UPDATES

വിദേശം

മുസ്ലിങ്ങളോട് അമേരിക്ക പറയുന്നു: നിങ്ങള്‍ ഭീകരരാണ്

Avatar

പെറ്റുല ദ്വോറക്ക്
(വാഷിങ്ടണ്‍ പോസ്റ്റ്)


നംബര്‍ 13ലെ പാരിസ് ആക്രമണത്തിനുശേഷം യുഎസ് പ്രസിഡന്റ് സ്ഥാനമോഹികളെല്ലാം തന്നെ സ്വന്തം തട്ടകങ്ങള്‍ മുസ്ലിങ്ങള്‍ക്കെതിരെയുള്ള വെറുപ്പുകൊണ്ടു നിറച്ചുകഴിഞ്ഞു. മോസ്‌കുകള്‍ അടച്ചുപൂട്ടണമെന്നും അമേരിക്കന്‍ മുസ്ലിങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍ റജിസ്റ്റര്‍ ചെയ്യണമെന്നും ക്രിസ്ത്യാനികളല്ലാത്ത സിറിയന്‍ അഭയാര്‍ത്ഥികളെ തടയണമെന്നും ആവശ്യപ്പെട്ട് ഈ വര്‍ഷം ‘ഹേറ്റ് ഗിവിങ് ‘ ആഘോഷിക്കുകയാണ് രാഷ്ട്രീയത്തിലെ അവസരവാദികള്‍.

വിര്‍ജീനിയയിലെ ഫ്രെഡെറിക്‌സ്ബര്‍ഗില്‍ കഴിഞ്ഞയാഴ്ച നടന്ന സംഭവം ഉദാഹരണം. 27 വര്‍ഷമായി ഇവിടെ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് സെന്റര്‍കുറച്ചുകൂടി വലുതാക്കി പണിയാനുള്ള ശ്രമത്തിന് അതിരൂക്ഷമായ പ്രതികരണമാണ് പരിസരവാസികളില്‍നിന്നുണ്ടായത്. സെന്ററിന്റെ വികസനപദ്ധതി അമേരിക്കയുടെ ചട്ടക്കൂടിനുതന്നെ ഭീഷണിയാണെന്നായിരുന്നു ചൊവ്വാഴ്ച പ്രതിഷേധയോഗത്തിനെത്തിയവരുടെ കാഴ്ചപ്പാട്.

‘ നിങ്ങളുടെ ദുഷിച്ച സംസ്‌കാരം ഈ രാജ്യത്ത് ആര്‍ക്കും വേണ്ട’, ഫ്രെഡെറിക്‌സ്ബര്‍ഗ് ഫ്രീ ലാന്‍സ് സ്റ്റാര്‍ പത്രം ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത യോഗത്തിന്റെ വീഡിയോയില്‍ ഒരാള്‍ ആക്രോശിക്കുന്നത് ഇങ്ങനെയാണ്. ‘സെന്റര്‍ വികസനപദ്ധതി നടപ്പാക്കാതിരിക്കാന്‍ എനിക്കു കഴിയുന്നതെല്ലാം ഞാന്‍ ചെയ്യും, എന്തെന്നാല്‍ നിങ്ങള്‍ ഭീകരരാണ്’, ഇങ്ങനെ പോയി പ്രതികരണം.

അയാള്‍ ഒറ്റയ്ക്കായിരുന്നില്ല. 

‘സ്വതന്ത്രരുടെ ഭൂമി, ധീരരുടെ വീട് ‘എന്നെഴുതിയ, അമേരിക്കന്‍ പതാക ചിറകുകളാക്കിയ കഴുകന്റെ ചിത്രമുള്ള ടീഷര്‍ട്ടിട്ട് യോഗത്തിനെത്തിയ മറ്റൊരാള്‍ കെട്ടിടത്തിന്റെ പ്‌ളാന്‍ വിശദീകരിക്കാന്‍ ശ്രമിച്ച എന്‍ജിനീയര്‍മാരെയും അവരുടെ ബ്‌ളൂപ്രിന്റുകളെയും കൂവിത്തോല്‍പ്പിക്കുകയായിരുന്നു.

‘ഞങ്ങള്‍ പറയുന്നതിതാണ്: മുസ്ലിം ദുഷ്ടശക്തിയാണ്’, അയാള്‍ പറയുമ്പോള്‍ അതിനെ ശരിവയ്ക്കുന്ന പിറുപിറുക്കലുകളും ചിയേഴ്‌സ് വിളികളുമായിരുന്നു മുറിയിലാകെ.

