UPDATES

സിനിമ

ന്യൂജെന്‍കാര്‍ക്ക് മട്ടാഞ്ചേരിയില്‍ ക്വട്ടേഷന്‍കാര്‍ മാത്രമേ ഉള്ളോ? ഗ്രാമങ്ങളില്‍ ചെറുപ്പക്കാരില്ലേ? കമല്‍/അഭിമുഖം

എന്‍റെ പ്രസ്താവനകള്‍ പലപ്പോഴും തെറ്റിദ്ധരിക്കപ്പെട്ടിട്ടുമുണ്ട്- ഭാഗം 3

മുപ്പത് വര്‍ഷത്തിലേറെയായി മലയാള സിനിമയില്‍ സജീവമായി നില്‍ക്കുന്ന പ്രശസ്ത സംവിധായകന്‍ കമല്‍ തന്റെ ഡ്രീം പ്രൊജക്ടായ ആമിയുടെ ചിത്രീകരണ തിരക്കിലാണ് ഇപ്പോള്‍. കഴിഞ്ഞ മൂന്നാല് മാസങ്ങളിലായി തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും സംഘര്‍ഷം നിറഞ്ഞ കാലത്തിലൂടെ കടന്നു പോവുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദിയെ വിമര്‍ശിച്ചതിനും ദേശീയ ഗാന വിഷയത്തിലും അദ്ദേഹത്തെ ക്രൂശിക്കാന്‍ സംഘ പരിവാര്‍ ശ്രമിച്ചപ്പോള്‍ ആമിയില്‍ നിന്നുള്ള വിദ്യാബാലന്റെ പിന്‍മാറ്റം സിനിമാ ജീവിതത്തെ തന്നെ പ്രതിസന്ധിയിലാക്കി. കൂടാതെ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്ന ഭാരിച്ച ഉത്തരവാദിത്തവും ഈ അവസരത്തില്‍ അദ്ദേഹത്തിന് ഏറ്റെടുക്കേണ്ടി വന്നു. താര സിനിമകള്‍, ന്യൂ ജനറേഷന്‍ എന്നിങ്ങനെ വിവിധ കാലഘട്ടങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം ഈ ഭാഗത്ത്. ഈ അഭിമുഖത്തിന്റെ ആദ്യ രണ്ടു ഭാഗങ്ങള്‍ ഇവിടെ വായിക്കാം: (എന്നെ ഇരയാക്കുകയായിരുന്നു’; ആമി, മഞ്ജു വാര്യര്‍, ദേശീയഗാനം – കമല്‍/അഭിമുഖം), (എന്റെ ആദ്യത്തെ സിനിമ ഒരു ഉച്ചപ്പടമായിട്ടാണ് ഓടിയത്”: കമല്‍/അഭിമുഖം-ഭാഗം 2)

സാജു: താര സിനിമകള്‍ ചെയ്യുമ്പോഴും ഒരു ക്യാരക്ടര്‍ നിലനിര്‍ത്താന്‍ താങ്കള്‍ക്ക് കഴിഞ്ഞിരുന്നു. താരപരിവേഷങ്ങളുടെ കൂടെ ഓടാതെ തന്നെ നിരവധി സിനിമകള്‍ ചെയ്തു. അതിനെ കുറിച്ച്…?

കമല്‍: എന്‍റെ പ്രസ്താവനകള്‍ പലപ്പോഴും തെറ്റിദ്ധരിക്കപ്പെട്ടിട്ടുമുണ്ട്. ഞാന്‍ അഭിമുഖത്തില്‍ ഒക്കെ പറയുന്ന കാര്യങ്ങളാണ്. ഒരഭിമുഖത്തില്‍ മോഹന്‍ലാലിന്‍റെ മീശ പിരിക്കുന്ന സിനിമകള്‍ ഒന്നും ഞാന്‍ ചെയ്തിട്ടില്ല എന്നു പറഞ്ഞപ്പോള്‍ ഞാന്‍ ചെയ്യില്ല എന്ന അര്‍ത്ഥത്തില്‍ വ്യാഖ്യാനമുണ്ടായി. ഞാന്‍ ചെയ്യില്ല എന്നല്ല പറഞ്ഞത്. എനിക്കതിനുള്ള കഴിവില്ല എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. എനിക്കങ്ങനെയുള്ള സിനിമകള്‍ ചെയ്യാന്‍ അറിയില്ല. കാരണം എന്‍റെ ഒരു രീതിയില്‍പ്പെട്ടതല്ല അത്തരം സിനിമകള്‍. ഞാന്‍ എന്നും പറഞ്ഞിട്ടുള്ള കാര്യമാണ് ഇത്. ഈ പറയുന്ന സൂപ്പര്‍ സ്റ്റാറുകളെ വെച്ചിട്ട് സിനിമ തുടങ്ങിയ ഒരാളാണ് ഞാന്‍. മോഹന്‍ലാലിനെ വെച്ചിട്ട് ആദ്യത്തെ സിനിമ ചെയ്ത ആളാണ്. മമ്മൂട്ടിയെ വെച്ചിട്ടും മോഹന്‍ലാലിനെ വെച്ചിട്ടും ദിലീപിനെ വെച്ചിട്ടും അങ്ങനെയുള്ള എല്ലാ താരങ്ങളെ വെച്ചിട്ടും ഞാന്‍ സിനിമ ചെയ്തിട്ടുണ്ട്.

