UPDATES

സിനിമ

ഫഹദിന്റെയും സായ് പലവിയുടെയും അതിർ ലംഘനങ്ങൾ; സൈക്കോ അതിരൻ

സായ് പല്ലവിയുടെ അതിഗംഭീരൻ പെർഫോമൻസ് ആണ് അതിരനിലെ ഹൈലൈറ്റ്. പ്രേമത്തിലെ മലർ മിസ്സിൽ നിന്നും കലിയിലെ നായികയിൽ നിന്നും ബഹുദൂരം മുന്നോട്ട് പോവുന്ന കരിയർ ബെസ്റ്റ് ക്യാരക്റ്റർ.

ശൈലന്‍

ശൈലന്‍

സായ് പലവിയെയും ഫഹദ് ഫാസിലിനെയും നായികാനായകന്മാരാക്കി പുതുമുഖം വിവേക് കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന അതിരൻ വിഷുചിത്രമായി ലൂസിഫറിനെയും മധുരരാജയുടെയും ബഹളങ്ങൾക്കിടയിൽ ഇന്ന് തിയേറ്ററിലെത്തി. പേര് മുതൽ വ്യത്യസ്തത സൂക്ഷിക്കുന്ന അതിരന് സ്ക്രിപ്റ്റ് ഒരുക്കിയിരിക്കുന്നത് പി എഫ് മാത്യൂസ് ആണ്. ഈ മ യൗ വിന്ന് ശേഷം പി എഫ് മാത്യൂസ് തിരക്കഥ എഴുതുന്ന സിനിമ എന്നൊരു പ്രത്യേകത കൂടി അതിരന് ഉണ്ട്.

ഫഹദിനും സായ് പല്ലവിയ്ക്കും പുറമേ അതുൽ കുൽക്കർണി, ലെന, പ്രകാശ് രാജ്, സുരഭി ലക്ഷ്മി, വിജയ് മേനോൻ, നന്ദു, ശാന്തി കൃഷ്ണ, സുദേവ് നായർ, രഞ്ജി പണിക്കർ, പി ബാലചന്ദ്രൻ എന്നിങ്ങനെ ഒരു നീണ്ട താരനിര തന്നെ അതിരനിൽ ഉണ്ട്. എല്ലാവർക്കും എന്തെങ്കിലുമൊക്കെ ചെയ്യാനുംഉണ്ട്. ഊട്ടി പോലെ തോന്നിപ്പിക്കുന്ന ഒരു ഹിൽസ്റ്റേഷനിലെ വിജനമായ മലഞ്ചെരിവിൽ സ്ഥിതി ചെയ്യുന്ന മെന്റൽ അസൈലത്തിൽ ആണ് സിനിമ നടക്കുന്നത്. ദുരൂഹത ഉണർത്തുന്ന കഥാപാത്രങ്ങൾ ആണ് സിനിമയിൽ മുഴുവനും..

അതുൽ കുൽക്കർണി അവതരിപ്പിക്കുന്ന സൈക്യാട്രി ഡോക്ടർ ബഞ്ചമിൻ ആണ് അസൈലത്തിലെ പ്രധാന കഥാപാത്രവും പ്രധാന ദുരൂഹതക്കാരനും.. സഹായി ആയി ലെന വേഷമിടുന്ന രേണുകയും ഉണ്ട്. അഞ്ച് പേഷ്യൻറ്‌സ് മാത്രമേ ഉള്ളൂ എന്നാണ് അവർ അവകാശപ്പെടുന്നത് എങ്കിലും നായികയായ നിത്യാദേവി കാർത്തിക തിരുനാൾ അവിടെ ബന്ധനത്തിൽ ഉണ്ട്. അവൾ തന്റെ മകൾ ആണെന്നും അവൾക്ക് ഓട്ടിസം മാത്രമേ ഉള്ളൂ എന്നുമാണ് ഡോക്ടറുടെ വാദം.

സ്ഥലരാശി എന്ന പോൽ കാലരാശിയും അതിരനിൽ വ്യതിരിക്തമാണ്. 1967ൽ ആണ് സിനിമയുടെ ഓപ്പണിംഗ് ഷോട്ട്. തുടർന്ന് രണ്ട് മിനിട്ടുകൾക്ക് ശേഷം അത് എഴുപതുകളിലേക്ക് കട്ട് ചെയ്യുന്നു. ഇൻഡോറിൽ നടക്കുന്ന കഥയായതുകൊണ്ട് അതുകഴിഞ്ഞ് പിന്നെ കാലഘട്ടത്തിൽ സിനിമ വലിയ ബലം പിടുത്തം നടത്തുന്നില്ല. ഏതായാലും അതിനിടയിലേക്കാണ് ആശുപത്രിയിലെ ദുരൂഹതകൾ അന്വേഷിക്കാനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മനഃശാസ്ത്രവിഭാഗം ഡോക്ടർ ആയ മൂലേടത്ത് കണ്ണൻ നായർ ആയി ഫഹദ് വരുന്നത്.