ഒരു പൊതുയോഗത്തിലാണ് ഇതു നടന്നത്. ഇവിടെ മുപ്പതോളം വര്‍ഷമായി ജീവിക്കുകയും ജോലി ചെയ്യുകയും ആരാധന നടത്തുകയും ചെയ്യുന്ന ഒരു വലിയ സംഘം മുസ്ലിങ്ങള്‍ക്കാണ് ഇതു നേരിടേണ്ടിവന്നത്. ഒരു ഭക്ഷണശാല, പ്രാര്‍ഥനകള്‍, ഫാം ഫണ്‍ പാര്‍ട്ടി തുടങ്ങിയവയിലൊതുങ്ങുന്നു സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍.

സെന്റര്‍ വന്‍ വികസനം നടത്തുന്നുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം. 8000 ചതുരശ്ര അടിയിലൊതുങ്ങുന്ന വികസനംമാത്രമാണ് അവര്‍ പ്‌ളാന്‍ ചെയ്തത്. ഒരു ഡെന്നിസ് റസ്റ്ററന്റിന്റെയത്ര വലിപ്പം.

പ്രതിഷേധക്കാര്‍ കേള്‍ക്കേണ്ട ഒരു പ്രസംഗം ഇതാ:
 ‘ അമേരിക്കന്‍ പൗരന്മാരില്‍ കോടിക്കണക്കിനു മുസ്ലിങ്ങളുണ്ട്. നമ്മുടെ രാജ്യത്തിന് മുസ്ലിങ്ങളുടെ സംഭാവന നിസ്തുലവുമാണ്. നമുക്ക് മുസ്ലിം ഡോക്ടര്‍മാരുണ്ട്; അഭിഭാഷകര്‍, നിയമവിദഗ്ധര്‍, സൈനികാംഗങ്ങള്‍, വ്യവസായ സംരംഭകര്‍, കച്ചവടക്കാര്‍, മാതാപിതാക്കള്‍ എല്ലാവരുമുണ്ട്. ഇവരെല്ലാം ബഹുമാനം അര്‍ഹിക്കുന്നു. എത്ര വികാരാവേശത്തിലായാലും അമേരിക്കക്കാര്‍ പരസ്പരം ബഹുമാനമുള്ളവരായിരിക്കണം’.

2011 സെപ്റ്റംബര്‍ 11ല്‍ അമേരിക്ക നേരിട്ട ഏറ്റവും വലിയ ഭീകരാക്രമണം നടന്ന് ആറുദിവസത്തിനുശേഷം വാഷിങ്ടണ്‍ ഇസ്ലാമിക് സെന്റര്‍ സന്ദര്‍ശിച്ച അന്നത്തെ പ്രസിഡന്റ് ജോര്‍ജ് ഡബ്‌ളിയു ബുഷ് നടത്തിയ പ്രസംഗമാണിത്.

‘ഇസ്ലാം വിശ്വാസത്തിന് ഭീകരതയുടെ മുഖമല്ല”, അന്ന് 3000പേരുടെ മരണം കണ്ട നടുക്കത്തില്‍ മുസ്ലിങ്ങള്‍ക്കെതിരായി തിരിയാന്‍ ഒരുങ്ങിനിന്ന ജനതയോട് ബുഷ് പറഞ്ഞു. ” ഇസ്ലാം സമാധാനമാണ്. ഭീകരര്‍ സമാധാനത്തെ പ്രതിനിധീകരിക്കുന്നില്ല. അവര്‍ ദുഷ്ടതയെയും യുദ്ധത്തെയുമാണ് പ്രതിനിധീകരിക്കുന്നത്’.

പാരിസ് ആക്രമണത്തെത്തുടര്‍ന്ന് ഭയാനകമാംവിധമാണ് മുസ്ലിങ്ങളെ ഒറ്റപ്പെടുത്തുന്നതിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ നടക്കുന്നത്. സെപ്റ്റംബര്‍ 11ന് അമേരിക്കന്‍ മണ്ണില്‍ നടന്ന ആക്രമണത്തിനുണ്ടായ പ്രതികരണത്തെക്കാള്‍ ക്രൂരമായ ചര്‍ച്ചകളാണിവ. മതസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ഒരു രാജ്യത്തെപ്പോലെയല്ല, നാസി ജര്‍മനിയെപ്പോലെയാണ് അമേരിക്ക ഇന്നു ചിന്തിക്കുന്നത്.

എന്തുകൊണ്ടാണ് രാജ്യത്തിന്റെ അടിസ്ഥാന ആശയങ്ങളില്‍നിന്ന് നാം അതിവേഗം അകന്നുപോകുന്നത് ?  ഉത്തരം ഇതാണ്: ഇത് തിരഞ്ഞെടുപ്പ് വര്‍ഷമാണ്. ഡൊണാള്‍ഡ് ട്രംപിന്റെ നുണകളെ പിന്തുടരുന്ന രാഷ്ട്രീയക്കാര്‍ അത്ഭുതമരുന്നെന്ന പേരില്‍ ഭയം വില്‍ക്കുന്നു.