ഇവരെയൊക്കെ ഉപയോഗപ്പെടുത്തുമ്പോഴും ഇവരെ ഏത് രീതിയിലാണ് പ്രധാനമായും നമ്മള്‍ ബ്രാന്‍റ് ചെയ്തിട്ടുള്ളത് എന്നാലോചിക്കണം. ആക്ടര്‍ എന്ന രീതിയില്‍ അല്ല. താരം എന്ന രീതിയിലാണ്. മമ്മൂട്ടിയായാലും മോഹന്‍ലാല്‍ ആയാലും ഇന്ത്യന്‍ സിനിമ കണ്ടിട്ടുള്ള ഏറ്റവും വലിയ നടന്മാരാണ് ഇവരൊക്കെ. താരം എന്ന രീതിയില്‍ ഇവരൊക്കെ ബ്രാന്‍റ് ചെയ്തിരിക്കുന്ന അവസ്ഥയില്‍ നിന്നു കൊണ്ട് എനിക്കു സിനിമ എടുക്കാന്‍ പറ്റില്ല. മോഹന്‍ലാലിന്‍റെ താരമൂല്യത്തെ പ്രോജക്റ്റ് ചെയ്യുന്ന സിനിമകള്‍ എന്നും ഉണ്ടായിട്ടുണ്ട്. പുലിമുരുകന്‍ പോലുള്ള സിനിമകള്‍. അത്തരം സിനിമകളെ കുറിച്ചാണ് ഞാന്‍ പറയുന്നത്. ഞാന്‍ അതില്‍ നിന്ന് മാറിയിട്ടുള്ള സിനിമകളേ ചെയ്തിട്ടുള്ളൂ. മോഹന്‍ലാലിനെ വെച്ചു ഞാന്‍ ചെയ്തിട്ടുള്ള സിനിമകള്‍ നോക്കിയാല്‍ അതില്‍ സാധാരണ കഥാപാത്രങ്ങളില്‍ നിന്നു മാറി അമാനുഷിക കഥാപാത്രങ്ങള്‍ ഒന്നും അല്ല. അത് തന്നെയാണ് മമ്മൂട്ടിയെ വെച്ചിട്ടു ചെയ്ത സിനിമകളും. ആക്ടര്‍ എന്ന രീതിയില്‍ എന്‍റെ പരിമിതികളില്‍ നിന്നുകൊണ്ടു ഞാന്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും ഈ പറയുന്ന താര പരിവേഷം, മമ്മൂട്ടിയുടെ സൌന്ദര്യത്തെ കുറിച്ച് പറയാറില്ലേ, അതൊന്നും ഞാന്‍ ആ രീതിയില്‍ ഉപയോഗപ്പെടുത്തിയിട്ടില്ല. നേരെ ഓപ്പോസിറ്റാണ് ഞാന്‍ കറുത്ത പക്ഷികളില്‍ ഒക്കെ ചെയ്തിട്ടുള്ളത്. തിരിഞ്ഞു നോക്കുമ്പോള്‍ താരങ്ങളുടെ വന്‍ വിജയങ്ങളോട് ചേര്‍ത്തു വെക്കാന്‍ പറ്റുന്ന പടങ്ങളുടെ കൂട്ടത്തിലൊന്നും എന്‍റെ പടങ്ങള്‍ ഉണ്ടാവില്ല. ഞാനതിനെ അംഗീകരിക്കുന്നു. എന്റേതായ വഴിയില്‍ കൂടി തന്നെയാണ് ഞാന്‍  സഞ്ചരിക്കുന്നത്.

