ലൈംഗിക പീഡന ആരോപണം നേരിടുന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഉള്പ്പെടെയുള്ളവര്ക്കുള്ളവര്ക്കുള്ള മുന്നറിയിപ്പ് കൂടിയായിരുന്നു
മലയാള സിനിമക്കാര്‍ ഹോളിവുഡിനെ കണ്ടുപഠിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. സിനിമയുടെ സാങ്കേതികത മുതല്‍ ഉന്നയിക്കുന്ന നിലപാടുകളില്‍ ഉറച്ചുനില്ക്കാന് അവര്‍ കാണിക്കുന്ന പ്രതിബദ്ധത വരെ എതിരഭിപ്രായങ്ങള്‍ പറയുന്നവരെ ആരാധകരെ കൊണ്ട് തെറി വിളിപ്പിക്കുന്ന മഹാനടന്മാര്ക്ക് പാഠമാകേണ്ടതാണ്. ഹാര്‍വെ വെയ്ന്സ്റ്റെയ്ന് ലൈംഗിക പീഡന കേസുകളിലെ ഇരകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് കറുത്ത വസ്ത്രങ്ങള്‍ ധരിച്ചാണ് ഹോളിവുഡ് താരങ്ങള്‍ വിഖ്യാതമായ ഗോള്‍ഡന്‍ ഗ്ലോബ്സ് പുരസ്കാരദാന ചടങ്ങിന് എത്തിയത്.
ലൈംഗിക പീഡനങ്ങള്‍ തടയുന്നതില്‍ സിനിമ വ്യവസായം കാണിക്കുന്ന അലംഭാവത്തിലുള്ള പ്രതിഷേധം കൂടിയായിരുന്നു ഇത്തരത്തിലുള്ള വസ്ത്രധാരണത്തിന് കാരണമായത്. വണ്ടര്‍ വുമണ്‍ സ്റ്റാര്‍ ഗാല്‍ ഗോദോത്ത് മുതല്‍ ഹോളി ഹണ്ടര്‍, മേരി ജെ ബ്ലിഗെ, അലിസണ് ജാന്നെ തുടങ്ങിയവരെല്ലാം തങ്ങളുടെ വാഗ്ദാനം പാലിച്ചുകൊണ്ട് കറുത്ത വസ്ത്രത്തിലാണ് ചടങ്ങിനെത്തിയത്. #MeToo പ്രസ്ഥാനത്തിന് വലിയ സംഭാവനയൊന്നും ചെയ്യാന്‍ ഈ പ്രതിഷേധത്തിന് സാധിക്കില്ലെന്ന് ആദ്യം ദോഷൈകദൃക്കുകള്‍ പ്രചരിപ്പിച്ചെങ്കിലും നേരെ തിരിച്ചാണ് സംഭവിച്ചത്. യുഎസില്‍ എമ്പാടും നടക്കുന്ന ലൈംഗിക പീഡനങ്ങള്‍ക്കെതിരെ ആഞ്ജലീന ജോളി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ കറുത്ത വേഷത്തില്‍ എത്തിയപ്പോള്‍ ലൈംഗിക പീഡന ആരോപണം നേരിടുന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഉള്‍പ്പെടെ അതൊരു മുന്നറിയിപ്പായി.
താരങ്ങളും എഴുത്തുകാരും സംവിധായകരും ഏജന്റുമാരും അടക്കം ചടങ്ങില്‍ കറുത്ത വേഷത്തില്‍ പ്രത്യക്ഷപ്പെട്ടു. വിഷയത്തില്‍ ജനശ്രദ്ധ ആകര്‍ഷിക്കുന്നതിനോ അനുശോചിക്കുന്നതിനോ വേണ്ടിയായിരുന്നില്ല സിനിമ ലോകത്തിന്റെ ഈ പ്രതിഷേധം. പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നത് വേണ്ടിയായിരുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ വസ്തുത.