അമേരിക്കയിലെങ്ങും ജനസമൂഹങ്ങള്‍ തിരിയുകയാണ്; വര്‍ഷങ്ങളോളം ഒരുമിച്ചുകഴിഞ്ഞ അയല്‍ക്കാര്‍ക്കെതിരെ. ഫ്രെഡറിക്‌സ്ബര്‍ഗിലെ താമസക്കാരെ പരിഭ്രമിപ്പിച്ച മറ്റൊരു വിവരം ഇതാണ്: ‘താമസിയാതെ ഇവിടം സിറിയന്‍ കുടിയേറ്റക്കാരെക്കൊണ്ടു നിറയും. ആരെന്നറിയാത്ത നൂറുകണക്കിനു മുസ്ലിങ്ങള്‍ നിങ്ങളുടെ തെരുവുകളില്‍ എത്തും,’ തെരുവുകളില്‍ പ്രത്യക്ഷപ്പെട്ട ചില പോസ്റ്ററുകള്‍ ഇങ്ങനെയാണെന്ന് ഫ്രെഡറിക്‌സ്ബര്‍ഗം ഫ്രീ ലാന്‍സ് സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വാസ്തവവുമായി ബന്ധമില്ലാത്ത പ്രചാരണമാണിത്. ഫ്രെഡറിക്‌സ്ബര്‍ഗിലൊരിടത്തും കുടിയേറ്റക്കാരെ അധിവസിപ്പിക്കാന്‍ പദ്ധതിയില്ല. മാത്രമല്ല, അമേരിക്കയിലേക്കുള്ള കുടിയേറ്റത്തിന്റെ പരിശോധനാനടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ രണ്ടുവര്‍ഷമെങ്കിലും സമയം വേണം. സിറിയന്‍ അഭയാര്‍ത്ഥികളില്‍ 10,000 പേരെ സ്വീകരിക്കാനാണ് പ്രസിഡന്റ് ഒബാമയുടെ ഭരണകൂടം ആലോചിക്കുന്നത്. ഓരോ സംസ്ഥാനത്തും 200 അഭയാര്‍ത്ഥികള്‍ വീതം എന്നര്‍ത്ഥം. ഇവരെല്ലാം ഫ്രെഡറിക്‌സ്ബര്‍ഗിലെത്താന്‍ ഒരു സാധ്യതയുമില്ല.

അസഹിഷ്ണുത പടരുന്നത് വിര്‍ജീനിയയില്‍ മാത്രമല്ല. അഭയാര്‍ഥികളെ സ്വീകരിക്കില്ലെന്ന് പ്രഖ്യാപിച്ച ഗവര്‍ണര്‍മാര്‍ക്കൊപ്പം മേരിലാന്‍ഡ് ഗവര്‍ണര്‍ ലാരി ഹൊഗാനും ചേര്‍ന്നു കഴിഞ്ഞു. ഇങ്ങനെയൊരു അധികാരം ഒരു ഗവര്‍ണര്‍ക്കും ഇല്ല എന്നത് മറ്റൊരു കാര്യം.

മേരിലാന്‍ഡില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഒരു സംഭവം കാര്യങ്ങളുടെ ദിശ കാണിച്ചുതരുന്നു. രണ്ടു ചെറിയ കുട്ടികളുമായി സഞ്ചരിക്കുകയായിരുന്ന ഒരു യുവതി കാറിന്റെ ടയര്‍ ഫ്‌ളാറ്റായി വഴിയില്‍ കുടുങ്ങി. ഇതു കണ്ട ഒരു യുവാവ് ഇവരുടെ സഹായത്തിനെത്തി.

തന്റെ പേര് അലി എന്നു പറഞ്ഞ യുവാവിനോട് നിങ്ങള്‍ മുസ്ലിമാണോ എന്നായിരുന്നു യുവതിയുടെ ചോദ്യം. അതെ എന്ന ഉത്തരം കേട്ട് യുവതി പറഞ്ഞു, ‘എനിക്ക് നിങ്ങളെപ്പോലുള്ളവരുടെ സഹായം ആവശ്യമില്ല.”

നാനാജാതി മതസ്ഥര്‍ ഇടകലര്‍ന്നു ജീവിക്കുന്ന ഹോവാര്‍ഡ് കൗണ്ടിയിലായിരുന്നു സംഭവം. ‘ഉപചാരം സ്വീകരിക്കൂ’ എന്നതാണ് പ്രദേശത്തിന്റെ പ്രമാണസൂക്തം തന്നെ.

ഇന്ന് അമേരിക്കയില്‍ മേല്‍ക്കൈ എന്തായാലും ഉപചാരത്തിനല്ല. ഇത് അവസാനിപ്പിക്കേണ്ട സമയമായിരിക്കുന്നു.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