സാ: പക്ഷേ താരങ്ങളുടെ മികച്ച പടങ്ങള്‍ എടുക്കുമ്പോള്‍ താങ്കളുടെ പടങ്ങള്‍ ഉണ്ടാകും…

ക: അതുണ്ടാവും. പക്ഷേ അവരത് അംഗീകരിക്കണ്ടേ. ഒരു പക്ഷേ നാട്ടുകാര്‍ അംഗീകരിക്കുന്നുണ്ടാവും. ഞാന്‍ അവരെ വെച്ചു ചെയ്യുമ്പോള്‍ തന്നെ എനിക്ക് ഏറ്റവും വലിയ സന്തോഷം എന്നു പറയുന്നത്, വലിയൊരു തൃപ്തി തന്നിട്ടുള്ളതും ഇവരൊന്നും ഇല്ലാത്ത സിനിമകള്‍ ചെയ്തപ്പോഴാണ്. കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടി, ശുഭയാത്ര, പെരുവണ്ണാപ്പുരത്തെ വിശേഷങ്ങള്‍ തുടങ്ങിയവ. ഇവയൊക്കെ എനിക്കിഷ്ടപ്പെട്ട എന്‍റെ ചില സിനിമകളാണ്. പിന്നെ പെരുമഴക്കാലം, ഗദ്ദാമ പോലുള്ള സ്ത്രീകള്‍ക്ക് പ്രാധാന്യം കൊടുത്തിട്ടുള്ള സിനിമകള്‍ ചെയ്തിട്ടുള്ള ഒരാളാണ് ഞാന്‍. ഞാനെപ്പോഴും എന്നെത്തന്നെ തിരിഞ്ഞു നോക്കാന്‍ ശ്രമിക്കുമ്പോഴും വലിയ സിനിമകള്‍ ഒന്നും ചെയ്തിട്ടില്ലെങ്കിലും പലപ്പോഴും പലതിനോടും കലഹിച്ചു കൊണ്ടാണ് ഞാന്‍ സിനിമ ചെയ്തിട്ടുള്ളത് എന്ന് തോന്നിയിട്ടുണ്ട്. ഈ പറയുന്ന ഫോര്‍മുലകളോട് കലഹിച്ചിട്ടു തന്നെയാണ് ഞാന്‍ ചെയ്തത്. മേഘമല്‍ഹാര്‍, മധുരനൊമ്പരക്കാറ്റ് അങ്ങിനെ ഒത്തിരി സിനിമകള്‍ ഉണ്ട്.

സാ: അതൊരു വലിയ വെല്ലുവിളി തന്നെയല്ലേ. ഇങ്ങനെ മുഖ്യധാരയില്‍ നില്‍ക്കുമ്പോള്‍ അതിന്റെ എല്ലാ എക്കണോമിക്സും നോക്കണം. എന്നിട്ടും നിരന്തരം സിനിമ എടുക്കാന്‍ പറ്റി എന്നുള്ളതാണ്…

ക: നിരന്തരം സിനിമയെടുക്കാന്‍ എനിക്കു പറ്റി എന്നത് ശരിയാണ്. എന്‍റെ മുന്‍ഗാമികളെ പോലെ വലിയ ഇടവേളകള്‍ ഉണ്ടായിട്ടില്ല. അതിനു കാരണം ഞാന്‍ രണ്ടും ചെയ്തിട്ടുണ്ട് എന്നത് തന്നെയാണ്. നിറം പോലുള്ള സിനിമകള്‍ ഉദാഹരണം. വിജയം ഉണ്ടാകുമ്പോഴേ നിര്‍മ്മാതാക്കള്‍ എന്നെ തേടിയെത്തൂ. നിറം എടുത്ത നിര്‍മ്മാതാവിനോട് ഞാന്‍ പറയും, നമുക്ക് അടുത്തതായി കുറച്ചു സീരിയസ് ആയിട്ടുള്ള സിനിമ ചെയ്യാം എന്ന്. അങ്ങനെ പറഞ്ഞിട്ടു മധുരനൊമ്പരക്കാറ്റ് എടുപ്പിച്ചു. നിറത്തിന് കിട്ടിയ ലാഭം  മുഴുവന്‍ അതിനു പോയി. ഇങ്ങനെ പല നിര്‍മ്മാതാക്കളെയും സാഹസികമായിട്ട് ചില സിനിമകളിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. ചില ആള്‍ക്കാരെ കൊണ്ട് സീരിയസ് സിനിമ എടുപ്പിച്ചിട്ട് അവരെ കൊണ്ട് പിന്നെ കമേര്‍സ്യല്‍ സിനിമ എടുപ്പിക്കും. അങ്ങനെ അവരുടെ മുടക്ക് മുതല്‍ തിരിച്ചു കൊടുത്തിട്ടുമുണ്ട്. മഞ്ഞുപോലൊരു പെണ്‍കുട്ടി എടുത്ത പ്രൊഡ്യൂസറോട് ഞാന്‍ പറഞ്ഞു നമുക്ക് അടുത്ത പടം ഒരു താരത്തെ വെച്ച് ചെയ്യാമെന്ന്. അങ്ങനെ മമ്മൂട്ടിയെ വെച്ചു രാപ്പകല്‍ ചെയ്തു. അയാള്‍ക്ക് മഞ്ഞുപോലൊരു പെണ്‍കുട്ടിയില്‍ വന്ന നഷ്ടം രാപ്പകലിലൂടെ തിരിച്ച് കിട്ടി.

