത്തി ഉപയോഗിച്ചു വന്നിരുന്നു. നിയമവും ഇവര്‍ക്കു മുന്നില്‍ കണ്ണടച്ചു നില്‍ക്കുകയായിരുന്നു. 

അടുത്തിടെ ഈ കാര്യം മാധ്യമ ശ്രദ്ധയിലേക്ക് വന്നത് എറണാകുളം നിവാസി ഫ്രാന്‍സിസ് എം. സി. ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ്. ശബ്ദം കൂടിയ സൈലന്‍സറും പൈപ്പിനോട് സമാനമായ ഹാന്‍ഡില്‍ ബാറും പിടിപ്പിച്ചതിനാല്‍ കാക്കനാട് ആര്‍ടിഒ യിലെ ഇന്‍സ്‌പെക്ടര്‍ നൗഫല്‍ എ. ഫ്രാന്‍സിസിന്റെ ബുള്ളറ്റിന്റെ ആര്‍. സി. ബുക്ക് പിടിച്ചെടുക്കുകയും വാഹനം കമ്പനി നിര്‍ദ്ദേശിച്ചിരിക്കുന്ന രീതിയിലാക്കി മൂന്നു ദിവസത്തിനകം ഹാജരാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് 65കാരനായ ഫ്രാന്‍സിനസ് കോടതിയെ സമീപിച്ചത്. 2016 ഫെബ്രുവരി 29നു ജസ്റ്റിസ് വി. ചിദംബരേഷ് പറഞ്ഞ വിധി മോട്ടോര്‍ വാഹന വകുപ്പിന് അനുകൂലമായിരുന്നു. അന്നത്തെ വിധിയില്‍ സെക്ഷന്‍ 52ഉം റൂള്‍ 120(1)ഉം വീണ്ടും പരാമര്‍ശിക്കുകയും തുടര്‍ന്ന് ഇരുചക്രവാഹനങ്ങളിലെ എല്ലാ തരത്തിലുമുള്ള രൂപമാറ്റങ്ങള്‍ കര്‍ശനമായി നിരോധിക്കുകയും ചെയ്തു. മാത്രമല്ല, ഇത്തരത്തില്‍ രൂപാന്തരം വരുത്തിയ എല്ലാ ഇരുചക്രവാഹനങ്ങളും പിടിച്ചെടുക്കാനും ഉടമസ്ഥരുടെ മുകളില്‍ പിഴ ചുമത്താനും ഉത്തരവായി. തുടര്‍ന്ന് സംസ്ഥാനമൊട്ടാകെ വന്‍ തോതില്‍ വാഹന പരിശോധനകള്‍ നടക്കുകയും നൂറുകണക്കിന് നിയമലംഘകരെ പിടികൂടുകയും ചെയ്തു; തച്ചങ്കരി അഴിമുഖത്തോടു വ്യക്തമാക്കി.

കഴിഞ്ഞ ദിവസം മോട്ടോര്‍ വാഹന വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലര്‍ മേല്‍പ്പറഞ്ഞ വിധിക്ക് എതിരാണെന്നും വാഹനങ്ങളുടെ രൂപമാറ്റം അനുവദിക്കുന്നുവെന്നും ഉള്ള രീതിയില്‍ അഭ്യൂഹങ്ങള്‍ പരക്കുകയുണ്ടായി. ഈ കാര്യത്തില്‍ വ്യക്തത നല്‍കിക്കൊണ്ടാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ സംസാരിച്ചത്. സര്‍ക്കുലറില്‍ പ്രധാനമായും പ്രതിപാദിക്കുന്നത് ഷാസി (ഫ്രെയിം) മാത്രം കമ്പനി ഇറക്കുകയും പിന്നീട് ഉടമസ്ഥന്റെ ആവശ്യത്തിനനുസരിച്ച് ബോഡി ചെയ്‌തെടുക്കുന്നതും ആയ വാഹനങ്ങളെ പറ്റിയാണ്. ഒ ബി വാനുകള്‍, മൊബൈല്‍ എ.ടി.എമ്മുകള്‍, മൊബൈല്‍ ജ്വല്ലറികള്‍ തുടങ്ങിയവയൊക്കെ ഇത്തരം പട്ടികയിലാണ് വരിക. ഇതുവരെ ഇവയെ ‘മറ്റു തരത്തിലുള്ള വാഹനങ്ങള്‍’ എന്നഗണത്തില്‍ പെടുത്തി മൂന്നു മാസത്തേയ്ക്ക് 165 രൂപ എന്ന വളരെ കുറഞ്ഞ നിരക്കിലേ നികുതി പിരിച്ചിരുന്നുള്ളൂ. ജൂലൈ18നു ബജറ്റ് സഭയുടെ മേശപ്പുറത്തു വെക്കുന്നത് മുതല്‍ പുതിയ സര്‍ക്കുലര്‍ പ്രാബല്യത്തില്‍ വരും. ഇത്തരം വാഹനങ്ങളുടെ വലിപ്പം ചതുരശ്ര അടിയില്‍ കണക്കാക്കി അതിനനുസരിച്ച് ആയിരിക്കും നികുതി നിശ്ചയിക്കുക. മാത്രമല്ല ഇത്തരം വാഹനങ്ങള്‍ എങ്ങനെ ആയിരിക്കണം നിര്‍മിക്കേണ്ടത്, ഏതുതരം ഷാസിയില്‍ ആയിരിക്കണം നിര്‍മിക്കേണ്ടത് തുടങ്ങിയ മാര്‍ഗ നിര്‍ദേശങ്ങള്‍ അടങ്ങിയതാണ് പുതിയ സര്‍ക്കുലര്‍.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