ഹോസ്പിറ്റലിന്റെ നിഗൂഢതകൾ പൊളിക്കാനും നിത്യയെ മോചിപ്പിക്കാനുമായി കണ്ണൻ നായരും അയാളെ തുരത്താനും അപായപ്പെടുത്താനുമായി ഡോക്ടറും നടത്തുന്ന ശ്രമങ്ങൾ ആണ് തുടർന്ന് സിനിമയിൽ ഉടനീളം. കൂട്ടിന് ജിബ്രാൻറെ അതിഗംഭീരൻ ബാക്‌ഗ്രൗണ്ട് സ്കോറും ഉണ്ട്. സൈക്കോ ത്രില്ലർ ആയോ ഹൊറർ മൂവിയായോ ഒക്കെ മുന്നോട്ട് പോവുന്ന അതിരനിൽ ഒരു murder മിസ്റ്ററിയും ചുരുളഴിഞ്ഞ് വരുന്നുണ്ട്. അവസാനമാവുമ്പോഴേക്കും ഒരു ട്വിസ്റ്റ് കൂടി കടന്നുവരുന്നതോടെ സിനിമ അപ്രതീക്ഷിതമായി ഒരു പ്രണയകഥ ആയും മാറും..

സായ് പല്ലവിയുടെ അതിഗംഭീരൻ പെർഫോമൻസ് ആണ് അതിരനിലെ ഹൈലൈറ്റ്. പ്രേമത്തിലെ മലർ മിസ്സിൽ നിന്നും കലിയിലെ നായികയിൽ നിന്നും ബഹുദൂരം മുന്നോട്ട് പോവുന്ന കരിയർ ബെസ്റ്റ് ക്യാരക്റ്റർ. ഓട്ടിസവും കളരി വഴക്കവും ഒരേസമയം വിരൽ തുമ്പിലെ ചലനങ്ങളിൽ പിടയുന്നത് കാണുമ്പോൾ വിസ്മയം കൊണ്ട് കിടുങ്ങിപോവും..

ഫഹദിനെ സംബന്ധിച്ചു വെല്ലുവിളി ഉയർത്തുന്ന ഒരു റോൾ അല്ല എം കെ നായർ എന്ന വിനയന്റേത്. അധികം പ്രകൃതി വേഷം കെട്ടലൊന്നുമില്ലാതെ പുള്ളി അത് നൈസായി കൈകാര്യം ചെയ്തു. അതൊരു നല്ല കാര്യമായി തോന്നി. അതുൽ കുൽക്കർണി ആണ് പടത്തിന്റെ നട്ടെല്ല്. മറ്റൊരാളെ ആ റോളിൽ ചിന്തിക്കാൻ പോലും സാധിക്കാത്ത വിധത്തിൽ ആണ് ടിയാൻ മേയുന്നത്. ചെറിയ റോളിന് വേണ്ടി പ്രകാശ് രാജിനെ കൊണ്ടുവന്നിരിക്കുന്നത് ആ ക്യാരക്ടറിന്റെ വെളിപ്പെടുത്തലുകളുടെ പഞ്ചിന്ന് വേണ്ടി തന്നെയാണ്.

പി എഫ് മാത്യൂസിന്റെ തിരക്കഥ അതിരന്റെ നട്ടെല്ലാണ്. ഒരു പുതുമുഖ സംവിധായകന്റെ പതർച്ചകൾ ചിലയിടത്തൊക്കെ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും വിവേക് ഡയറക്ഷനിൽ ഒരിക്കലും ആവറേജിന് താഴെ പോവുന്നില്ല. ഫഹദിനെ പ്രധാനറോളിലേക്ക് കാസ്റ്റ് ചെയ്തതോടെ തന്നെ അദ്ദേഹം തന്റെ തടി സെയ്ഫാക്കി കഴിഞ്ഞു എന്നത് വേറെ കാര്യം. ബാക്കി ബ്രില്യൻസൊക്കെ ഭക്തർ ആരോപിച്ചുണ്ടാക്കി പടത്തെ രക്ഷപ്പെടുത്തിക്കൊള്ളും. പാവങ്ങളാ.. പച്ചവെള്ളം കുടിച്ചാലും കിക്കായ പോലെ അഭിനയിച്ച് കൊള്ളും. അപ്പോൾ പിന്നെ അതിരന്റെ കാര്യം പറയേണ്ടതില്ലല്ലോ..

ശൈലന്‍

ശൈലന്‍

കവി, സിനിമാ നിരൂപകന്‍. 8 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. മഞ്ചേരി സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