സാ: താങ്കളുടെ സിനിമകള്‍ കാണുമ്പോള്‍ വായനയുടെ ഒരു ബലം അതിനുള്ളതായി തോന്നിയിട്ടുണ്ട്. താങ്കളുടെ  തലമുറയില്‍ പെട്ട സത്യന്‍ അന്തിക്കാടായാലും താങ്കളായാലും എങ്ങനെയാണ് വായനയും സിനിമാ സംവിധാനവും ഒരുമിച്ച് കൊണ്ടുപോകുന്നത്?

ക: അത് നമ്മള്‍ അത് ശീലിച്ച് വന്നത് കൊണ്ട് തന്നെയായിരിക്കും. ഒരു ഗ്രാമത്തില്‍ ജനിച്ച് വായനശാലയില്‍ നിന്നൊക്കെ പുസ്തകങ്ങള്‍ എടുത്ത് വായിച്ചിട്ടുള്ള ആ ശീലത്തില്‍ നിന്നു കിട്ടിയതാണ്. ഞങ്ങള്‍ എപ്പോഴും പറയുന്ന ഒരു കാര്യം ഉണ്ട്. ഞാനൊക്കെ മദ്രാസില്‍ ജീവിക്കുന്ന കാലത്ത് അവിടെ രാവിലെ മലയാളം പത്രം കിട്ടില്ലായിരുന്നു. വൈകുന്നേരം മാത്രമേ കിട്ടൂ. കുറെ ദൂരെയുള്ള ഒരു ഷോപ്പില്‍ ഞാന്‍ നടന്നുപോയിട്ട് മലയാളം പത്രവും മാതൃഭൂമി, കേരള കൌമുദി തുടങ്ങിയ വാരികകള്‍ എല്ലാം വാങ്ങിക്കുമായിരുന്നു. ഒരു ലക്കം പോലും വിടാതെ വാങ്ങിക്കുമായിരുന്നു. നാട്ടില്‍ വരുമ്പോള്‍ പുസ്തകം വാങ്ങിക്കാന്‍ പൈസ ഇല്ലെങ്കില്‍ ലൈബ്രറിയില്‍ നിന്നു പത്തോ പതിനഞ്ചോ  പുസ്തകങ്ങള്‍ ഒരുമിച്ച് എടുത്തുകൊണ്ട് പോയിട്ടു മദ്രാസില്‍ കിട്ടുന്ന ഇടവേളകളില്‍ വായിച്ചിട്ടുള്ള ഒരു ശീലം ഉണ്ട്. ഇങ്ങനെയുള്ള വായനകള്‍ പലപ്പോഴും ബ്രേക്ക് ചെയ്തിട്ടില്ല. ഇപ്പോഴും ഇറങ്ങുന്ന, പുതിയ പുതിയ കഥകളായാലും പുസ്തകങ്ങളായാലും പുതിയ ചെറുപ്പക്കാരുടെ കഥകള്‍ ഒക്കെ  വായിച്ചു പോകുന്ന ആ ഒരു ശീലം ഉണ്ട്. വായിക്കുക എന്നുള്ള നിരന്തരമായ ഒരു ശീലം ഇപ്പോഴും വിട്ടുപോയിട്ടില്ല. ടി വി കാണുന്നതിനെക്കാള്‍ കൂടുതല്‍ സമയം വായിക്കാന്‍ ഇപ്പൊഴും വായിക്കാന്‍ ഉപയോഗിക്കുന്നുണ്ട്.

സാ: സിനിമയിലെ എഴുത്തിനെ അത് സ്വാധീനിച്ചിട്ടുണ്ടോ..?

ക: ഞാന്‍ ചെയ്ത പല സിനിമകളിലും എഴുത്തുകാരന്റെ കൂടെ ഇരുന്നിട്ടുണ്ട്. ശ്രീനിവാസന്റെയും ടിഎ റസാഖിന്റെയും ഒക്കെ കൂടെ. അപ്പോഴൊക്കെ കഥകള്‍ ഉണ്ടായി വരുന്നത് വായിച്ച കഥകള്‍ ഡിസ്ക്കസ് ചെയ്യുമ്പോഴാണ്. അല്ലാതെ ഒരു സിനിമ ഉണ്ടാക്കാനായിട്ട് കുറെ ഡി വി ഡി ഇട്ടു കണ്ട് സിനിമ ഉണ്ടാക്കുന്ന ഒരു പതിവ് ഉണ്ടായിട്ടില്ല. ഞാനും ശ്രീനിവാസനും ഞങ്ങള്‍ പലപ്പോഴും ഡിസ്ക്കഷന് ഇരിക്കുമ്പോള്‍ കുറെ പുസ്തകങ്ങളാണ് കൊണ്ടുവരിക. എന്നിട്ട് ഗ്യാപ്പ് കിട്ടുമ്പോഴൊക്കെ പുസ്തകങ്ങള്‍ വായിക്കുകയാണ് ചെയ്യുക. സിനിമയും വായനയും നമ്മള്‍ ഒരുമിച്ച് കൊണ്ടുപോയി എന്നുള്ളതാണ്.

സാ: മലയാളത്തിലെ പുതിയ ജനറേഷന്‍ സംവിധായകര്‍ ,ന്യൂജനറേഷന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ആളുകള്‍, അവരുടെ സിനിമകളെ കുറിച്ച് ?

ക: ഞാന്‍ വളരെയധികം അപ്രീഷ്യേറ്റ് ചെയ്യുന്ന ഒരുപാട് പേരുണ്ട്. ഒരാളുടെ പെരുമാത്രമായിട്ട് ഞാന്‍ പറയുന്നില്ല. കാരണം കുറച്ചു കൂടി ബോള്‍ഡായിട്ട്, ഞങ്ങളുടെ തലമുറ പലതിനും മടിച്ച് നിന്നിരുന്നെങ്കില്‍ അതിനെയൊക്കെ ബ്രേക്ക് ചെയ്യാന്‍ ശ്രമിച്ചു കൊണ്ട് കുറച്ചു കൂടി ശക്തമായിട്ട്, അല്ലങ്കില്‍ ആര്‍ജ്ജവത്തോട് കൂടി സിനിമയെ സമീപിക്കുന്ന ഒരു ജനറേഷന്‍ ഉണ്ട്. അതാണ് ന്യൂജനറേഷന്‍. കുറെ പേരുണ്ട് അതില്‍. പക്ഷേ അതില്‍ ചിലരെ നോക്കുമ്പോള്‍ തോന്നുന്നത് അതില്‍ ഒരു നൈരന്തര്യം ഉണ്ടാകുന്നില്ല എന്നാണ്. അവിടെയാണ് പ്രശ്നം. ഒന്നോ രണ്ടോ പടം കഴിയുമ്പോള്‍ പിന്നെ അവര്‍ പകച്ചു നില്‍ക്കുകയാണ്. അതെന്തു കൊണ്ടാണെന്ന് ആലോചിച്ചപ്പോള്‍ എനിക്കു പലപ്പോഴും തോന്നിയിട്ടുള്ളത് ജീവിതാനുഭവങ്ങളുടെ കുറവായിരിക്കാം. അവര്‍ എല്ലെങ്കില്‍ കുറെ സിനിമകള്‍ കണ്ട് അതില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ടുകൊണ്ട് സിനിമ എടുക്കാന്‍ തീരുമാനിച്ച് ഫിലിംമേക്കര്‍ ആയതാവും.

സിനിമ എന്നു പറയുന്നത് രക്തത്തില്‍ അലിഞ്ഞു ചേരുക എന്നതും ഇതും തമ്മില്‍ വ്യത്യാസം ഉണ്ട്. കാലം മാറി. ഇപ്പോ അതിന്റെ ആവശ്യം ഉണ്ടെന്നൊന്നും ഞാന്‍ പറയുന്നില്ല. പണ്ട് ഞങ്ങളുടെയൊക്കെ കാലത്ത് എങ്ങനെയാണെന്ന് വെച്ചാല്‍ സിനിമ പഠിക്കാനായിട്ട് കുറെക്കാലം മദ്രാസില്‍ പോയി താമസിച്ചു. കുറെക്കാലം അസിസ്റ്റന്‍റ് ഡയറക്റ്റര്‍ ആയിട്ട് ജോലി ചെയ്തു. സിനിമയുടെ എല്ലാ വഴിലൂടെയും സഞ്ചരിക്കുമായിരുന്നു. ഞാന്‍ കുറെ നാള്‍ എഡിറ്റിംഗ് റൂമില്‍ നിന്നിട്ട് എഡിറ്റിംഗ് പഠിച്ചിട്ടുണ്ട്. അസിസ്റ്റന്‍റ് ഡയറക്ടര്‍ ആയി ജോലി ചെയ്യുമ്പോള്‍ തന്നെ ഞാന്‍ എഡിറ്റിംഗ് അസിസ്റ്റന്‍റ് ആയിട്ടും ജോലി ചെയ്തിട്ടുണ്ട്. ആ കാലഘട്ടത്തിലെ സെല്ലുലോയിഡില്‍ എഡിറ്റ് ചെയ്യാന്‍ എനിക്കറിയാം. വേണമെങ്കില്‍ ഒരു സിനിമ സ്വന്തമായിട്ട് എഡിറ്റ് ചെയ്യാന്‍ പോലും പറ്റും എന്നെനിക്ക് തോന്നിയിരുന്നു. ഇന്നിപ്പോ എഡിറ്റര്‍ ഉണ്ടാകും. ഡയറക്റ്റര്‍ക്ക് ഒരു പ്രയാസവും ഇല്ല എഡിറ്റ് ചെയ്യാന്‍. കമ്പ്യൂട്ടര്‍ പഠിച്ചാല്‍ എഡിറ്റ് ചെയ്യാം. ആറ് മാസം കൊണ്ടൊക്കെ എഡിറ്റിംഗ് പഠിക്കാം. മറ്റത് വര്‍ഷങ്ങളുടെ തപസ്യ പോലെയായിരുന്നു. എന്നാല്‍ മാത്രമേ എഡിറ്റ് ചെയ്യാന്‍ പറ്റുമായിരുന്നുള്ളൂ. അങ്ങനെയുള്ള ജീവിതാനുഭവങ്ങളില്‍ നിന്ന് സിനിമ വരുന്നതും ഇതും തമ്മില്‍ വ്യത്യാസം ഉണ്ട്.

രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന് വന്നത് കൊണ്ടാവും ഞങ്ങളുടെ കാലത്തെ ആളുകള്‍ക്ക് ഒരുപാട് സിനിമകള്‍ ചെയ്യാന്‍ പറ്റിയത്. ഇന്നിപ്പോള്‍ അങ്ങനെ പറ്റുന്നില്ല. പുതിയ പ്രതിഭാസമാണ്. തൊട്ട് മുമ്പ് തമിഴില്‍ നമ്മള്‍ കണ്ടിട്ടുണ്ട്. ഒന്നു രണ്ട് സിനിമ എടുത്ത സംവിധായകരെ നമ്മള്‍ പിന്നെ കാണുന്നില്ല. അവര്‍ക്ക് പിന്നീട് എന്തുകൊണ്ട് സിനിമ ചെയ്യാന്‍ പറ്റുന്നില്ല. അല്ലെങ്കില്‍ അവരുടെ കയ്യൊപ്പ് പതിഞ്ഞ സിനിമകള്‍ പോലെയൊന്ന് പിന്നീട് എന്തുകൊണ്ട് സിനിമ ഉണ്ടാക്കാന്‍ പറ്റുന്നില്ല എന്നു പറയുന്ന ഒരു ന്യൂനത പലപ്പോഴും ന്യൂജനറേഷന് വന്നുകൊണ്ടിരിക്കുന്നുണ്ടെന്ന് എനിക്കു പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്. കാരണം അവരുടെ ഗ്രാഫ് എടുത്ത് പരിശോധിച്ചാല്‍ നമുക്ക് മനസ്സിലാകും. ആദ്യം നമ്മള്‍ ഭയങ്കരമായിട്ട് പ്രതീക്ഷിച്ചിട്ട് അടുത്ത സിനിമകളിലേക്ക് വരുമ്പോള്‍ താഴോട്ട് പോകും. മുമ്പൊക്കെ കുറച്ചു മോളിലേക്കായിരുന്നു. ആവറേജ് സിനിമ എടുത്ത ഒരു സംവിധായകന്‍ പിന്നീട് മുകളിലോട്ടു പോകാറുണ്ട്. ഒരു സാച്ചുറേഷനില്‍ എത്തി പിന്നെ താഴോട്ട് പോകാറും ഉണ്ട്. ഭരതേട്ടനൊക്കെ അന്നത്തെ ന്യൂജനറേഷനായിട്ട് തുടങ്ങിയിട്ട് പിന്നീട് കയറി വന്നതാണ്. ഞങ്ങളുടെയൊക്കെ തലമുറ എടുത്താലും കാണാം. പ്രിയദര്‍ശന്‍ ആദ്യം തട്ടിക്കൂട്ട് പടങ്ങളൊക്കെ എടുത്തിട്ട് ഫിലിം മേക്കിംഗിലും ക്രാഫ്റ്റിലും ഒക്കെ ഉയര്‍ന്നു വന്ന ഒരാളാണ്. പിന്നെ ചിലരൊക്കെ സിനിമ എടുത്തിട്ട് സിനിമ പഠിക്കുന്നവരാണ്. അങ്ങനെ എടുത്ത് പഠിക്കുന്നവര്‍ ഇപ്പൊഴും ഉണ്ട്. ഇപ്പോ പല ചെറുപ്പക്കാരും സിനിമ എടുത്തിട്ടാണ് പഠിക്കുന്നത്. അവര്‍ക്ക് വേറെ രീതിയില്‍ എക്സ്പീരിയന്‍സ് ഒന്നും ഇല്ല. അവര്‍ സിനിമ പഠിച്ചിട്ടും ഇല്ല. അവര്‍ സിനിമ എടുത്തിട്ട് പഠിക്കുകയാണ്. അങ്ങനെ നല്ല സിനിമ എടുക്കുന്നവര്‍ പോലും പിന്നീട് സിനിമ എടുക്കുന്നില്ല എന്നുള്ളതാണ്.

സാ: പ്രമേയത്തിലും ഈ പരിമിതി ഇല്ലേ?

ക: അതുണ്ട്. സിനിമയെ സിംപ്ലിഫൈ ചെയ്യുന്നു എന്നുള്ളതാണ് ഞാന്‍ കാണുന്ന ഒരു ന്യൂനത. അങ്ങനെ സിംപ്ലിഫൈ ചെയ്യേണ്ടതാണോ സിനിമ എന്നുള്ളതാണ് ഒരു ചോദ്യം. നമുക്ക് വേണമെങ്കില്‍ ഒരു ദിവസത്തെ കഥ പറയാം. അല്ലെങ്കില്‍ രണ്ട് സുഹൃത്തുക്കള്‍ യാത്ര പോകുന്ന കഥ പറയാം. അതില്‍ തെറ്റൊന്നും ഇല്ല. ഒരു നിമിഷത്തെ കഥയും പറയാം. പക്ഷേ അത് ആഴത്തില്‍ സ്പര്‍ശിക്കാന്‍ കഴിയണം എന്നുള്ളതാണ്. അതുണ്ടാകുന്നുണ്ടോ എന്നുള്ളതാണ്. പണ്ടത്തെ സിനിമകളില്‍ ഒക്കെ അതുണ്ടായിരുന്നു. പണ്ടത്തെ സിനിമയില്‍ ഒരാളുടെ ജീവിതം സിനിമയാകുമ്പോള്‍  ആ ജീവിതത്തിന്റെ വലിയ മുഹൂര്‍ത്തങ്ങളിലൂടെ കടന്നു പോകുന്നുണ്ടായിരുന്നു. അതിഭാവുകത്വം വരുമോ എന്നൊക്കെയുള്ള പേടികൊണ്ടാവും ഇങ്ങനെ സംഭവിക്കുന്നത്. സംഭാഷണങ്ങളിലൊക്കെയുള്ള സാധാരണത്വം വളരെ നല്ലതാണ്. പക്ഷേ കഥ പറയുന്ന സിനിമ വന്നു കഴിഞ്ഞാല്‍ അതിഭാവുകത്വം വരുമോ എന്നു പേടിച്ചിട്ടു ഇപ്പോഴത്തെ സംവിധായകര്‍ അത് ഒഴിവാക്കുന്നതായിരിക്കും. കഥപറച്ചില്‍ സിനിമയില്‍ നിന്ന് ഒഴിവാക്കാന്‍ പറ്റില്ല എന്നുതന്നെയാണ് എന്റെ വിശ്വാസം. ഒരുതരം നറേറ്റീവ് സംവിധാനമാണ് സിനിമ. അതിനെ നമുക്ക് ഒരിയ്ക്കലും ഒഴിവാക്കാന്‍ പറ്റില്ല. നരേഷന്‍ എന്നു പറഞ്ഞാല്‍ എഴുത്തുകാരനായാലും ശരി സംവിധായകനായാലും ശരി അയാള്‍ കഥ പറയുകയാണ്. കഥ പറയലില്‍ ഒരു ആദിമധ്യാന്തം വേണം. അപ്പോ സ്വാഭാവികമായും ഇമോഷന്‍സ് കയറി വരും. ജീവിതത്തിലെ ഒരുപാട് മുഹൂര്‍ത്തങ്ങള്‍ കയറി വരും. നമ്മുടെ അമ്മ മരിച്ചാല്‍ നമ്മള്‍ കരയും. എല്ലാ കാലത്തും അതാണ് സ്ഥിതി. അപ്പോള്‍ കരയരുതെന്ന് പറഞ്ഞാല്‍ ശരിയാകുമോ. ഇപ്പോഴത്തെ ജനറേഷന്‍ കരയാന്‍ പാടില്ല എന്നു പറഞ്ഞിട്ട് സിനിമയില്‍ നിന്ന് ഒഴിവാക്കും. ജീവിതത്തില്‍ എന്തായാലും നമ്മള്‍ കരയാതിരിക്കില്ല. അമ്മ മരിക്കുന്ന സീന്‍ സിനിമയില്‍ വേണ്ട എന്നു തീരുമാനിക്കും. അപ്പോ സിനിമയില്‍ അമ്മമാരോ അച്ഛന്‍മാരോ ഇല്ലാണ്ടാകും. ചെറുപ്പക്കാരിലേക്ക് മാത്രം കഥ ഒതുങ്ങിപ്പോകുന്നു.

സാ: പ്രേക്ഷകര്‍ ചെറുപ്പക്കാരാകുന്നത് കൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നത്?

ക: അതുണ്ട്. അങ്ങനെ തന്നെയാണ്. അഭിരുചി ഒരു കാര്യം തന്നെയാണ്. ടാര്‍ഗട്ട് ചെയ്യുന്നത് നഗരത്തിലെ പിള്ളേരെയാണ്. നമ്മള്‍ എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്. ഈ ന്യൂജനറേഷന്‍ എന്നു പറഞ്ഞാല്‍ നഗരങ്ങളില്‍ മാത്രമേയുള്ളോ? ഗ്രാമങ്ങളില്‍ ന്യൂജനറേഷന്‍ ചെറുപ്പക്കാരില്ലേ? പുതിയ തലമുറയില്‍ പെട്ടിട്ടുള്ള ചെറുപ്പക്കാരില്ലേ? കൂലിപ്പണി ചെയ്യുന്നവരില്ലേ? ഓട്ടോ ഓടിക്കുന്നവരും ഒക്കെയായി അങ്ങനെ ഒരുപാട് ചെറുപ്പക്കാരില്ലേ? അവര്‍ക്ക് കഥകളില്ലേ. പലപ്പോഴും തോന്നുന്ന സംശയമാണിത്. അത് കാണണം എന്നുണ്ടെങ്കില്‍ പാരലല്‍ സിനിമയില്‍ പോയി നോക്കണം.

ന്യൂജനറേഷന്‍ സിനിമയിലെ ചെറുപ്പക്കാര്‍ ഒന്നുകില്‍ നഗരത്തില്‍ ജീവിക്കുന്ന ആളുകളാവാം. അല്ലെങ്കില്‍ ക്വട്ടേഷന്‍ ടീമായിരിക്കാം. കുറെക്കാലമായിട്ട് ഈ നഗര കേന്ദ്രീകൃത സിനിമകള്‍ മുഴുവന്‍ ക്വട്ടേഷന്‍ ടീമുകളാണ്. അത്രയധികം ക്വട്ടേഷന്‍കാര്‍ കേരളത്തില്‍ ഉണ്ടോ എന്നു എനിക്ക് ഈ സിനിമകള്‍ കാണുമ്പോള്‍ തോന്നാറുണ്ട്. അത് മാത്രമാണോ നഗര ജീവിത്തത്തില്‍ ഉള്ളത്. ഇപ്പോ മട്ടാഞ്ചേരി സിനിമയില്‍ കാണിക്കുമ്പോള്‍ മുഴുവന്‍ ക്വട്ടേഷന്‍കാരാണ്. അവിടെ സാധാരണ ഗതിയില്‍ ജീവിക്കുന്നവരില്ലേ? എന്റെ ഒരനുഭവം പറയാം. ഞാന്‍ ഒരിക്കല്‍ കൊച്ചിയില്‍ ഒരു സംഗീത പരിപാടിക്ക് പോയി. മെഹബൂബ് അനുസ്മരണ പരിപാടിയായിരുന്നു. എം കെ അര്‍ജ്ജുനന്‍ മാഷൊക്കെ ഉണ്ടായിരുന്നു. മെഹബൂബ് മട്ടാഞ്ചേരിയില്‍ ജനിച്ചു വളര്‍ന്ന ഒരാളായിരുന്നു. സംസാരിച്ച് വന്നപ്പോള്‍ ഞാന്‍ സ്വാഭാവികമായിട്ട് ഗ്രാമഫോണിനെ കുറിച്ച് പറഞ്ഞു. ഞാന്‍ മട്ടാഞ്ചേരിയിലെ ഗലികളില്‍ ഒക്കെ ഷൂട്ട് ചെയ്ത സിനിമയാണ് അത്. ഞാന്‍ സംസാരിച്ചിറങ്ങിയപ്പോള്‍ മട്ടാഞ്ചേരിക്കാരായ കുറച്ചു പേര്‍ വന്നിട്ട് എന്നോടു പറഞ്ഞു. മട്ടാഞ്ചേരി ബേസ് ചെയ്ത് എടുത്ത സിനിമകളില്‍ ഗ്രാമഫോണില്‍ മാത്രമേ ഞങ്ങള്‍ ക്വട്ടേഷന്‍കാരെ കാണാതിരുന്നിട്ടുള്ളൂ എന്നവര്‍ പറഞ്ഞു. അവര്‍ പറയുകയാണ് മട്ടാഞ്ചേരിക്കാര്‍ എന്നുപറഞ്ഞാല്‍ ആള്‍ക്കാര്‍ വിചാരിച്ചിരിക്കുന്നത് മുഴുവന്‍ ക്വട്ടേഷന്‍കാരാണെന്ന്. സംഗീതത്തെ സ്നേഹിക്കുന്ന സാധാരണ മാനുഷിക വികാരങ്ങള്‍ ഒക്കെയുള്ള മനുഷ്യരും അവിടെ ജീവിക്കുന്നുണ്ട്. അവരുടെ കഥ ആരും പറയുന്നില്ല.

(തുടരും)

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